Monday, September 10, 2018

വേദസാരം
Tuesday 11 September 2018 2:47 am IST
വര്‍ണം ജാതിയുടെ പൂര്‍വരൂപമാണ് എന്ന് സമര്‍ഥിക്കാനായി ചിലര്‍ ചൂണ്ടിക്കാണിക്കാറുള്ള പ്രധാനപ്പെട്ട വാദങ്ങളെ നമുക്കൊന്നു പരിശോധിച്ചു നോക്കാം.
1. ജന്മനാ വര്‍ണം നിര്‍ണയിക്കപ്പെടുമോ?
പൂര്‍വപക്ഷം: ഭഗവദ്ഗീതയിലെ 'സഹജം കര്‍മ കൗന്തേയ സദോഷമപി ന ത്യജേത്' (ഗീത 18.48) എന്ന ശ്ലോകത്തിന് '(ഗര്‍ഭപാത്രത്തില്‍നിന്നുള്ള) ജനനത്തോടൊപ്പം ഉത്പന്നമായ കര്‍മം അല്ലയോ കൗന്തേയാ (നീ) ഒരിക്കലും ത്യജിക്കരുത്' എന്നാണ് പറഞ്ഞിരിക്കുന്നത്. കാരണം (സഹജം) എന്നാല്‍ കൂടെ ജനിച്ചത് എന്നര്‍ഥം. അതായത് ക്ഷാത്രകര്‍മം അര്‍ജുനന് ജന്മനാല്‍ ലഭിച്ചതാണെന്നും അതിനാല്‍ അത് ത്യജിക്കരുത് എന്നുമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഉപദേശം. അതായത് വര്‍ണം ജന്മനാതന്നെ നിര്‍ണയിക്കപ്പെടുന്നതും പിന്നീട് മരണംവരെ പരിവര്‍ത്തനം ചെയ്യപ്പെടാത്തതും ആണെന്ന് ചുരുക്കം. 
സമാധാനം: ഈ രീതിയിലാണ് അര്‍ഥം സ്വീകരിക്കുന്നത് എങ്കില്‍ ജനിച്ച ഉടനേ ആണ് ബ്രാഹ്മണ,ക്ഷത്രിയ, വൈശ്യ, ശൂദ്ര കര്‍മങ്ങള്‍ പ്രകടമാകേണ്ടത്. എന്നാല്‍ ശിശുക്കളില്‍ പ്രകടമാകുന്ന കര്‍മങ്ങളെല്ലാം സമാനമാണ്. ഉറങ്ങുക, ഉണരുക, കരയുക, ചിരിക്കുക, ശ്വാസോച്ഛ്വാസം ചെയ്യുക തുടങ്ങിയ സാമാന്യകര്‍മങ്ങളേ ശൈശവത്തില്‍ പ്രകടമാകുന്നുള്ളൂ എന്ന് സാരം. പിന്നെ എപ്പോഴാണ് വിശേഷകര്‍മങ്ങള്‍ പ്രകടമാകുന്നത്? തീര്‍ച്ചയായും അത് ശൈശവത്തിനു ശേഷമാണ്. ആചാര്യനിലൂടെ വിദ്യനേടി ഒരുവന്‍ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ആയി ജനിക്കുന്നു. ഇത് വിശേഷജന്മമാണ്. ഈ വിശേഷജന്മത്തെക്കുറിച്ച് വേദങ്ങളിലും സ്മൃതികളിലും കാണാം. 
ആചാര്യ ഉപനയനമാനോ ബ്രഹ്മചാരിണം 
കൃണുതേ ഗര്‍ഭമന്തഃ
തം ജാതം ദ്രഷ്ടുമഭിസംയന്തി ദേവാഃ 
(അഥര്‍വവേദം 11.5.3) 
ആചാര്യസ്ത്വസ്യ യാം ജാതിം... ഉത്പാദയതി സാവിത്ര്യാ (മനുസ്മൃതി 2.148) 
ഇങ്ങനെ രണ്ടാം ജന്മം നേടിയതിനാല്‍ ഈ െ്രെതവര്‍ണികള്‍ ദ്വിജന്‍ (രണ്ടാമതും ജനിച്ചവന്‍) എന്ന വിശേഷണത്തിന് അര്‍ഹരാണ്. ഈ ജന്മത്തെക്കുറിച്ചാണ് ഗീതയില്‍ പ്രതിപാദിച്ചിരിക്കുന്നത്. വിദ്യ വേണ്ടരീതിയില്‍ ഗ്രഹിക്കാത്തവര്‍ ഇങ്ങനെ വിദ്യാജന്മം സ്വീകരിക്കുന്നില്ല. അവരെയാണ് ശൂദ്രര്‍ എന്നു വിളിക്കുന്നത്. ആദ്യ മൂന്നു വര്‍ണത്തിലുള്ളവര്‍ ദ്വിജാതികളും അജ്ഞാനിയായ ശൂദ്രന്‍ ഏകജാതിയും ആണ്. ഗുരുകുലവിദ്യാഭ്യാസത്തിനൊടുവില്‍ ആചാര്യന്‍ വര്‍ണത്തെ പ്രഖ്യാപിക്കും. അതിനനുസൃതമായേ അവന്‍ തൊഴില്‍ സ്വീകരിക്കാവൂ. അങ്ങനെ ഈ രണ്ടാം ജന്മത്തോടൊപ്പം ഉത്പന്നമായ സ്വവര്‍ണത്തിനനുസൃതമായ കര്‍മങ്ങള്‍ക്ക് ദോഷം ആരോപി
ച്ച് പരവര്‍ണികളുടെ കര്‍മത്തെ നീ സ്വീകരിക്കരുത് എന്നാണ് അര്‍ജുനനോട് ശ്രീകൃഷ്ണന്റെ ഉപദേശം. അതിനാല്‍ വര്‍ണം ജന്മനാ സംഭവിക്കുന്നു എന്ന വാദത്തിനെ സാധൂകരിക്കുന്ന തെളിവല്ല ഇത്. 
2. വര്‍ണപരിവര്‍ത്തനം സാധ്യമാണോ?
പൂര്‍വപക്ഷം: ഓരോ വര്‍ണികളുടെയും കര്‍മങ്ങളെ 'സ്വഭാവജം' എന്ന് ഗീതയില്‍ (18.42, 43, 44) പറഞ്ഞിരിക്കുന്നു. സ്വഭാവജം എന്നാല്‍ സ്വഭാവത്തില്‍നിന്ന് ജനിച്ചത് എന്നര്‍ഥം. സ്വഭാവത്തിന് പരിവര്‍ത്തനം സംഭവിക്കുകയില്ല. അഗ്നിയുടെ ഉഷ്ണതയെയും ജലത്തിന്റെ ശീതളതയെയുംപോലെ. അതുകൊണ്ട് സ്വഭാവത്തില്‍നിന്നും ജനിച്ച കര്‍മങ്ങള്‍ക്കും പരിവര്‍ത്തനം സാധ്യമല്ല. അതായത് വര്‍ണം പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്നതല്ല.
സമാധാനം: ജലത്തിന്റെയും അഗ്നിയുടെയും കാര്യം പറഞ്ഞതുപോലെ ജീവാത്മാവിന്റെയും സ്വഭാവം പരിവര്‍ത്തനാതീതം തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ ഈ സിദ്ധാന്തത്തിന്റെ പ്രയോഗം ഇവിടെ സന്ദര്‍ഭോചിതമല്ല. കാരണം ഇതനുസരിച്ച് എപ്രകാരമാണ് മോക്ഷസാധനയെ വിശദീകരിക്കുക? സ്വഭാവത്തിന് പരിവര്‍ത്തനം വരാത്തപക്ഷം എങ്ങനെയാണ് ഒരാള്‍ക്ക് ഗീതോപദേശമനുസരിച്ച് നിസ്‌ത്രൈഗുണ്യനായി മോക്ഷം നേടാന്‍ കഴിയുക? സാംഖ്യം പഠിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ ഇവിടെ. 
സാംഖ്യദര്‍ശനത്തില്‍ കപിലമുനി പറയുന്നു: 
ന സ്വഭാവതോ ബദ്ധസ്യ മോക്ഷസാധനോപദേശവിധിഃ (സാംഖ്യസൂത്രം. 1.8)
അര്‍ഥം: സ്വഭാവത്താല്‍ ബദ്ധനാണ് ജീവാത്മാവ് എങ്കില്‍ വേദങ്ങളില്‍ അവന് മോക്ഷമാര്‍ഗോപദേശം ഉണ്ടാകാന്‍ പാടുള്ളതല്ലായിരുന്നു.
സ്വഭാവസ്യ അനപായിത്വാത് അനുഷ്ഠാനലക്ഷണമപ്രാമാണ്യമ് (സാംഖ്യസൂത്രം. 1.9)
അര്‍ഥം: കാരണം സ്വഭാവം ഇല്ലാതാക്കാന്‍ കഴിയില്ല എന്നതിനാല്‍ ആ മോക്ഷമാര്‍ഗങ്ങള്‍ അനുഷ്‌ഠേയമല്ലെന്ന് വരികയും (നടക്കാത്ത കാര്യത്തെ കുറിച്ച് പറഞ്ഞതിനാല്‍) അത് വേദത്തിന് അപ്രാമാണ്യദോഷം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് സ്വഭാവത്താല്‍ ജീവാത്മാവ് നിത്യശുദ്ധബുദ്ധമുക്തന്‍ ആണെന്ന് കപിലമുനി പറയുന്നു.  അത് ആരാലും മാറ്റാനും സാധ്യമല്ല. 
നിത്യമുക്തനായവന്‍ പിന്നെ എങ്ങനെ ബന്ധനസ്ഥനായി കാണപ്പെടുന്നു? അതിനു കാരണം അവിവേകമാണ്. അവിവേകം പൂര്‍ണമായി ഇല്ലാതായാല്‍ മാത്രമേ സ്വഭാവത്തെ അവന്‍ തിരിച്ചറിയുകയുള്ളൂ. അല്ലാത്തപ്പോള്‍ പ്രകൃതിജമായ ഭാവങ്ങളെ സ്വഭാവം (സ്വന്തം ഭാവം) എന്ന് അവന്‍ ധരിക്കുന്നു. ആ അവിവേകത്താലുണ്ടായ സ്വഭാവം വ്യാവഹാരികമാണ്. നമുക്കതിനെ വ്യാവഹാരികസ്വഭാവമെന്നു വിളിക്കാം. ധര്‍മാധര്‍മങ്ങള്‍ ഈ വ്യാവഹാരികലോകത്തെ ആശ്രയിച്ചു പറയപ്പെടുന്നതിനാല്‍ ഇപ്പറഞ്ഞ വ്യാവഹാരിക സ്വഭാവത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് അവയ്ക്കും നിലനില്‍പ്പില്ല. പ്രകൃതിയിലെ സത്ത്വരജസ്തമോഗുണങ്ങള്‍ ജീവാത്മാവിന്റെ ഗുണങ്ങളല്ലാതിരുന്നിട്ടുകൂടി, ജീവാത്മവിനെ സാത്ത്വികന്‍, രാജസികന്‍, താമസികന്‍ എന്നിങ്ങനെയെല്ലാം വിളിക്കാന്‍ കാരണം ഈ വ്യാവഹാരികസ്വഭാവത്തെ ഉദ്ദേശിച്ചാണ്. ഗീതയില്‍ 'സ്വഭാവജം' എന്ന് പറയുന്നിടത്ത് ഈ വ്യാവഹാരിക സ്വഭാവത്തെയാണ് വിവക്ഷിക്കുന്നത്. സ്വാഭാവികമായും വിവേകജ്ഞാനം ആര്‍ജിക്കുന്നതനുസരിച്ച് ഈ വ്യാവഹാരിക സ്വഭാവത്തില്‍ പരിവര്‍ത്തനം വരുത്താന്‍ കഴിയണം. അങ്ങനെ വിവേകത്തിന്റെ പൂര്‍ണതയില്‍ 'പ്രധാനവിവേകം' അകലുകയും ഒരുവന്‍ നിസ്‌െ്രെതഗുണ്യനായി മോക്ഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇവിടെ യഥാര്‍ഥത്തില്‍ ജീവാത്മാവിന്റെ സ്വഭാവത്തിന് പരിവര്‍ത്തനം വന്നിട്ടില്ല, അവന്‍ എന്നും നിത്യശുദ്ധബുദ്ധമുക്തന്‍ തന്നെയാണ്. അവന്റെ അവിവേകത്തിനാണ് മാറ്റം വന്നത്. തദനുസൃതമായി വ്യാവഹാരിക സ്വഭാവത്തിലും പരിവര്‍ത്തനം വന്നു. വ്യാവഹാരികസ്വഭാവത്തെ ആശ്രയിച്ചുനില്‍ക്കുന്ന വര്‍ണത്തിലും മാറ്റം വരാതെ തരമില്ല. 
തപഃസ്വാധ്യായ ഈശ്വരപ്രണിധാനാദി കര്‍മങ്ങളിലൂടെ അവിദ്യ അകലുന്നു. അത് സ്വഭാവത്തെ വലിയ രീതിയില്‍ പരിവര്‍ത്തനം ചെയ്യുകയും ചെയ്യും. ഈ ജന്മത്തില്‍തന്നെ നമ്മളില്‍ ഇത്തരം വലിയ പ്രഭാവങ്ങളുണ്ടാക്കുക അസാധ്യമല്ലെന്ന് യോഗദര്‍ശനം 2.12ന് ഭാഷ്യമെഴുതുമ്പോള്‍ വ്യാസമഹര്‍ഷി പറയുന്നു. അദ്ദേഹം ഇതിനുദാഹരണമായി, ജീവിച്ചിരിക്കെത്തന്നെ മനുഷ്യത്വത്തില്‍നിന്ന് ദേവത്വം നേടിയ നന്ദീശ്വരകുമാരന്റെ ഉദാഹരണമെടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. 
ഇവിടെ, ചാതുര്‍വര്‍ണ്യത്തിന്റെ കാര്യം ഒന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അതൊരു സാമാജികവ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഗുരുകുലത്തില്‍നിന്നും പ്രഖ്യാപിക്കപ്പെട്ട വര്‍ണത്തിന്റെ പരിവര്‍ത്തനം സ്വയം പ്രഖ്യാപനത്തിലൂടെ കൈവരുകയില്ല. സ്വകര്‍മത്തെ ത്യജിക്കാതെ അവ അനുഷ്ഠിച്ചുകൊണ്ടുതന്നെ സാധനാസ്വാധ്യായങ്ങളിലൂടെ  ജ്ഞാനത്തിനായി പരിശ്രമിക്കുകയും തുടര്‍ന്ന് ഗുരുകുലത്തിന്റെയും നിയമവ്യവസ്ഥയുടെയും അനുമതിയോടെ വര്‍ണപരിവര്‍ത്തനം നേടുകയുമാണ് വേണ്ടത്. 
3. വര്‍ണപരിവര്‍ത്തനത്തിന് ശാസ്ത്രപ്രമാണമുണ്ടോ? 
പൂര്‍വപക്ഷം: മനുസ്മൃതി 2.36, ആപസ്തംബ ധര്‍മസൂത്രം 1.1.19 തുടങ്ങിയവയില്‍ ഉപനയനത്തിനുള്ള പ്രായം പറയുമ്പോള്‍ ത്രൈവര്‍ണികള്‍ക്ക് വ്യത്യസ്ത പ്രായം പറഞ്ഞിരിക്കുന്നു. ബ്രാഹ്മണന് നേരത്തെ, പിന്നെ ക്ഷത്രിയന്, അതുകഴിഞ്ഞ് വൈശ്യന്, ഇങ്ങനെയാണ് ഉപനയനത്തിനുള്ള സമയക്രമം. അതായത് ഉപനയനത്തിനു മുന്‍പേ തന്നെ (ജന്മനാതന്നെ) അവരുടെ വര്‍ണം നിശ്ചയിക്കപ്പെട്ടിരുന്നു. ഇതേപോലെ അന്യഗ്രന്ഥങ്ങളിലും ജന്മനാ ഉള്ള വര്‍ണവ്യവസ്ഥയ്ക്ക് പ്രമാണം ഉണ്ട്.
സമാധാനം: 
വര്‍ണധാരണത്തെ മനസ്സിലാക്കുന്നതില്‍ വരുന്ന അപാകമാണ് ഇപ്രകാരമുള്ള വ്യാഖ്യാനത്തിനു കാരണം. വര്‍ണധാരണം, വര്‍ണനിര്‍ധാരണം എന്നിങ്ങനെ രണ്ട് കാര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ആദ്യത്തേത് ഉപനയനവേളയിലും രണ്ടാമത്തേത് സമാവര്‍ത്തനവേളയിലുമാണ് നടക്കുന്നത്. ബ്രാഹ്മണ,ക്ഷത്രിയ, വൈശ്യര്‍ക്ക് സാമാന്യജ്ഞാനത്തോടൊപ്പം അതത് വര്‍ണങ്ങള്‍ക്ക് വിശിഷ്ടമായ അറിവുകളും ഗുരുകുല വിദ്യാഭ്യാസത്തിലൂടെ നേടേണ്ടതുണ്ട്. അതിനായി ഗുരുകുലത്തില്‍ അവരെ വിഭാഗം തിരിച്ചു പഠിപ്പിക്കേണ്ടതുണ്ട്. ഉപനയന സമയത്ത്  കുട്ടിയുടെയും മാതാപിതാക്കളുടെയും ആഗ്രഹമനുസരിച്ച് അതത് വര്‍ണത്തിലേക്കുള്ള വിഭാഗത്തില്‍ അവരെ ചേര്‍ക്കുന്നു. ഇതാണ് വര്‍ണധാരണം. ആദ്യമായി വര്‍ണം ധരിക്കുന്നത് അപ്പോഴാണ്. ഇതിനുള്ള പ്രായത്തെ സംബന്ധിച്ചാണ് മനുസ്മൃത്യാദികളില്‍ പറഞ്ഞത്. ബ്രാഹ്മണന്റെ ഉപനയനം നേരത്തെയായിരിക്കും പിന്നെ ക്ഷത്രിയന്റെ, പിന്നെ വൈശ്യന്റെയും. ശൂദ്രന്‍ എന്നൊരു പഠനവിഭാഗം ഇല്ലാത്തതിനാലാണ് ശൂദ്രന് ഉപനയനം പറയാത്തത്. അല്ലാതെ ജന്മനാ ശൂദ്രന്‍ എന്നൊരു വിഭാഗം ഉണ്ടെന്നും അവര്‍ക്ക് ഉപനയനം പാടില്ല എന്നും തെറ്റായി മനസ്സിലാക്കരുത്. ആര്‍ക്കും ഉപനയനം ഇവിടെ നിഷേധിക്കപ്പെട്ടിട്ടില്ല. ഏവര്‍ക്കും ഏതു വര്‍ണത്തിലേക്കും പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. പഠിക്കാനുള്ള വിഷയങ്ങളുടെ ആധിക്യം അനുസരിച്ചാണ് ഉപനയനത്തിനുള്ള പ്രായം വ്യത്യസ്തമാക്കിവെച്ചിരിക്കുന്നത്. മറ്റൊരു കാരണം കൂടിയുണ്ട്. ബ്രാഹ്മണവിഷയവിഭാഗം പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം പൊതുവേ കൂടുതലായിരിക്കും. പിന്നീട് ക്ഷത്രിയവും അതുകഴിഞ്ഞ് വൈശ്യവും. എന്നാല്‍ കുട്ടിയുടെയോ മാതാപിതാക്കളുടെയോ ആഗ്രഹമല്ല, ഗുണകര്‍മങ്ങളും യോഗ്യതയുമാണ് വര്‍ണത്തിന് ആചാര്യന്‍ നിശ്ചയിക്കുന്നത്. അതുകൊണ്ട് ആദ്യം ചേര്‍ന്ന വിഭാഗത്തില്‍നിന്ന് പിന്നീട് യോഗ്യത അനുസരിച്ച് ആചാര്യന്‍ വിഭാഗം തിരിക്കും. ബ്രാഹ്മണ്യത്തിനുള്ള ഉപനയനകാലം നേരത്തെയാക്കിയതിനാ
ല്‍ ക്ഷത്രിയര്‍ക്കുള്ള പഠനം ആരംഭിക്കുന്നതിനു മുന്‍പേ തന്നെ ബ്രാഹ്മണ്യത്തിന് യോഗ്യരല്ലാത്ത വിദ്യാര്‍ഥികളെ കണ്ടെത്താന്‍ ആചാര്യന് കഴിയുന്നു. അവരെ ക്ഷത്രിയവിഭാഗത്തിലേക്കു മാറ്റുന്നു. അവിടെയും യോഗ്യത തെളിയിക്കാത്തവരെ തുടര്‍ന്ന് വൈശ്യവിഭാഗത്തിലേക്കും മാറ്റുന്നു. ഉപനയനത്തിനുള്ള പ്രായഭേദത്തിന്റെ താല്പര്യമിതാണ്. തുടര്‍ന്ന് സാമാന്യജ്ഞാനവും വിശേഷജ്ഞാനവും നേടിയെടുത്ത് ഗുരുകുലവിദ്യാഭ്യാസം പൂര്‍ത്തിയാകുമ്പോള്‍ ആചാര്യന്‍ വര്‍ണത്തെ പ്രഖ്യാപിക്കും. ഇതാണ് വര്‍ണനിര്‍ധാരണം. സാമാജികമായ വര്‍ണനിശ്ചയം ഈ അവസരത്തിലാണ് നടക്കുന്നത്.
എന്നാല്‍ വര്‍ണം പിന്നീട് ജന്മനാ ഉള്ള ജാതിയായി മാറിയ കാലത്ത് ചിലര്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ നിലനിര്‍ത്താനായി തോന്നിയപടി ശ്ലോകങ്ങള്‍ രചിക്കുകയും അവയെ ശാസ്ത്രഗ്രന്ഥങ്ങളില്‍പോലും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അത്തരം ശ്ലോകങ്ങളാണ് വര്‍ണത്തെ പിതൃപാരമ്പര്യത്തിന്റെ ഉത്പന്നമാക്കി കാണിച്ചുകൊണ്ടുള്ള വാദങ്ങള്‍ക്ക് പ്രമാണമായി ഉദ്ധരിക്കപ്പെടുന്നത്. വേദവിരുദ്ധമായതിനാല്‍ അവ സ്വീകരിക്കേണ്ടതില്ല. മാത്രമല്ല, ശാസ്ത്രത്തില്‍ വര്‍ണ പരിവര്‍ത്തനത്തിന് അനേകം പ്രമാണങ്ങള്‍ കാണുന്നുണ്ടുതാനും.
മനുസ്മൃതിയില്‍തന്നെ 10.65ല്‍ ശൂദ്രനില്‍നിന്ന് ബ്രാഹ്മണനിലേക്ക് അതേപോലെ മറ്റുവര്‍ണങ്ങള്‍ക്കിടയിലും പരിവര്‍ത്തനം സാധ്യമെന്നു പറയുന്നുണ്ട്. മഹാഭാരതം അനുശാസനപര്‍വം 143.7,9,11,26, വനപര്‍വം 180.19, ശാന്തിപര്‍വം 188.1 എന്നിവിടങ്ങളിലും വര്‍ണപരിവര്‍ത്തനത്തിന്റെ സാധുതയെക്കുറിച്ച് പറയുന്നു. ശാസ്ത്രങ്ങളില്‍ വര്‍ണപരിവര്‍ത്തനത്തിന്റെ എത്രയോ ഉദാഹരണങ്ങള്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ജന്മമാണ് വര്‍ണത്തിനാധാരം എന്നു വാദിക്കുന്നവര്‍ അതൊന്നും കണ്ട ഭാവം നടിക്കുന്നില്ല എന്നുമാത്രം.
ആചാര്യശ്രീ രാജേഷ്

No comments:

Post a Comment