Saturday, September 29, 2018

ഞാന്‍ വിശ്വത്തിന്‍റെ പിതാവാണ്. എന്നില്‍ നിന്നു പ്രചോദനം ലഭിച്ചിട്ട് എട്ടു വിധമായി പിരുയുന്ന എന്‍റെ അപരപ്രകൃതി പ്രപഞ്ചത്തിനെ സൃഷ്ടിക്കുന്നു. അര്‍ദ്ധനാരീശ്വരരൂപത്തിലുളള ശിവന്‍ പുരുഷന്‍റേയും സ്ത്രീയുടേയും ലീലകള്‍ ആടുന്നതുപോലെ ഞാന്‍ എല്ലാ ചരാചരങ്ങളുടേയും മാതാവാണ്. ഈ പ്രപഞ്ചം ജനിയ്ക്കുന്നതും വികസിക്കുന്നതും എന്നിലല്ലാതെ മറ്റൊന്നിലുമല്ല. ഞാന്‍ അതിനെ നിലനിര്‍ത്തുന്നു. സൃഷ്ടിയുടെ അടിസ്ഥാനഘടകങ്ങളായ പ്രകൃതിയും പുരുഷനും എന്‍റെ ഇച്ഛയില്‍ നിന്നു സൃഷ്ടിക്കപ്പെട്ടിട്ടുളളതായതുകൊണ്ട് ഞാന്‍ പ്രപഞ്ചത്തിന്‍റെ പിതാമഹനാണ്. ജ്ഞാനത്തിന്‍റെ എല്ലാ വഴികളും എത്തിച്ചേരുന്നത് ഞാനാകുന്ന ബിന്ദുവിലാണ്. അല്ലയോ അര്‍ജ്ജുനാ, ‘അറിഞ്ഞിരിക്കേണ്ട ഒരുവന്‍’ എന്നു വേദങ്ങളില്‍ പറയുന്നില്ലെ, അത് എന്നെപ്പറ്റിയാണ്. എല്ലാ ദര്‍ശനങ്ങളും ഏകീഭവിക്കുന്ന പുണ്യസ്ഥലം ഞാനാണ്. എല്ലാ തത്ത്വചിന്തകളും അവിടെ പൊരുത്തപ്പെടുകയും എല്ലാ ജ്ഞാനവും അതേ സ്ഥാനത്ത് ഒരുമിച്ചുകൂടുകയും ചെയ്യുന്നു. ബ്രഹ്മത്തില്‍ നിന്നും ഉത്ഭുതമായ, ബ്രഹ്മപ്രതീകമായ മൗലികനാദം, ഓങ്കാരം ഞാനാണ്. പവിത്രമായ ഓങ്കാരമെന്ന പ്രണവമന്ത്രത്തിന്‍റെ ജഠരത്തില്‍ നിന്നു നിര്‍ഗളിച്ച അ, ഉ, മ് എന്ന അക്ഷരത്രയങ്ങളും ഞാനാണ്. ഈ മൂന്നക്ഷരങ്ങളുടേയും ആവിര്‍ഭാവത്തോടുകൂടി ഋക്, യജുസ്, സാമം എന്നീ മൂന്നുവേദങ്ങളും അതില്‍കൂടി വെളിവാക്കപ്പെട്ടിരിക്കുന്ന എല്ലാ അദ്ധ്യാത്മജ്ഞാന സ്രോതസ്സും ഞാനാണ്.

No comments:

Post a Comment