Sunday, October 14, 2018

ഈശ്വരനോടുള്ള ആന്തരിക ബന്ധത്തെപ്പറ്റി അമ്മ പറയാന്‍ തുടങ്ങി.
''ഈശ്വരന്‍ സദാ നിങ്ങളോടൊപ്പമുണ്ട്. പക്ഷേ നിങ്ങള്‍ ഈശ്വരനോടൊത്താണോ കഴിയുന്നത്? ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക. നിങ്ങള്‍ നിരന്തരമായ ചിന്തയിലും ഭക്തിയുടെ തീവ്രതയിലും ഈശ്വരനോടൊപ്പം കഴിയണം. ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും ആന്തരികമായി ഈശ്വരനുമായി ബന്ധപ്പെടുക. നിങ്ങള്‍ ഈശ്വരാഭിമുഖ്യത്തില്‍നിന്നും ഒരിക്കലും വ്യതിചലിക്കരുത്. ഈശ്വരന്‍ നിങ്ങളുടെ സ്വന്തമാണെന്ന്, നിങ്ങളുടെ ജീവന്റെ ജീവനാണെന്ന്, നിങ്ങളുടെ സന്തോഷത്തിലും സന്താപത്തിലും സഹവര്‍ത്തിയാണെന്ന്, സ്‌നേഹിക്കുന്ന രക്ഷാകര്‍ത്താവാണെന്ന്, വഴികാട്ടുന്ന ശക്തിയാണെന്ന്, രക്ഷകനാണെന്ന്, അന്ത്യത്തില്‍ നിതാന്തശാന്തിയിലേക്കു മടങ്ങിച്ചെല്ലാനുള്ള പരമധാമമാണെന്ന് നിങ്ങള്‍ക്ക്  ഉള്ളിന്റെ ഉള്ളില്‍ അനുഭവിക്കാന്‍ കഴിയുമോ?
ജീവിതത്തിന്റെ തിക്കിലും തിരക്കിലും, ആഹ്ലാദത്തിലും വിജയത്തിലുമെന്നപോലെ പരീക്ഷണങ്ങളിലും ദുരന്തങ്ങളുലും ഈശ്വരനുമായി സഹവാസം പുലര്‍ത്താനും ശാന്തി നുകരാനും നിങ്ങള്‍ക്കു കഴിയുമോ? അങ്ങനെ കഴിയുമെങ്കില്‍ ഈശ്വരാനുഭൂതി അധികം അകലെയല്ലെന്നു കരുതിക്കൊള്ളുക. ഈശ്വരനുമായുള്ള ആന്തരിക ബന്ധത്തിന്റെ ആനന്ദാമൃതം ആസ്വദിക്കുവിന്‍. പരമാനന്ദപ്രദമായ പ്രേമമായി വികസിച്ച് പരാശക്തിയോട് ആന്തരികമായി വിലയനം സംപ്രാപ്തമാകുന്നതു വരെ ഈ ബന്ധം ശക്തിപ്പെടുത്തുക.  
ഈശ്വരനോടുള്ള പ്രേമം ഈശ്വരനിലേക്കു നയിക്കുന്നു. വിഷയങ്ങളോടുള്ള പ്രേമമാകട്ടെ ബന്ധനത്തെ തീക്ഷ്ണമാക്കുന്നു. ഇന്ദ്രിയ വിഷയങ്ങളില്‍നിന്നും സുഖഭോഗാന്വേഷണങ്ങളില്‍നിന്നും മനസ്സിനെ പിന്‍വലിച്ച് ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വരനില്‍ ഏകാഗ്രമാക്കാതിരിക്കും കാലത്തോളം സംസാരബന്ധനത്തിന് ഒരു പ്രകാരത്തിലും അറുതി വരികയില്ല. ദുര്‍ബലനായ മനുഷ്യന് വിഷയപ്രപഞ്ചത്തിലെ പ്രലോഭനങ്ങളെ ചെറുത്തു നില്‍ക്കാനാവില്ല. മായ ഭയങ്കരം തന്നെയാണ്. ഈശ്വരകൃപമാത്രമേ അതില്‍നിന്നും രക്ഷിക്കൂ. ആ കൃപയില്‍ അഭയം തേടുക. അപ്പോള്‍ എല്ലാ ശക്തിയും ജ്ഞാനവും ആനന്ദവും സ്വാതന്ത്ര്യവും ധീരതയും അനശ്വരതയും ഉദിക്കും. അതുകൊണ്ടാണ് ശങ്കരാചാര്യര്‍ പാടിയത്,
''ഇഹ സംസാരേ ബഹു ദുസ്താരേ 
കൃപയാപാരേ, പാഹി മുരാരേ'' 
(അപാരവും തരണം ചെയ്യാന്‍ പ്രയാസമുള്ളതുമായ ഈ സംസാരത്തില്‍നിന്നും ഹേ, മുരാരേ, അങ്ങയുടെ കൃപയാല്‍ എന്നെ രക്ഷിക്കേണമേ.) 
സമ്പാ: കെ.എന്‍.കെ നമ്പൂതിരി

No comments:

Post a Comment