Thursday, September 13, 2018

*രാസലീല 6* 
ഭക്തിയേ ഒരു ഉന്മാദം ആണ്. അഹങ്കാരം ഇല്ലാതായ ആള് പലപ്പോഴും ലോകത്തിനെ സംബന്ധിച്ചിടത്തോളം ഉന്മാദം പിടിച്ചവനെ പ്പോലെ തോന്നും. അഹങ്കാരത്തിന്റെ പിടി വിട്ടു പോയ ആള്. ഭക്തി കുറച്ച് കുറച്ച് വരുമ്പോൾ ലോകത്തില് ആരും അംഗീകരിക്കില്ല. ശ്രീരാമകൃഷ്ണപരമഹംസരെ എല്ലാവരും ഭ്രാന്തൻ എന്നു വിളിച്ചു. ദക്ഷിണേശ്വരത്തിലെ ഭ്രാന്തൻ പൂജാരി എന്നാണ് സ്റ്റാമ്പ്. രാമകൃഷ്ണപരമഹംസർ തന്നെ പലേടത്തും പറയണണ്ട്. എന്നെ എല്ലാവരും ഭ്രാന്തൻ ന്നു വിളിച്ചു. പക്ഷേ എനിക്കത് വളരെ സന്തോഷാണ്. ആർക്കാ ഇപ്പൊ ലോകത്തില് ഭ്രാന്തില്ലാത്തത്. ചിലർക്ക് പണം കിട്ടണംന്ന് പറഞ്ഞു ഭ്രാന്ത്. ചിലർക്ക് സ്ഥാനമാനങ്ങൾ കിട്ടണംന്ന് പറഞ്ഞു ഭ്രാന്ത്. ചിലർക്ക് വിവാഹം കഴിഞ്ഞിട്ടില്ല്യ എന്ന് പറഞ്ഞു ഭ്രാന്ത്. പല വസ്തുക്കളോടും ഭ്രാന്തുണ്ട്. എനിക്ക് ഭഗവാനോട്, നിത്യവസ്തുവിനോട് ഭ്രാന്ത്. ഏതായാലും ഭ്രാന്ത് പിടിക്കണു എങ്കിൽ നിത്യമായ വസ്തുവിനെ ചൊല്ലി ഭ്രാന്ത് പിടിക്കട്ടെ. If you have to get mad, get mad about the infinite. If sinking is the state of man it is better to sink in a pool of milk than sinking in a pool of dung. എന്ന് വിവേകാനന്ദസ്വാമികൾ അതിനോട് കൂട്ടിച്ചേർത്തു .മുങ്ങണമെങ്കിൽ നല്ല പാൽകുളത്തിൽ മുങ്ങാലോ നല്ല തീർത്ഥത്തിൽ മുങ്ങാലോ ചാണകക്കുഴിയിൽ എന്തിന് മുങ്ങണം. അപ്പോ ഭ്രാന്ത് പിടിക്കണമെങ്കിൽ ഭഗവാനെക്കുറിച്ചാവട്ടെ. ഭഗവദ്പ്രിയം ഉണ്ടാവട്ടെ ഉന്മാദം അങ്ങടാവട്ടെ. രമണമഹർഷിയും പാടി. പിത്തു വിട്ടു ഉനൈ നേർ പിത്തനാക്കിനേയ് അരുൾ പിത്തം തെളീം അറിന്തു അരുണാചലാ ഹേ അരുണാചലാ. ലോകത്തിലുള്ള പിത്ത് (ഭ്രാന്ത് ) എനിക്ക് ഉപേക്ഷിച്ച് പോകാനായിട്ട് അവിടുന്ന് വന്നെനിക്കൊരു ഭ്രാന്ത് തന്നു. ഇതാണ് ആദ്യം പറഞ്ഞത്. ബാഹ്യജഗത്, ജാഗ്രദവസ്ഥയെ മറന്നുപോവാൻ ദിവ്യമായ ഒരു സ്വപ്നം ഉള്ളിലേക്ക് പ്രവേശിക്കണു. ഭഗവദ്ഭാവന ഉള്ളിൽ പ്രവേശിക്കണു. എന്ന്വാച്ചാൽ ഭാവയത ശാന്തി : എന്നു ഗീത. ഭാവന കൊണ്ട് വേണം സ്ഥൂലവസ്തുക്കളെ ജയിക്കാൻ ഭാവനക്ക് അടുത്ത പടിയാണ് ശാന്തി. ശാന്തി എന്ന്വാച്ചാൽ ഭാവനയും ഇല്ലാത്ത നിശ്ചല സ്ഥിതി. 
ഭാവശൂന്യ സദ്ഭാവ സ്വസ്ഥിതി:
ഭാവനാ ബലാത് ഭക്തിരുത്തമാ
ഉപദേശസാരത്തിൽ ഒരു ശ്ലോകമാണ്. ഉത്തമ ഭക്തി, പരാ ഭക്തി എന്താന്ന് വെച്ചാൽ ജാഗ്രത്തിലുള്ള സ്ഥൂലവസ്തുക്കളിൽ നിന്നും ഭാവനയുടെ ബലം കൊണ്ട് ഭാവശൂന്യമായ സ്വരൂപസ്ഥിതിയിൽ ഇരിക്കലാണ് ഉത്തമ ഭക്തി. പരാ ഭക്തി. ആ പരാ ഭക്തിയിലേക്ക് ആ ഭാവന ഒരു തരത്തിൽ ഭഗവാനതാണ് അവിടെ പറഞ്ഞത് പിത്തു വിട്ട് ഉനൈ നേർ പിത്തനാക്കിനേയ് എനിക്ക് ലൗകികമായ പിത്ത് ( ഭ്രാന്ത് ) പോയി ഭഗവന്റടുത്തുള്ള പിത്ത് വന്നു. 
പൈത്തിയം ഭക്തി പയനരും എനക്കുൻ 
പദമൊരും അരുണരുന്ത് അരുൾ വായ് 
പൈത്തിയം അരുന്താപ്പാരൊളിർ 
അരുണപർവ്വതം ഉരുപെറും പരനേ 
എനിക്ക് ഭഗവദ് പ്രാപ്തി വേണംന്ന് ഒരു പൈത്തിയം ഒരു ഭ്രാന്ത് പിടിച്ചു. ആ ഭ്രാന്ത് മാറാനായിട്ട് ഒരു മരുന്ന് ഒരു ദിവ്യൗഷധം എന്താ ദിവ്യൗഷധം ഭഗവാന്റെ ജ്ഞാനം ഭഗവദ്സ്വരൂപജ്ഞാനമാണ് ഈ ഭ്രാന്തിനും ഭക്തിക്കും ഒരൗഷധം .ഭക്തിയും ജ്ഞാനത്തിനുവേണ്ടിയുള്ള ഒരു പിടച്ചിലാണ്. ഭഗവദ് അനുഭവത്തിന് പൂർണാനുഭവത്തിന് വേണ്ടിയുള്ള പിടച്ചിലാണ്. ആ പൂർണാനുഭവത്തിന് വേണ്ടിയുള്ള പിടച്ചില് ഉള്ളിലുണ്ടാവുമ്പോൾ ലൗകികദൃഷ്ട്യാ പുറമെ നിന്ന് നമ്മൾ അംഗീകരിച്ചിരിക്കുന്ന വസ്തുക്കളൊക്കെ തന്നെ തുച്ഛമായിട്ട് അവര് കരുതുന്നത് കൊണ്ടും നമ്മളുടെ ഭാവനയിൽ പോലും വരാത്തതായ ശാശ്വതവും നിത്യാനന്ദസ്വരൂപവും നിത്യമുക്തവുമായ ഒരു വസ്തുവിനെ ഭാവനയിൽ കണ്ടിട്ട് ഓടുകയും ചെയ്യുന്നത് കാണുമ്പോൾ ലോകത്തിനെ സംബന്ധിച്ച് അവര് ഭ്രാന്തൻമാരണ്. ഭക്തന്മാര് ഭ്രാന്തൻമാരാണ്. എന്താണെന്ന് വെച്ചാൽ അവര് പറയുന്നതൊന്നും ഇവർക്ക് മനസ്സിലാവണില്ല്യ. ഒരു ഭക്തൻ പറഞ്ഞു നിങ്ങൾ നിങ്ങളാണ് ഞാൻ ഞാനാണ്. നമ്മള് തമ്മിൽ ചേരില്ല്യ. എന്താ അങ്ങനെ പറയണത്. 
അർത്ഥകാമപരായൂയം
നാരായണപരാവയം
തസ്മാദ് സർവ്വേഷു കാലേഷു 
യൂയം യൂയം വയം വയം 
ഒരു ഭക്തൻ പറഞ്ഞു ലൗകികൻമാരോട് പറഞ്ഞതാണ് നിങ്ങൾക്ക് പണവും സുഖഭോഗങ്ങളുമാണ് മുഖ്യം. ഞങ്ങൾക്ക് നാരായണനാണ് മുഖ്യം. അതുകൊണ്ട് സർവ്വദാ യൂയം യൂയം വയം വയം. നിങ്ങൾ നിങ്ങളാണ് ഞങ്ങൾ ഞങ്ങളാണ് നമ്മള് തമ്മിൽ ചേരില്ല്യാന്നാണ്. ഇതാണ് ഭക്തന്മാരുടെ സ്ഥിതി. യൂയം യൂയം വയം വയം. അവരാസ്ഥിതിയിലാണ് നില്കണത്. അവരുടെ ഭാവനയൊക്കെ നാരായണ പരമാണ്.
ശ്രീനൊച്ചൂർജി
*തുടരും.....*

No comments:

Post a Comment