Thursday, September 20, 2018

ചോദ്യം ചെയ്യാതെ വിശ്വസിക്കുവാനോ എന്നെ മാത്രം ആരാധിക്കുവാനോ എന്നെമാത്രം ഭയപ്പെട്ടനുസരിക്കുവാനോ, മറ്റെല്ലാ മത-ധര്‍മ-വിശ്വാസ-ആചാരങ്ങള്‍ ഉപേക്ഷിച്ച് ഞാന്‍ പറയുന്നതും, കല്‍പ്പിക്കുന്നതും മാത്രം ശരിയെന്നോ ഭാരതീയ ഋഷിവര്യന്മാരോ അവതാരങ്ങളോ അരുളിച്ചെയ്തിട്ടില്ല.
 ശാസ്ത്രമാണ് പ്രമാണമെന്നും അനുഭവം കൊണ്ടു പഠിച്ചതും നന്മകള്‍ അറിഞ്ഞതുമാണ് അനുശാസിക്കേണ്ടതെന്നും, നിരന്തരം പരീക്ഷിച്ചതിനു ശേഷമേ പ്രയോഗിക്കാവൂ എന്നുമുള്ള ശ്രേഷ്ഠന്മാരുടെ ഉപദേശം മഹത്തരമാണെന്നും, അച്ഛന്‍ കുഴിച്ച കിണറില്‍ ഇപ്പോള്‍ ഉപ്പുവെള്ളമാണെങ്കില്‍, അച്ഛനോട് ആദരവു കാണിക്കാന്‍ ഉപ്പുവെള്ളം കുടിക്കേണ്ടതില്ല എന്നും പറഞ്ഞ ദേശത്തില്‍ നിലനിന്നിരുന്ന ശാസ്ത്രീയ വീക്ഷണം.
 ഈശ്വരവിശ്വാസിയോ, നിരീശ്വരവാദിയോ, ശാസ്ത്രീയവാദിയോ, ആത്മീയവാദിയോ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാനോ ഒരിക്കലും യുക്തംപോലെ ജീവിക്കാന്‍ സ്വാതന്ത്ര്യം തരുന്ന ഒരേ ഒരു ധര്‍മമാണ് സനാതനധര്‍മം. മറ്റൊരു ധര്‍മത്തിനും അവകാശപ്പെടാന്‍ പറ്റാത്ത സ്വാതന്ത്ര്യം വ്യക്തിക്ക് സനാതനധര്‍മം നല്‍കുന്നു.
 അറിവും വൈരാഗ്യവും ഉണ്ടാകുവാനുള്ള മാര്‍ഗങ്ങളാണെന്നും പുരാണത്തിലുള്ളത് കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ലെന്നും പുരാണരചയിതാക്കള്‍തന്നെ എഴുതിയ ദേശമാണ് ഭാരതം. ഭഗവദ്ഗീത മുഴുവനും ഉപദേശിച്ച് വിമര്‍ശനബുദ്ധ്യാ വിശകലനം ചെയ്തുമാത്രം സ്വീകരിച്ചാല്‍ മതി എന്നുപദേശിച്ച ശ്രീകൃഷ്ണന് ജന്മം നല്‍കിയതും നമ്മുടെ മാതൃഭൂമിയാണ്.
 നന്മകള്‍ കേള്‍ക്കുമാറാകട്ടെ, നന്മകള്‍ കാണുമാറാകട്ടെ, നന്മകള്‍ പ്രവര്‍ത്തിക്കുവാന്‍ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ. വിദ്വേഷമുണ്ടാകാതിരിക്കട്ടെ. നന്മയുടെ സന്ദേശങ്ങള്‍ ലോകത്തിലെല്ലായിടത്തുനിന്നും ഞങ്ങളിലേക്കൊഴുകട്ടെ എന്നും പ്രാര്‍ഥിച്ച ദേശവാസികളാണ് നാം. ഒരുമിച്ച് വര്‍ത്തിക്കാം, ഒരുമിച്ച് ഭുജിക്കാം, ഒരുമിച്ച് പ്രവര്‍ത്തിക്കാം അതിലൂടെ തേജസ്സുറ്റവരാകാം എന്ന് പ്രാര്‍ഥിച്ചവര്‍.
 ജ്യോതിര്‍ഗോളങ്ങളുടെ ചലനം, ഭ്രമണം, ഗുരുത്വം, സഞ്ചാരപഥം, വേഗം, ചരിവ്, രാശി, വ്യാസം ഇവയെല്ലാം കൃത്യമായി ഗണിച്ചവര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രഹണം ഗണിച്ചെഴുതി രാജസന്നിധിയില്‍ പ്രത്യക്ഷമായി തെളിയിച്ച് ജ്യോതിശാസ്ത്രത്തിന്റെ ചൈതന്യ വിജ്ഞാനം പകര്‍ന്നവരാണ് നാം.
 ന്യൂട്ടന്റെയും കെല്‍വിന്റെയും ഡീമോയ്‌വറുടേയും ടൈക്കോബ്രാഹിയുടെയും കോപ്പര്‍നിക്കസിന്റെയും ഗലീലിയോയുടേയും സിദ്ധാന്തങ്ങളും തിയറങ്ങളും തത്ത്വങ്ങളും ഗഹനമായ ഗണിതജ്ഞാനത്തോടെ ഈ പാശ്ചാത്യ ശാസ്ത്രജ്ഞന്മാരേക്കാള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിത്തെളിയിച്ചവരുടെ പിന്‍തലമുറക്കാരാണ് നാം.
 ലോഹവും ലോഹസങ്കരങ്ങളും സംയുക്തങ്ങളും ഒരേ സാങ്കേതികവിദ്യയുപയോഗിച്ച് രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ബംഗാളിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മൂവായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ചവരാണ് നമ്മുടെ പൂര്‍വപിതാമഹന്മാര്‍. ഒന്നായ ഭാരതത്തിലെമ്പാടും ഉപയോഗിച്ച സാങ്കേതികവിദ്യകളും ഒന്നായിരുന്നു.
 ഔഷധത്തിനും-വിഷത്തിനും, വൈദ്യനും-രോഗിക്കും, ആരോഗ്യത്തിനും ആധിക്കും-വ്യാധിക്കും,  അത്യാധുനിക ശാസ്ത്രം അംഗീകരിച്ച അതേ നിര്‍വചനം സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ചരകനും സുശ്രുതനും നമ്മുടെ മാതൃഭൂമിയാണ് ജന്മം നല്‍കിയത്. പ്ലാസ്റ്റിക് സര്‍ജറിയും സസ്യങ്ങളിലെ ഗ്രാഫ്റ്റിങ്ങും കൈവിരല്‍ത്തുമ്പില്‍ കൊണ്ടുനടന്നവരുടെ പുസ്തകങ്ങള്‍ നോക്കിയാണ് ഗ്രീക്കുകാരായ പ്ലൈനിയും ഹിപ്പോക്രാറ്റും പുസ്തകങ്ങളെഴുതി ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാക്കന്മാരായത്.
 ആറ്റത്തിനെ നിര്‍വചിച്ച്, പ്രകാശത്തിന്റെ വേഗം ഗണിച്ച്, ശബ്ദത്തിന്റെ തരംഗ സ്വഭാവം വര്‍ണിച്ച്, കാന്തങ്ങളുടെ സ്വഭാവം വിവരിച്ച്, സൂര്യരശ്മിക്ക് ഏഴുനിറങ്ങളുണ്ടെന്ന് പ്രഖ്യാപിച്ച്, ഐസ് വെള്ളം വിത്തിലൊഴിച്ചാല്‍ വിത്ത് പെട്ടെന്ന് മുളയ്ക്കുമെന്ന് കണ്ടുപിടിച്ചതു പോലെ ആയിരക്കണക്കിന് ആധുനികശാസ്ത്ര തത്ത്വങ്ങള്‍ക്ക് രൂപവും തെളിവും അവര്‍ നിരത്തിയിരുന്നു. ശാസ്ത്രസത്യങ്ങളും തത്ത്വങ്ങളും അവരുടെ വിരല്‍ത്തുമ്പിലായിരുന്നു.
 കരിങ്കല്ലിനെ കൈസാമര്‍ഥ്യംകൊണ്ട് മാത്രം രൂപകല്‍പന ചെയ്ത് കൊത്തിയെടുത്ത് ഉത്തുംഗ ഗോപുരങ്ങളും സംഗീതമുദിക്കുന്ന മണ്ഡപങ്ങളും വ്യാളികളും ഗുഹാക്ഷേത്രങ്ങളും ബിംബങ്ങളും നിര്‍മിച്ച് കാലത്തിന്റെ കൈകള്‍ക്ക് തട്ടിത്തെറിപ്പിക്കാന്‍ പറ്റാത്ത ചിദംബരവും ശുചീന്ദ്രവും കുംഭകോണ-കാഞ്ചീപുരം, തഞ്ചാവൂര്‍ ക്ഷേത്രങ്ങളാക്കിത്തീര്‍ത്തവയായിരുന്നു നമ്മുടെ മുന്‍തലമുറക്കാര്‍.
 ഒരു സൈനികനേയും അയക്കാതെ, ഒരായുധത്തിന്റെ ബലവും കാണിക്കാതെ, അധര്‍മത്തിനെതിരെ മാത്രം പോരാടി, സത്യവും ധര്‍മവും നീതിയും ന്യായവും അഹിംസയും പരിപാലിച്ച് ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലൂടെ ജീവിതം സംതൃപ്
തമായി പൂര്‍ത്തീകരിച്ച് നരസേവ നാരായണ സേവയാക്കി, സര്‍വചരാചരങ്ങളെയും ഒരേ കുടുംബത്തിന്റെ അംഗങ്ങളായി കണ്ട്, ഈ ഭൂമി തന്നെ കുടുംബമായി വര്‍ണിച്ച്, ഉള്ളവരിലും ഇല്ലാത്തവരിലും പെടാതെ ഉണ്ടായിട്ടു വേണ്ടാത്തവരായിത്തീര്‍ന്ന്, സ്വയം സുഖഭോഗവസ്തുക്കള്‍ ത്യജിക്കുന്നത് ധര്‍മത്തിന്റെ ഭാഗമായി കണ്ടുപ്രവര്‍ത്തിച്ചവരുടെ രാഷ്ട്രമാണിത്.
 മുഹമ്മദ് ഗസ്‌നിയും ഗോറിയും തൈമൂറും ബാബറും ലോദി-അടിമ-തുഗ്ലക്-മുഗള-വംശജരും മംഗോളിയ, ഡച്ച്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്‌പെയിന്‍കാരും അവസാനം ഇംഗ്ലീഷുകാരും ആയിരത്തിമുന്നൂറ്റി നാല്‍പതുവര്‍ഷങ്ങള്‍ ചവിട്ടി മെതിച്ചിട്ടും മരിക്കാതെ, നശിക്കാതെ, തളരാതെ, തലകുനിക്കാതെ, ജീവിക്കുന്ന ഒരു ധര്‍മം! അതാണ് സനാതന ധര്‍മം.
 വേദവ്യാസന്റെയും വിശ്വാമിത്രന്റെയും ഭരദ്വാജന്റേയും യാജ്ഞവല്‍ക്യന്റെയും ആപസ്തബന്റെയും വാല്മീകിയുടെയും ഋശ്യശൃംഗന്റെയും കണാദന്റെയും പതഞ്ജലിയുടെയും ചരകന്റെയും സുശ്രുതന്റെയും ശങ്കരാചാര്യരുടെയും മാധവാചാര്യരുടെയും നാരായാണ ഗുരുദേവന്റെയും വിവേകാനന്ദന്റെയും വിദ്യാധിരാജ സ്വാമിയുടെയും-പിന്‍തലമുറക്കാരെ സംരക്ഷിച്ചുപോന്നത് ഈ സനാതന ധര്‍മമാണ്. ഇവ സംരക്ഷിച്ചതും നവീകരിച്ചതും തിളക്കമാര്‍ന്നതാക്കിയതും ഈ സനാതനധര്‍മത്തെയാണ്.
ഒരു പതിനായിരം വര്‍ഷക്കാലം ഭൂമുഖത്ത് നിലനിന്ന ഈ ധര്‍മം സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. എന്റെയും നിങ്ങളുടെയും നമ്മളുടെയും കര്‍ത്തവ്യം! നിമിഷം ജ്വലിതം ശ്രേയം ന തു ധൂമയിതും ചിരം
ഒരു നിമിഷം മാത്രം ജീവിച്ചാലും ജ്വലിച്ചുകൊണ്ടു ജീവിക്കുക. സ്ഥിരമായി പുകഞ്ഞുകൊണ്ടുള്ള ജീവിതം വ്യര്‍ഥമാണ്. മതപരിവര്‍ത്തനത്തിന്റെയും വിദേശ രാഷ്ട്രീയമുതലപ്പെടുപ്പിന്റെയും പ്രഹരമേല്‍ക്കുന്നത് ഇന്ന് സനാതന ധര്‍മം മാത്രമാണ്. ഒരു നിമിഷം ചിന്തിക്കുക. കഴിഞ്ഞ തലമുറ നമ്മെ ഏല്‍പ്പിച്ച പ്രഭാപൂരിതമായ ജ്വാല അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതല്ലേ. നമ്മള്‍ എന്തു ചെയ്യുന്നു. എന്തു ചെയ്യണം.
(സനാതനധര്‍മത്തിന്റെ അടിസ്ഥാനശിലകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
ചിന്താധാര
ഡോ. എന്‍. ഗോപാലകൃഷ്ണന്‍

No comments:

Post a Comment