Friday, September 07, 2018

KRISHNAKUMAR.
'തീര്‍ത്ഥാടനാദി തപശ്ചര്യകളും വേദാന്തശാസ്ത്രചിന്തകളും സമാധിയും സഹജാനന്ദരസാനുഭവത്തിനുള്ള സാധനകള്‍ മാത്രമാകുന്നു.
''ഉത്തമാ സഹജാവസ്ഥാ
മധ്യമാ ധ്യാനസന്തതിഃ
അധമാ ശാസ്ത്രചിന്താ ച
തീര്‍ത്ഥയാത്രാധമാധമാ''
എന്ന മഹദ്വചനം ഈ പരമാര്‍ത്ഥത്തെ ആണല്ലോ വെളിപ്പെടുത്തുന്നത്.'' (തപോവനസ്വാമികളും വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികളുമായുള്ള സംഭാഷണത്തിലെ ഭാഗം)
സഹജമായ ആനന്ദാനുഭൂതിയിലാകുന്നതിനു മുമ്പ് ഉപാധികളില്‍ ഭ്രമിക്കുകയും അഹങ്കരിക്കുകയും ചെയ്തേക്കാം എന്നൊരപകടം സാധകനുണ്ട്. അങ്ങനെയായാല്‍ നാം മാര്‍ഗ്ഗത്തില്‍ ഭ്രമിച്ച് അതിലഹങ്കരിച്ചാനന്ദിച്ച് അവിടെത്തന്നെ നിന്നുപോകും. ചിലര്‍ ശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തില്‍ ചിലര്‍ സിദ്ധിയനുഭൂതികളില്‍ ചിലര്‍ മന്ത്രതന്ത്രപ്രയോഗങ്ങളില്‍ എന്നിങ്ങനെ.
പലപ്പോഴും പലരും പറയാറുള്ളത് ഇത്രയും നാള്‍ സാധന അനുഷ്ഠിച്ചിട്ടും ഒന്നും സംഭവിക്കുന്നില്ല! മണിനാദമോ പ്രകാശമോ ഒന്നും വരുന്നില്ല! ഇതാണ് നമ്മുടെ മനസ്സിന്‍റെ കുഴപ്പം. അത് കണ്ടതും കേട്ടതുമൊക്കെ സ്വയം അനുകരിക്കാനും സൃഷ്ടിക്കാനും ശ്രമിക്കും. അങ്ങനെ പ്രാണശക്തിയെയും ശരീരത്തെയും കഠിനമായ പരിശ്രമങ്ങളിലൂടെ നശിപ്പിക്കുന്നു! അങ്ങനെയായാല്‍ ഒരാള്‍ക്ക് എങ്ങനെയാണ് അയാളുടെ സഹജമായ ആനന്ദാനുഭൂതിയുണ്ടാകുക! നാം നമ്മില്‍ എന്തെങ്കിലും അദ്ഭുതം സംഭവിക്കും എന്നുംപറഞ്ഞ് കണ്ണുകള്‍ അടച്ചു കാത്തിരിക്കുകയല്ല വേണ്ടത്. ഒന്നുംചിന്തിക്കാതെ നമ്മിലെ സഹജാവസ്ഥയെ അനുഭവിക്കുകയല്ലാതെ മറ്റെന്താണ് ലക്ഷ്യം! അതൊരുപക്ഷേ നാം എത്രയോ തവണ അനുഭവിച്ചിരിക്കാം. അത് തുടര്‍ന്നുനില്‍ക്കുന്നില്ല എന്നതുമാത്രമാണ് ഏതൊരാളും അഭിമുഖീകരിക്കുന്ന പ്രശ്നം. അത് പരിഹരിക്കാനാണ് സാധനകള്‍. അല്ലാതെ സിദ്ധിയോ പാണ്ഡിത്യമോ ഒന്നുമല്ല ലക്ഷ്യം.
ഒരു ഭൗതികശാസ്ത്രജ്ഞന്‍റെ പരീക്ഷണനിരീക്ഷണങ്ങള്‍ കൗതുകവും അതിശയവും നിറഞ്ഞൊരു യാത്രയാണ്. ഓരോ കൗതുകവും പരിഹരിച്ചുകൊണ്ടാണ് അദ്ദേഹം ലക്ഷ്യം നേടുക. അതുപോലെ തന്നെ ഒരു സാധകന്‍റെ സാധനാമാര്‍ഗ്ഗവും കൗതുകങ്ങളും അതിശയങ്ങളും നിറഞ്ഞതാണ്. എന്നാല്‍ ആ വഴിയോരക്കാഴ്ചകളില്‍ മനംമയങ്ങിവീണു പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ഓം

No comments:

Post a Comment