Friday, September 28, 2018

ഉപനിഷത്തിലൂടെ -272 /ബൃഹദാരണ്യകോപനിഷത്ത്- 71/ സ്വാമി അഭയാനന്ദ
Friday 28 September 2018 1:04 am IST
നാലാം അധ്യായം
ഒന്നാം ബ്രാഹ്മണം
ഓം. ജനകോ ഹ വൈദേഹ ആസാഞ്ചക്രേ...
വിദേഹ രാജാവായ ജനകന്‍ സഭയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടെ യാജ്ഞവല്‍ക്യന്‍ വന്നു.
രാജാവ് അദ്ദേഹത്തോട് എന്തിനാണ് അങ്ങ് വന്നിരിക്കുന്നത് എന്ന് ചോദിച്ചു. പശുക്കളെ ആഗ്രഹിച്ചാണോ അതോ സൂക്ഷ്മവസ്തു നിര്‍ണയത്തിനുള്ള പ്രശ്‌നങ്ങളെ ഉദ്ദേശിച്ചാണോ വന്നിരിക്കുന്നത്? രണ്ടിനേയും ആഗ്രഹിച്ചാണ് വന്നതെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
'വിജ്ഞാനമാനന്ദം' എന്ന് മൂന്നാം അധ്യായത്തിന്റെ അവസാനം പറഞ്ഞ ബ്രഹ്മത്തെ വാക്ക് തുടങ്ങിയ ദേവതാ രൂപത്തില്‍ വിവരിക്കണമെന്ന് കരുതിയാണ് ഈ ബ്രാഹ്മണം ആരംഭിക്കുന്നത്. ആത്മജ്ഞാനത്തെക്കുറിച്ച് ഇതില്‍ കൂടുതല്‍ വ്യക്തമാക്കുന്നു. യാജ്ഞവല്‍ക്യന്‍ തന്നെയാണ് ഇവിടേയും പ്രധാന ആചാര്യന്‍. വാക്ക് തുടങ്ങിയവയില്‍ ബ്രഹ്മബുദ്ധിയോടു കൂടിയ ഉപാസനയെയാണ് ഇനി പറയുന്നത്.
നേരത്തെ വിവരിച്ച ഉപനിഷത്ത്പുരുഷനെക്കുറിച്ച് കൂടുതലറിയറിയാന്‍ ഇതുകൊണ്ട് കഴിയും.
വിദേഹ രാജാവായ ജനകന്‍ തന്നെ സന്ദര്‍ശിക്കുവാന്‍ വരുന്നവരെ കാണുന്നതിന് ഇരിക്കുകയായിരുന്നു. അപ്പോഴാണ് യാജ്ഞവല്‍ക്യന്‍ തന്റെ കാര്യത്തിനു വേണ്ടിയോ, രാജാവ് ജിജ്ഞാസുവാണ് എന്നറിഞ്ഞ് അനുഗ്രഹിക്കുന്നതിനോ ആയി അവിടെ വന്നത്.
പശുക്കളെ ആഗ്രഹിച്ചാണോ അണുക്കള്‍ ഉള്‍പ്പടെയുള്ള സൂക്ഷ്മവസ്തുക്കളെ നിര്‍ണയിക്കുന്നതു സംബന്ധിച്ച് തന്റെ ചോദ്യങ്ങളെ കേള്‍ക്കാനാണോ വന്നത് എന്ന് രാജാവ് ചോദിക്കുന്നു.രണ്ടും ഉദ്ദേശിച്ച് എന്ന് മറുപടി.
വാജപേയ യാഗം ചെയ്തതിനാലും ആജ്ഞയോടെ രാജ്യത്തെ ശാസിക്കുന്നതിനാലുമാണ് സമ്രാട്ട് എന്ന് രാജാവിനെ വിശേഷിപ്പിച്ചത്. ഭാരത വര്‍ഷത്തിന്റെ അധിപന്‍ എന്നും പറയാം.
യത്തേകശ്ചിദബ്രവീത്തത് ശൃണവാമേതി; അബ്രവീന്മേ ജിത്വാ ശൈലിനിഃ വാഗ് വൈ ബ്രഹ്മേതി...
 രാജാവേ അങ്ങേക്ക് ആചാര്യന്‍ പറഞ്ഞു തന്നതിനെ തനിക്ക് കേള്‍ക്കണമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ശിലീനന്റെ മകനായ ജിത്വാവ്, വാക്കാണ് ബ്രഹ്മം എന്ന് പറഞ്ഞ് തന്നിട്ടുണ്ടെന്ന് ജനകന്‍ പറഞ്ഞു.
അച്ഛനും അമ്മയും ആചാര്യനും അനുശാസിച്ചവന്‍ പറയുന്നതുപോലെയാണ് ശൈലിനി അങ്ങേക്ക് വാക്കാകുന്ന ബ്രഹ്മത്തെ പറഞ്ഞു തന്നത്.
 സംസാരിക്കാന്‍ കഴിയാത്തവന് എന്ത് പറ്റും?
വാക്കിന്റെ ശരീരവും പ്രതിഷ്ഠയും എന്താണെന്ന് അങ്ങേക്ക് പറഞ്ഞ് തന്നിട്ടുണ്ടാ? എന്ന് യാജ്ഞവല്‍ക്യന്‍ ചോദിച്ചു. 'ഇല്ല' എന്ന് ജനകന്‍ പറഞ്ഞു.
സമ്രാട്ടേ, ഈ ബ്രഹ്മം ഒരു കാല് മാത്രമുള്ളതാണ്.
ഇതെല്ലാം അറിയാവുന്ന അങ്ങ് തന്നെ അത് എനിക്ക് പറഞ്ഞ് തരണമെന്ന് ജനകന്‍ പറഞ്ഞു.
വാക്ക് എന്ന ഇന്ദ്രിയം തന്നെയാണ് വാക്കാകുന്ന ബ്രഹ്മത്തിന്റെ ശരീരം. ആകാശമാണ് പ്രതിഷ്ഠ. പ്രജ്ഞ എന്ന് കരുതി  ഈ ബ്രഹ്മത്തെ ഉപാസിക്കണം എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
പ്രജ്ഞ എന്നാല്‍ എന്താണ്? ജനകന്‍ ചോദിച്ചു.
വാക്ക് തന്നെയാണ് പ്രജ്ഞ. വാക്ക് കൊണ്ടാണ് ബന്ധുക്കള്‍ അറിയപ്പെടുന്നത്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം, ഇതിഹാസം, പുരാണം, വിദ്യകള്‍, ഉപനിഷത്തുകള്‍, മന്ത്രങ്ങള്‍, സൂത്രങ്ങള്‍, അനുവ്യാഖ്യാനങ്ങള്‍, വ്യാഖ്യാനങ്ങള്‍, യാഗം, ഹോമം, അന്നദാനം, ജലദാനം , ഈ ജന്മം, പരലോകം, ജീവജാലങ്ങള്‍ എന്നിയെല്ലാം വാക്ക് കൊണ്ടാണ് അറിയപ്പെടുന്നത്.
വാക്ക് തന്നെയാണ് പരമമായ ബ്രഹ്മം. ആരാണോ ഇങ്ങനെ അറിഞ്ഞ് വക്കാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നത് അയാളെ വാക്ക് ഉപേക്ഷിക്കില്ല. എല്ലാ ഭൂതങ്ങളും അയാളെ സന്തോഷിപ്പിക്കും. ദേവനായിത്തീര്‍ന്ന് ദേവന്മാരില്‍ ലയിക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
ഇത് കേട്ട് ജനകന്‍ പറഞ്ഞു. അങ്ങേക്ക് ഞാന്‍ ആനയെപ്പോലുള്ള കാളയോടു കൂടി ആയിരം പശുക്കളെ തരും. ശിഷ്യനെ  ഉപദേശത്താല്‍ കൃതാര്‍ഥനാക്കാതെ ശിഷ്യനില്‍ നിന്ന് ധനം സ്വീകരിക്കരുതെന്ന് എന്റെ അച്ഛന്‍ കരുതിയിരുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.വാക്ക് എന്നാല്‍ വാഗ്‌ദേവത ബാല്യത്തില്‍ അമ്മയും ഉപനയനം വരെ അച്ഛനും തുടര്‍ന്ന് ആചാര്യനും
 വേണ്ട വിധം നയിച്ച ഒരാള്‍ പറയുന്ന കാര്യങ്ങള്‍ പ്രമാണത്തില്‍ നിന്ന് മാറില്ല.
ബ്രഹ്മത്തിന് ഒരു കാല്‍ മാത്രം എന്ന് പറഞ്ഞത് ബ്രഹ്മജ്ഞാനം പൂര്‍ണമല്ല എന്ന അര്‍ഥത്തിലാണ്.

No comments:

Post a Comment