Friday, September 28, 2018

തലക്കുളത്തൂര്‍ ഭട്ടതിരി തിരുവനന്തപുരത്ത് താമസിച്ചിരുന്ന വേളയില്‍ മഹാരാജാവുമായി ഒരു സംവാദമുണ്ടായി. നാളെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോകുമ്പോള്‍ ഏതുവഴിയാകും മതില്‍ക്കകത്തേക്ക് കടക്കുന്നതെന്ന് മഹാരാജാവ് ഭട്ടതിരിയോട് ചോദിച്ചു. അതു തനിക്കറിയാമെന്നും എന്നാലിപ്പോള്‍ പറയുന്നില്ലെന്നും ഭട്ടതിരി മറുപടി പറഞ്ഞു. 
പതിവായി കിഴക്കേ ഗോപുരത്തില്‍ കൂടിയായിരുന്നു മഹാരാജാവിന്റെ മതില്‍ക്കകത്ത് എഴുന്നള്ളത്ത്. എന്നാല്‍ ഭട്ടതിരിയോട് സംസാരിച്ചതിന്റെ അടുത്ത ദിവസം തിരുമനസ്സ് കിഴക്കേ ഗോപുരത്തിന്റെ തെക്കുവശത്തായി നിന്നു കൊണ്ട് ഇന്ന് ഇതുവഴിയാണ് മതില്‍ക്കകത്തേക്ക് പോകുന്നതെന്നറിയിച്ചു.  ആ ഭാഗത്തെ മതില്‍ വെട്ടിപ്പൊളിക്കാന്‍ വേലക്കാരോട് പറഞ്ഞു. മതില്‍ പൊളിക്കുന്നതിനിടയില്‍ ഒരു ഓലത്തുണ്ട് ഇരിക്കുന്നതു മഹാരാജാവ്  കണ്ടു. ഭട്ടതിരി തന്റെ കൈപ്പടയില്‍ 'ഇതിലേ എഴുന്നള്ളും'  എന്നെഴുതിയ ഓലയാണതെന്ന് അതെടുത്തു പരിശോധിച്ച മഹാരാജാവിന് ബോധ്യപ്പെട്ടു. ഇതു കണ്ട രാജാവ് വിസ്മയഭരിതനായി. വൈകാതെ ഭട്ടതിരിയുടെ ഇരുകൈകളിലും പാരിതോഷികമായി  വീരശൃംഖല അണിയിച്ചു. പൊളിച്ച മതില്‍ക്കെട്ട് അടയ്ക്കാന്‍ രാജാവ് പിന്നീട് അനുവദിച്ചില്ല. പകരം ഭട്ടതിരിയുടെ സ്മാരകമായി അവിടെ വാതില്‍ പണിതു. 'ചെമ്പകത്തിന്‍മൂട്ടില്‍ നട' എന്ന പേരിലാണ് ആ വാതില്‍ പിന്നീട് അറിയപ്പെട്ടത്. 
പില്‍ക്കാലത്തും ഇത്തരം നിരവധി സന്ദര്‍ഭങ്ങളില്‍ മഹാരാജാവ് ഭട്ടതിരിക്ക്  സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കോഴിക്കോട്, ചിറയ്ക്കല്‍ രാജാക്കന്മാരില്‍ നിന്നും അദ്ദേഹത്തിന് സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജ്യോതിഷപാണ്ഡിത്യത്താല്‍ ഭട്ടതിരി പിന്നീട് വിശ്രുതനായിത്തീര്‍ന്നു. 
ഭട്ടതിരിയും വില്വമംഗലത്തുസ്വാമിയാരും സമകാലീനരായിരുന്നെന്ന് വിശ്വസിച്ചു പോരുന്നു. ഇത് സമര്‍ഥിക്കുന്നതിന് ഒരു കഥയും പ്രചാരത്തിലുണ്ട്. 
വില്വമംഗലം സ്വാമിയാര്‍ക്ക് ഒരിക്കല്‍ അതികഠിനമായ വയറ്റുവേദന വന്നു. സഹിക്കവയ്യാതെ, ഇതിനെന്തു പ്രതിവിധിയെന്ന് ശ്രീകൃഷ്ണഭഗവാനോട് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. (സ്വാമിയാര്‍ക്ക് ശ്രീകൃഷ്ണന്‍ പ്രത്യക്ഷനായത് പ്രസിദ്ധമാണ്). ഒടുവില്‍ ഒരു യോഗീശ്വരനെക്കണ്ട് സ്വാമിയാര്‍ വേദനയെക്കുറിച്ച്  പറഞ്ഞു. അദ്ദേഹം നല്‍കിയ സിന്ദൂരം കഴിച്ചതോടെ സ്വാമിയാരുടെ ഉദരവേദന ശമിച്ചു. പിന്നീടൊരിക്കല്‍ ശ്രീകൃഷ്ണസ്വാമി പ്രത്യക്ഷപ്പെട്ട വേളയില്‍ സ്വാമിയാര്‍ ഇക്കാര്യം പറഞ്ഞു. 'ഇത് ഈ ജന്മം കൊണ്ട് തീര്‍ന്നോട്ടെ എന്നാണ് കരുതിയത്. അതിപ്പോള്‍ മൂന്നു ജന്മത്തേക്ക് ആക്കിത്തീര്‍ന്നു' എന്നായിരുന്നു ഭഗവാന്‍ മറുപടിയായി പറഞ്ഞത്. ഇതോടെ സ്വാമിയാര്‍ക്ക് വിഷമമായി. 
ഇനിയുള്ള ജന്മനിയോഗങ്ങളെക്കുറിച്ച് അറിയാന്‍ അദ്ദേഹം തലക്കുളത്തൂര്‍ ഭട്ടതിരിയെ വിളിച്ചു വരുത്തി. ചേര, കാള, കാട്ടുതുളസി എന്നിങ്ങനെ മൂന്നു ജന്മങ്ങളാണ് സ്വാമിയാര്‍ക്കുള്ളതെന്ന് ഭട്ടതിരി പ്രശ്‌നം വെച്ചു പറഞ്ഞു. ഈ ജന്മങ്ങളിലെല്ലാം മനുഷ്യജന്മമെടുത്ത് താനും ജനിക്കുമെന്ന് ഭട്ടതിരി പറഞ്ഞു. മാത്രവുമല്ല, ഓരോ ജന്മത്തിലും സ്വാമിയാര്‍ക്ക് അപകടം സംഭവിക്കുമെന്നും അപ്പോഴെല്ലാം താന്‍ രക്ഷയ്‌ക്കെത്തുമെന്നും തുളസിയായി ജന്മമെടുക്കുന്നതോടെ സായുജ്യം ലഭിക്കുമെന്നും ഭട്ടതിരി അറിയിച്ചു. അപ്രകാരം നടന്നതായാണ് കേള്‍വി. 
മൂന്നാം ജന്മത്തില്‍ സ്വാമിയാര്‍ ഒരു വിഷ്ണുക്ഷേത്രത്തില്‍ തീര്‍ഥമൊലിച്ചിറങ്ങുന്ന ഓവിനടുത്താണ് തുളസിയായി പിറന്നത്. ഒരിക്കല്‍ ശാന്തിക്കാരന്‍ അഭിഷേകത്തിനായി പൂവും ചന്ദനവും ചാര്‍ത്താനൊരുങ്ങിയപ്പോള്‍ തുളസി മാത്രം കൂട്ടത്തില്‍ കണ്ടില്ല. അത് അന്വേഷിച്ച് നടന്ന് അദ്ദേഹം ഓവു ചാലിനരികെയെത്തി. അവിടെ നിന്ന തുളസിയില്‍ നിന്ന് ഒരില മാത്രം പറിക്കാനൊരുങ്ങിയപ്പോള്‍ അത് വേരോടെ പിഴുതു പോന്നു.  മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന ബ്രാഹ്മണന്‍ അതു കണ്ടു. അതു മുഴുവന്‍ ബിംബത്തില്‍ ചാര്‍ത്താന്‍ അദ്ദേഹം ശാന്തിക്കാരനോട് പറഞ്ഞു. അദ്ദേഹം അപ്രകാരം ചെയ്തു. മണ്ഡപത്തില്‍ ജപിച്ചു കൊണ്ടിരുന്ന ബ്രാഹ്മണന്‍ ഭട്ടതിരിയാണെന്ന് പറയപ്പെടുന്നു. 

No comments:

Post a Comment