Thursday, September 20, 2018

ഇങ്ങനെ വാസുദേവനും പാര്‍ഥനും
പരസ്പരം പ്രശ്‌നോത്തര രൂപത്തില്‍ സംസാരിക്കുന്ന വിധത്തിലുള്ള ഈ സംവാദം ഞാന്‍ കേട്ടു. ആ സംവാദം എന്റെ മനസ്സില്‍ അലയടിക്കുകയാണ്. രണ്ടുപേരും മഹാത്മാക്കളാണ്; സാധാരണ മനുഷ്യരല്ല.
ഈ സംവാദം അത്ഭുതമാണ്- മനസ്സില്‍ വിസ്മയം ഉണ്ടാക്കുന്നതാണ്. ഇങ്ങനെ ഒരു സംഭാഷണം ഈ ലോകത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഓര്‍ക്കുമ്പോള്‍ രോമഹര്‍ണം-ശരീരത്തില്‍ രോമാഞ്ചം ഇതാ നിറഞ്ഞിരിക്കുന്നു. അതുകേട്ടപ്പോള്‍, ആ സംവാദത്തിന്റെ അര്‍ഥം ചിന്തിച്ചുകൊണ്ടിരിക്കുന്ന എന്റെ ആനന്ദം പറയാന്‍ സാധ്യമല്ല.
ഞാന്‍ വിചാരിക്കുകയാണ്. വസുദേവന്‍ അതി ധന്യനാണ്; കാരണം അദ്ദേഹത്തിന്റെ ഗൃഹത്തിലാണല്ലോ ഭഗവാനായ ശ്രീകൃഷ്ണന്‍ അവതരിച്ചത്. അദ്ദേഹത്തിന്റെ സഹോദരിയായ പൃഥ-കുന്തീദേവി-അവരും ധന്യയാണ്; കുന്തിയുടെ പുത്രന്‍ അര്‍ജുനനുമായി സംവദിച്ച്, യഥാര്‍ഥ ജ്ഞാനം നല്‍കി അനുഗ്രഹിച്ചുവല്ലോ.
ധൃതരാഷ്ട്രരേ, അങ്ങ് അത്യന്തം അധന്യനാണ്; കാരണം അങ്ങയുടെ പുത്രന്‍ ദുര്യോധനന്‍ ശ്രീകൃഷ്ണ പരാങ്മുഖനാണ്, കൃഷ്ണനെക്കണ്ടാല്‍ മുഖംതിരിച്ച് പോകുന്നവനാണ്; ഭഗവാന്റെ ഭക്തന്മാരെ ദ്രോഹിക്കുന്നവനാണ്- ഇതാണ് വസുദേവന്‍ പാര്‍ഥന്‍ എന്ന വാക്കുകള്‍കൊണ്ട് സഞ്ജയന്‍ സൂചിപ്പിച്ചത്.
സഞ്ജയന്‍ തന്റെ ഭാഗ്യമോര്‍ത്ത് അത്ഭുതപ്പെടുന്നു
(അധ്യായം-18, ശ്ലോകം-75)
വ്യാസപ്രസാദാത്
വേദങ്ങളും പുരാണങ്ങളും ശാസ്ത്രങ്ങളും വിസ്തരിച്ചതുകൊണ്ടാണ് ശ്രീകൃഷ്ണ ദ്വൈപായനന് വ്യാസന്‍ എന്ന പേര് ലഭിച്ചത്. ആ ഗുരുവിന്റെ അനുഗ്രഹം കൊണ്ടാണ് എനിക്ക് ഈ ഭാഗ്യം സിദ്ധിച്ചത്. മോക്ഷം ലഭിക്കാന്‍ ഒരേ ഒരു കാരണവും, അത്യന്ത രഹസ്യവും ആയ ഈ ജ്ഞാനം നേടാന്‍ സാധിച്ചത്.
യോഗേശ്വരന്‍ കൃഷ്ണന് സാക്ഷാത് സ്വയംകഥയതഃ
ശ്രീകൃഷ്ണന്‍ യോഗങ്ങളുടെ-മോക്ഷോപായങ്ങളുടെ ഈശ്വരനാണ്, കര്‍മയോഗം, ജ്ഞാനയോഗം, അഷ്ടാംഗയോഗം, ഹഠയോഗം മുതലായ എല്ലാ യോഗങ്ങളുടെയും ഈശ്വരനാണ്. ശ്രീകൃഷ്ണനാണ് എല്ലാവിധ യോഗങ്ങളുടെയും ആദി ഗുരു. ആ യോഗങ്ങളെ നിലനിര്‍ത്തുന്നതും ശ്രീകൃഷ്ണനാണ്. ആ  കൃഷ്ണന്‍ സ്വയം ഭഗവാനാണ്. ആ ഭഗവാന്‍ നേരിട്ട് (സാക്ഷാത്) ഉപദേശിച്ച വാക്കുകളാണ് ഞാന്‍ കേട്ടത്.
ധൃതരാഷ്ട്രരേ, ഞാന്‍ ഈ ഹസ്തിനപുരത്തില്‍ അങ്ങയുടെ സമീപത്തില്‍ ഇരിക്കുകയാണ്. കുരുക്ഷേത്രത്തില്‍ വച്ചാണ് ഭഗവാന്‍ ഗീത ഉപദേശിച്ചത്. ആ രംഗം കാണാനും സംവാദം കേള്‍ക്കാനും ഉള്ള ദിവ്യദൃഷ്ടിയും ദിവ്യസ്‌തോത്രവും എനിക്ക് തന്നത് പരമഗുരുവായ വ്യാസനാണ്. എന്റെ ഗുരു ആ ശക്തി തന്നിരുന്നില്ലെങ്കില്‍ ഗീതോപദേശം കേള്‍ക്കാനും
ആ പാര്‍ഥസാരഥിയെ കാണാനും
സാധിക്കുകയില്ലായിരുന്നു. അഹോ എന്റെ ഭാഗ്യം! എന്റെ സാമര്‍ഥ്യം കൊണ്ടല്ല കേള്‍ക്കാന്‍ കഴിഞ്ഞത്, കൃഷ്ണദ്വൈപായനന്റെ പ്രസാദംകൊണ്ടാണ്. ശ്രീകൃഷ്ണന്‍ തന്നെയാണ് കൃഷ്ണദ്വൈപായനനും, മറ്റൊരാളല്ല.
ഗുരുവും ഗുരുപരമ്പരയും
(അധ്യായം-18, ശ്ലോകം- 75)
അധ്യാത്മികാചാര്യന്മാരുടെ പരമ്പര ശ്രീകൃഷ്ണനില്‍ നിന്നുതന്നെയാണ് തുടങ്ങുന്നത്. ഭഗവാന്റെ ശ്രീകൃഷ്ണനാണ് ശ്രീനാരദമഹര്‍ഷി. ശ്രീനാരദന്റെ ശിഷ്യനാണ് വേദവ്യാസ മഹര്‍ഷി. സഞ്ജയന്‍ വ്യാസന്റെ ശിഷ്യനാണെന്ന് ഈ ശ്ലോകത്തില്‍ വ്യക്തമാവുന്നു. അര്‍ജുനനും
 ഇതാ ശ്രീകൃഷ്ണന്റെ ശിഷ്യനാണ്. അര്‍ജുനന് ശ്രീകൃഷ്ണന്റെ തിരുമുഖത്തില്‍നിന്ന് നേരിട്ടു ഗീത കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി. അതുപോലെ വ്യാസന്റെ പ്രസാദത്താല്‍ ഭഗവാന്റെ തിരുമുഖത്തില്‍ നിന്നുതന്നെ നേരിട്ടു ഗീതകേള്‍ക്കാനുള്ള ഭാഗ്യം സഞ്ജയനും ഉണ്ടായി. ശ്രീകൃഷ്ണന്റെ പ്രതിപുരുഷന്‍ തന്നെയാണ് വ്യാസനെപ്പോലുള്ള ഒരു ആധ്യാത്മികാചാര്യന്‍. വ്യാസജയന്തിയില്‍ നാം വ്യാസനെ പൂജിച്ചുവരുന്നു. അപ്പോള്‍ എല്ലാം ആധ്യാത്മികാചാര്യന്മാരും പൂജിക്കപ്പെടുന്നു. ഒപ്പം ആദിഗുരുവായ ശ്രീകൃഷ്ണഭഗവാനും പൂജിക്കപ്പെടുന്നു.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment