Thursday, September 06, 2018

ചെറൂള

വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങള്‍/ വി.കെ.ഫ്രാന്‍സിസ്
Friday 7 September 2018 1:01 am IST
ശാസ്ത്രീയ നാമം: Aerva lanata 
സംസ്‌കൃതം: ശ്വേത പുഷ്പി, പാഷാണ ഭേദ
തമിഴ്: ചെറുപൂളൈ
എവിടെ കാണുന്നു: ഇന്ത്യയിലുടനീളം വഴിയരികിലും തരിശു സ്ഥലങ്ങളിലും കാണാം.
ദശപുഷ്പങ്ങളിലൊന്നായ ചെറൂളയ്ക്ക് ബലിപ്പച്ച എന്ന പേരുകൂടിയുണ്ട്. 
ചില ഔഷധപ്രയോഗങ്ങള്‍: ചെറൂള സമൂലം അറുപത് ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച്,  ഒരു നുള്ള് ചവര്‍ക്കാരം മേമ്പൊടി ചേര്‍ത്ത് നൂറ് മില്ലി വീതം രാവിലെ വെറുംവയറ്റിലും രാത്രി അത്താഴശേഷവും മൂന്നു ദിവസം സേവിച്ചാല്‍ മൂത്ര തടസ്സം പൂര്‍ണമായി മാറും.  
ചെറൂള വേര് അരുപത് ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം കാല്‍ സ്പൂണ്‍ ചവര്‍ക്കാരം ചേര്‍ത്ത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ ഏഴു ദിവസം കൊണ്ട് മൂത്രത്തില്‍ പഴുപ്പ്, മൂത്രത്തില്‍ കല്ല് എന്നിവ മാറിക്കിട്ടും. ഈ കഷായം സേവിച്ചാല്‍ താത്കാലികമായി ഉണ്ടാകുന്ന നെഞ്ച് വേദന വയറ്റുവേദന എന്നിവയും ശമിക്കും.
ദിവസേന രണ്ട് നേരം ചെറൂള സമൂലം ഇടിച്ചുപിഴിഞ്ഞ നീര് സേവിച്ചാല്‍ മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് ഏഴു ദിവസം കൊണ്ട് പൂര്‍ണമായി ഭേദമാകും. മൂത്രം പതഞ്ഞ് പൊങ്ങുകയും പതമാറിയതിനു ശേഷം എണ്ണപോലുള്ള പാട മുകളില്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പ്രോട്ടീന്‍ നഷ്ടമാകുന്നത് തിരിച്ചറിയാനുള്ള വിധം. വൃക്കരോഗത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ട് വര്‍ഷം ഈ മരുന്ന് തുടര്‍ച്ചയായി സേവിച്ചാല്‍ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കുറയുകയും വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുകയും ചെയ്യും.
ചെറൂള ഇട്ട് വെന്ത കഷായത്തില്‍ കഞ്ഞി വെച്ച് കുടിച്ചാല്‍ ഗര്‍ഭിണികളുടെ ഛര്‍ദ്ദി മാറും. തുടര്‍ച്ചയായി ചെറൂള വെന്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. 
വേലിപ്പരുത്തി, ചെറൂള, കൈയുണ്യം, നീലഅമരി, കറുകപ്പുല്ല്, കോതപ്പുല്ല്, കറിവേപ്പില, മൂടില്ലാത്താളി, ഞൊട്ടാഞൊടിയന്‍, ആട്തീണ്ടാപാല, ചിറ്റമൃത് ഇവ ഒരോന്നും മൂന്ന് കിലോ വീതം ഇടിച്ചുപിഴിഞ്ഞ് രണ്ട് ലിറ്റര്‍ വീതം ചാറെടുത്ത് അതില്‍ ചന്ദനം, രാമച്ചം,  ഏലത്തരി, ഇരുവേലി, നെല്ലിക്കാത്തൊണ്ട്, ചുക്ക്, തിപ്പലി, ദേവതാരം, ചെമ്പരുത്തിപ്പൂവ്, പേരാലിന്റെ തൂങ്ങിക്കിടക്കുന്ന വേര് എന്നിവ ഓരോന്നും മുപ്പത് ഗ്രാം വീതം അരച്ച് ചേര്‍ത്ത് രണ്ട് ലിറ്റര്‍ എള്ളെണ്ണയും ഒരു ലിറ്റര്‍ വെളിച്ചെണ്ണയും മണല്‍പാകത്തില്‍ കാച്ചിയരിച്ച് അതിലേക്ക് ഇരുപത് ഗ്രാം പച്ച കര്‍പ്പൂരവും ഇരുപത് ഗ്രാം സാമ്പ്രാണിയും പൊടിച്ചു ചേര്‍ക്കുക. തൈലം ആറിയാല്‍ ഊറ്റി കുപ്പിയില്‍ പകര്‍ത്തി വെക്കുക. ആറിയ തൈലം തുടര്‍ച്ചയായി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍, താരന്‍, ഇവ പൂര്‍ണമായും ശമിക്കും.

No comments:

Post a Comment