Friday, September 21, 2018

എന്തെങ്കിലും കാര്യലാഭത്തിനായി ഈശ്വരനെ വിളിക്കാറുണ്ട്. കാര്യം നടന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥനാദികളും ക്ഷേത്രദര്‍ശനവും അല്പാല്പമായി കുറഞ്ഞ് ഇല്ലാതാകുകയും ചെയ്യും. നേടിയ വിഷയത്തില്‍ നിന്നും ദുഃഖം ഉണ്ടാകുമ്പോള്‍ വീണ്ടും ഈശ്വരസ്മരണയുണ്ടാകുകയും ചെയ്യും. ഇതിങ്ങനെ ജീവിതത്തില്‍ തുടര്‍ച്ചയായി അനുഭവിക്കുമ്പോള്‍ വിഷയങ്ങളിലുള്ള താല്പര്യം ക്ഷയിച്ചുതുടങ്ങും. ഈശ്വരനില്‍ നിന്നു ചോദിച്ചു നേടുന്ന ഭൗതികവിഷയങ്ങളില്‍ ഒന്നിലും ശാശ്വതമായ സുഖം ഇല്ലെന്നയറിവ് ഉണ്ടാകുമ്പോഴാണ് എന്നെന്നേയ്ക്കുമായി നാം ഈശ്വരനെ ശരണം പ്രാപിക്കുന്നത്.
ജീവിതത്തില്‍ രണ്ടേ രണ്ടു സാദ്ധ്യതകളാണ് ഉള്ളത്.
ഒന്ന്, ലൗകികസുഖങ്ങളുടെ പ്രാര്‍ത്ഥനകളുമായി ജീവിക്കുക എന്ന വഴി. വിഷയങ്ങളെ നിരന്തരം സ്മരിക്കുന്നതുതന്നെയാണ് പ്രാര്‍ത്ഥന. പക്ഷേ ഈ ലൗകികസുഖങ്ങളെല്ലാം നശിക്കുന്നതാകയാല്‍ അതില്‍ നിന്നുള്ള ദുഃഖത്തെ ഒഴിവാക്കുവാന്‍ ഈശ്വരനു സാധിക്കില്ല! ‍‍‍‍‍‍‍‍വിഷയങ്ങള്‍ നല്‍കുന്നത് ഈശ്വരനാണ്. ദുഃഖം ആകട്ടെ വിഷയങ്ങളോടൊപ്പം ഇരിക്കുന്നതാണ്.
രണ്ട്, ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഈശ്വരേച്ഛയെന്നു കരുതി മറ്റൊന്നും അങ്ങോട്ട് ആവശ്യപ്പെടാതെ ഈശ്വരസ്മരണയോടെ ജീവിക്കുക എന്ന വഴി. ഈശ്വരനില്‍ നിന്നും ഒന്നും വേണ്ടാ എന്നുള്ളവര്‍ക്ക് ഈശ്വരനെത്തന്നെയാണ് അനുഭവിക്കുവാന്‍ കഴിയുന്നത് എന്നതാണ് അവിടത്തെ സാദ്ധ്യത!
വിഷയസ്മരണ സുഖദുഃഖങ്ങളെ ഉണ്ടാക്കുമ്പോള്‍ ഈശ്വരസ്മരണയാകട്ടെ നിത്യാനന്ദദായകമാകുന്നു.‍ ഒന്ന് ഭൗതികത രണ്ട് ആദ്ധ്യാത്മികത. ഒരാള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നോ ഇല്ലേ എന്നതല്ല കാര്യം. അര്‍ത്ഥകാമങ്ങള്‍ക്കുവേണ്ടിയാണോ നിരന്തരം അര്‍ത്ഥിക്കുന്നത് എങ്കില്‍ അയാള്‍ ഭൗതികവാദിയാണ്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും വിശ്വാസിയല്ലാതെതന്നെ ആഗ്രഹിക്കുമ്പോഴും രണ്ടും പ്രാര്‍ത്ഥന തന്നെയാണ്. അതിനാല്‍ നാം ഭൗതിക വിഷയങ്ങളിലെ സുഖമാണോ ഈശ്വരീയമായ ആനന്ദമാണോ ആഗ്രഹിക്കുന്നത് എന്നുള്ളിടത്തു മാത്രമാണ് ഭൗതികതയുടെയും ഈശ്വരീയതയുടെയും അതിര്‍വരമ്പ് കാണുന്നത്. വന്നുഭവിക്കുന്നതെല്ലാം ഈശ്വരേച്ഛ എന്നുകണ്ട് മറ്റൊന്നിനെയും ചോദിക്കാതെ ഈശ്വരനെ വിളിച്ചു തുടങ്ങിയാല്‍ ഈശ്വരാനുഭൂതിയുണ്ടാകുവാന്‍ സമയമധികം വേണ്ട.
ഓം‍‍‍‍....KRISHNAKUMAR

No comments:

Post a Comment