Saturday, September 08, 2018

ത്രിജട
(രാമായണത്തിലേ സ്ത്രീകഥാപാത്രം)
രാവണ രാജധാനിയിലെ ദാസിമാരായ അനേകം രാക്ഷസികളിൽ ഒരുവളാണ്‌ ത്രിജട. അപഹരിച്ചു കൊണ്ടുവന്ന സീതയെ രാവണൻ അശോക വനികയൽ (ശിംശിപാവൃക്ഷച്ചുവട്ടിൽ) ഇരുത്തി. ചുറ്റുമതിലായി നിർത്തിയതോ? ഒരു കൂട്ടം രാക്ഷസിമാരെ! അതിലൊരുവളായ ത്രിജട മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെട്ടത്‌ അവൾ കണ്ട സ്വപ്‌നത്തിലൂടെയാണ്‌.
സീതാദേവിയോടു ത്രിജടയ്‌ക്ക്‌ അകമേ സ്‌നേഹവും ഭക്തിയും ഉണ്ടായിരുന്നു. മറ്റു രാക്ഷസിമാരിൽ നിന്നും വ്യത്യസ്‌തമായ പെരുമാറ്റം അവളിൽ നിന്നു സീതയ്‌ക്കും അനുഭവപ്പെട്ടു.
അതിനിടയിലാണ്‌, ഒരു ദിവസം ത്രിജട ഉറക്കത്തിൽ ഞെട്ടിത്തെറിച്ചുപോയത്‌. ഭീതിജനകമായ ഒരു സ്വപ്‌നത്തിന്റെ ഫലമായിരുന്നു അത്‌. വിറയലോടെ നിന്ന അവളോടു മറ്റു രാക്ഷസിമാർ കാര്യം തിരക്കി. പതുക്കെ ആ സ്വപ്‌നം ത്രിജട കൂട്ടുകാരികൾക്കു വിവരിച്ചു കൊടുക്കുകയായി.
അനക്കൊമ്പുകൊണ്ടു നിർമ്മിച്ച രഥം. ആയിരം അരയന്നങ്ങൾ അതു വലിക്കുന്നു. ശുഭ്രവസ്‌ത്രധാരികളായ ശ്രീരാമനും ലക്ഷ്‌മണനും ആ രഥത്തിലുണ്ട്‌. അവർ പിന്നെ ഐരാവതമെന്ന വെളുത്ത ആനയുടെ പുറത്തു കയറി സീതയുടെ അടുക്കലെത്തി. സീതയേയും ഒപ്പം കയറ്റി ശ്രീരാമൻ സൂര്യമണ്ഡലത്തിലേക്കുയർന്നു. സീത സൂര്യചന്ദ്രന്മാരെ തൊടുകയും തുടയ്‌ക്കുകയും ചെയ്‌തു.
രാവണന്റെ സ്‌ഥിതിയോ? ശരീരം മുഴുവൻ എണ്ണ തേച്ച്‌, തല മൊട്ടയടിച്ചിരിക്കുന്നു. കഴുതപ്പുറത്ത്‌ അട്ടഹസിച്ചുകൊണ്ടുളള യാത്രയ്‌ക്കിടയിൽ അയാൾ വീണുപോയി. നഗ്നനായി എഴുന്നേറ്റു ഹീനവാക്കുകൾ പറഞ്ഞു. വീണ്ടും ദുർഗ്ഗന്ധപൂർണ്ണമായ എച്ചിൽക്കുഴിയിൽ വീഴുകയായി. അപ്പോൾ ഒരു കുറുമ്പിപ്പെണ്ണു രാവണനെ മർദ്ദിച്ചു വലിച്ചിഴച്ചു തെക്കോട്ടേയ്‌ക്ക്‌ എടുത്തുകൊണ്ടുപോയി. കുംഭകർണ്ണനും ഇന്ദ്രജിത്തുമൊക്കെ മർദ്ദിക്കപ്പെട്ടു. രാക്ഷസന്മാരെല്ലാം എണ്ണ തേച്ച അവസ്‌ഥയിലാണ്‌. ഒരു വാനരൻ വന്നു ലങ്ക മുഴുവൻ ചുട്ടുകരിച്ചു. സകലരും ചുകന്ന വസ്‌ത്രം ചുറ്റി ചാണകക്കുഴിയിൽ വീഴുകയും ലങ്കാപുരി കടലെടുക്കപ്പെടുകയും ചെയ്‌തു.
സൂര്യലോകത്തുനിന്ന്‌ ഐരാവതപ്പുറത്തു തിരികെ വന്ന ശ്രീരാമ സീത ലക്ഷ്‌മണന്മാർക്കും പുഷ്‌പക വിമാനത്തിനും അരികിലായി വിഭീഷണൻ മാത്രം നില്‌പ്പുണ്ട്‌. വിഭീഷണൻ വെള്ള മാല ധരിച്ചു വെളള വസ്‌ത്രം ചുറ്റി വെള്ളക്കുടയും ചൂടിയാണ്‌ നിൽക്കുന്നത്‌. മന്ത്രിമാരുണ്ട്‌. പെരുമ്പറ വാദ്യവും ഗാനാലാപവും അകമ്പടിയായുണ്ട്‌. ശ്രീരാമ സീതാ ലക്ഷ്‌മണന്മാരെ കയറ്റിയ പുഷ്‌പകവിമാനം പിന്നെ വടക്കോട്ടേയ്‌ക്ക്‌ ഉയർന്നുപോയി.
ഈ സ്വപ്‌നവിവരണംകേട്ട്‌ രാക്ഷസിമാരെല്ലാം പേടിച്ചരണ്ടു. ശ്രീരാമജയത്തിന്റെയും ലങ്കാപുരീനാശത്തിന്റെയും സൂചനയാണ്‌ അതിലുള്ളതെന്നു മനസ്സിലാക്കാനുള്ള ബുദ്ധി അവർക്കുണ്ടായിരുന്നു. പക്ഷെ, എന്തുചെയ്യാം! രാവണന്റെ ദുർബുദ്ധി മാറ്റാൻ ഒരു സ്വപ്‌നത്തിനു ഒരുപദേശത്തിനും സാധിക്കുന്ന കാര്യമല്ലല്ലോ.
രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായ ശ്രീരാമൻ ത്രിജടയെ പലവിധ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുന്നുണ്ട്‌. ശുഭ്ര രഥത്തിൽ, ശുഭ്രവസ്‌ത്രം ധരിച്ചു, സൂര്യതേജസ്വിയായ ശ്രീരാമനെ സീതാലക്ഷ്‌മണ സമേതനായി സ്വപ്‌നത്തിൽ മാത്രമല്ല, നേരിട്ടും കാണാൻ കഴിഞ്ഞു എന്നതു ത്രിജടയുടെ മഹത്വമാണെന്നു പറയാം.
ദേവനിശ്‌ചയമായിട്ടാണു നാം ചിലപ്പൊഴൊക്കെ സ്വപ്‌നങ്ങൾ കാണുന്നത്‌. അത്തരം സ്വപ്‌നങ്ങൾ ഫലവത്തായിത്തീരുകയും ചെയ്യും. “സ്വപ്‌നം ചിലർക്കു ചില കാലമൊത്തിടും” എന്ന കവിവാക്യവും രാമായണത്തിലേതുതന്നെ.

No comments:

Post a Comment