അഗ്നി വീണ്ടും ഉപദേശിച്ചു.
“ഉപകോസാല, ‘കം’ ബ്രഹ്മമാണ്. ‘ഖം’ ബ്രഹ്മമാണ്.”
അഗ്നിയുടെ വാക്കിന്റെ അര്‍ത്ഥമെന്തെന്ന് ഉപകോസലനു മനസ്സിലായില്ല.
അതുകൊണ്ട് അവന്‍ അതിഗഹനമായി ചിന്തിച്ചു. ‘കം’ എന്നതിന് ആനന്ദമെന്നാണ് അര്‍ത്ഥം.’ഖം’ എന്നതിന്റെ അര്‍ത്ഥം ആകാശമെന്നുമാണ്. ആകാശവും ആനന്ദവും തമ്മിലെന്ത് ബന്ധം? ഉപകോസലന് ഒന്നും വ്യക്തമായില്ല. പക്ഷേ ഉപകോസലന്‍ സാധാരണ വിദ്യാര്‍ത്ഥിയായിരുന്നില്ല. നിശ്ചയദാര്‍ഢ്യവും ശ്രദ്ധയും കഠിനാധ്വാനവും സഹനശക്തിയും പരിശ്രമശീലവും കൈമുതലായ ബ്രഹ്മചാരിയാണ്.
ആകാശവും ആനന്ദവും തമ്മിലുള്ള ബന്ധത്തിന്റെ പൊരുളറിയാന്‍ ഗാഢചിന്തയില്‍ മുഴുകി. മനസ്സ് ഏകാഗ്രമാക്കി, മറ്റൊരു ചിന്തയില്ല. ഒടുവില്‍ അവനത് മനസ്സിലായി.
ഹൃദയമാണ് ആനന്ദത്തിന്റെ അനുഭവസ്ഥാനം. അപ്പോള്‍ ആകാശമെന്നത് സാധാരണ കാണുന്ന ബാഹ്യാകാശമല്ല. ഹൃദയാകാശമാണ്. ബ്രഹ്മം അഥവാ ഈശ്വരന്‍ വസിക്കുന്നത് ഹൃദയാകാശത്തിലാണ്. ആകാശത്തെ വിഭജിക്കാന്‍ ആര്‍ക്കുമാവില്ല. അത് എല്ലാത്തിന്റേയും അകവും പുറവും നിറഞ്ഞു നില്‍ക്കുന്നതാണ്. അതു പോലെ ബ്രഹ്മവും നമ്മുടെ അകവും പുറവും നിറഞ്ഞു നില്‍ക്കുന്നു. ഈശ്വരനെ സാക്ഷാത്ക്കരിക്കുമ്പോള്‍ നമുക്ക് ആനന്ദമുണ്ടാകും.
പ്രാണനിലാണ് നാം നിലനില്ക്കുന്നത്. പ്രാണനാണ് ജീവന്റെ ചലനത്തിനു കാരണം. പ്രാണനില്ലാതെ ഒരുവന് ജീവിക്കാനാവില്ല. ഇക്കാരണത്താലാണ് പ്രാണനെ ബ്രഹ്മമെന്നു പറഞ്ഞത്.
മനനത്തിലൂടെ ഉപകോസലന്‍ ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കി. ബ്രഹ്മത്തെ അറിഞ്ഞ അവന് ബ്രഹ്മാനുഭൂതിയുടെ ഫലമായ നിത്യാനന്ദം അനുഭവപ്പെട്ടു. അത്യാഹ്ലാദവും ശാന്തിയും അവനുണ്ടായി.
തീര്‍ത്ഥാടനം കഴിഞ്ഞ് സത്യകാമമര്‍ഷി ആശ്രമത്തില്‍ മടങ്ങിയെത്തി. ഉപകോസലന്റെ തേജസ്സുറ്റ മുഖം കണ്ടമാത്രയില്‍ സത്യകാമന് കാര്യം പടികിട്ടി. തന്റെ ശിഷ്യന് ആത്മജ്ഞാനം ലഭിച്ചിരിക്കുന്നു!
“ഉപകോസല, നിന്നെക്കണ്ടിട്ട് ആ ജ്ഞാനം നേടിയതുപോലെ തോന്നുന്നു. ആരാണ് ബ്രഹ്മവിദ്യ നിനക്ക് ഉപദേശിച്ചു നല്കിയത്?”
“ഗുരോ, അങ്ങിവിടെ ഇല്ലാതിരിക്കുമ്പോള്‍ മറ്റാരാണ് എന്നെ ഉപദേശിക്കുക” എന്ന് ഉപകോസലന്‍ ചോദിച്ചു.
ശിഷ്യന്റെ മറുപടിയില്‍ നിന്ന് സത്യകാമന് ഉത്തരം ലഭിച്ചു.
“അഗ്നി! താന്‍ ഇവിടെയില്ലെങ്കില്‍ പിന്നെ ഉപദേശിക്കുവാന്‍ അഗ്നിക്കാണ് കഴിയുന്നത്!”
സത്യകാമഋഷി സ്വന്തം ബാല്യകാലങ്ങളെക്കുറിച്ച് ഓര്‍ത്തു പോയി. ഗൗതമമുനിയുടെ ആശ്രമത്തില്‍ പഠിച്ചതും അക്കാലത്ത് അഗ്നി തനിക്ക് നേരിട്ട് ഉപദേശം നല്കിയതുമൊക്കെ സ്മരിച്ചു.
മഹര്‍ഷിക്കു സന്തോഷമായി.
അദ്ദേഹത്തിന് ശിഷ്യന്റെ യോഗ്യതയില്‍ തൃപ്തിയും മതിപ്പും ഉണ്ടായി. ആത്മസാക്ഷാത്കാരം നേടുന്നതിനുള്ള മാര്‍ഗ്ഗവും അദ്ദേഹം ഉപകോസലന് ഉപദേശിച്ചുകൊടുത്തു.
സത്യകാമഋഷിയില്‍ നിന്ന് ബ്രഹ്മവിദ്യ പൂര്‍ണ്ണമായും അഭ്യസിച്ച ഉപകോസലന്‍ ബ്രഹ്മജ്ഞാനിയായിത്തീര്‍ന്നു.
ഓം തത് സത്
അവലംബം – ഛാന്ദോഗ്യോപനിഷത്ത്.
അവലംബം – ഛാന്ദോഗ്യോപനിഷത്ത്.
sreyas.in
No comments:
Post a Comment