Thursday, September 20, 2018

ടുത്ത കാലത്തായി ആഗോളതലത്തില്‍ അരങ്ങേറുന്ന അസാധാരണവും അപരിചിതവുമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ഭാഗമാണു കേരളത്തിലും കണ്ടുവരുന്നത്. ഒറ്റപ്പെട്ട പ്രളയങ്ങള്‍ കാലാവസ്ഥാ വ്യതിയാന സൃഷ്ടികള്‍ ആയിരിക്കണമെന്നില്ല. എന്നാല്‍, ആഗോളതാപനഫലമായി ചൂടേറിവരുന്ന അന്തരീക്ഷത്തിന് കൂടുതല്‍ ജലബാഷ്പത്തെ ഉള്‍ക്കൊള്ളുവാനും അതുവഴി അതിശക്തമായ മഴയ്ക്കു കാരണമാകാനും കഴിയും. 2018 ആഗസ്റ്റ് 19 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ കാലവര്‍ഷകാലത്ത് സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ 42 ശതമാനം അധിക മഴയാണ് ഇത്തവണ ലഭിച്ചത്. 
ഭൗമോപരിതലത്തിന് അതിന്റെ സ്വാഭാവിക ഘടനയും ആകൃതിയും നല്‍കുന്ന പ്രക്രിയകളാണ് മണ്ണൊലിപ്പ്, അവസാദനിക്ഷേപം എന്നിവ. കനത്ത മഴ ഇടമുറിയാെത ചെയ്യുന്ന ഘട്ടങ്ങളില്‍, പെയ്തവെള്ളത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്വാഭാവിക ജലസംഭരണികള്‍ ഇല്ലാത്തപക്ഷം ഒഴുക്ക് വെള്ളം നിറഞ്ഞ് കവിഞ്ഞ് പുഴകള്‍ കരകവിഞ്ഞൊഴുകി ചെറിയ സമയത്തിനുള്ളില്‍ സമാന അവസ്ഥ സംജാതമാകുന്നു. 
ഇടയ്ക്കിടെയുണ്ടാകുന്ന കടുത്ത പ്രളയം മൂലം സ്വാഭാവിക ഭൗമഘടനയിലും നദികളുടെ പ്രകൃതിയിലും ത്വരിതവും പ്രകടവുമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് മഹാപ്രളയം ചില പ്രദേശങ്ങളുടെ ജലസംഭരണ ശേഷിയെ മാറ്റിമറിച്ചിരിക്കുന്നു. ശക്തമായി ഒഴുകിയ പ്രളയജലം കൊണ്ട് വന്ന എക്കല്‍ മണ്ണടിഞ്ഞ് പൊതുവേ നദികളുടെ ആഴം കുറഞ്ഞു. ചരല്‍ മണ്ണിനെ അപേക്ഷിച്ച് പശിമയും കൂട്ടിപ്പിടുത്തവും കൂടുതലുള്ള എക്കല്‍, നദികളുടെ അടിത്തട്ടില്‍ സിമന്റ് പാളിപോലെ കിടന്ന്, ജലം ഭൂഗര്‍ഭത്തിലേക്ക് ഊര്‍ന്നിറങ്ങുന്നതും അതോടൊപ്പം ഭൂഗര്‍ഭ ഉറവകളില്‍ നിന്ന് നദികളിലേക്ക് ജലം എത്തിച്ചേരുന്നതുമായ പ്രക്രിയകളെ മന്ദഗതിയിലാക്കും. തന്മൂലം പ്രളയാനന്തരം നദികള്‍ ശോഷിക്കും. ഭൂഗര്‍ഭ പരിപോഷണം മന്ദിഭവിക്കുന്നതു ഭൂഗര്‍ഭജലവിതാനം താഴുന്നതിനും ഇടയാക്കും. നദീഘടനയിലും പെട്ടെന്നുണ്ടാകുന്ന മാറ്റം തല്‍പ്രദേശങ്ങളിലെ തനത് ആവാസ വ്യവസ്ഥകളെ സ്വാഭാവികമായും പ്രതിസന്ധിയിലാക്കും.  
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് സ്വാഭാവികമായും വര്‍ഷപാതത്തിന്റെ ക്രമവും വ്യത്യാസപ്പെട്ടിട്ടുണ്ട്. മഴയുടെ പ്രകൃതി മാറ്റത്തിനനുസരിച്ച് നദികളുടെ പ്രകൃതിയും മാറ്റത്തിന് വിധേയമാകും. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഇത്രത്തോളം പ്രകടമല്ലാതിരുന കാലഘട്ടത്തില്‍ നദികള്‍ എങ്ങനെയായിരുന്നോ അതുപ്രകാരം തന്നെയാണ് അവയിപ്പോഴും എന്ന നിഗമനത്തിലൂന്നിയാണ് മിക്കവാറും പ്രളയാഘാത വിലയിരുത്തലുകള്‍ നടത്തിവരുന്നത്. മഴയിലുണ്ടായ വര്‍ദ്ധനവിനൊപ്പം കാലാവസ്ഥയുടെ മറ്റ് തീക്ഷ്ണ പ്രകൃതിമാറ്റങ്ങളും ചേരുമ്പോള്‍ പ്രാദേശിക ഭൗമഘടനയോടൊപ്പം നദികളും അത്തരം കടുത്ത വ്യതിയാനങ്ങളോട് സമരസപ്പെടേണ്ടിവരുന്നു. നദികളും അവയുടെ അടിത്തട്ടും സ്ഥിരസ്വഭാവം വെടിഞ്ഞ് ചഞ്ചലിത സ്വഭാവം കൈവരിക്കുകയും പ്രകടമായ മാറ്റങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്നു. പ്രളത്തിനും ആഗോളതാപനത്തിനും തമ്മിലെന്തുബന്ധം എന്ന് ചിന്തിക്കുന്നവരുണ്ട്. പരിമിതജല വിഭവശേഷിയെയും അധികജല സാന്നിധ്യത്തെയും വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനാകുന്നതാണ് 'ജലസാക്ഷരത.' കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളില്‍ അവശ്യം വേണ്ടതാണ് 'കലാവസ്ഥാ സാക്ഷരത.' ഇവ രണ്ടും കൈവരിച്ചാല്‍ മാത്രമേ മഹാപ്രളയ ഘട്ടങ്ങളില്‍ അതിജീവനം സാധ്യമാവുകയുള്ളു. 
കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യക്ഷ ലക്ഷണമാണ് ആഗോളതാപനം. ചൂട്പിടിച്ച വികസിത വായുവിന് കൂടുതല്‍ ജലബാഷ്പസമ്പൂരിതമായ ശക്തമായ മഴനല്‍കാനാകും. വെള്ളം ഒഴുക്കിക്കളയാന്‍ സാഹചര്യമില്ലാത്തപക്ഷം നീണ്ട് നില്‍ക്കുന്ന അതിശക്തമായ മഴ പ്രളയത്തിന് വഴിയൊരുക്കും. ഏറി വരുന്ന അന്തരീക്ഷ താപത്തെ ആഗീരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗീരണം ചെയ്യപ്പെടുന്ന താപോര്‍ജ്ജം സംഭരിത താപമായി സമുദ്രങ്ങളില്‍ വിലയം പ്രാപിക്കുന്നു. ചൂടേറുന്ന സമുദ്രങ്ങള്‍ക്ക് മുകളില്‍ സ്വാഭാവികമായും ന്യൂനമര്‍ദ്ദം രൂപം കൊള്ളാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ശക്തമായ മഴ നല്‍കുന്നവയാണ് ന്യൂനമര്‍ദ്ദങ്ങള്‍. ഇക്കഴിഞ്ഞ പ്രളയത്തിലും ന്യൂനമര്‍ദ്ദം വഹിച്ച പങ്ക് ചെറുതല്ല. പറഞ്ഞുവരുന്നത്, ജലസാക്ഷരതയും കാലാവസ്ഥാ സാക്ഷരതയും ഒന്നിച്ച് കൈവരിച്ചാല്‍ മാത്രമേ പുതിയ സാഹചര്യങ്ങളിലെ പ്രശ്‌നങ്ങളെ മനസ്സിലാക്കാനും പരിഹരിക്കാനും നമുക്ക് കഴിയൂ എന്നാണ്. 
കാലാസ്ഥയെക്കുറിച്ച് നമുക്കുള്ള ഔപചാരിക ജ്ഞാനം സ്‌കൂള്‍ ക്ലാസുകളിലെ ഭൂമിശാസ്ത്രപാഠങ്ങളില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നു. താരതമ്യേന സ്ഥിര സ്വഭാവമുള്ള ഋതുഭേദങ്ങളോടുകൂടിയ കേരളത്തില്‍ അസ്വാഭാവിക കാലാവസ്ഥാ വ്യതിയാനങ്ങള്‍ അടുത്തകാലം വരെ വിരളമായിരുന്നു. സൂര്യാതപം, സൂര്യാഘാതം, ഉഷ്ണതരംഗം, മേഘവിസ്‌ഫോടനം, താപസ്‌ഫോടനം, വാതവിസ്‌ഫോടനം, കൊടും വരള്‍ച്ച, മഹാപ്രളയം എന്നിവയൊക്കെ കേരളീയര്‍ക്ക് അപരിചിതമായിരുന്നു. ഇവ സംസ്ഥാനത്ത് അനുഭവവേദ്യമാകാന്‍ തുടങ്ങിയപ്പോഴാണ് കാലാവസ്ഥയ്ക്കും ഭാവമാറ്റങ്ങള്‍ ഉണ്ടാകാമെന്നും അവ മാരകപ്രഹരശേഷി ഉള്ളവയാണെന്നും കേരളീയര്‍ തിരിച്ചറിഞ്ഞത്. എന്നിട്ട് പോലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പൊതുവേ ആരും വലിയ പ്രധാന്യം കല്‍പ്പിക്കാറില്ല. ഇക്കാര്യത്തില്‍ പക്ഷേ, സാധാരണ ജനങ്ങളെ മാത്രം പഴിക്കാനാകില്ല. കാരണം കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പൊതുവേ വിവരണാത്മകമല്ല. എന്ന് മാത്രമല്ല പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട ഒരു കാലാവസ്ഥാ സാഹചര്യത്തെക്കുറിച്ച് അവബോധം നല്‍കുവാന്‍ തക്കവിധം ജനകീയമായ ഭാഷയിലല്ല പൊതുവേ മുന്നറിയിപ്പുകള്‍.  ജനവിഭാഗങ്ങള്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വേണം കാലാവസ്ഥാ മുന്നറിയിപ്പുകള്‍. അതു കാലാവസ്ഥാവകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഉത്തരവാദിത്തമാണ്. 
കാലാവസ്ഥാ പ്രവചനങ്ങള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തില്‍ ഉള്‍ക്കൊണ്ട് ദുരന്തലഘൂകരണ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കുന്ന അവസരങ്ങളില്‍ ദുരന്തത്തിന്റെ വ്യാപ്തി ഗണ്യമായി കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ന്യൂനമര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പുണ്ടെങ്കില്‍ ശക്തമായ ചുഴലിക്കാറ്റിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. കാരണം, ന്യൂനമര്‍ദ്ദം വിവിധ ഘട്ടങ്ങളിലൂടെ വളര്‍ന്ന് (അതിന്യൂനമര്‍ദ്ദം, തീവ്രന്യൂനമര്‍ദ്ദം) ചുഴലിക്കാറ്റായി പരിണമിക്കാന്‍ അധികദിവസം വേണ്ട. തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ മണിക്കൂറുകള്‍ മതിയാകും. ഉദാഹരണം 'ഓഖി' ചുഴലിക്കാറ്റുതന്നെ. ഇത്തരം ത്വരിതഗതിയിലുള്ള മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തില്‍ ഏറിവരാനുള്ള സാധ്യതയ്ക്കാണ് മുന്‍തൂക്കം. കാലാവസ്ഥാ ശാസ്ത്രപദാവലികളെപ്പറ്റി പ്രാഥമിക അറിവെങ്കിലും ജനങ്ങള്‍ക്കുണ്ടാകണം.  
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടലക്ഷണം അന്തരീക്ഷതാപനില വര്‍ദ്ധനയാണ്. ആഗോളതലത്തില്‍ തന്നെ അന്തരീക്ഷതാപം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ചൂട് കൂടുന്നതോടൊപ്പം കടുത്ത വര്‍ഷപാത സാധ്യതയ്ക്കും കാലാവസ്ഥാ വ്യതിയാന ഹേതുവാകുന്നു. ചൂടേറുന്ന അന്തരീക്ഷ വായുവിന് ജലപ്രഹരശേഷി കൂടുതലായിരിക്കും. ജലാംശം കൂടുതലുള്ള വായു മേഖരൂപീകരണം വഴി കനത്ത മഴ നല്‍കുന്നു. കനത്ത മഴയും കൊടും ചൂടും മാത്രമല്ല വരള്‍ച്ച, പ്രളയം, ഉഷ്ണം, ശീതതരംഗങ്ങള്‍, മഞ്ഞ് വീഴ്ച, കാട്ടുതീ, ചുഴലി വാതങ്ങള്‍ എന്നിവ വര്‍ദ്ധിത ആവര്‍ത്തിയിലും തീവ്രതയിലും ഉണ്ടാകുന്ന അവസ്ഥ ഏറിവരുന്നു. 
ആഗോള താപനത്തെ നിയന്ത്രിക്കുകമാത്രമാണ് പോംവഴി. മനുഷ്യജന്യമായ കാരണങ്ങളാല്‍ അന്തരീക്ഷത്തിന് ചൂടേറ്റുന്ന പ്രക്രിയയിലേക്ക് നയിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉത്‌സര്‍ജ്ജനം നിയന്ത്രിക്കുകയെന്നതാണ് ആഗോളതാപനം കുറയ്ക്കുന്നതിന്റെ ആദ്യപടി. വ്യാവസായിക വിപ്ലവപൂര്‍വ്വ കാലഘട്ടത്തെ അപേക്ഷിച്ച് ആഗോളതാപം 0.9 ഡിഗ്രി സെല്‍ഷ്യസോളം വര്‍ദ്ധിച്ചിട്ടുണ്ട്. താപത്തിലുണ്ടായ ഈ വര്‍ദ്ധനവ് ഉണ്ടാക്കിവച്ച പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല. ധ്രുവപ്രദേശങ്ങളിലെ ഹിമാനികള്‍ അതിവേഗം ഉരുകിയൊലിച്ചെത്തുന്ന ജലം സമുദ്രങ്ങളില്‍ എത്തിച്ചേരുന്നു. ഇതോടൊപ്പം ചൂടേറിവരുന്ന സാഹചര്യങ്ങളില്‍ സമുദ്രത്തിന്റെ താപീയ വികസനവും ചേരുമ്പോള്‍ കടല്‍ നിരപ്പുയരുന്നു. ആഗോള താപനം കുറയ്ക്കുന്ന രീതിയില്‍ തങ്ങളുടെ വികസന പ്രക്രിയകളെ നിയന്ത്രിക്കുവാന്‍ അമേരിക്ക അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എന്നാല്‍ സംക്ഷിപ്ത താല്‍പര്യങ്ങളെ സംരക്ഷിക്കുവാനുള്ള വ്യഗ്രതയാണ് വ്യാവസായിക വികസനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പൊതുവേ സ്വീകരിച്ചുവരുന്നത്. അന്തരീക്ഷ താപം ഇനിയും കൂടുന്ന പക്ഷം ലോക ജനതയെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളായിരിക്കും. ഭൂപടത്തില്‍ നിന്ന് ചില ചെറു രാഷ്ട്രങ്ങള്‍ അപ്രത്യക്ഷമായേക്കാന്‍ ഇടയുണ്ട്. 
കാലാവസ്ഥാ സാക്ഷരത എന്നതുകൊണ്ട് കാലാവസ്ഥാ മുന്നറിയിപ്പുകളെ തിരിച്ചറിയുക എന്നതും തനത് കാലാവസ്ഥയുടെ സംരക്ഷണം സംബന്ധിച്ച പൊതുജന ബോധവല്‍ക്കരണവുമാണ് വിവക്ഷിക്കുന്നത്. അന്ധവും സ്വാര്‍ത്ഥ താല്‍പര്യത്തിലധിഷ്ഠിതവുമായ വികസന നയങ്ങള്‍ ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നയങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് കാലാവസ്ഥാ സാക്ഷരതയെ സംബന്ധിച്ചും പ്രസക്തമാണ്. 
താപനം കുറയ്ക്കുക മാത്രമാണ് പോംവഴി. താപനം കുറയ്ക്കണമെങ്കില്‍ ഹരിതഗൃഹവാതകങ്ങളുടെ തോത്  കുറയ്ക്കണം. അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഹരിതഗൃഹവാതകം ആണ് കാര്‍ബണ്‍ഡൈഓക്‌സൈഡ്. വ്യാവസായിക വിപ്ലവപൂര്‍വ്വകാലഘട്ടങ്ങളില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അന്തരീക്ഷസാന്ദ്രത 280 പിപിഎം ആയിരുന്നു. ഇന്നത് 410 പിപിഎം ആയി. കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ വിക്ഷേപം കുറച്ചുകൊണ്ട് വരുവാനാണ് ശ്രമിക്കേണ്ടത്. അറിഞ്ഞും അറിയാതെയും നാം അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്ന കാര്‍ബണിന്റെ അളവിനെയാണ് ''കാര്‍ബണ്‍ അവശേഷിപ്പ്'' എന്ന് വിശേഷിപ്പിക്കുന്നത്. പരിസ്ഥിതിക്ക് ദോഷമായ കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറയ്ക്കുന്ന രീതിയിലുള്ള ജീവിതചര്യയും ജീവിതശൈലിയും ഉപേക്ഷിക്കാന്‍ നാം തയ്യാറാവണം.  കാരണം, ആഗോള താപനപരിധി രണ്ട് ഡിഗ്രി സെന്റീഗ്രേഡ് വിട്ട് ഉയരുന്നുവെന്നാല്‍ തിരിച്ചു പിടിക്കാന്‍ ആവാത്ത വിധത്തില്‍ പ്രകൃതിയും പരിസ്ഥിതിയും നമ്മുടെ നിലനില്‍പ്പ് തന്നെയും കൈവിട്ട് പോകുക എന്നാണ് അര്‍ഥം. 
(തൃശൂര്‍ വെള്ളാനിക്കര കാര്‍ഷിക യൂണിവേഴ്‌സിറ്റി അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എഡ്യൂക്കേഷന്‍ ആന്‍ഡ് 
റിസര്‍ച്ചില്‍ സയന്റിഫിക് ഓഫീസറാണ് ലേഖകന്‍)

No comments:

Post a Comment