Tuesday, September 04, 2018

ഭാഗവതത്തിലൂടെ/ എ.പി. ജയശങ്കര്‍
Wednesday 5 September 2018 1:00 am IST
ഒരു ബിന്ദുവിനു ചുറ്റും 21600 കലകളുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. ( ഒരു ഡിഗ്രി 60 കല എന്ന കണക്കില്‍ 360 ഡിഗ്രിഃ60 =21600) അതില്‍ തപസ്സും ദാനങ്ങളും യജ്ഞങ്ങളും എല്ലാം ചേര്‍ന്നാല്‍ ഒരു കലയുടെ പ്രാധാന്യമേ വരുന്നുള്ളൂ എന്നര്‍ത്ഥം. അതിനാല്‍ തന്നെ ഈ ബ്രഹ്മജ്ഞാനം നേടുക എന്നതുതന്നെ ജീവിതലക്ഷ്യം. ജീവിതവിജയം.
രു ഉത്തമശിഷ്യന്റെ മാനസിക ചലനങ്ങള്‍ നല്ലൊരു സദ്ഗുരു ഹൃദയംകൊണ്ടു കണ്ടറിയും. കുഞ്ഞിന്റെ വിശപ്പും ദാഹവും വേദനയും പേടിയും എല്ലാം ഒരു അമ്മ അറിയുന്നതുപോലെ. അതാണ് ഉത്തമ ഗുരുശിഷ്യബന്ധം.
ശിഷ്യന്‍ ചോദിച്ചാലും ഇല്ലെങ്കിലും ശിഷ്യന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഗുരു അറിഞ്ഞുപദേശിക്കുന്നത് സമ്പ്രദായമാണ്. അതുതന്നെയാണ് വിദുരര്‍ മൈത്രേയരോടു ചോദിച്ചതും.
അനാപൃഷ്ടമപി ബ്രൂയുര്‍ ഗുരവോ ദീനവത്സലാഃ
ശ്രേഷ്ഠന്മാര്‍ തന്നെക്കാള്‍ ദീനന്മാരായവരോട് വാത്സല്യമുള്ളവരാണ്. അതിനാല്‍ തന്നെ ഹേ ദീനവത്സലനായ മഹാത്മന്‍, ഞാന്‍ ചോദിക്കാത്ത കാര്യങ്ങളാണെങ്കിലും ഞാന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും അങ്ങ് എനിക്ക് പറഞ്ഞുതന്നാലും.
''സര്‍വേ വേദാശ്ചയജ്ഞായ തപോദാനാനി ചാനഘ!
ജീവാദായപ്രദാനസ്യ ന കുര്‍വീരന്‍ കലാമപി''
ജീവിതത്തിലെ എല്ലാ ഭയങ്ങളെയും നീക്കം ചെയ്യുന്ന മഹത്തായ ജ്ഞാനം ലഭ്യമാക്കാന്‍ തക്ക ഒരു സദ്ഗുരുവിനെ ലഭിക്കുക എന്നത് പല ജന്മങ്ങളില്‍ ചെയ്ത പുണ്യങ്ങളുടെ സഞ്ചിത ഫലമാണ്. ഈ അറിവുനേടാനായാല്‍ തന്നെ ജീവിതത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍ നേടാനായി.
ഈ ജ്ഞാനത്തിനേക്കാള്‍ ഫലദായകമായി മറ്റൊരു കാര്യവുമില്ല. സര്‍വവേദങ്ങളും യജ്ഞങ്ങളും  ഈ മഹാജ്ഞാനത്തിന്റെ മുന്നില്‍ ഒന്നുമല്ലാതായിത്തീരുന്നു. എത്ര തപസ്സുകള്‍ അനുഷ്ഠിച്ചാലും എത്ര ദാന കര്‍മങ്ങള്‍ നിര്‍വഹിച്ചാലും അതില്‍നിന്നു കിട്ടുന്ന പുണ്യം ഈ മഹാജ്ഞാനം നേടുന്നതിന്റെ ഒരു കലപോലുമാകുന്നില്ല.
ഒരു ബിന്ദുവിനു ചുറ്റും 21600 കലകളുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. ( ഒരു ഡിഗ്രി 60 കല എന്ന കണക്കില്‍ 360 ഡിഗ്രിഃ60 =21600) അതില്‍ തപസ്സും ദാനങ്ങളും യജ്ഞങ്ങളും എല്ലാം ചേര്‍ന്നാല്‍ ഒരു കലയുടെ പ്രാധാന്യമേ വരുന്നുള്ളൂ എന്നര്‍ത്ഥം. അതിനാല്‍ തന്നെ ഈ ബ്രഹ്മജ്ഞാനം നേടുക എന്നതുതന്നെ ജീവിതലക്ഷ്യം. ജീവിതവിജയം.
ചിലര്‍ പറയാറുണ്ട്. 'അന്നദാനം മഹാദാനം' എന്ന്. ശരിയാണ്. എന്നാല്‍ ഈ അന്നദാനത്തിന്റെ ഫലം എത്രകണ്ട് ശക്തമായി നിലനില്‍ക്കുമെന്നത് ചിന്തനീയമാണ്. പൊതുവേ വിശപ്പു തീര്‍ന്നാല്‍ അന്നദാനത്തിന്റെ ശക്തി ക്ഷയിച്ചു. ആ അന്നം ദഹിച്ച് ഓജസ്സായി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് ആയുര്‍ വര്‍ധനയ്ക്ക് കാരണമാകുമെന്നും ആ ഓജസ്സില്‍ നിന്നും അത് രജസായി, ബീജമായി പുതിയ തലമുറകള്‍ക്ക് കാരണമായേക്കാമെന്നും ഒക്കെ സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ ലഭിച്ച അന്നവും അന്നദാതാവും വിസ്മരിക്കപ്പെടുകയാണ് പതിവ്. കഴിക്കുന്നവര്‍ക്ക് ആരു തന്നു എന്നത് പലപ്പോഴും പ്രശ്‌നമാകാറില്ല. അതൊക്കെ അപൂര്‍വം ചിലരേ ശ്രദ്ധിക്കാറുള്ളൂ.
എന്നാല്‍ ഒരു നേരത്തെ അന്നത്തേക്കാളുപരി ഫലം ലഭ്യമാക്കുന്നതാണ് ഒരു ആയുഷ്‌കാലം മുഴുവനും പിന്നീടു പരമ്പരകള്‍ക്കും മൃഷ്ടാന്നം ഭുജിക്കുന്നതിനുള്ള വക സമ്പാദിക്കാന്‍ പാകത്തിനുള്ള വിദ്യ. അത്തരത്തിലൊരു വിദ്യ സമ്പാദിച്ചവന്‍ അതു ദാനം ചെയ്ത ഗുരുവിനെ ചിരകാലം സ്മരിക്കും. എന്നാല്‍ ഈ വിദ്യയിലൂടെ ധനം സമ്പാദിച്ചു കഴിയുമ്പോള്‍ പലപ്പോഴും അഹങ്കാരം വര്‍ധിക്കും. ഇത് ഗുരുവിനോടുപോലും പോരാടാനും ഗുരുവിനെ നിന്ദിക്കാനുമെല്ലാം കാരണമാകാറുണ്ട്. (ഗുരുവിന്റെ പീഠം കത്തിക്കുന്നതും കോലം കത്തിക്കുന്നതും പട്ടട തീര്‍ക്കുന്നതുമെല്ലാം തല്‍ക്കാലം വിടുന്നു)
ഏതായാലും ഗുരുകോപം നാശത്തിനും കാരണമാകാം എന്നു സാരം.
ലൗകികമായ വിദ്യ പ്രദാനം ചെയ്യുന്ന ഗുരുവിനേക്കാള്‍ പ്രാധാന്യം ആത്മവിദ്യ പ്രദാനം ചെയ്യുന്ന ഗുരുവിനാണ്. കാരണം ആത്മവിദ്യ പ്രദാനം ചെയ്യുന്ന ഗുരു അനേക ജന്മങ്ങളിലെ ആശാപാശങ്ങളില്‍ നിന്നാണ് ഒരു ജീവന് മുക്തി നല്‍കുന്നത്. നശ്വരമായ ലോകത്തെക്കുറിച്ചുള്ള വിദ്യയേക്കാള്‍ അനശ്വരമായ ആത്മവിദ്യക്ക് ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ ആത്മവിദ്യ നല്‍കുന്ന ഗുരു പ്രധാന ഗുരുവാണ്.

No comments:

Post a Comment