Sunday, October 28, 2018

എസ്സും പത്‌നിയും രണ്ടു കുട്ടികളേയും സഹോദരിയേയും കൂട്ടി ഇവിടെ വന്നിട്ടുണ്ട്. എന്താണ് ഇന്നു വിശേഷമെന്നു ചോദിച്ചപ്പോള്‍ എസ്സിന്റെ പത്താം വിവാഹവാര്‍ഷികമെന്നു പറഞ്ഞു. വളരെ നല്ല കാര്യംതന്നെ.
ഇന്ന് ഇതൊരു പുതിയ സമ്പ്രദായമായിരിയ്ക്കയാണ്. ഭാരതീയര്‍ക്കിടയില്‍ വിവാഹവാര്‍ഷികമെന്ന ഒരാഘോഷം കേട്ടിട്ടേയില്ല. പാശ്ചാത്യലോകവുമായി അടുത്ത്, അവരുടെ പരിഷ്‌കാരങ്ങളും ജീവിതരീതികളും പകര്‍ത്തുന്നത് ഏറ്റവും നാഗരികമാണെന്നു കരുതുന്നതിന്റെ ഫലമാണ് വിവാഹവാര്‍ഷികവും മറ്റും. 
ഇടക്കിടയ്ക്കു ക്ഷേത്രത്തില്‍ പോവുക, ഞങ്ങളുടെ ജീവിതം സുഭഗവും, സുന്ദരവും പൂര്‍ണവുമാകണം എന്നു പറഞ്ഞ് ഈശ്വരനെ ദിവസേന അല്ലെങ്കില്‍ ചില പ്രത്യേക ദിവസങ്ങളിലെങ്കിലും തുടര്‍ച്ചയായി ആരാധിയ്ക്കുക, എന്നുവന്നാല്‍ വിവാഹവാര്‍ഷികത്തിന്റെ ആവശ്യം തോന്നില്ല. 
വാര്‍ഷികം നടത്തുന്നതു രണ്ട് തരത്തിലാകാം. 10 അല്ലെങ്കില്‍ 15-ാം വാര്‍ഷികമാണ് ഇതെന്നു പറഞ്ഞു വേണ്ടപ്പെട്ടവരെ വിളിച്ചു ഭക്ഷണവും സത്കാരവും നല്കുന്നു. എല്ലാം നന്നായെന്ന് അവര്‍ പറയും, ഒപ്പം മംഗളാശംസയും ലഭിയ്ക്കും. 
ഇതിനേക്കാള്‍ മുഖ്യമാണ് ഓരോ വാര്‍ഷികത്തിനും അവരവര്‍ക്കു എന്തു നേട്ടമാണ് കൈവന്നതെന്നുള്ള പരിശോധന. വിവാഹാനന്തരമുള്ള ജീവിതം വേണ്ടതുപോലെയായോ, തൃപ്തി
യുണ്ടോ, സന്തോഷമായോ, അതോ തന്റെ പെരുമാറ്റത്തിലോ സമീപനത്തിലോ സമ്പര്‍ക്കത്തിലോ എന്തെങ്കിലും തകരാറു വന്നിട്ടുണ്ടോ, എന്തെങ്കിലും പോരായ്മ തോന്നുന്നുവോ എന്നൊന്നു പരിശോധിച്ചുനോക്കുക. ഇരുവരും ഇതു ചെയ്യേണ്ടതുണ്ട്. 
വിവാഹം കഴിച്ചപ്പോള്‍ രണ്ടുപേരേ ഉള്ളൂ, അനന്തരം കുട്ടികളുംകൂടിയായി. ഭാര്യാഭര്‍ത്താക്കന്മാര്‍ ദേഹംവിട്ടു ഭൂമിയില്‍നിന്നു പോകുമ്പോള്‍, അവരുടെ സ്ഥാനംപിടിയ്ക്കാന്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉണ്ടായിയെന്നു വന്നാല്‍ കുടുംബഭദ്രതയ്ക്കും അതിലേറെ സമാജത്തിനു ള്ള സംഭാവനയ്ക്കും വേണ്ടതായി. 
കുട്ടികളെ നാം വേണ്ടപോലെ വളര്‍ത്തുന്നുണ്ടോ, അവരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള അറിവോ വിവേകമോ ഗുണമൂല്യങ്ങളോ നമുക്കുണ്ടോ? ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്കി കുട്ടികളെ നാം വളര്‍ത്തുന്നു. ഇതൊക്കെ ശരിതന്നെ. എല്ലാവരും ചെയ്യുന്നതാണിത്. 
ദേഹത്തിനു വസിയ്ക്കാന്‍ വീടുള്ളതുപോലെ, മനസ്സിനുംബുദ്ധിയ്ക്കുമുള്ളതാണ് ശരീരം. മനസ്സും ബുദ്ധിയുമാകട്ടെ അന്തരാത്മാവിനു വസിയ്ക്കാനും. അപ്പോള്‍ ദേഹത്തേക്കാള്‍ എത്രയോ മുഖ്യമാണ് ഉള്ളിലെ മനസ്സും ബുദ്ധിയും. 
ഈശ്വരന്റെതന്നെ അംശമാണ് ജീവന്‍. ആ ജീവന് അധിവസിയ്ക്കാനുള്ള ഇടമാണ്, പട്ടണമെന്നു പറയട്ടെ, ദേഹം, ഒമ്പതു ഗേയ്റ്റുള്ള പട്ടണം. ദേഹവാസത്തിനുള്ള വീടുകെട്ടി കഴിയുമ്പോള്‍ പരിശോധിയ്‌ക്കേണ്ടതു ദേഹത്തിനുള്ളില്‍ ഈശ്വരാംശമായിരിയ്ക്കുന്ന 'ഞാന്‍', ഈ ശരീരത്തില്‍ വേണ്ടതുപോലെ പാര്‍ക്കുന്നുണ്ടോ എന്നാണ്. അപ്പോള്‍ കുട്ടികളുടെ വളര്‍ച്ചയില്‍ അവരുടെ മനസ്സിനുവേണ്ട അഴകും ആഴവും, വിസ്താരവും ഉത്കൃഷ്ടതയും ആവോളം ഉറപ്പുവരുത്തണം. 
വ്യക്തിയെന്ന നിലയിലും, കുടുംബമെന്ന നിലയിലും എങ്ങനെ പെരുമാറണം, വ്യക്തിയും കുടുംബവുംകൂടി സമാജത്തോട് എങ്ങനെ പെരുമാറണം, ഇതൊക്കെയാണ് ഊന്നല്‍കൊടുക്കേണ്ട കാര്യങ്ങള്‍. സാമൂഹ്യബോധം, വൃത്തി, വെടുപ്പ് എന്നീ കാര്യങ്ങളും പരിശീലിപ്പിയ്‌ക്കേണ്ടതാണ്. 
വീടിനുള്ളില്‍ അല്പം കീറിയതോ മുഷിഞ്ഞതോ ആയ വസ്ത്രം ധരിയ്ക്കാം. പുറത്ത് അതു പാടില്ല. അതുപോലെ പുറത്തുള്ളവരോടു സംസാരിയ്ക്കുമ്പോഴും പെരുമാറുമ്പോഴും, നമുക്കു വിശേഷപ്പെട്ട മാനദണ്ഡങ്ങള്‍ വേണം. ഇതു വലിയ സംസ്‌കാരമാണ്.
ഓരോ ദിവസവും മനസ്സ് കൂടുതല്‍കൂടുതല്‍ നന്നായി ആഴവും വിസ്താരവുമൊക്കെ ഉണ്ടായിവരണം. ഇതിനു തക്ക ബോധവും ശിക്ഷണവും കുട്ടികള്‍ക്കു നല്‍കേണ്ടതു മാതാപിതാക്കളാണ്. ഇതില്‍ പരാജയം ക്ഷന്തവ്യമേ അല്ല. 
നിങ്ങള്‍ ദേഹംമാത്രമല്ല, ഉള്ളിലൊരു മനസ്സുണ്ട്, മനസ്സിനെ നിര്‍ദേശിയ്ക്കാനായി ബുദ്ധിയുണ്ട്. ഈ രണ്ടിനും താങ്ങായി നില്ക്കുന്നു അന്തരാത്മാവ്, ഈശ്വരന്റെതന്നെ അംശം. അപ്പോള്‍ നിങ്ങളുടെ ജീവിതത്തെ നിസ്സാരമായി തള്ളരുത്. 
വലിയൊരു പൂങ്കാവനമാണ് ഈശ്വരന്റെ ഈ ലോകം. പൂന്തോട്ടത്തി നെ മുഴുവന്‍ കണക്കിലെടുത്തുകൊണ്ട്, അതിലെ വിശേഷപ്പെട്ട ചെടിയോ വൃക്ഷമോ ആണ് നാമെന്നു കണക്കാക്കിവേണം ജീവിയ്ക്കാന്‍. 
വിശാലതയോടെ, അഴകും ആഴവും വിസ്താരവും ഉണ്ടാകുംവിധം അടിമുടി സ്വാര്‍ഥതയില്ലാതെ അന്യര്‍ക്കുവേണ്ടി സ്‌നേഹമസൃണമായി പെരുമാറാനുള്ള വീക്ഷണം വളര്‍ത്തിക്കൊണ്ട് കുട്ടികളെ മൂല്യവാന്മാരാക്കിത്തീര്‍ക്കാന്‍ അച്ഛനമ്മമാര്‍ക്കു കഴിയണം. ഇതിനു വേണ്ടതൊക്കെ വായിച്ചും കേള്‍പ്പിച്ചും പഠിപ്പിയ്ക്കണം. ഇതു ബി.എ., എം. എ., പാസായി ലഭിയ്ക്കുന്ന യോഗ്യതയല്ല. ഇതിനു സാമാന്യബുദ്ധിയും പരിജ്ഞാനവും മതി. 
സ്വാര്‍ഥചിന്തകളാല്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കരുത്, ആവുമെങ്കില്‍ ഉപകാരമേ ചെയ്യാവൂ. അതിനുപറ്റിയ വിചാരങ്ങള്‍ വളര്‍ത്തൂ. പരോപദ്രവശീലം തെല്ലും വയ്യ. കഴിയുന്നതും ത്യാഗമനുഷ്ഠിയ്ക്കൂ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം. ആവശ്യത്തോളമേ ചെലവു ചെയ്യാവൂ. 
എത്രവേണമെങ്കിലും സമ്പാദിയ്ക്കാം. പക്ഷേ ചെലവിനു ക്രമീകരണം വേണം. അച്ഛനമ്മമാര്‍ കൊടുക്കുന്നതു പോരാ എന്നു കുട്ടികള്‍ക്കു തോന്നുകയാണെങ്കില്‍ മാനത്തോളം ഉയരാന്‍ അവര്‍ പരിശ്രമിച്ചോട്ടെ, അവര്‍ക്കു വേണ്ടത്ര പഠിപ്പുമാത്രം നല്കുക. 
നിരന്തരം കുട്ടികളില്‍ സൗശീല്യം വളര്‍ത്തുന്നുണ്ടോ,  അവരവരിലും അതേ സൗശീല്യം സ്ഥായിയാകുന്നുവോ? ദമ്പതികളെ സംബന്ധിച്ചിടത്തോളം, ഇങ്ങനെ വാര്‍ഷികപരിശോധന നടത്തുമ്പോഴാണ് അത് ഏറ്റവും നല്ല ആഘോഷമാകുക. 
സാധാരണ മനുഷ്യര്‍ ക്ഷേത്രങ്ങളില്‍ പോകും. സജ്ജനങ്ങളുടെ അടുത്തു പോകുന്നവര്‍ വളരെ കുറയും. പക്ഷേ ക്ഷേത്രത്തില്‍ പോകുന്നതേക്കാള്‍ വിലയും അനുഗ്രഹവും കൂടുതലാണ് സജ്ജനസമക്ഷം ചെല്ലുന്നത്. 
നിങ്ങളുടെ ജീവിതം കൂടുതല്‍ ധന്യവും അനുഗൃഹീതവും സമ്പന്നവുമാകണം, സമാജത്തിനും ലോകത്തിനുംതന്നെ അലങ്കാരവുമാകണമെന്ന ഉദ്ദേശത്തില്‍ ചിന്തിയ്ക്കുക, പെരുമാറുക, ഇടപഴകുക, കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുക, എന്നാണ് ഞാന്‍ ഈ വാര്‍ഷികത്തിനു നിങ്ങള്‍ക്കു തരുന്ന സന്ദേശം.
janmabhumi

No comments:

Post a Comment