Friday, October 26, 2018

അനാരോഗ്യത്തില്‍ പോലും ജീവിതം സ്‌നേഹോഷ്മളവും ആനന്ദകരവും സമ്പര്‍ക്കക്ഷമവുമാക്കാന്‍ എന്തു വേണമെന്നതേക്കുറിച്ചും, ഏറ്റെടുക്കേണ്ട പ്രവൃത്തികളും, ഏര്‍പ്പെടേണ്ട സമ്പര്‍ക്കങ്ങളും വിഷമമെന്ന്യേ തുടരാന്‍ തക്ക മാര്‍ഗങ്ങളെപ്പറ്റിയും വിവരിക്കയുണ്ടായി.
പ്രായം കൂടുംതോറും മനോബലത്താല്‍ വേണം നമുക്കു മുന്നോട്ടു പോകാന്‍, ഇതു സാധ്യമാണുതാനും. ഇരുപത്തൊന്നുവയസ്സുകഴിഞ്ഞാല്‍ ദേഹം ക്ഷയിച്ചുതുടങ്ങും. പൂര്‍ണവളര്‍ച്ചയെത്തി ഒരുവന്‍ യൗവനത്തിലേക്കു കടക്കുന്ന ഘട്ടമാണല്ലോ ഇത്. ചിന്തിക്കാനും
തീരുമാനങ്ങളെടുക്കാനുമുള്ള സ്വന്തം കഴിവ് പ്രകടമാകുന്നതും അപ്പോഴാണല്ലോ. ദേഹത്തിന്റെ വളര്‍ച്ച നിലച്ച്, ക്ഷയം ആരംഭിക്കുന്നു, പിന്നെ വികസ്വരമാകാനുള്ളതു മനസ്സും ബുദ്ധിയുമാണല്ലോ. പ്രകൃതിനിയമവും സംവിധാനവുമാണിത്. അതിനാല്‍ നിങ്ങള്‍ ഒരു തപോവീക്ഷണം വളര്‍ത്തിയെടുത്ത,് അനാരോഗ്യം പിടിപെട്ടാല്‍പ്പോലും അതു മനസ്സിനേയും ബുദ്ധിയേയും തളര്‍ത്താന്‍ അനുവദിക്കാതെ നോക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും അസുഖത്തിനു വേണ്ട ചികിത്സ തേടേണ്ടത് ആവശ്യമാണ്. പക്ഷേ മുഖ്യമായും മനസ്സിനേയും ബുദ്ധിയേയും ആശ്രയിച്ച്,  അവയില്‍നിന്നുദിക്കുന്ന ആവേശവും ഉത്സാഹവും ശക്തിപ്പെടുത്തിയെടുക്കയാണ് എപ്പോഴും ഉത്തമം.
നാം ഓരോരുത്തരും തപസ്സ് പരിശീലിക്കണം. മനസ്സിന്റെയും ബുദ്ധിയുടേയും ഹൃദയത്തിന്റേയും ഉള്‍പ്പടലങ്ങളെ അറിഞ്ഞുണര്‍ന്ന്, കൂടുതല്‍ക്കൂടുതല്‍ ശക്തിയും സന്തോഷവും ആര്‍ജിക്കയാണ് തപസ്സിന്റെ ലക്ഷ്യം. ചുറ്റുമുള്ള സ്ഥിതിഗതികളോട് സമഞ്ജസമായി കഴിയുക പ്രധാനപ്പെട്ട ഒരു ശീലമാണ്, യോഗ്യതയാണ്. ഉള്‍ബലവും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ തപോബലത്തേയും സമര്‍പ്പണനിഷ്ഠയേയും സജീവമാക്കിനിര്‍ത്തുക.
ഒരു സാധകന്‍ ചോദിക്കയുണ്ടായി. ''സ്വാമിജീ, പ്രായമേറുന്തോറും പലതരം അസുഖങ്ങളും അനാരോഗ്യവും മറ്റു പ്രശ്‌നങ്ങളുമെല്ലാം വന്നുകൂടുന്നു. ഇവ ഉളവാക്കുന്ന വേദനയും ദുരിതവും വളരെയേറെയാണ്. ഇവയെ എങ്ങനെ കൈകാര്യം ചെയ്യാം?'' പ്രായംകൂടുന്തോറും ജീവിതത്തിലെ ആനന്ദത്തിനും സന്തോഷത്തിനും മങ്ങലേല്‍ക്കുന്നു, എന്ന ധ്വനിയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. പക്ഷേ, അതു വാസ്തവമാണോ?
ഞാന്‍ മറുപടി പറഞ്ഞത് ഇങ്ങനെയാണ് ''ഇല്ല, ഞാനതിനോടു യോജിക്കുന്നില്ല. ഇവിടെ സത്സംഗത്തിനെത്തുന്നവരില്‍ നല്ലൊരു ഭാഗവും പ്രായം ചെന്നവരാണ്, അപ്പോള്‍ വാര്‍ധക്യം എപ്പോഴും പ്രശ്‌നമാണെന്ന് എങ്ങനെ പറയാം? ഒരിക്കലും അതു ശരിയല്ല.'' 
രണ്ടു പ്രമുഖവ്യക്തികള്‍ സംസാരിക്കുന്നതു ഞാന്‍ കേള്‍ക്കയുണ്ടായി: 'വാര്‍ധക്യത്തിലെത്തുമ്പോള്‍ ജീവിതം കൂടുതല്‍ സുന്ദരമാവുകയാണ്' എന്താണിതിനര്‍ഥം? നിങ്ങളുടെ ചെറുപ്പകാലത്തേക്ക് ഒന്നു കണ്ണോടിക്കൂ! അന്നു ജീവിതമാസ്വദിക്കാന്‍ നിങ്ങള്‍ക്കു തീരെ സാധിച്ചിരുന്നില്ലല്ലോ. ഔദ്യോഗികവൃത്തികള്‍ക്കു പിമ്പേയുമുള്ള ഓട്ടപ്പാച്ചിലുമായി ബന്ധപ്പെട്ട തിരക്കുതന്നെ. കുട്ടികളോടു സംസാരിക്കാന്‍ പോലും സമയം കണ്ടുകാണില്ല. ഇതെല്ലാം വ്യക്തിബന്ധങ്ങളെ വളരെയേറെ ബാധിച്ചിട്ടുണ്ട്. അത് അങ്ങനെയേ വരൂ. ആദ്യത്തെ കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്നു നിങ്ങള്‍ക്ക് അറിയുമായിരുന്നില്ല. ചെയ്തതു പലതും വിഡ്ഢിത്തമാകാം. ചിലപ്പോഴൊക്കെ അനാവശ്യ ഇടപെടലുകളും, അബദ്ധങ്ങളും പിണഞ്ഞുകാണും.
പ്രായമായപ്പോള്‍ പേരക്കുട്ടികളെ അഭിനന്ദിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ട്. കുറേക്കൂടി സഹിഷ്ണുതയും സംയമനവും ക്ഷമാശീലവും ആര്‍ജിച്ചിരിക്കുന്നു. പ്രായമൂപ്പെത്തുന്നതോടെ സമ്പര്‍ക്കങ്ങള്‍ക്കു പക്വതയേറുന്നു. ഇതിനാലാണ് കുട്ടികള്‍ അച്ഛനമ്മമാരെക്കാളേറെ മുത്തശ്ശനേയും മുത്തശ്ശിയേയും ഇഷ്ടപ്പെടുന്നത്. 
നമ്മുടെ ഒരു ശിഷ്യന്റെ അമ്മ വിശാലാക്ഷി എണ്‍പതു വയസ്സിലെത്തിയിരുന്നു. ഒരിക്കല്‍ ഞാന്‍ അവരോടു ചോദിച്ചു; ഇപ്പോള്‍ ജീവിതം എങ്ങനെയുണ്ടെന്ന്. വളരെ നന്നായിരിക്കുന്നു എന്നായിരുന്നു അവരുടെ മറുപടി.  ''ചെറുപ്പത്തിലോ വാര്‍ധക്യത്തിലോ ജീവിതം കൂടുതല്‍ ആസ്വാദ്യകരം.'' സ്വതഃസിദ്ധമായ ശൈലിയില്‍ അവര്‍ പറഞ്ഞു, ''ചെറുപ്പത്തില്‍ നമുക്കു തീരെ ക്ഷമയില്ല. ജീവിതം ആസ്വദിക്കാനാവില്ല. പ്രായമാകുമ്പോള്‍ ജീവിതം കൂടുതല്‍ സുന്ദരമാണ്.''
ഇതു മാതൃകയായി സ്വീകരിച്ച്, പ്രായം ചെല്ലുന്തോറും ജീവിതം കൂടുതല്‍ സുന്ദരമാക്കിയെടുക്കാന്‍ കഴിയണം. സുഖക്കേടുകള്‍ ഉണ്ടായേക്കാം. ആവശ്യമെന്നുവന്നാല്‍ കുറച്ചു വിശ്രമിക്കൂ, വൈദ്യസഹായം തേടൂ. പക്ഷേ, അന്തിമമായി നിങ്ങളുടെ മനസ്സ് തന്നെ വേണം ശരീരത്തിനു ശക്തിപകരാന്‍.  
ശരീരത്തെപ്പറ്റി കുറേക്കൂടി മനസ്സിലാക്കുകയും, ആരോഗ്യശാസ്ത്രത്തെക്കുറിച്ചു ശരിയായ ധാരണ നേടുകയും വേണം. ഡോക്ടറെ സമീപിക്കുക, കിട്ടാവുന്നവിധത്തിലെല്ലാം വിവരങ്ങള്‍ ഗ്രഹിക്കുക, വ്യായാമം ചെയ്യുക, പോരായ്മ വന്നാല്‍ ചെറിയ തോതില്‍ മരുന്നുകള്‍ കഴിക്കുകയോ ആകാം.
മനസ്സ് ഒരിക്കലും ദുര്‍ബലമാവരുത്. ശരീരത്തിന് അസുഖം വരുമ്പോഴെല്ലാം മനസ്സില്‍ ഉത്സാഹവും ഉണര്‍വും വിട്ടുകളയരുത്. ജീവിക്കാനും അതിജീവിക്കാനും മാത്രമുള്ളതത്രേ ജീവിതം. ഓരോ അസുഖത്തേയും മനോബലത്തോടെ നേരിടണം. സ്വന്തം മനസ്സിങ്കല്‍ അചഞ്ചലമായ ആശ്രയം തോന്നണം. ഇവിടെയാണ് ആധ്യാത്മികത നിങ്ങളെ തുണയ്ക്കുന്നത്. തപോനിഷ്ഠ തന്നെയാണ് അതിനുള്ള മാര്‍ഗം. അത്ര തീവ്രമായ സമര്‍പ്പണഭാവം ഉണ്ടാവണം. അതെങ്ങനെ പോഷിപ്പിക്കാമെന്നല്ലേ? 
നിങ്ങളുടെ ഈശ്വരനോടു മനസ്സാല്‍ പറയുക ''പ്രിയ പ്രഭോ! ഈ ലോകം അങ്ങ് സൃഷ്ടിച്ചതാണ്. എന്നെ ഇവിടെ എത്തിച്ചതും അങ്ങുതന്നെ. ജീവിച്ചിരിക്കുവോളം എനിക്ക് എന്റെ കാര്യങ്ങള്‍ നോക്കാതെ വയ്യ. ഇങ്ങനെ തളര്‍ന്നുപോയാല്‍ ഞാന്‍ എങ്ങനെ അവ നിര്‍വഹിക്കും? എന്റെ ശാരീരികാവസ്ഥ അല്‍പ്പമൊന്നു മെച്ചപ്പെടുത്തി എനിക്ക് ആരോഗ്യം പകരണേ! രണ്ടു പോംവഴികളാണ് എനിക്ക് അങ്ങയുടെ മുന്നില്‍ വെയ്ക്കാനുള്ളത്. ഒന്നുകില്‍ ഈ ശരീരം വീണുകൊള്ളട്ടെ; അല്ലെങ്കില്‍ ആരോഗ്യം മെച്ചപ്പെടാന്‍ അനുഗ്രഹിച്ചാലും! ഏതു വേണമെന്ന് അങ്ങുതന്നെ തീരുമാനിച്ചുകൊള്‍ക.'' 
ഇങ്ങനെ ഉള്ളുതുറന്ന് ഈശ്വരനുമായി സംവദിക്കുക. എന്താണിതിനര്‍ഥം? നിങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകരുന്ന പ്രക്രിയയാണ് ഉള്ളഴിഞ്ഞ ഈ സംഭാഷണം. കൂടുതല്‍ തീവ്രനിഷ്ഠരാവാനുള്ള മാര്‍ഗമാണിത്. വിശ്വാസം ഏറെയേറെ പ്രബലമാകുകയും ചെയ്യും. 
നിങ്ങളുടെ ആരോഗ്യസ്ഥിതിയേയും ക്ലേശങ്ങളേയും ഇങ്ങനെയാണ് കാണേണ്ടത്. അവിടവിടെയുള്ള ചെറിയ സംഗതികളെച്ചൊല്ലി കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കരുത്, അസുഖത്തെപ്പറ്റി ചിന്തിച്ച് ആധിപിടിക്കുകയും വേണ്ട.
janmabhumi

No comments:

Post a Comment