Thursday, October 11, 2018

ഒരാളില്‍ സാത്വികത എത്രമാത്രം ശക്തിപ്പെടുന്നുവോ അത്രമാത്രം അയാളില്‍ ജ്ഞാനവും ആനന്ദവും പ്രകാശിക്കുന്നുണ്ട്. ആന്തരികമായ സുഖാനുഭവംകൊണ്ട് സ്വന്തം ഗുണത്തെ ഒരാള്‍ക്ക് തിരിച്ചറിയാവുന്നതാണല്ലോ! ഒരാള്‍ എത്രമാത്രം അസ്വസ്ഥചിത്തനാണോ അയാള്‍ അത്രമാത്രം ശാരീരികമായി രോഗാവസ്ഥയെയും പ്രാപിക്കുന്നു! നമ്മുടെ രോഗങ്ങള്‍ പൂര്‍വ്വാര്‍ജ്ജിതമാണെന്നു പറയുന്നതില്‍ കാര്യമുണ്ട്. മനസ്സ് എപ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മുടെ മാത്രം വാസനയെ ആശ്രയിച്ചു നില്‍ക്കുന്നതാണ്. അതിനൊരിക്കലും മറ്റൊരാള്‍ കാരണമാകുന്നില്ല! വാസനകളാകട്ടെ നിരന്തരം സ്വയം ചെയ്ത കര്‍മ്മങ്ങളുടെ ഫലമായി മനസ്സില്‍ ശക്തിപ്രാപിച്ചവയുമാണ്. ‍‍‍‍‍‍‍‍‍
ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, ചിലര്‍ ശാന്തരായിരിക്കും, ചിലര്‍ വിദ്വേഷം വച്ചു പുലര്‍ത്തും, ചിലര്‍ പ്രതികാരത്തിനായി ചിന്തിച്ച് എപ്പോഴും സ്വന്തം BP ലവല്‍ കൂട്ടിക്കൊണ്ടിരിക്കും, ചിലര്‍ എപ്പോഴും എന്തെങ്കിലും ഓര്‍ത്ത് വിഷമിച്ച് സ്വന്തം ഹൃദയതാളത്തെ മന്ദീഭവിപ്പിച്ചുകൊണ്ടിരിക്കും. ചിലര്‍ ഭയംകൊണ്ടോ അസൂയകൊണ്ടോ അപകര്‍ഷതാബോധം കൊണ്ടോ അധീശത്വബോധം കൊണ്ടോ സ്വയം അസ്വസ്ഥത അനുഭവിച്ചുകൊണ്ടിരിക്കും. ഇങ്ങനെ മനസ്സ് അസ്വസ്ഥതമാകുന്നതിനനുസരിച്ച് ശരീരത്തിലും അതാതിന്റെ അടയാളം രോഗമായി വ്യാപിച്ചുകൊണ്ടിരിക്കന്നു..
അവനവന്റെ സംസ്ക്കാരത്തിനനുസരിച്ച് മനസ്സിലുണ്ടാകുന്ന വികാരനിക്ഷോഭങ്ങള്‍. അവ സൃഷ്ടിക്കുന്ന അസുഖങ്ങള്‍ മാറുന്നതിന് മരുന്നു മാത്രം മതിവരില്ലല്ലോ! ആന്തരികസംസ്ക്കാരം മാറുന്നതിനനുസരിച്ച് അനുബന്ധമായുള്ള നമ്മുടെ പല പ്രശ്നങ്ങളും സ്വാഭാവികമായി പരിഹരിക്കപ്പെടുന്നതായി നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. ജപധ്യാനാദികള്‍കൊണ്ടും സത് സംഗം കൊണ്ടും അത് തിരിച്ചറിയാവുന്നതാണ്.
നമുക്ക് വികാരവിക്ഷോഭമുണ്ടാകുമ്പോള്‍ എപ്പോഴും മുന്നിലുള്ള നിമിത്തകാരണത്തെ ചിന്തിക്കുന്നതിനേക്കാള്‍ നമ്മുടെ ഉള്ളില്‍ ഏതൊരുവികാരത്തെയാണോ അനിയന്ത്രിതമായി ഇളക്കിവിടുന്നത് അതിനെ തടയാന്‍ കഴിയാത്ത സ്വന്തം ബലഹീനതയാണ് നമ്മുടെ യഥാര്ത്ഥ നിസ്സഹായത എന്നു ചിന്തിക്കുകയാണ് വിവേകം. നമ്മുടെ മനസ്സ് ഇളകുമ്പോള്‍ നമ്മില്‍ സാദ്ധ്യതയുള്ള രോഗവും ഇളകുന്നു എന്നതാണ് സത്യം! അങ്ങനെ വരുമ്പോള്‍ പൂര്‍വ്വാര്‍ജ്ജിതമായ മാനസ്സികസംസ്ക്കാരവും രോഗവും ഒന്നായിരിക്കുന്നു എന്നു മനസ്സിലാക്കാം. മനസ്സ് അടങ്ങിയാല്‍ മനസ്സ് സംസ്ക്കരിക്കപ്പെട്ടാല്‍ പല രോഗങ്ങള്‍ക്കും നിത്യം മരുന്ന് കഴിക്കേണ്ടിവരില്ല എന്നുമുണ്ട്. മറ്റുള്ളവരോടുള്ള വിരോധവും അസൂയയും ഭയവും ദുഃഖവും പകയുമെല്ലാം സ്വന്തം ശരീരത്തില്‍ രോഗമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മാറേണ്ടത് പൂര്‍വ്വാര്‍ജ്ജിതമായ സ്വന്തം സംസ്ക്കാരം തന്നെയാണെന്നു വരുന്നു. ‍‍‍‍‍‍‍ അപ്പോള്‍ പൂര്‍വ്വാര്‍ജ്ജിതമായ രോഗവും മാറും. നമ്മുടെ രൂപം എന്തായാലും ഉള്ളിലെ ഗുണപ്രകൃതം ആണ് പ്രധാനം!
ഓം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍....krishnakumar kp

No comments:

Post a Comment