Monday, October 01, 2018

ഉപനിഷത്തിലൂടെ -275
Tuesday 2 October 2018 2:59 am IST
ബൃഹദാരണ്യകോപനിഷത്ത്- 74
ജനകനും യാജ്ഞവല്‍ക്യനും തമ്മിലുള്ള സംവാദം തുടരുന്നു. ഇനി ഹൃദയത്തെക്കുറിച്ച് പറയുന്നു.
യദേവ തേ കശ്ചിദബ്രവീത്തത് ശൃണവാമേതി, അബ്രവീന്മേ വിദഗ്ദ്ധചഃ ശാകല്യഃ ഹൃദയം വൈ ബ്രഹ്മേതി...
രാജാവേ അങ്ങേയ്ക്ക് ആചാര്യന്‍ പറഞ്ഞുതന്നതിനെ  തനിക്ക് കേള്‍ക്കണമെന്ന് യാജ്ഞവല്‍ക്യന്‍ വീണ്ടും പറഞ്ഞു. ശകലന്റെ മകനായ വിദഗ്ധന്‍ ഹൃദയമാണ് ബ്രഹ്മം എന്ന് എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അമ്മയും അച്ഛനും ആചാര്യനും വേണ്ട വിധം നയിച്ചയാള്‍ പറയുന്നതുപോലെയാണ് വിദഗ്ധന്‍ ഹൃദയം ബ്രഹ്മമാണെന്ന് അങ്ങേയ്ക്ക് പറഞ്ഞു തന്നത്. ഹൃദയമില്ലാത്തവന് എന്ത് ഉണ്ടാകാനാണ്? ഹൃദയത്തിന്റെ ശരീരവും പ്രതിഷ്ഠയും പറഞ്ഞ് തന്നിട്ടുണ്ടോ? ഇല്ല എന്ന് ജനകന്‍ പറഞ്ഞു.
 ഈ ബ്രഹ്മം ഒരു കാല് മാത്രമുള്ളതാണ് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞപ്പോള്‍ ഇതെല്ലാം അറിയുന്ന അങ്ങ് തന്നെ അത് എനിക്ക് പറഞ്ഞു തരൂ എന്ന് ജനകന്‍ ആവശ്യപ്പെട്ടു. ഹൃദയം തന്നെയാണ് ആ ബ്രഹ്മത്തിന്റെ ശരീരം. ആകാശമാണ് അതിന് ആശ്രയം. സ്ഥിതി എന്ന് കരുതി  ബ്രഹ്മത്തെ ഉപാസിക്കണം എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
ഇതിന്റെ സ്ഥിതിഭാവം എന്താണ്? ഹൃദയം തന്നെ സ്ഥിതിയാണ്. ഹൃദയം തന്നെയാണ് എല്ലാ ജീവികളുടേയും ആയതനം ഹൃദയം തന്നെ ആശ്രയവും. എന്തുകൊണ്ടെന്നാല്‍ ഹൃദയത്തില്‍ തന്നെയാണ് എല്ലാ ജീവികളും പ്രതിഷ്ഠിതങ്ങളായിരിക്കുന്നത്. അതിനാല്‍ രാജാവേ, ഹൃദയം തന്നെയാണ് പരമമായ ബ്രഹ്മം. ഇങ്ങനെ അറിഞ്ഞ് ഹൃദയമാകുന്ന ബ്രഹ്മത്തെ ഉപാസിക്കുന്നയാളെ ഹൃദയം ഉപേക്ഷിക്കുകയില്ല. എല്ലാ ജീവികളും ഇയാളെ  സന്തോഷിപ്പിക്കും. ഇയാള്‍ ദേവനായി തീര്‍ന്ന് ദേവന്മാരില്‍ ലയിക്കുമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. 
ഇത് കേട്ട് വിദേഹാധിപനായ ജനകന്‍ പറഞ്ഞു. അങ്ങേയ്ക്ക് ആനയെപ്പോലെയുള്ള കാളയോടു കൂടിയ ആയിരം പശുക്കളെ ഞാന്‍ തരുന്നുണ്ട് എന്ന്. ശിഷ്യനെ ഉപദേശിച്ച് കൃതാര്‍ഥനാക്കാതെ ശിഷ്യനി
ല്‍ നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല എന്ന് തന്റെ അച്ഛന്‍ കരുതിയിരുന്നുവെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
 ഹൃദയത്തിന്റെ ദേവതയായ ഹിരണ്യഗര്‍ഭനെയാണ് ബ്രഹ്മമായി വിദഗ്ധന്‍ ഉപദേശിച്ചത്. നാമം, രൂപം,
 കര്‍മം എന്നീ സ്വരൂപത്തോടു കൂടിയ ജീവികള്‍ ഹൃദയത്തില്‍ പ്രതിഷ്ഠയും ആശ്രയവുമുള്ളവയാണ്. അതുകൊണ്ടാണ് സ്ഥിതി എന്ന് കരുതി ഉപാ
സിക്കാന്‍ പറഞ്ഞത്. ഇതോടെ നാലാമധ്യായത്തിലെ ഒന്നാം ബ്രാഹ്മണം തീര്‍ന്നു. രണ്ടാം ബ്രാഹ്മണം ഇതിന്റെ തുടര്‍ച്ചയാണ്.
ജനകോ ഹ വൈദേഹഃ കൂര്‍ച്ചാദുപാവസര്‍വന്നു വാച, നമസ്‌തേ ളസ്തു യാജ്ഞവല്‍ക്യ 
അനു മാ ശാധീതി...
വിദേഹാധിപനായ ജനകന്‍ തന്റെ സിംഹാസനത്തില്‍ നിന്ന് എഴുന്നേറ്റ് അടുത്ത് ചെന്ന് യാജ്ഞവല്‍ക്യനോട് പറഞ്ഞു. അങ്ങേയ്ക്ക് നമസ്‌കാരം, എന്നെ ഉപദേശിച്ചാലും എന്ന്. അത് കേട്ട് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.  സമ്രാട്ടേ... ദൂരരുള്ള ഒരു വഴി പോകണമെന്നുള്ളയാള്‍ കരയില്‍ കൂടിയാണെങ്കില്‍ തേരിനേയോ വെള്ളത്തില്‍ കൂടിയാണെങ്കില്‍ തോണിയേയോ ആശ്രയിക്കും. അതുപോലെ അങ്ങും ഈ പ്രതീകങ്ങളെ കൊണ്ട് സമാഹിതമായ മനസ്സോട് കൂടിയവനായിരിക്കുന്നു. ഇങ്ങനെ പൂജ്യനുംധനികനും വേദങ്ങള്‍ പഠിച്ചവനും ഉപനിഷത്തുകളെ ഉപദേശിക്കപ്പെട്ടവനുമാണ് അങ്ങ്. എങ്കിലും ഈ ദേഹം വിട്ട് പോകുമ്പോള്‍ എവിടേക്കാണ് പോകുക എന്നറിയാമോ എന്ന് യാജ്ഞവല്‍ക്യന്‍ ചോദിച്ചു. മരണ ശേഷം എവിടെ പോകുമെന്ന് എനിക്കറിയില്ല. ജനകന്‍ പറഞ്ഞു.
അങ്ങ് എവിടെ പോകുമെന്ന് ഞാന്‍ പറഞ്ഞു തരാം എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഭഗവാനെ ഉപദേശിച്ചു തരൂ എന്ന് ജനകന്‍ ആവശ്യപ്പെട്ടു. യാജ്ഞവല്‍ക്യന്  ബ്രഹ്മത്തെപ്പറ്റി സമഗ്രമായ അറിവുണ്ടെന്നറിഞ്ഞ ജനകന്‍ താന്‍ ആചാര്യനാണെന്ന ഭാവമൊക്ക വിട്ട് അദ്ദേഹത്തെ ഗുരുവായി വരിക്കുന്നു. ജനകന് ഭൗതിക, ആദ്ധ്യാത്മിക അറിവുകളുണ്ടെങ്കിലും പരമാത്മജ്ഞാനത്തിന്റെ കുറവുണ്ട്. ഇതിനെ പരിഹരിക്കാനാണ് തുടര്‍ന്നുള്ള സംവാദം.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment