Wednesday, October 03, 2018

ഉപനിഷത്തിലൂടെ -276
Thursday 4 October 2018 2:46 am IST
ബൃഹദാരണ്യകോപനിഷത്ത്- 75
ഇന്ധോ ഹ വൈ നാ മൈഷ യോളയം 
ദക്ഷിണേക്ഷന്‍ പുരുഷ:
വലത് കണ്ണിലിരിക്കുന്ന ഈ പുരുഷന്റെ പേര് ഇന്ധന്‍ എന്നാണ്. ഇന്ധനെയാണ് പരോക്ഷമായി ഇന്ദ്രന്‍ എന്ന് വിളിക്കുന്നത്. എന്തെന്നാല്‍ ദേവന്‍മാര്‍ പരോക്ഷത്തെ ഇഷ്ടപ്പെടുന്നവരാണ്. പ്രത്യക്ഷത്തെ വെറുക്കുന്നവരുമാണ്.
ആദിത്യനിലെ പുരുഷനാണ് ദക്ഷിണാഗ്‌നിയില്‍ വിശ്വനായിരിക്കുന്നത്, പ്രകാശ ഗുണമുളളതിനാല്‍ ഇന്ധന്‍ എന്ന് വിളിക്കുന്നു.
 അഥൈതദ്വാമേളക്ഷിണി പുരുഷരൂപമേഷാസ്യ പത്‌നീ വിരാട്..........
ഇടത് കണ്ണില്‍ കാണുന്ന പുരുഷരൂപം ഈ ഇന്ദ്രന്റെ പത്‌നിയായ വിരാട്ടാണ്. ഹൃദയത്തിനകത്തെ ആകാശം ഇവരുടെ സംഗമസ്ഥാനമാണ്. ഹൃദയത്തിനുള്ളിലെ പിണ്ഡാകൃതിയിലുള്ള രക്തം ഇവരുടെ അന്നമാണ്. ഹൃദയത്തിലെ വലപോലെയുള്ളത് ഇവരുടെ പുതപ്പാണ്.
 ഹൃദയത്തില്‍ നിന്ന് മുകളിലേക്ക് പോകുന്ന നാഡി ഇവര്‍ക്ക് സഞ്ചരിക്കാനുള്ള വഴിയാണ്. ആയിരമായി പിളര്‍ത്തിയ ഒരു തലനാര് പോലെയുള്ള നേരിയ ഹിതകള്‍ എന്ന് പേരായ നാഡികള്‍ ഹൃദയത്തിനകത്ത് ഉറപ്പിച്ചിരിക്കുകയാണ്.ഇവയിലൂടെയാണ് അന്ന രസം ഒഴുകുന്നത്. അതിനാല്‍ ശരീരമാകുന്ന ആത്മാവിനേക്കാള്‍ സൂക്ഷ്മതരമായ ആഹാരത്തോടു കൂടിയവനാകുന്നു.
 കഴിഞ്ഞ മന്ത്രത്തില്‍ വലത് കണ്ണിലുള്ള ഇന്ദ്രനായി പറഞ്ഞത് ജാഗ്രത്തിലെ വൈശ്വാനരനെയാണ് ഇവിടെ സ്വപ്‌നത്തിലെ തൈജസനെ പറയുന്നു.സ്വപനത്തില്‍ രണ്ടും ഒന്നാകുന്നു. ഇതാണ് ഉപാസനയ്ക്കായി ഇന്ദ്രനും ഇന്ദ്രാണിയുമായുള്ള സംഗമമായി പറയുന്നത്.
 തൈജസന്‍ ലിംഗശരീരത്തെ ആശ്രയിച്ച് നില്‍ക്കുന്നു. ഏറ്റവും സൂക്ഷമതരമായ അന്ന രസമാണ് തൈജസന്‍ എന്ന ലിംഗാത്മാവിനെ നിലനിര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നത്.
വളരെ നേരിയ നാഡികളില്‍ കൂടിയാണ് സ്വപ്‌നത്തിലേക്കും ഉണര്‍വിലേക്കും ഉള്ള പോക്കും വരവും.തൈജസനായി തീര്‍ന്ന വൈശ്വാനരനായി സുഷുപ്തിയില്‍ പ്രാജ്ഞനായും മാറുന്നത്.
തസ്യ പ്രാചീ ദിക് പ്രാഞ്ച; ദക്ഷിണാ ദിഗ് ദക്ഷിണേ പ്രാണാ: .............
പ്രാജ്ഞനുമായി താദാത്മ്യം പ്രാപിച്ച ജ്ഞാനിക്ക് കിഴക്കേ ദിക്കുകള്‍ കിഴക്കുള്ള പ്രാണങ്ങളാണ്. തെക്കേ ദിക്കുകള്‍ തെക്കുള്ള പ്രാണങ്ങളാണ്. പടിഞ്ഞാറെ ദിക്കുകള്‍ പടിഞ്ഞാറെയും വടക്കേ ദിക്കുകള്‍ വടക്കിലേയും മുകളിലെ ദിക്കുകള്‍ മുകളിലെയും താഴെ ദിക്കുകള്‍ താഴത്തേയും പ്രാണങ്ങളാണ്. എല്ലാ ദിക്കുകളും എല്ലാ പ്രാണങ്ങളാണ്.  ഇതല്ല, ഇതല്ല എന്ന് എല്ലാറ്റിനേയും  നിഷേധിച്ച് ഗ്രഹിക്കുന്ന ആത്മാവ് ഇതാണ്.
 ഈ ആത്മാവ് ആരാലും ഗ്രഹിക്കപ്പെടാത്തതിനാല്‍ അഗൃഹ്യനും പൊടിഞ്ഞ് പോകാത്തതിനാല്‍ അശീര്യനും ഒന്നിനോടും സംഗമില്ലാത്തതിനാല്‍ അസംഗനാണ്. ഒരിക്കലും ദു:ഖിക്കാത്തതിനാല്‍ ബന്ധിക്കപ്പെടാത്തവനുമാണ്. അത് ഒരിക്കലും നശിക്കുന്നില്ല.
ജനകരാജാവ് ഭയമില്ലായ്മയെ പ്രാപിച്ചതായി യാജ്ഞവല്‍ക്യന്‍ പറഞ്ഞു.എനിക്ക് അഭയത്തെ അറിയിച്ച് തന്ന അങ്ങേയ്ക്കും അഭയം ലഭിക്കട്ടെ എന്ന് രാജാവ് പറഞ്ഞു.അങ്ങേയ്ക്ക് നമസ്‌കാരം. ഇതാ വിദേഹങ്ങള്‍... ഇതാ ഞാന്‍.. അങ്ങയുടെ ഇഷ്ടം പോലെ ഉപയോഗിക്കൂ....
ജാഗ്രത്തിലെ വൈശ്വാനരനില്‍ നിന്ന് സ്വപ്‌നത്തിലെ തൈജസനേയും അതില്‍ നിന്ന് സുഷുപ്തിയിലെ പ്രാജ്ഞനേയും അറിഞ്ഞയാള്‍ ക്രമേണ സര്‍വാത്മകനായ പ്രാണനെ ആത്മാവായി പ്രാപിക്കുന്നു. അങ്ങനെ തുരീയാവസ്ഥയെ പ്രാപിച്ച സര്‍വാത്മകനായ ഒരു ജ്ഞാനിയുടെ ഭാവമാണിവിടെ വിവരിച്ചത്. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് സാക്ഷാത്കരിച്ചയാള്‍ മൃത്യുവിനെ അതിക്രമിക്കും.ഇതറിഞ്ഞ ജനകന്‍ ജനന മരണ രൂപമായ സംസാരത്തെ മറികടന്ന് ഭയമില്ലായ്മ പ്രാപിച്ചുവെന്ന് യാജ്ഞവല്‍ക്യന്‍ സാക്ഷ്യപ്പെടുത്തുന്നു.
തന്നെ അഭയത്തിലേക്കെത്തിച്ച യാജ്ഞവല്‍ക്യന് നന്ദിയോടെ നമസ്‌കാരവും തന്റെ രാജ്യവും തന്നെയും സമര്‍പ്പിക്കുന്നുവെന്ന് ജനകന്‍ പറയുന്നതിലൂടെ രണ്ടാം ബ്രാഹ്മണം അവസാനിച്ചു.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment