Sunday, October 14, 2018

യോഗ വിഘ്‌നങ്ങള്‍ക്ക് കാരണമായ ക്ലേശങ്ങള്‍ നാലാവസ്ഥയില്‍ സൂക്ഷ്മരൂപത്തില്‍ (പ്രസുപ്തം, തനു, വിച്ഛിന്നം, ഉദാരം) നമ്മുടെ ഉള്ളില്‍ത്തന്നെ ഉണ്ടെന്നും അത് പ്രകൃതിയുമായുള്ള ത്രിഗുണാദി ബന്ധത്താല്‍ അനുകൂല സാഹചര്യത്തില്‍ ശക്തിപ്രാപിച്ച് അവിദ്യക്കും, ദുഃഖത്തിനും, കാരണമായിത്തീരും എന്ന് പറഞ്ഞശേഷം പതഞ്ജലി മഹര്‍ഷി പഞ്ചക്ലേശങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇതും യോഗവിഘ്‌നങ്ങളുടെ തുടര്‍ച്ച തന്നെയാണ്. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം ഇവയാണ് പഞ്ചക്ലേശങ്ങള്‍. ഇവ ഓരോന്നിനെക്കുറിച്ചും പ്രത്യേകം സൂത്രങ്ങളിലായി പതഞ്ജലി മഹര്‍ഷി വ്യാഖ്യാനിച്ചിരിക്കുന്നു. 1) അവിദ്യ അനിത്യാശുചിദുഃഖാനാത്മസു നിത്യശുചി സുഖാത്മഖ്യാതിരവിദ്യാ (പാ.യോ.സൂ:2:5) നിത്യം അല്ലാത്തതും, ദുഃഖം നല്‍കുന്നതും, നശിക്കുന്നതുമായതിനെ (ശരീരം) നിത്യമെന്നും, ശുചിയെന്നും സുഖം എന്നും, ആത്മാവ് എന്നും ധരിക്കുന്നതാണ് അവിദ്യ, അഥവാ ഒരു വസ്തുവില്‍ മറ്റൊന്നിനെ കാണുന്നത് അവിദ്യ. മനുഷ്യനെ ആത്മാവായി ക്കാണുന്നതിനുപകരം ശരീരമായി കാണുന്നത്. സൂത്രത്തില്‍ അവിദ്യക്ക് കാരണമായ ഘടകങ്ങളെ നാലായി തിരിച്ച് മഹര്‍ഷി പറഞ്ഞിരിക്കുന്നു
  • അനിത്യം:- നശിക്കുന്നതിനെ നിത്യം എന്നു ധരിക്കുന്നത്. പ്രകൃതിയില്‍ ഉണ്ടായതെല്ലാം ഇല്ലാതാകുന്നതാണെന്ന ബോധം ഇല്ലാത്തതിനാല്‍ നാശത്തില്‍ ദുഃഖം അനുഭവപ്പെടുന്നു. ജനിച്ചാല്‍പ്പിന്നെ മരണത്തിലേക്കുള്ള യാത്രയാണ്, അത് ആരും അറിയുന്നില്ല, നാശമില്ലാത്തത് ആത്മാവിനാണ്. താല്‍ക്കാലിക സുഖത്തിനായുള്ള എല്ലാ പരിശ്രമവും ദുഃഖകാരണമായി മാറുന്നു. ഈ പരിശ്രമങ്ങള്‍ക്ക് കാരണം അവിദ്യയാണ്.
  • അശുചി:- സുന്ദരവും, പവിത്രവുമായി നാം കാണുന്ന ഈ ശരീരം അഴുക്കുനിറഞ്ഞതാണെന്ന് നാം അറിയുന്നില്ല. കോശങ്ങളുടെ നാശം നമ്മുടെ ശരീരത്തില്‍ ദിനംപ്രതി നടന്നുകൊണ്ടിരിക്കുന്നു. അവ മാലിന്യമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. മല, മൂത്രങ്ങളാല്‍ ഈ ശരീരം സദാ മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിയര്‍പ്പും കഫമാലിന്യങ്ങളുംകൊണ്ട് ശരീരം സദാ വൃത്തിഹീനമാണ്. അവിദ്യമൂലം നാം ഇത് അറിയുന്നില്ല. മലിനമായ ഈ ശരീരത്തെ പവിത്രം എന്നു കരുതി നാം കൊണ്ടുനടക്കുന്നത് അവിദ്യമൂലമാണ്.
  • ദുഃഖം:- ദുഃഖത്തില്‍ സുഖത്തേയും സുഖത്തില്‍ ദുഃഖത്തെയും കാണുക. ധനം സുഖംതരുമെന്ന് നാം കരുതുന്നു. എന്നാല്‍, അത് സമ്പാദിക്കുന്നതിനുള്ള ദുഃഖം, അത് സംരക്ഷിക്കുന്നതിനുള്ള ദുഃഖം, അത് ചെലവഴിക്കുന്നതിലുള്ള ദുഃഖം, ഇവ നാം കാണുന്നില്ല. ശമ ദമാദികളിലൂടെ (മനസ്സിന്റെ അടക്കം) നമുക്ക് സുഖം ലഭ്യമാകുമെങ്കിലും അവയില്‍ ദുഃഖം തോന്നുക ഇവയെല്ലാം അവിദ്യയാണ്.
  • അനാത്മാവ്: ശരീരം, ഇന്ദ്രിയം, മനസ്സ്, ബുദ്ധി ഇവയെ ആത്മാവ് എന്ന് തെറ്റിദ്ധരിക്കുക. ആത്മാവിന്റെ ഇരിപ്പിടമാണ് ശരീരം എന്ന അറിവിന് പകരം ഞാന്‍ ശരീരമാണ് എന്ന മിഥ്യാധാരണ. സ്ത്രീ, പുരുഷന്‍, മക്കള്‍ തുടങ്ങി നമ്മുടെ ആത്മാവില്‍ നിന്ന് ഭിന്നമായതിനെ തന്റെ ആത്മാവിന്റെ അംശങ്ങളായി കരുതുക. ഇങ്ങനെ നാലു പ്രകരാശത്തില്‍ അവിദ്യകളുണ്ട്.
2) അസ്മിത ദൃഗ്ദര്‍ശനശക്ത്യോരേകത്മതേ വാസ്മിതാ. (പാ.യോ.സൂ-2:6) നമ്മുടെ സ്വരൂപത്തില്‍നിന്നും അന്യമായ ഒന്നിനോടുള്ള നമ്മുടെ താദാമ്യ ഭ്രമം അഥവാ വ്യത്യസ്തങ്ങളായ രണ്ടുവസ്തുക്കള്‍ ഒന്ന് എന്ന് ധരിക്കുന്നത് അസ്മിത. ആത്മാവിന്റെ ഉപകരണങ്ങളായ മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ സഹായത്താലാണ് ആത്മാവ് ബാഹ്യലോകത്തെ ദര്‍ശിക്കുന്നത്. എന്നാല്‍, നാം കണ്ണ് കാണുന്നു, മൂക്ക് മണക്കുന്നു, ചെവി കേള്‍ക്കുന്നു, നാവ് രുചിക്കുന്നു എന്നൊക്കെ തെറ്റിദ്ധരിക്കുന്നു. ആത്മാവിന്റെ അസാന്നിദ്ധ്യത്തില്‍ ഇവക്കൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എന്നിട്ടും നാം പറയുന്നു എന്റെ കണ്ണുകൊണ്ട് കണ്ടതാണ്, ചെവികൊണ്ട് കേട്ടതാണ് എന്നൊക്കെ. ആത്മാവ് സച്ചിദാനന്ദ സ്വരൂപമാണ് അതിന് സുഖവും ദുഃഖവും ദേഷ്യവും വെറുപ്പും ഒന്നുമില്ല. പക്ഷെ ഇതെല്ലാം ''ഞാന്‍'' അനുഭവിക്കുന്നു എന്ന് തെറ്റായി ധരിക്കുന്നതാണ് അസ്മിത 3) രാഗം സുഖാനുശയീ രാഗഃ (പാ.യോ.സൂ-2-7) സുഖം അനുഭവിക്കുമ്പോള്‍ അതിന്റെ അനുഭൂതി ലഭിക്കുന്നു. ആ ഓര്‍മ്മയില്‍ വീണ്ടും, വീണ്ടും സുഖം അനുഭവിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടാവുകയും സുഖകേന്ദ്രത്തെ അനുഗമിക്കുകയും ചെയ്യുന്നു. മനസ്സിന്റെ ഈ ഭാവം ആണ് രാഗം. സുഖം ലഭിക്കാത്ത ഒരു വിഷയത്തിലും നമുക്ക് രാഗം ഉണ്ടാകുന്നില്ല. പാവയ്ക്ക ജൂസ് സുഖം നല്‍കാത്തതിനാല്‍ അതിനോട് രാഗം ഇല്ല. എന്നാല്‍ ഐസ്‌ക്രീം സുഖം നല്‍കുന്നതിനാല്‍ അതിനോട് രാഗം. 4) ദ്വേഷം ദുഃഖാനുശയീ രാഗഃ (പാ.യോ.സൂ-2:8) ദുഃഖത്തിന്റെ തുടര്‍ച്ചയായി അതിന്റെ ഓര്‍മ്മയും അതിന്റെ കാരണത്തെ കുറിച്ചുള്ള വിചാരവും, കാരണം ഇല്ലാതാക്കാനുള്ള ഇച്ഛയും ഉണ്ടാകുന്നു. ഇതിനെ ദ്വേഷം എന്നുപറയുന്നു. 5) അഭിനിവേശം സ്വരസവാഹീ വിദുഷോപി തഥാരൂഢോളഭിനിവേശഃ (പാ.യോ.സൂ.2:9) അഭിനിവേശം എന്നാല്‍ വീണ്ടും പ്രവേശിക്കുക എന്നാണര്‍ത്ഥം. ആത്മാവ് ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കുന്നതിനെ അഭിനിവേശം എന്നുപറയുന്നു. മരണം ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതാണെങ്കില്‍ ജനനം ആത്മാവ് ശരീരം സ്വീകരിക്കുന്നതാണ്. ഇതറിഞ്ഞിട്ടും മരണത്തെ ഭയക്കുന്നത് അഥവാ ജീവിതത്തോടുള്ള ആസക്തിയാണ് അഭിനിവേശം. എല്ലാ ക്ലേശങ്ങളും ദുഃഖത്തിന് കാരണമാണ്. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം തുടങ്ങിയ ക്ലേശങ്ങള്‍ നമ്മുടെ ഉള്ളിലുള്ള, പ്രസുപ്തം, തനു, വിച്ഛിന്നം, ഉദാരം തുടങ്ങിയ ക്ലേശങ്ങളുടെ സൂക്ഷ്മരൂപങ്ങളുമായി ചേര്‍ന്ന് അജ്ഞാനവും തുടര്‍ന്നു സുഖദുഃഖാദികളും ജീവിതാസക്തിയും വര്‍ധിപ്പിച്ച് മനുഷ്യനെ ഭോഗിയാക്കി മാറ്റുന്നു. ഭോഗതൃഷ്ണ യോഗ വിഘ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അങ്ങനെ മനുഷ്യന്‍ അധഃപതനത്തിലേക്ക് വീഴുന്നു. ഇതില്‍നിന്ന് മുക്തി നേടുന്നതിനുള്ള പദ്ധതിയാണ് അഷ്ടാംഗ യോഗത്തിലൂടെ പതഞ്ജലി മഹര്‍ഷി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്...
janmabhumi

No comments:

Post a Comment