Monday, October 29, 2018

യാജ്ഞവല്‍ക്യന്‍ മൈത്രേയിക്ക് നല്‍കുന്ന ഉപദേശത്തെ ഉപസംഹരിക്കുന്നു

ഉപനിഷത്തിലൂടെ -297
Tuesday 30 October 2018 2:40 am IST
സാ ഹോവാച മൈത്രേയി, അത്രൈവ മാ ഭഗവാന്‍........
ഭഗവാനേ, ഇപ്പോള്‍ അങ്ങ് എന്നെ മോഹത്തില്‍ വീഴ്ത്തിയിരിക്കുന്നു. എനിക്കിതൊന്നും മനസ്സിലാകുന്നില്ല എന്ന് മൈത്രേയി പറഞ്ഞു. മൈത്രേയിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് യാജ്ഞവല്‍ക്യന്‍ ചൂണ്ടിക്കാട്ടി. ഈ ആത്മാവ് മാറ്റമില്ലാത്തതും ഒരിക്കലും നാശമില്ലാത്ത സ്വഭാവത്തോടു കൂടിയതുമാണ്.
 ജീവജാലങ്ങള്‍ പ്രത്യേകം പേരോട് കൂടി ഉണ്ടാകുന്നുവെന്നും നശിക്കുമ്പോള്‍ അവയ്ക്ക് പേരില്ലാതാകുമെന്നും പറഞ്ഞതാണ് മൈത്രേയിക്ക് മനസ്സിലാകാതിരുന്നത്. അതുകൊണ്ടാണ് തനിക്ക് തെറ്റിദ്ധാരണ ഉണ്ടായി എന്ന അര്‍ത്ഥത്തില്‍ മോഹിപ്പിച്ചു എന്ന് പറഞ്ഞത്.
 യത്ര ഹി ദ്വൈതമിവ ഭവതി തദിതര  ഇതരം പശ്യതി......
അറിവില്ലായ്മ കാരണം എപ്പോള്‍ ദ്വൈതമെന്ന പോലെ തോന്നുന്നുവോ അപ്പോള്‍ ഒരാള്‍ മറ്റൊരാളെ കാണുന്നു. അപ്പോള്‍ അയാള്‍ മറ്റൊന്നിനെ മണക്കുന്നു. മറ്റൊന്നിന്റെ രസം ആസ്വദിക്കുന്നു. മറ്റൊരുത്തനോട് സംസാരിക്കുന്നു. മറ്റൊന്നിനെ കേള്‍ക്കുന്നു. മറ്റൊന്നിനെ വിചാരിക്കുന്നു. മറ്റൊന്നിനെ സ്പര്‍ശിക്കുന്നു. മറ്റൊന്നിനെ അറിയുന്നു.
എപ്പോള്‍ ഇയാള്‍ക്ക് എല്ലാം സ്വന്തം ആത്മാവ് തന്നെയായി തീര്‍ന്നിരിക്കുന്നുവോ അപ്പോള്‍ എന്തുകൊണ്ട് എന്തിനെ മണക്കും? എന്തുകൊണ് എന്തിന്റെ രസമറിയും? എന്തുകൊണ്ട് ആരോട് സംസാരിക്കും? എന്തുകൊണ്ട് എന്തിനെ കേള്‍ക്കും? എന്തുകൊണ്ട് എന്തിനെപ്പറ്റി വിചാരിക്കും? എന്തുകൊണ്ട് എന്തിനെ സ്പര്‍ശിക്കും.? എന്തുകൊണ്ട് എന്തിനെ അറിയും?
എന്തുകൊണ്ട് ഇതിനെയെല്ലാം അറിയുന്നുവോ അതിനെ എന്തുകൊണ്ട് അറിയും?
ഇതു തന്നെയാണ് നേതി നേതി എന്ന് വിവരിച്ച ആത്മാവ്.
 അഗൃഹ്യനായതിനാല്‍ അത് ഗ്രഹിക്കപ്പെടുന്നില്ല. അശീര്യനായതിനാല്‍ അത് ശീര്‍ണ്ണമാക്കുന്നില്ല. അസംഗനാകയാല്‍ അത് ആസക്തനല്ല. ബദ്ധനല്ലാത്തതിനാല്‍ അത് ദു:ഖിക്കുന്നില്ല .അത് ഒരിക്കലും നശിക്കുന്നില്ല. വിജ്ഞാതാവിനെ എന്തുകൊണ്ട് അറിയാന്‍ കഴിയും?
ഇങ്ങനെ എല്ലാ അനുശാസനങ്ങളും നിനക്ക് ഞാന്‍ പറഞ്ഞു തന്നു. ഈ ആത്മ ദര്‍ശനം മാത്രമാണ് അമൃതത്വ സാധകം. ഇങ്ങനെ മൈത്രേയിയെ ഉപദേശിച്ച ശേഷം യാജ്ഞവല്‍ക്യന്‍ സന്ന്യസിച്ച് വീട് വിട്ടു പോയി.
ആഗമ പ്രധാനമായി മധു കാണ്ഡത്തിലും ഉപപത്തി പ്രധാനമായി യാജ്ഞവല്‍ക്യകാണ്ഡത്തിലും ബ്രഹ്മതത്വത്തെ പറഞ്ഞു.ആത്മനിഷ്ഠയെന്നും അമൃതത്വമെന്നും വിശേഷിപ്പിക്കുന്ന ആ പരമലക്ഷ്യത്തിലേക്കുള്ള വഴിയാണ് സന്ന്യാസം. ഇങ്ങനെ സന്ന്യാസത്തില്‍ അവസാനിക്കുന്ന ബ്രഹ്മവിദ്യയുടെ വിവരണം അവസാനിപ്പിച്ച് യാജ്ഞവല്‍ക്യന്‍ സന്ന്യാസിയായി യാത്രയായി. വി ജഹാര എന്നാല്‍ സന്ന്യാസത്തിന് പുറപ്പെട്ടു എന്ന് മനസ്സിലാക്കണം.
ഇതോടെ അഞ്ചാം ബ്രാഹ്മണം കഴിഞ്ഞു.ആറാം ബ്രാഹ്മണത്തില്‍  യജ്ഞവല്‍ക്യ കാണ്ഡത്തിലെ ഗുരുശിഷ്യ പരമ്പരയെ പറയുന്നു.
അഥ വംശ: പൗതിമാഷ്യോ  ഗൗപവനാത്..........
പൗതിമാഷ്യന്‍ ഗൗപവനില്‍ നിന്ന് ഗൗപവനന്‍ പൗതിമാഷ്യനില്‍ നിന്ന് പൗതിമാഷ്യന്‍ ഗൗപവന നില്‍ നിന്ന് ഗൗപനന്‍ കൗശികനില്‍ നിന്ന് കൗശികന്‍ കാണ്ഡിന്യനില്‍ നിന്ന് കാണ്ഡിന്യന്‍ ശാണ്ഡില്യനില്‍ നിന്ന് ശാണ്ഡില്യന്‍ കൗശികനി
ല്‍ നിന്നും ഗൗതമനില്‍ നിന്നും ഈ അറിവിനെ നേടി.
 ആഗ്‌നിവേശ്യാത്, ആഗ്‌നിവേശ്യോ ഗാര്‍ഗ്യാത്................
പരമേഷ്ഠീ ബ്രഹ്മണ:, ബ്രഹ്മസ്വയം ഭൂ ബ്രഹ്മണേ നമഃ
ഗൗതമന്‍ ആഗ്‌നിവേശ്യ നില്‍നിന്ന് ആഗ്‌നിവേശ്യന്‍ ഗാര്‍ഗ്യനില്‍ നിന്ന്.ഗാര്‍ഗ്യന്‍ ഗാര്‍ഗ്യനി
ല്‍ നിന്ന്. ഗാര്‍ഗ്യന്‍ ഗൗതമനില്‍ നിന്ന് ഇങ്ങനെ ആ ആചാര്യ പരമ്പര ചെന്നെത്തി നില്‍ക്കുന്നത് സനാതനന്‍ സനഗന്‍ എന്നിവരിലൂടെ പരമേഷ്ഠിയായ ബ്രഹ്മത്തിലാണ്.
ബ്രഹ്മം സ്വയംഭൂവാണ്. ബ്രഹ്മത്തിന് നമസ്‌കാരം.
ഇതോടെ ആറാം ബ്രാഹ്മണവും തീര്‍ന്നു
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments:

Post a Comment