Sunday, September 16, 2018

ഇന്ന് വിശ്വകര്‍മദിനം
Monday 17 September 2018 2:46 am IST
നമ്മുടെ പൂര്‍വികരുടെ സൃഷ്ടിവൈദഗ്ധ്യം കണ്ട് ഇന്നും നാമെല്ലാവരും അത്ഭുതം കൂറി നില്‍ക്കാറുണ്ട്. എല്ലോറ, ബദാമി തുടങ്ങിയ ഗുഹാക്ഷേത്രങ്ങളുടെയും ഹളേബീഡുവിലെയും കൊണാര്‍ക്കിലെയും ക്ഷേത്രങ്ങളുടെയുമെല്ലാം രൂപകല്‍പനയും ശില്‍പകലാചാരുതയും ഇന്ന് നമുക്ക് കൈവെയ്ക്കാവുന്നതിനുമപ്പുറത്താണ്. ഭാരതത്തിലെ ശില്‍പവിദ്യയും വാസ്തുവിദ്യയുമെല്ലാം കടല്‍കടന്ന് അന്യദേശങ്ങളിലും ചെന്നെത്തിയിരുന്നു. അതിന്റെ നേര്‍സാക്ഷ്യമായ, കമ്പോഡിയയിലെ അങ്കോര്‍വാട്ട്, ഇന്തോനേഷ്യയിലെ പ്രംബനന്‍ തുടങ്ങിയ ഹൈന്ദവക്ഷേത്രസമുച്ചയങ്ങള്‍ ഇന്നും ലോകത്തിലെതന്നെ വിസ്മയങ്ങളായി വിരാജിക്കുന്നു.  
'യന്ത്രവിദ്യ ഇന്നത്തെപ്പോലെ വികസിതമല്ലാതിരുന്ന ഒരു കാലത്ത് പ്രാചീനഭാരതീയര്‍ ഇതെല്ലാം എങ്ങനെ സൃഷ്ടിച്ചു' എന്ന് വൈദേശികര്‍ ആശ്ചര്യത്തോടെ പറയുന്നതു കേള്‍ക്കാം. മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഭാരതത്തിലെ വിദ്യാവിശാരദന്മാരുടെ പ്രാചീന പരമ്പര ഒരു സത്യമാണ്. ഇന്നും ആ പരമ്പരയുടെ കണ്ണി പൂര്‍ണമായും അറ്റുപോയിട്ടുമില്ല. പെരുന്തച്ചനെപ്പോലുള്ള എത്രയോ ഇതിഹാസപുരുഷന്മാര്‍ ഈ മലയാളനാട്ടില്‍ത്തന്നെ പിറവിയെടുത്തിട്ടുണ്ട്.
സൃഷ്ടികലാവൈദഗ്ധ്യം അതിന്റെ ഉച്ചസ്ഥായിയില്‍ വിരാജിച്ചിരുന്ന നാടായിരുന്നു ഭാരതം എന്ന കാര്യത്തില്‍ സംശയമേ വേണ്ട. വാസ്തുവിദ്യയും ശില്‍പവിദ്യയും ചിത്രകലയുമെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥാപത്യവേദം വേദങ്ങളുടെ, വിശേഷിച്ചും അഥര്‍വവേദത്തിന്റെ ഉപവേദമായി വികസിച്ചുവന്ന നാടാണിത്. കാരണം നമ്മുടെ പൂര്‍വികര്‍ വിശ്വകര്‍മാവിനെ ഉപാസിച്ചവരായിരുന്നു. അവരുടെ തൊഴിലുപോലും ആ ഉപാസനയുടെ ഭാഗമായി കാണാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. ഈശ്വരപൂജപോലും ഒരു തൊഴിലായി മാറിയിരിക്കുന്ന ഈ കാലത്ത് തൊഴിലിനെ ഈശ്വരോപാസനയായി കണ്ടിരുന്ന ഒരു ജനതയെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? ഇതായിരുന്നു നമ്മുടെ ഭൂതകാലം. ഈ കാഴ്ചപ്പാടിന്റെ അവശേഷിപ്പുകളാണ് ക്ഷേത്രനിര്‍മിതികളിലും മറ്റുമായി നമ്മളിന്ന് കാണുന്നത്. എവിടെനിന്നാണ് നമ്മുടെ പൂര്‍വികര്‍ക്ക് ഈ മഹത്തായ കാഴ്ചപ്പാട് ലഭിച്ചത്? സംശയം വേണ്ട, വേദങ്ങളില്‍നിന്നുതന്നെ.
ആരാണ് വിശ്വകര്‍മാവ്? എന്താണ് വിശ്വകര്‍മോപാസന? വിശ്വകര്‍മസങ്കല്‍പം തേടി നമുക്ക് ഈശ്വരവാണിയായ വേദങ്ങളിലേക്ക് കടന്നുചെല്ലാം. വേദങ്ങളിലാണ് ആദ്യമായി വിശ്വകര്‍മാ ദേവതയെക്കുറിച്ച് പറയുന്നത്. ഋഗ്വേദത്തില്‍ വിശ്വകര്‍മസൂക്തംതന്നെ ഉണ്ട്. അത്യുദാത്തമാണ് വേദങ്ങളിലെ വിശ്വകര്‍മസങ്കല്പം. ഈ സകല വിശ്വത്തെയും സൃഷ്ടിച്ച പരമാത്മാവിന്റെ സൃഷ്ടികര്‍തൃഭാവത്തെയാണ് വേദങ്ങളില്‍ വിശ്വകര്‍മാവെന്ന് വിളിക്കുന്നത്. നമുക്ക് വസിക്കുവാന്‍ ഈ സുന്ദരമായ പ്രപഞ്ചഭവനത്തെ നിര്‍മ്മിച്ചുനല്‍കിയത് വിശ്വകര്‍മാവായ പരമേശ്വരനാണ്. ഈ സമസ്തഭുവനങ്ങളെയും സൃഷ്ടിച്ച വിശ്വകര്‍മാവിനെ പിതാവായി കണ്ടുകൊണ്ടാണ് ഋഗ്വേദത്തിലെ വിശ്വകര്‍മസൂക്തം ആരംഭിക്കുന്നത്. 
തുടര്‍ന്ന് എല്ലായിടത്തും കണ്ണുകളും വദനങ്ങളും ബാഹുക്കളും പാദങ്ങളുമുള്ളവനുമായി വിശ്വകര്‍മാവിനെ വര്‍ണിക്കുന്നു. പരമേശ്വരനെ 'അകായം' അതായത് 'ശരീരമില്ലാത്തവന്‍' എന്നാണ് യജുര്‍വേദം വിളിക്കുന്നത്. അതായത് പരമാത്മാവ് നിരാകാരനാണ്. അപ്പോള്‍പ്പിന്നെ എന്താണ് ഭഗവാന്റെ കണ്ണുകള്‍കൊണ്ടും വദനങ്ങള്‍കൊണ്ടും പാണിപാ
ദങ്ങള്‍കൊണ്ടുമെല്ലാം അര്‍ഥമാക്കുന്നത്? സമസ്തകര്‍മങ്ങളുടെയും ആധാരബിന്ദു എന്നും വിശ്വകര്‍മശബ്ദത്തിന് അര്‍ഥം മനസ്സിലാക്കാം. നാമെല്ലാം കാണുന്നതും പറയുന്നതും കൈകള്‍കൊണ്ട് കര്‍മങ്ങള്‍ ചെയ്യുന്നതും കാലുകള്‍കൊണ്ട് നടക്കുന്നതുമെല്ലാം ആ ഭഗവാന്റെ മഹിമയാലാണ്. ഇതാണ് ഈ ആലങ്കാരികപ്രയോഗത്തിന്റെ അര്‍ഥം. 
അതുകഴിഞ്ഞ് മറ്റൊരു പ്രയോഗം വിശ്വകര്‍മസൂക്തത്തില്‍ ചോദ്യരൂപത്തില്‍ കടന്നുവരുന്നു. 'അല്ലയോ വിശ്വകര്‍മാവേ, ഏതു വനത്തിലെ ഏതു വൃക്ഷംകൊണ്ടാണ് അങ്ങീ ഭൂലോകത്തെയും ദ്യുലോകത്തെയും നിര്‍മിച്ചിരിക്കുന്നത്?' വിശ്വകര്‍മാവിനെ വിശ്വശില്പിയായാണ് ഇവിടെ വര്‍ണിച്ചിരിക്കുന്നത്. അടുത്ത മന്ത്രത്തില്‍ പറയുന്നു, ആ വിശ്വകര്‍മാവ് സ്വധാവാനാണ്. സ്വധാ എന്നാല്‍ മൂലപ്രകൃതി. മൂലപ്രകൃതി ഉപയോഗിച്ചാണ് ഭഗവാന്‍ ഈ പ്രപഞ്ചത്തെ നിര്‍മിച്ചിരിക്കുന്നത്. മൂലപ്രകൃതിയാകുന്ന ഉപാദാനത്തില്‍ തന്റെ സത്യസങ്കല്പത്തെ കൊത്തിവെച്ചിരിക്കുകയാണ് ഭഗവാന്‍. അങ്ങനെ ബുദ്ധിയും അഹങ്കാരവും പഞ്ചതന്മാത്രകളും ജ്ഞാനകര്‍മേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളുമെല്ലാം ക്രമത്തില്‍ സൃഷ്ടിക്കപ്പെട്ടു എന്ന് സാംഖ്യദര്‍ശനത്തില്‍ കപിലമുനി പറയുന്നു. ഈ തത്ത്വങ്ങളാല്‍ നിര്‍മിതമായ അനന്തവും അജ്ഞാതവുമായ ഈ പ്രപഞ്ചം എത്ര മഹത്തായ സൃഷ്ടിയാണെന്നും സ്രഷ്ടാവായ പരമേശ്വരന്‍ എത്ര മഹാനായ സൃഷ്ടികര്‍ത്താവാണെന്നും ചിന്തിച്ചു നോക്കൂ. ആ വിശ്വകര്‍മാവിനെ ഉപാസിച്ച് തങ്ങളുടെ സൃഷ്ടികര്‍മത്തിലേക്ക് ആ പരമേശ്വരശക്തിയെ ആവാഹിക്കാനും അതിലൂടെ തങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന അനന്തമായ സര്‍ഗാത്മകപ്രതിഭയെ ഉണര്‍ത്താനുമായി പ്രയത്‌നിച്ചവരായിരുന്നു നമ്മുടെ പൂര്‍വികര്‍. 
ഋഗ്വേദത്തിലെ പത്താം മണ്ഡലത്തില്‍ 'വിശ്വകര്‍മാ' ദേവതയായി വരുന്ന രണ്ട് സൂക്തങ്ങളുണ്ട്. രണ്ടിലും ഏഴു വീതം മന്ത്രങ്ങളുമുണ്ട്. വിശ്വകര്‍മാവിന്റെ സൃഷ്ടികര്‍മത്തെക്കുറിച്ചുള്ള വര്‍ണനയെക്കൂടാതെ വിശ്വകര്‍മോപാസനയുടെയും ആദിബീജം ഈ ഋഗ്വേദസൂക്തങ്ങളില്‍ കാണാം. ഋഗ്വേദം പത്താം മണ്ഡലത്തിലെ 81-ാം സൂക്തത്തില്‍നിന്നും വിശ്വകര്‍മോപാസനയെ സംബന്ധിക്കുന്ന അതിവിശിഷ്ടങ്ങളായ രണ്ട് മന്ത്രങ്ങള്‍ കാണുക:
ഓം വിശ്വകര്‍മന്‍ ഹവിഷാ വാവൃധാനഃ 
സ്വയം യജസ്വ പൃഥിവീമുത ദ്യാം
മുഹ്യന്ത്വന്യേ അഭിതോ ജനാസ 
ഇഹാസ്മാകം മഘവാ സൂരിരസ്തു.
അര്‍ഥം: (വിശ്വകര്‍മന്‍=) അല്ലയോ വിശ്വകര്‍മാവേ, (ഹവിഷാ=) മൂലപ്രകൃതിയാകുന്ന ഹവിസ്സിനാല്‍ (വാവൃധാനഃ=) സമൃദ്ധനായിക്കൊണ്ട് അങ്ങ് (സ്വയം=) സ്വയം (പൃഥിവീം=) പൃഥ്വിയെയും (ഉത ദ്യാം=) കൂടാതെ ദ്യുലോകത്തെയും (യജസ്വ=) സംഗതമാക്കിയാലും. (അഭിതഃ=) ഞങ്ങള്‍ക്കു ചുറ്റുമുള്ള (അനേപ ജനാസഃ=) മറ്റ് ജനങ്ങള്‍ (മുഹ്യന്തു=) മൂഢരായി ഇരുന്നുകൊള്ളട്ടെ, എന്നാല്‍ (സൂരിഃ=) എല്ലാമറിയുന്നവനേ, അവിടുന്ന് (അസ്മാകം=) ഞങ്ങളുടെ (മഘവാ അസ്തു=) ഐശ്വര്യദാതാവായി ഭവിക്കട്ടെ.
ഓം വാചസ്പതിം വിശ്വകര്‍മാണമൂതയേ 
മനോജുവം വാജേ അദ്യാ ഹുവേമ.
സ നോ വിശ്വാനി ഹവനാനി ജോഷദ് 
വിശ്വശംഭൂരവസേ സാധുകര്‍മാ.
അര്‍ഥം: (വാചസ്പതിം=) വേദവാണിയുടെ സംരക്ഷകനായ (വിശ്വകര്‍മാണം=) വിശ്വകര്‍മാവിനെ (ഊതയേ=) ഞങ്ങളുടെ കര്‍മങ്ങളുടെ രക്ഷയ്ക്കായിക്കൊണ്ട്, (മനോജുവം=) മനസ്സിന്റെ പ്രേരകനായ അങ്ങയെ (വാജേ=) ആത്മശക്തിക്കായിക്കൊണ്ട് (അദ്യാ ഹുവേമ=) ഇപ്പോള്‍ത്തന്നെ വിളിക്കുകയാണ്. (സഃ=) അപ്രകാരമുള്ള അവിടുന്ന് (നഃ=) ഞങ്ങളുടെ (വിശ്വാനി ഹവനാനി=) സമസ്ത പ്രാര്‍ഥനകളെയും (ജോഷദ്=) പ്രീതിപൂര്‍വം സ്വീകരിക്കുന്നു. (വിശ്വശംഭൂഃ=) സകല ശാന്തിയുടെയും ഉറവിടമായ അവിടുന്ന് (അവസേ=) ഞങ്ങളുടെ രക്ഷയ്ക്കായി (സാധുകര്‍മാ=) ഉത്തമ കര്‍മങ്ങളെ കൈക്കൊണ്ടവനാകുന്നു.
ഈ ഭൂമിയെയും പ്രകാശലോകങ്ങളെയും സൃഷ്ടിച്ച, വിശ്വകര്‍മാവായ പരമേശ്വരനായിരിക്കണം സൃഷ്ടികര്‍മത്തിനുള്ള നമ്മുടെ ആദര്‍ശമാതൃക. നമ്മുടെ ഓരോ സൃഷ്ടികര്‍മവും ആ പരമേശ്വരനില്‍ അര്‍പ്പിച്ചുകൊണ്ട് ചെയ്യുക. വിശ്വകര്‍മാദേവതയുടെ പ്രസാദം നമ്മളില്‍ വന്നുചേരുമ്പോള്‍ പതിയെപ്പതിയെ നാം പോലുമറിയാതെ നമ്മുടെ കൈകള്‍ അദ്ഭുതം കാണിക്കാനാരംഭിക്കും. നമ്മുടെ ഓരോ സൃഷ്ടിയിലും ഈശ്വരന്‍ ഭൂമിയെയും ദ്യുലോകവും സൃഷ്ടിച്ചതിലെ അതേ വൈദഗ്ധ്യം പ്രകടമാകാന്‍ തുടങ്ങും. സൃഷ്ടികര്‍മത്തെ കേവലം തൊഴിലായി കാണുന്ന ചുറ്റുമുള്ളവര്‍ അവര്‍ മൂഢരായിത്തന്നെ ഇരുന്നുകൊള്ളട്ടെ,  എന്നാല്‍ വിശ്വകര്‍മാവിന്റെ ഈ ഉപാസകന്‍ സംശയമെന്യേ ഐശ്വര്യത്തെ പ്രാപിക്കും. ഇതാണ് ആദ്യമന്ത്രത്തിന്റെ പൊരുള്‍. 
രണ്ടാമത്തെ മന്ത്രത്തില്‍ എന്താണ് പറഞ്ഞതെന്നും വിശദമാക്കാം. സ്ഥാപത്യവിദ്യയെ വേദങ്ങളിലൂടെ അവതരിപ്പിച്ചത് ആ വിശ്വകര്‍മാവാണ്. അതുകൊണ്ട് അറിവിന്റെ പതികൂടിയാണ് ആ വിശ്വകര്‍മാവ്. അറിവിന്റെ പതിയായ ബ്രഹ്മണസ്പതി കര്‍മാരനെപ്പോലെ സൃഷ്ടിചെയ്തു എന്ന് ഋഗ്വേദത്തില്‍ പ്രസിദ്ധമായ അദിതിസൂക്തത്തില്‍ പറയുന്നു. വേദത്തിലെ ഈ 'കര്‍മാര' ശബ്ദത്തില്‍നിന്നുമാണ് മലയാളത്തില്‍ 'കമ്മാളന്‍' എന്ന പദംപോലും ഉണ്ടായത്. അങ്ങനെയുള്ള ആ ഭഗവാനി
ല്‍ നിര്‍ലീനമായിരിക്കുന്ന സൃഷ്ടിപരമായ അറിവുകളത്രയും ഉപാസകന്റെ രക്ഷയ്‌ക്കെത്തും. അവന് വേണ്ട സമയത്ത് വേണ്ട പ്രേരണകള്‍ ഭഗവാന്‍തന്നെ നല്‍കും. അവന്റെ മനസ്സ് വിശേഷഗതിയെ പ്രാപിക്കും. ഉദാത്തമായ സൃഷ്ടിസങ്കല്‍പം അവനില്‍ തെളിഞ്ഞുവരും. ഇപ്രകാരം ഉപാസകന്റെ സൃഷ്ടികര്‍മങ്ങളോരോന്നും ആ ഭഗവാന്‍തന്നെ ഏറ്റെടുത്തു ചെയ്യുന്നപോലെ അവന് അനുഭവപ്പെടുന്നു. കര്‍മവിജയത്തിലൂടെ വന്നുചേരുന്ന ഐശ്വര്യത്തിന്റെ ആധിക്യത്തിലും അഹംഭാവത്തെ പൂര്‍ണമായും ത്യജിച്ചവനായി നിലകൊള്ളുന്നതിനാല്‍ ഉപാസകന് സര്‍വ ശാന്തിയും വന്നുചേരുന്നു. നമുക്ക് നഷ്ടപ്പെട്ട ഈ ഉപാസനാലോകത്തെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിനായി മന്ത്രങ്ങള്‍ ജപിക്കാന്‍ തുടങ്ങേണ്ടതുണ്ട്.
സൃഷ്ടിപരമായ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കര്‍മകുശലതയെ ശക്തിപ്പെടുത്താനായി ഒരു ദിനമുണ്ടായിരുന്നു ഭാരതത്തില്‍. വിശ്വകര്‍മദിനം എന്നാണ് ആ വിശേഷദിനം അറിയപ്പെട്ടിരുന്നത്. ശരദ്ഋതുവിന്റെ ആരംഭത്തില്‍, ജ്യോതിഷശാസ്ത്രപ്രകാരം സൂര്യന്‍ കന്യാരാശിയില്‍ പ്രവേശിക്കുന്ന ദിനമാണ് ഭാരതത്തില്‍ വിശ്വകര്‍മദിനമായി നമ്മുടെ പൂര്‍വികര്‍ ആചരിച്ചിരുന്നത്. ഇത് ഗ്രിഗോറിയന്‍ കലണ്ടറില്‍ സപ്തംബര്‍ മാസം 17ാം തീയതിയാണ്. ഭാരതത്തിന്റെ പല ഭാഗങ്ങളിലും ഇന്നും വിശ്വകര്‍മദിനം ആചരിച്ചുവരുന്നുണ്ട്. മരപ്പണിക്കാര്‍, കൊത്തുപണിക്കാര്‍, ഇരുമ്പുപണിക്കാര്‍, സ്വര്‍ണപ്പണിക്കാര്‍, ആര്‍ക്കിട്ടെക്റ്റര്‍, എഞ്ചിനീയര്‍മാര്‍, കരകൗശലവിദഗ്ധര്‍, മെക്കാനിക്കുകള്‍, വെല്‍ഡര്‍മാര്‍ തുടങ്ങി സൃഷ്ടിപരമായ പണികള്‍ ചെയ്യുന്ന ഏവര്‍ക്കും വിശ്വകര്‍മദിനം വിശേഷദിനമായി പറയപ്പെടുന്നു. നാം അര്‍ഥപൂര്‍വം മനസ്സിലാക്കാന്‍ ശ്രമിച്ച ഈ രണ്ട് വിശ്വകര്‍മമന്ത്രങ്ങളെ ജപിക്കാനായി ആരംഭിക്കാം, ഈ വരുന്ന വിശ്വകര്‍മദിനത്തില്‍. നമ്മുടെ പൂര്‍വികര്‍ ചെയ്തതുപോലെ തൊഴിലിനെ ഉപാസനയാക്കി മാറ്റാനാരംഭിക്കാം. വിശ്വകര്‍മാവായ പരമേശ്വരന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കാം.
ആചാര്യശ്രീ രാജേഷ്

No comments:

Post a Comment