Wednesday, October 31, 2018




ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ ചെങ്കിസ്ഖാന്റെയോ ബലമല്ല. അത് ഭീരുക്കളുടെ ബലമാണ്. നശീകരണത്തിനല്ല, ഉത്കര്‍ഷത്തിനാകണം ബലം.
******************************************************************
നേതാവുണ്ടായാല്‍ സനാതനധര്‍മ്മം നശിക്കും (53)
******************************************************************
ഹിന്ദുമതത്തിന് നേതാവുണ്ടായാല്‍ സനാതനധര്‍മ്മം നശിക്കും. ഒരു മതപുരോഹിതന്റെയും ആവശ്യമില്ലാതെ സത്യമറിഞ്ഞ് സ്വതന്ത്രനായി നിലനില്‍ക്കുവാനുള്ള തന്റേടമാണ് ഗീത നല്‍കുന്നത്. വസുദേവനന്ദനനായ ശ്രീകൃഷ്ണന്‍ എന്ന രൂപത്തെക്കുറിച്ചല്ല ഗീത പറയുന്നത്. വിശ്വത്തിനു മുഴുവന്‍ ആധാരമായ ചൈതന്യത്തെക്കുറിച്ചാണ്. അത് ഏതെങ്കിലുമൊരു ആകാരത്തില്‍ ഒതുക്കിനിര്‍ത്താന്‍ പാടില്ല.പ്രകൃതി ഭഗവാന്റെ സ്ഥൂലഭാവമാണ്.
ഈ ജഗത്തിന് ആധാരമായ ജീവസ്വരൂപമാണ് ഭഗവാന്റെ സൂക്ഷ്മഭാവം. സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലം ആവിര്‍ഭവിക്കുന്നു. ഈ പ്രപഞ്ചത്തിലെന്തൊക്കെ ഉണ്ടായിട്ടുണ്ടോ അതെല്ല‍ാം തന്നെ ഈ സ്ഥൂല സൂക്ഷ്മ ഭാവങ്ങളില്‍ നിന്ന് പ്രകടമായതാണ്. ഉല്പത്തിക്ക് കാരണമെന്നപോലെ അവ ലയിക്കുന്നതും ഇതിലാണ്. ചരടില്‍ മണികളെന്നപോലെ എല്ല‍ാം ഭഗവാനില്‍ കോര്‍ക്കപ്പെട്ടിരിക്കുന്നു.

നൂല് നോക്കിയാല്‍ കാണില്ല. എന്നാല്‍ ആ നൂലിലാണ് എല്ല‍ാം നിലനില്‍ക്കുന്നത്. ചരടിനോട് സമര്‍പ്പണമനോഭാവമുണ്ടാകാന്‍ വേണ്ടിയാണ് ആരാധനയ്ക്കായി പൂര്‍വികര്‍ രൂപങ്ങള്‍ നല്‍കിയത്. എന്തെങ്കിലും കിട്ടാന്‍ വേണ്ടിയല്ല. വിശ്വാസത്തെയോ അവിശ്വാസത്തെയോ ആശ്രയിച്ചു നില്‍ക്കുന്നതല്ല ഈ ചരട്. എല്ലാറ്റിലേയും സൂക്ഷ്മ‍ാംശമാണ്. ജലത്തിന്റെ രസവും ചന്ദ്രസൂര്യന്മാരുടെ പ്രഭയും എല്ലാ വേദങ്ങളിലേയും പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരില്‍ മനുഷ്യത്വവും ഭൂമിയുടെ ഗന്ധവും അഗ്നിയുടെ തേജസ്സും സര്‍വജീവികളുടേയും ജീവചൈതന്യവും സനാതനബീജവും ബുദ്ധിമാന്മാരുടെ ബുദ്ധിയും തേജസ്വികളുടെ തേജസ്സും തപസ്വികളില്‍ തപസ്സും ബലവാന്മാരുടെ കാമരാഗങ്ങള്‍ തീണ്ടാത്ത ബലവും ഭഗവാനാണ്.
ഒരു കാര്യത്തിന്റെ സാക്ഷാത്കാരത്തിനായി സദാജാഗരൂഗമായി എല്ലാ ഇഷ്ടാനിഷ്ടങ്ങളും മാറ്റിവെച്ച് പ്രയത്നിക്കുന്നതാണ് തപസ്സ്. സന്തോഷപൂര്‍വം അനുഷ്ഠിക്കുന്ന യാതനകളാണത്. ഗര്‍ഭകാലം ഒരു തപസ്സാണ്. ന‍ാം ചെയ്യുന്ന ഓരോ കാര്യവും തപസ്സാകണം. കുട്ടിയുടെ അ എന്നെഴുതാനുള്ള ശ്രദ്ധയും ആത്മസാക്ഷാത്കാരത്തിനായുള്ള ശ്രദ്ധയും തപസ്സാണ്. എന്നാല്‍ പിന്നീട് പറഞ്ഞു നടക്കുന്ന ത്യാഗം തപസ്സല്ല. സ്നേഹത്തില്‍ നിന്നു ജനിക്കുന്ന ബലമാണ് ഭഗവദ്ചൈതന്യം. ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ ചെങ്കിസ്ഖാന്റെയോ ബലമല്ല. അത് ഭീരുക്കളുടെ ബലമാണ്. നശീകരണത്തിനല്ല, ഉത്കര്‍ഷത്തിനാകണം ബലം.
അവലംബം:  ഗീതാജ്ഞാന യജ്ഞം

No comments:

Post a Comment