Saturday, October 13, 2018

*രാസലീല 34*
ഭക്തിയുടെ പരമകാഷ്ഠ ആണ് ഗോപികകളില് കാണുന്നത്. അത് അലോക സാമാന്യം അചിന്ത്യ ഹേതുകൗ ആണ് . ലോകത്തില് സാധാരണ കാണുന്നതല്ല അതിനുള്ള ധർമ്മത്യാഗം മുതലായതിനോക്കെ കാരണം കണ്ടുപിടിച്ചാലും നമുക്കൊന്നും കണ്ടുപിടിക്കാനും പറ്റില്ല്യ. ലോകത്തില് സാധാരണ കാണുന്ന ഒരു ഭക്തി അല്ല. ഭക്തി സാധാരണ മൂന്ന് വിധത്തിലുണ്ട്. പ്രാകൃതം മധ്യമം ഉത്തമം. അതില് ഉത്തമ ഭക്തി ഭാഗവതത്തിൽ ഉടനീളം നമുക്ക് കാണാം.
സർവ്വഭൂതേഷു യത് പശ്യേത് ഭഗവദ്ഭാവം ആത്മന:
ഭൂതാനി ഭഗവതി ആത്മനി യേഷ ഭാഗവതോത്തമ:
സർവ്വഭൂതങ്ങളിലും ഭഗവാനെ കാണുക എന്നുള്ളതിനെ ഉത്തമ ഭക്തി ആയിട്ട് ഏകാദശസ്കന്ധം പറഞ്ഞു. ഈ ഉത്തമ ഭക്തിക്ക് പരാഭക്തി എന്ന് ഭക്തി ശാസ്ത്രങ്ങൾ പേര് പറയും. മറ്റൊരു പേര് ജ്ഞാനോത്തരഭക്തി എന്നാണ്. ജ്ഞാനോത്തര ഭക്തി എന്ന്വാച്ചാൽ ഗീതയിൽ ഭഗവാൻ തന്നെ അത് പറയണുണ്ട്.
ബ്രഹ്മഭൂതപ്രസന്നാത്മാ ന ശോചതി ന കാംക്ഷതി സമ സർവ്വേഷു ഭൂതേഷൂ മദ്ഭക്തിം ലഭതേ പരാം.
ഭക്ത്യാ മാമപി ജാനാതി
യാവാൻ യശ്ചാസ്മി തത്ത്വത:
തതോ മാം തത്ത്വതോ ജ്ഞാത്വാ
വിശദേ തദനന്തരം
ബ്രഹ്മഭൂതനായിട്ടുള്ള ഒരു ജ്ഞാനി, ബ്രഹ്മഭൂതൻ എന്ന്വാച്ചാൽ ശരീരാദികളിൽ നിന്നും വ്യതിരിക്തമായ ആത്മാവിനെ കണ്ട് താൻ ആത്മാവാണെന്നറിഞ്ഞിട്ട് ന ശോചതി ന കാംക്ഷതി ഒന്നിനെ ക്കുറിച്ചും ആലോചിച്ചു ദുഖിക്കണില്ല്യ. ഒന്നും കിട്ടണമെന്ന് ആഗ്രഹിക്കണുമില്ല്യ. സമ സർവ്വേഷു ഭൂതേഷൂ എല്ലാവരോടും സമ ബുദ്ധിയോടെ ഇരിക്കുകയും ചെയ്യണു. എന്നിട്ട് ഒരു ഭക്തി ഉണ്ടാവണൂന്നാണ്. മദ് ഭക്തിം ലഭതേ പരാം. ആ സ്ഥിതിയിൽ പരാഭക്തി ഉണ്ടാവണു. ആ ഭക്തി കൊണ്ട് ഭഗവാന്റെ യഥാർത്ഥ സ്വരൂപം അനുഭവത്തിൽ വരും. ഇവിടെ ഗോപസ്ത്രീകളിൽ നമ്മള് കാണുന്നത് പ്രേമഭക്തിയാണ്. ഈ പ്രേമഭക്തി സഹജമായിട്ട് തന്നെ സർവ്വധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ എന്ന ശ്ലോകത്തിന്റെ അർത്ഥത്തിനെ വ്യാഖ്യാനിക്കുന്നതാണ്. ആ ശ്ലോകാർത്ഥം സമ്പൂർണമായി വ്യാഖ്യാനിക്കുന്നതാണ് ഈ പ്രേമഭക്തി. ധർമ്മത്തിനെ ഉപേക്ഷിക്കണം എന്നർത്ഥമല്ല. ധർമ്മം വിട്ടു പോകാണ്. ഏതെങ്കിലും കാമന കാരണമോ ആഗ്രഹത്തിന് വശപ്പെട്ടിട്ടോ ധർമ്മത്തിനെ ഉപേക്ഷിച്ചാൽ അത് പാപമായിട്ട് തീരും. പക്ഷേ ധർമ്മം ഒരു വാഹനമാണ്. ആ വാഹനം എന്തിനാ ഭഗവാന്റെ അടുത്തേയ്ക് നമ്മളെ കൊണ്ട് പോകാനുള്ള ഒരു വാഹനമാണ്. എപ്പോ ബ്രഹ്മം മുമ്പില് വന്നു കഴിഞ്ഞോ അപ്പോ ധർമ്മം പോയി. ഭഗവാൻ വിളിക്കുമ്പോ ലോകധർമ്മവും മറ്റുമൊക്കെ അവിടെ തന്നെ വിട്ടു ആ ഉപേക്ഷ ആണ് ഗോപസ്ത്രീകളിൽ നമ്മൾ കാണുന്നത്. അതാണവര് പറഞ്ഞത്.
യത്പത്യപത്യ സുഹൃദാമനുവൃത്തിരംഗ
സ്ത്രീണാം സ്വധർമ്മ ഇതി ധർമ്മവിദാ ത്വയോക്തം
ഭർത്താവിനോടും കുട്ടികളോടും ബന്ധുക്കളോടും ഒക്കെ നമുക്ക് ധർമ്മം ണ്ട് എന്ന് പറയണതൊക്ക ഏതുവരെ പോകും എന്ന്വാച്ചാൽ എപ്പോ ജീവന് മുമുക്ഷത്വം വരുന്നുവോ അതുവരെ. മുമുക്ഷത്വം ഒരു ജീവന് വന്നു കഴിഞ്ഞാൽ പിന്നെ ആരും പിടിച്ചാൽ ആ ജീവൻ നില്ക്കില്ല്യ.
മാതാ നാസ്തി പിതാ നാസ്തി നാസ്തി ബന്ധു : സഹോദര: അർത്ഥം നാസ്തി ഗൃഹം നാസ്തി തസ്മാദ് ജാഗ്രത ജാഗ്രത.
എല്ലാം വിട്ടു. ഉപേക്ഷിച്ചതല്ല. വിട്ടു പോയി. തേങ്ങ ചിരവുമ്പോ എത്ര തന്നെ ചിരകിയാലും കുറച്ചു ചിരട്ടയില് ഉണ്ടാവും. കൊട്ടത്തേങ്ങ ആയാൽ സമ്പൂർണമായി വിട്ടു വരും. തനിയെ വിട്ടു വരും. അതുപോലെ ഭഗവദ് അനുരാഗം ഹൃദയത്തിൽ ഉദിച്ചിട്ട് എല്ലാം വിട്ടു വന്നിരിക്കുണു.
ശ്രീനൊച്ചൂർജി 

No comments:

Post a Comment