Friday, October 26, 2018

ആത്മീയ പഠനം
ഇപ്പോഴത്തെ സാഹചര്യത്തില്‍ പൊതുവായി ഏതെങ്കിലും വിഷയത്തില്‍ ഒരു ബിരുദം കരസ്ഥമാക്കാന്‍ ഒന്നാംക്ലാസുമുതല്‍ ഏകദേശം പതിനഞ്ചുവര്‍ഷം, ഓരോ ക്ലാസ്സിലും ആവശ്യമായ പാഠഭാഗങ്ങള്‍ നല്ലപോലെ പഠിച്ച്, പരീക്ഷയെഴുതി വേണം. എന്നാല്‍ ഇതുപോലെയാണോ ആത്മീയവിഷയം? 'അല്ല' എന്നാണുത്തരം.
ആത്മജ്ഞാനത്തിന്റെ കാര്യത്തില്‍ വിശേഷമായ ഒരു സംഗതിയുണ്ട്. അതെന്തെന്നാല്‍ അത് ഏറ്റവും എളുപ്പമാണ്; അത് അതീവ ദുഷ്കരവുമാണ്. എളുപ്പമാണ് എന്നുപറയാന്‍ കാരണം അതിന് ഒരു പ്രയത്നത്തിന്റെയും ആവശ്യമില്ല. അതികഠിനം എന്നു പറയാന്‍ കാരണം എത്ര പ്രയത്നിച്ചാലും അതു ലഭിക്കുകയില്ല.
എന്താണ് ആത്മജ്ഞാനത്തിനു പ്രധാനമായും വേണ്ടത്? ഒരു സംശയവുമില്ല; കൃപ തന്നെ. കൃപ എങ്ങനെയുണ്ടാവും? സമ്പൂര്‍ണ്ണ ശരണാഗതികൊണ്ടുമാത്രം. അതായത്, ഒരു വ്യക്തിയില്‍ ജന്മജന്മാന്തരവാസനകളാല്‍ അന്തര്‍ലീനമായിരിക്കുന്ന അഹങ്കാരത്തിന്റെ (വ്യക്തിത്വം) മുനമ്പ് പൊട്ടുമ്പോള്‍ മാത്രമാണ് അയാളില്‍ കൃപ ആവേശിക്കുന്നത് (ശരീരമനസുകളെന്നു താന്‍ കരുതുന്ന തനിക്ക് അനേകപരിമിതികളുണ്ടെന്നും, ജീവിതത്തില്‍ അതുകൊണ്ടു പ്രയോജനമില്ലെന്നും, സര്‍വോപരി പ്രപഞ്ചത്തിലെ സകലതും നടത്തിക്കൊണ്ടുപോകുന്ന ആ മഹാശക്തിയുടെ കൃപയാണ് തനിക്കു ലഭിക്കേണ്ടുന്ന ഏറ്റവും ആവശ്യമായ സംഗതി എന്ന ബോധ്യത്താല്‍ മാത്രമാണ് അഹങ്കാരക്ഷയം ഉണ്ടാവുന്നത്). അതേ; കൃപ ഒരു ജീവനില്‍ ആവേശിക്കുമ്പോള്‍ അതേ കൃപയുടെ (അനന്തബോധശക്തി) ആവിര്‍ഭാവം ആ ജീവനിലുണ്ടാവുകയും അത് ആത്മജ്ഞാനമായി പ്രകടമാവുകയും ചെയ്യുന്നു.
ആത്മജ്ഞാനമെന്നത് മനോബുദ്ധിതലങ്ങള്‍ക്കപ്പുറമുള്ളതും അവയുപയോഗിച്ചുകൊണ്ടറിയാന്‍ സാധിക്കാത്തതുമാകുന്നു. ഇതിന് ഭാഗവതത്തില്‍ തന്നെ ഉദാഹരണം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍കിടന്ന പ്രഹ്ളാദന് നാരദമഹര്‍ഷി തത്വം ബോധിപ്പിച്ചു. മനോബുദ്ധികള്‍ക്കു വികാസം ബാധിക്കാത്ത പ്രഹ്ളാദന് ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ, പ്രത്യേകിച്ചൊരു പ്രയത്നവുംകൂടാതെ, ജ്ഞാനപ്രാപ്തിയുണ്ടായി, പ്രഹ്ളാദനായി (പ്രകര്‍ഷേണ ആഹ്ളാദമുള്ളവനാണ് പ്രഹ്ളാദന്‍) ജനിച്ചു. എന്നാല്‍ അതീവബുദ്ധിശാലികളായ പണ്ഡിതന്മാര്‍ എത്രയൊക്കെ പ്രയത്നിച്ചാലും ആത്മജ്ഞാനമാര്‍ഗത്തില്‍ പരാജയപ്പെട്ടുപോകുന്നു.
അതേ; ആത്മീയത എന്നാല്‍ ഒരിക്കലും മറ്റു വിഷയങ്ങള്‍പോലെ ഏറ്റെടുത്തു സ്വീകരിക്കാവുന്നതോ അനുഭവത്തിലേര്‍പ്പടുന്നതോ അല്ല. ഒരു വേദാന്തവിദ്യാര്‍ഥിക്ക് തന്റെ കഠിനപ്രയത്നത്താലും ബുദ്ധിവൈഭവംകൊണ്ടും ആ വിഷയത്തില്‍ ഒരു ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയെടുക്കാന്‍ സാധിച്ചോക്കാം; എങ്കിലും അറിവ് സ്വാനുഭവമാകാത്തിടത്തോളം ആത്മീയമാര്‍ഗത്തിലെ ആത്യന്തികലക്ഷ്യമായ 'സ്വരൂപാനന്ദം' ഏര്‍പ്പെടുന്നില്ല.
ഭഗവദ്കൃപക്കുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുകയും, ആ പ്രാര്‍ഥനയിലൂടെ മനോബുദ്ധിവിചാരങ്ങളും കര്‍മ്മങ്ങളും പരിശുദ്ധമാവുകയും അതോടനുബന്ധിച്ച് സമ്പൂര്‍ണ്ണ ശരണാഗതിഭാവവും കൈവന്നുകഴിഞ്ഞാല്‍ ആ മഹാകൃപതന്നെ ഏതെങ്കിലും രൂപത്തിലും ഭാവത്തിലും ബാഹ്യഗുരുവായി അവതരിച്ചുകൊണ്ട് നിത്യശുദ്ധബുദ്ധമുക്തസ്വരൂപമായി ഉള്ളില്‍ വസിക്കുന്ന അന്തരാത്മാവിനെ സ്വാനുഭവരൂപത്തില്‍ കാണിച്ചുകൊടുക്കുന്നു. ഇതിനെ സ്വാനുഭവത്തിലൂടെ കാണാന്‍ സാധ്യമാക്കുന്ന ഈ ജ്ഞാനാന്തര്‍ദൃഷ്ടിതന്നെയാണ് പരമശിവന്റെ മൂന്നാം തൃക്കണ്ണ് എന്നറിയപ്പെടുന്നത്.
letting go

No comments:

Post a Comment