Tuesday, October 16, 2018

രാസലീല 39
ഗോപികകൾ നമുക്ക് കാണിച്ചു തരുന്നു. ഭഗവാനോട് എന്തൊക്കെയാ പറയേണ്ടത് എങ്ങനെ ഒക്കയാ പറയേണ്ടത്. ഗോപികകൾ ഇവിടെ പറയാണ് ഭഗവാനേ അവിടുന്ന് ഞങ്ങളുടെ മനസ്സിനെ അപഹരിച്ചു
ചിത്തം സുഖേന ഭവതാപഹൃതം ഗൃഹേഷു
യന്നിർവിശതി ഉത കരാവപി ഗൃഹ്യകൃത്യേ
ഈ കൈയുണ്ടല്ലോ വീട്ടുകാര്യം ചെയ്യേണ്ട കൈയ്യാണ്. പക്ഷേ അതൊന്നും പറഞ്ഞാ കേൾക്കണില്ല്യ. ഈ കൈയ്ക്ക് അർച്ചനയും നാമജപവും ചെയ്യണതിൽ മാത്രേ അതിന് രുചി ഉള്ളൂ. കാലുകൾ അവിടുത്തെ സന്നിധിയിൽ നിന്ന് ചലിക്കുന്നില്ല്യ. അവിടുത്തെ പാദമൂലത്തിൽ നിന്നും ഈ കാലുകൾ വേണംന്ന് വെച്ചാലും ചലിക്കില്ല്യ.
പാദൗ പദം ന ചലതസ്തവ പാദമൂലം.
ഞങ്ങളെങ്ങനെ വ്രജത്തിലേക്ക് വീട്ടിലേക്ക് തിരിച്ചു പോവും കാര്യങ്ങളൊക്കെ ചെയ്യുംന്ന് പറഞ്ഞാൽ
'യാമ: കഥം '
ഞങ്ങളെങ്ങനെ തിരിച്ചു പോവും. അങ്ങ് പറയുന്നതൊക്കെ ശരി. ഞങ്ങൾക്ക് ഈ സന്നിധി വിട്ടു പോവാൻ സാധിക്കണ്ടേ. .പോവാൻ പറ്റണില്ല്യ. ഞങ്ങൾക്ക് ചലിക്കാൻ വയ്യ. ഈ ദുഖസ്ഥിതി യിൽ നിന്നും ഈ വിരഹസ്ഥിതിയിൽ നിന്നും വിരഹമാകുന്ന അഗ്നി ഞങ്ങളെ എരിച്ച് കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് മേലെ അവിടുന്ന് ഒരു വൃഷ്ടി ചെയ്യണം. ഒരു മഴ പെയ്യണം.
സിഞ്ചാംഗന: ത്വദ് അധരാമൃതപൂരകേണ
ഹാസാവലോക കളഗീതജ ഹൃച്ഛയാഗ്നിം
നോ ചേദ്വയം വിരഹജാഗ്ന്യുപയുക്തദേഹാ
ധ്യാനേന യാമ പദയോ പദവീം സഖേ തേ
ഹേ സഖേ. ഭഗവാൻ നമുക്കൊക്കെ എപ്പഴും സഖാവായിട്ട് കൂടെ ഉണ്ട്. അവിജ്ഞാതസഖാ. ഒന്നുകിൽ ഭഗവാന്റെ ദാസനാകുക. അല്ലെങ്കിൽ ഭഗവാന് ഭക്തൻ കുട്ടി ആവാം. അല്ലെങ്കിൽ ഭഗവാനെ കുട്ടി ആക്കാം. ഭഗവാനോട് മധുരഭാവത്തിൽ ബന്ധപ്പെടാം. ഇവിടെ സഖ്യഭാവം സ്വീകരിക്കയാണ് .സഖാവായിട്ട് ഭഗവാനോട് പറയാണ്.
സിഞ്ചാംഗന: ത്വദ് അധരാമൃത പൂരകേണ.
മധുരഭാവാ ,ശൃംഗാര ഭാവം .അവിടുന്ന് അധരാമൃതപൂരണം ചെയ്ത് ആ അമൃതത്തിനെ നിറയ്ക്കുക ഉള്ളിൽ. ഞങ്ങളുടെ ഹൃദയത്തിൽ ഒരഗ്നി. ഹച്ഛൃയാഗ്നിം. സാധാരണ ലൗകികൻമാരുടെ ഭാഷയിൽ പറഞ്ഞാൽ കാമം, കാമാഗ്നി. കാമത്തിന് സംഭോഗം മരുന്ന്. ഇവിടെ ആ ഭാവത്തിനെ എടുത്തു കൊണ്ട് ഗോപികകൾ പറയുമ്പോൾ ലൗകികന്റെ മനസ്സ് എളുപ്പത്തിൽ ലൗകിക ദൃഷ്ടിയിൽ ചെന്നു നില്ക്കും. ഹൃദയത്തിലുള്ള അഗ്നി, ഹൃച്ഛയാഗ്നി എന്താ ഭഗവാനെ പ്രാപിക്കാനുള്ള കാമമാണ് ഇവിടെ. ഭഗവദ് സ്വരൂപം ഒന്നും അവര് മറന്നിട്ടില്ലല്ലോ.
തന്ന: പ്രസീദ പരമേശ്വര. പരമേശ്വരാ എന്ന് വിളിച്ചു കൊണ്ടാണ് ഈ വാക്ക്. ഒരു സ്ത്രീക്ക് ഒരു പുരുഷനോട് പ്രബലമായ കാമം ഉണ്ടാകുന്നതുപോലെ കാമം ഭഗവാനോട് ഉണ്ടാവുകയാണെങ്കിൽ ആ പ്രബലകാമത്തോടുകൂടെ വേണം ജീവൻ ഭഗവാനെ സമീപിക്കാൻ. അത് വളരെയധികം ഉയർന്ന ഒരു മാർഗ്ഗം ആണ്. ചൈതന്യമഹാപ്രഭു കാണിച്ചത് അതാണ്. രമണമഹർഷി പോലും അരുണാചല അക്ഷരമണമാലയിൽ മുഴുവൻ ആ മധുരഭാവത്തിലാണ്. അരുണാചലശിവനോട് മധുരഭാവത്തിലാണ്. അപ്പോ ജ്ഞാനികളുടെ ഹൃദയത്തിൽ ഇരിക്കുന്ന ഒരു ഭാവം എന്നു വേണം പറയാൻ.
സിഞ്ചാംഗന: ത്വദ് അധരാമൃതപൂരകേണ
ഹാസാവലോക കളഗീതജ ഹൃച്ഛയാഗ്നിം
ഞങ്ങളുടെ ഹൃദയത്തിൽ ഈ അഗ്നി എങ്ങനെ ഉണ്ടായി എന്ന്വാച്ചാൽ കളഗീതം അവിടുത്തെ വേണുഗാനശ്രവണം മുതൽ ഞങ്ങളുടെ ഉള്ളിൽ തുടങ്ങി ക്കഴിഞ്ഞു ഈ എരിച്ചിൽ. ഭക്തന്മാരിൽ എങ്ങനെ ഉണ്ടാവും. ഭഗവദ് നാമസങ്കീർത്തനം കേട്ടു കഴിഞ്ഞാൽ ഉണ്ടാവും. നാമ ശ്രവണം ഉണ്ടായി ക്കഴിഞ്ഞാൽ ഉള്ളില് ഈ എരിച്ചിൽ തുടങ്ങുംന്നാണ്. അത് ഭഗവദ് അനുഭൂതി വരെ ആ എരിച്ചിൽ അടങ്ങില്ല്യ. എരിഞ്ഞുകൊണ്ടേ ഇരിക്കും. രാമകൃഷ്ണപരമഹംസർക്ക് ഈ വൈഷ്ണവീ ഭക്തി ഭാവത്തിൽ ഇരിക്കുന്ന കാലത്ത് ശരീരം മുഴുവൻ ഭയങ്കരമായ എരിച്ചിലായിരുന്നു. ആരൊക്കെയോ വൈദ്യന്മാരൊക്കെ വന്നു. പലവിധത്തിലും മരുന്ന് കൊടുത്തു നോക്കി. ഒന്നും നിന്നില്ല്യ. അവസാനം ഭൈരവി ബ്രാഹ്മണി എന്ന് പറയുന്ന വൈഷ്ണവ താന്ത്രിക തന്ത്രാചാരപ്രകാരം ചിലതൊക്കെ ചെയ്തു. ഭഗവാന്റെ അനുഭവം ഹൃദയത്തിൽ പൂർണമാവുമ്പോഴെ അത് അടങ്ങുള്ളൂ. രമണമഹർഷിക്ക് പതിനേഴ് വയസ്സില് മധുരയിൽ നിന്നു തിരുവണ്വാമലയിലേക്ക് വരുന്ന വരെ ശരീരം മുഴുവൻ അഗ്നി കൊളുത്തിയിട്ട പോലെ പിടച്ചിലായിരുന്നു. അത് എപ്പോ അടങ്ങീന്ന് വെച്ചാൽ അരുണാചലത്തിൽ 1896 സെപ്റ്റംബർ ഒന്നാം തീയതി നേരേ അരുണാചലേശ്വരക്ഷേത്രത്തിൽ വന്നു. ശ്രീകോവിലില് ആരുമുണ്ടായില്ല .കുട്ടി ആ ലിംഗത്തിനെ ആലിംഗനം ചെയ്തു. ലിംഗത്തിനെ ആലിംഗനം ചെയ്തതും ആ അഗ്നി അങ്ങട് തണുത്തു. പുറത്ത് വന്നതും മഴയും പെയ്തു. ഉള്ളില് കാമികൾക്ക് കാമം കൊണ്ട് ഉണ്ടാവുന്ന എരിച്ചില് പോലെ അതിനേക്കാളൊക്കെ എത്രയോ തീവ്രമായിട്ട് ഈ വിരഹമാകുന്ന അഗ്നി ഉള്ളില് ഉണ്ടാവണു. എപ്പോ ഉണ്ടാവണൂന്ന്വാച്ചാൽ മുമുക്ഷു ആയ ജീവന് ഭഗവദ് ശ്രവണം ഉള്ളില് ഉണ്ടായി ക്കഴിഞ്ഞാൽ മോക്ഷസന്ദേശം ഉള്ളിൽ വീഴുക എന്ന് ബുദ്ധൻ പറയണുണ്ട്. ഭക്തിയില് പറയുമ്പോ ഭഗവാന്റെ നാമം. ആത്മവിദ്യയിലാവുമ്പോ മഹാവാക്യശ്രവണം. ബുദ്ധൻ പറയണു ഈ ജീവന് നിർവ്വാണം ഉണ്ടെന്നു കേട്ടാൽ പിന്നെ ജീവന് അടങ്ങി ഇരിക്കാൻ പറ്റില്ല്യാന്നാണ്. ഉള്ളില് എരിച്ചിൽ തുടങ്ങും. അന്വേഷിച്ച് നടക്കും. തലയ്ക്ക് തീ പിടിച്ച ആള് വെള്ളം അന്വേഷിച്ച് നടക്കുന്ന പോലെ നടക്കുംന്നാണ്. തലയ്ക്ക് തീ പിടിച്ച പോലെ ഭഗവദ് അന്വേഷണം ചെയ്യും. ഭഗവദ് ഭാവത്തിൽ പിടയും. ഭക്തിയുടെ സംസ്കാരമുള്ളവർ ഭക്തന്മാരാകും. ജ്ഞാനത്തിന്റെ സംസ്കാരമുള്ളവർ ജ്ഞാനാന്വേഷകന്മാരാവും. യോഗത്തിന് സംസ്കാരമുള്ളവർ യോഗാനുഭവത്തിന് തിരയും. ഒക്കെ അവരവരുടെ സംസ്ക്കാരത്തിനനുസരിച്ചാണ് ഭാവങ്ങള് മാറണത്. പക്ഷേ അന്വേഷണവും ഭാവവും ഉള്ളിലുള്ള തീവ്രത ഒക്കെ ഒന്നാണ്.
കളഗീതഹൃച്ഛയാഗ്നിം.
വേണുഗാനശ്രവണത്തോടെ ഈ ഹൃദയത്തില് ഒരഗ്നി ഉണ്ടായിക്കഴിഞ്ഞു. ആ അഗ്നി അടങ്ങണമെങ്കിൽ ഇനി അവിടുത്തെ അനുഭൂതി വരണം. അവിടുത്തെ ഈ അഗ്നി എന്നെ എരിച്ച് ചാരമാക്കുന്നതിന് മുമ്പ് അമൃതവൃഷ്ടി ചെയ്യൂ എന്ന് പ്രാർത്ഥിക്കുണു രമണഭഗവാൻ
ശ്രീനൊച്ചൂർജി 

No comments:

Post a Comment