Wednesday, October 31, 2018

കേരളത്തിൽ തന്നെ പല ദിക്കിലും പലവിധത്തിലാണ് തിരുവാതിര ആഘോഷിക്കുക .വള്ളുവനാട്ടിലും ...ഞങ്ങളുടെ സമുദായത്തിലും എങ്ങിനെ ആഘോഷിക്കുന്നു എന്ന് പറയാം ..തിരുവാതിരക്കു ഏഴു ദിവസം മുന്നേ തിരുവാതിര കുളി തുടങ്ങും .ആദ്യദിവസങ്ങളിൽ ഉദയത്തിനു മുന്നേ കുളിക്കാനെ ശ്രദ്ധിക്കൂ .പാട്ടുപാടി തുടിച്ചു കുളിക്കണം .അലക്കിയ തോർത്തുകൊണ്ടു തോർത്തനം.അലക്കിയ മുണ്ട് അടിയിലുടുക്കണം .കണ്ണെഴുതി ...കുറിതൊട്ട് ദശപുഷ്പ്പമാല ചൂടണം .തിരുവാതിരയടുത്തുവന്നാൽ പുലർച്ചെ നാലുമണിയാകുമ്പോഴേക്കും എഴുന്നേറ്റ് കുളി തുടങ്ങും .അശ്വതിനാൾ അമ്മയുണരും മുമ്പേ ..ഭരണിനാൾ ഭർത്താവുണരും മുമ്പേ കാർത്തിക നാൾ കാക്കയുണരും മുമ്പേ ....രോഹിണി നാൾ ശുക്രനുദിക്കും മുമ്പേ ..മകീര്യത്തിനു മക്കളുണരും മുമ്പേ എഴുന്നേറ്റു കുളിക്കണം ..ഇങ്ങനെയൊക്കെ പറയും .കുട്ടിക്കാലത്ത് അടുത്തുള്ള പെണ്ണുങ്ങൾ മൂന്നുമണികഴിയുമ്പോഴേക്കും വിളിച്ചു ലഹളകൂട്ടി വരും.വീട്ടിൽ വലിയ ഒരു കുളം ഉണ്ട് ...നാല് കടവുള്ളത് .നാലി ലും പെണ്ണുങ്ങൾ നിറയും .മത്സരിച്ചു തുടിച്ചുകുളിച്ചു പാടും .രോഹിണി മകീര്യത്തിനും കൊടിയലക്കിയ മുണ്ടുകൊണ്ടു തോർത്തി കൊടിയലക്കിയതുടുക്കണം തിരുവാതിരനാൾ ശംഖുഞൊറിഞ്ഞു ഇണപ്പുടവ ഉടുക്കണം ..കടവിൽ നിലവിളക്കും ദശപുഷ്പ്പ മാലയും കണ്ണെഴുത്തും ചന്ദനവും ഉണ്ടാകും .പുത്തൻ തിരുവാതിരക്ക് പുത്തൻതിരുവാതിരക്കാരിക്ക് മകീര്യത്തിൻ നാൾ നോൽമ്പ് തുടങ്ങും .ഊഞ്ഞാല കെട്ടിയിരിക്കും ..പുത്തൻ തിരുവാതിരക്കാരി മകീര്യത്തിൻ നാൾ സന്ധ്യയ്ക്ക് ചന്ദ്രൻ സാക്ഷിയായി പാർവതിക്ക് നിവേദ്യം ഉണ്ട് .അത് കഴിഞ്ഞാൽ വെറ്റില നിവേദിക്കും .ഇളനീർ പഴം വെറ്റില തേവർക്കു നേദിക്കും .108 വെറ്റില മംഗല്യസ്ത്രീകൾക്കാണ് ...ആ വെറ്റില ഭർത്താവിന് മാത്രം പങ്കിടാം .കിഴക്കോട്ടു തിരിഞ്ഞു ആവണിപ്പലകയിൽ ഇരുന്നു മൂന്നും കൂട്ടണം .മകീര്യത്തിൻ നാൾ രാത്രി എട്ടങ്ങാടി ഉണ്ടാക്കി നേദിക്കണം .കിഴങ്ങുകൾ ചുട്ടും ധാന്യങ്ങൾ വറുത്തും എടുത്ത് ...ശർക്കരപ്പാവിൽ ഇട്ടെടുക്കണം .എട്ടുകൂട്ടം വേണം .ചെറുകിഴങ്ങു കാവുത്ത് (നീണ്ടിയെന്നു കോഴിക്കോട്ടുകാർ പറയും .) കൂവക്കിഴങ് കായ പയറു വർഗ്ഗങ്ങൾ കടല അങ്ങിനെ ..നോൽമ്പ് തുടങ്ങും മുമ്പ് കഴിക്കണം .അർദ്ധരാത്രിയിൽ കിഴക്കേ മുറ്റത്തോ നടുമുറ്റത്തോ അണിഞ്ഞു അമ്മിക്കുഴവയെ ശിവലിംഗമായി സങ്കൽപ്പിച്ചുവെച്ച് ചൂടാനുള്ള പൂ നേദിക്കും .പാതിരാപ്പൂ ഒളിച്ചു വേലിയ്ക്കൽ വെച്ചിട്ടുണ്ടാകും .പുത്തൻ തിരുവാതിരക്കാരി കണ്ടുപിടിച്ചു കൊണ്ടുവരണം .അതിനു ഒരു പാട്ടുമുണ്ട് .മംഗല്യ സ്ത്രീകളും തിരുവാതിരയുടെ നായികയും കൂടി പാട്ടും പാടി ചെന്നെടുക്കണം ".തൃശ്വപേരൂർ മതിലകത്ത് ഒന്നുണ്ടുപോൽ പൂത്തിലഞ്ഞി ...പൂത്തിലഞ്ഞി പൂ പറിയ്ക്കാൻ പോരുന്നുണ്ടോ മങ്കമാരെ ....ഞങ്ങളാരും പോരുന്നില്ല ...പാണനാരു തീണ്ടിപ്പോയി .(ജാതിപ്പേര് പറഞ്ഞതിന് എന്നോട് പരിഭവിക്കരുത് .ഇത് പാട്ടാണ് .)ഇങ്ങനെ ആവർത്തിച്ചു പാടിപ്പാടി പൂവെടുത്തു നേദ്യത്തിനു വട്ടം കൂട്ടിയ സ്ഥലത്തു കൊണ്ട് വെയ്ക്കും .നേദ്യം കഴിഞ്ഞു ആവണിപ്പലകയിൽ വിളക്കത്തിരുന്നു പൂചൂടി ദശപുഷ്പ്പം ചൂടി ...പ്രദക്ഷിണം വെച്ച് കയ്യിൽ കൂട്ടിയെടുത്തപൂ ആകാശത്തേക്ക് ചന്ദ്രനെ നോക്കി ആരാധിക്കണം .(എറിയണം ).എന്നിട്ടു വളയും താലിയും കാട്ടി നെഞ്ചിൽ തൊട്ട് നമസ്കരിക്കണം ..പിന്നെ മുറ്റത്തു ഭഗവാനെ വലം വെച്ച് മംഗള ആതിര പാടി കളിക്കണം .വിവാഹത്തിന് നാൾ അറ കൂടും മുന്നേ മരിച്ച വേളി കഴിച്ച ആൾ മരിച്ചപ്പോൾ ഊണും ഉറക്കവും കുളിയും എല്ലാം ഉപേക്ഷിച്ചു അവൾ തപസ്സിരുന്നു .അവളുടെ സങ്കടം പാർവതിക്ക് സഹിക്കാൻ പറ്റിയില്ല ..അവളെപ്പോലെ നാഥനെ തീണ്ടാതെ ...ഉണ്ണാതെ ഉറങ്ങാതെ പാർവതിയും ഇരുന്നു .നിവൃത്തിയില്ലാതെ വേട്ടയാളെ പുനർജീവിപ്പിച്ചു .ഈ അർത്ഥം വരുന്ന പാട്ടു പാടി കളിക്കുന്നു .അത് കഴിഞ്ഞാൽ മൂന്നുംകൂട്ടാനെടുത്തു സ്വന്തം മുറിയിലേക്ക് പ്രിയപ്പെട്ടവൻറെ അടുത്ത് ചെല്ലണം എന്നൊരു ശാത്രം ഉണ്ട് .തിരുവാതിര നാളും പാടിക്കുളിച്ചു നോറ്റു ഊഞ്ഞാലാടി തിമർക്കണം കൂവ വിറക്കി പായസം വെയ്ക്കണം .എട്ടുകൂട്ടം ചേർത്തു പുഴുക്കും നിർബന്ധമാണ് .പുത്തൻ തിരുവാതിരയ്ക്കു പുണർത സദ്യയുണ്ട്‌ നോൽമ്പ് മുറിക്കണം .ബന്ധുക്കളും അടുത്തുള്ളോരും ഒക്കെ 
പങ്കെടുക്കും .ഇപ്പോൾ എല്ലാം കുറച്ചു തുടങ്ങി .ഇവിടങ്ങളിൽ കുറേശ്ശെ ആചരിക്കുന്നുണ്ട് .
padmam raman

No comments:

Post a Comment