Saturday, October 13, 2018

ഈശ്വരഭക്തിയെന്നത് കേവലം ചടങ്ങുകളിലോ ആരാധനയിലോ ഒതുങ്ങരുത്. അത് സഹജീവികളോടുള്ള സ്‌നേഹം, കരുണ, ക്ഷമ തുടങ്ങിയവയിലൂടെ പ്രകാശിക്കണം. ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ തലോടും. കാരണം യഥാര്‍ഥത്തില്‍  രണ്ടും രണ്ടല്ല, ഒന്നിന്റെ തന്നെ ഭാഗങ്ങളാണ്. അതുപോലെ മറ്റുള്ളവരില്‍ നമ്മളെത്തന്നെ കണ്ട് ഏകത്വബുദ്ധിയോടെ സ്‌നേഹിക്കാന്‍ കഴിയണം. നമ്മളെല്ലാവരും ഏറ്റവുമധികം സ്‌നേഹിക്കുന്നത് നമ്മെ തന്നെയാണ്. മറ്റുള്ളവരെയും നമ്മെപ്പോലെതന്നെ കാണാന്‍ കഴിഞ്ഞാല്‍ അവിടെ സ്‌നേഹം തടസ്സമില്ലാതെ പ്രകാശിക്കും. 
നമ്മളോരോരുത്തരും മറ്റുള്ളവരില്‍ നിന്ന് വേറിട്ടതാണെന്നു നമ്മള്‍ കരുതുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അങ്ങനെയല്ല. നാമെല്ലാം അടിസ്ഥാനപരമായി ഒന്നാണ്. എവിടെ ശുദ്ധമായ സ്‌നേഹമുണരുന്നുവോ അവിടെ തല്‍ക്കാലത്തേക്കെങ്കിലും നമ്മളിലെ ഞാനെന്ന ഭേദഭാവം അലിയുകയാണ്, ഏകത്വം അനുഭവപ്പെടുകയാണ്. 
ജീവിതത്തില്‍ ഓരോ നിമിഷവും നമ്മള്‍ ആരോടെല്ലാം ഇടപഴകുന്നുവോ അവരെല്ലാം നമ്മുടെ അയല്‍ക്കാരാണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ കുടുംബത്തിലുള്ളവരും സഹപാഠികളും സഹപ്രവര്‍ത്തകരും സഹയാത്രികരും എല്ലാം അയല്‍ക്കാര്‍ തന്നെ. അവരുമായി നല്ല ബന്ധമുണ്ടാകുമ്പോള്‍ അതിന്റെ പ്രയോജനം നമുക്കു തന്നെയാണ്. 
അയല്‍പക്കത്തുള്ളവര്‍ നന്നാകണേ എന്നു പ്രാര്‍ഥിക്കുമ്പോള്‍ നമുക്കാണു ശാന്തി ലഭിക്കുന്നത്. ഉദാഹരണത്തിന്, നമ്മുടെ അടുത്ത വീട്ടില്‍ ഒരു കള്ളന്‍ താമസിക്കുന്നുണ്ടെങ്കില്‍ നമുക്ക് രാത്രിയില്‍ സമാധാനമായി ഉറങ്ങാന്‍ കഴിയുമോ? വീടു പൂട്ടി ആവശ്യമുള്ളിടത്തു പോകുവാന്‍ സാധിക്കുമോ? അയല്‍പക്കത്തെ കള്ളന്‍ നമ്മുടെ വീട്ടില്‍ കയറുമോ, മോഷ്ടിക്കുമോ എന്നുള്ള ചിന്ത മാത്രമായിരിക്കും എല്ലാസമയവും. എന്നാല്‍ ആ കള്ളന്റെ മനസ്സു നന്നായി, അയാള്‍ മോഷണം ഉപേക്ഷിച്ചാല്‍ നമുക്കു സുരക്ഷിതമായി, സമാധാനമായി ജീവിക്കാന്‍ സാധിക്കും. ഒരാള്‍ നന്നാകുമ്പോള്‍ അയാളുടെ സമീപത്തുള്ളവര്‍ക്കെല്ലാം അതു ഗുണകരമായിത്തീരുന്നു. നമ്മുടെയെല്ലാം ഉയര്‍ച്ച പരസ്പരം ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരുടെ സാമീപ്യവും സമ്പര്‍ക്കവും അവരിലുള്ള നല്ല ഗുണങ്ങളെ പകര്‍ത്താനായി നമ്മള്‍ ഉപയോഗപ്പെടുത്തണം. 
അയല്‍ക്കാരെ സ്‌നേഹിക്കുക എന്നത് നമ്മളില്‍ പലരെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്തുള്ളവരുടെ തെറ്റു കാണാനുള്ള പ്രവണത മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ സഹോദരീസഹോദരന്മാര്‍ തമ്മില്‍പോലും കലഹവും, സഹപ്രവര്‍ത്തകര്‍ തമ്മില്‍ അവിശ്വാസവും സഹപാഠികള്‍ തമ്മില്‍ മത്സരവും സമൂഹത്തില്‍ സാധാരണമാണ്. ചിലരാകട്ടെ, അയല്‍ക്കാരുടെ ഉയര്‍ച്ചയില്‍ അസൂയപ്പെടുകയും അവരുടെ താഴ്ചയില്‍ സന്തോഷിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള മനോഭാവം മൂലം നമ്മുടെ ഉള്ളില്‍ ഇരുള്‍ പരക്കുന്നു. 
ഒരു കോളനിയില്‍ ഒരു ഭാര്യയും ഭര്‍ത്താവും പുതിയതായി താമസം തുടങ്ങി. അടുത്ത ദിവസം രാവിലെ അവര്‍ പ്രാ
തല്‍ കഴിക്കുമ്പോള്‍ അയല്‍വീട്ടിലെ സ്ത്രീ അലക്കിയ വസ്ത്രം ഉണക്കാനിടുന്നത് അവര്‍ ജനാലയിലൂടെ കണ്ടു. യുവതി ഭര്‍ത്താവിനോടു പറഞ്ഞു, 'അവര്‍ ഉണക്കാനിട്ടിരിക്കുന്ന ഉടുപ്പ് അത്ര വൃത്തിയായിട്ടില്ല. അവര്‍ക്ക് ശരിക്ക് അലക്കാനറിയില്ലെന്നു തോന്നുന്നു.' ഇതുകേട്ട് ഭര്‍ത്താവ് നിശ്ശബ്ദനായിരുന്നു. പിന്നീടുള്ള ഓരോ ദിവസവും രാവിലെ ഭാര്യയുടെ ഇതേ രീതിയിലുള്ള സംസാരം  ആവര്‍ത്തിച്ചു. അപ്പോഴും ഭര്‍ത്താവ് ഒന്നും മിണ്ടിയില്ല. ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം അയല്‍ക്കാരി ഉണക്കാനിട്ടിരുന്ന വസ്ത്രം കണ്ട് യുവതി ആശ്ചര്യത്തോടെ ഭര്‍ത്താവിനോടു പറഞ്ഞു, 'നോക്കൂ, ഒടുവില്‍ നമ്മുടെ അയല്‍ക്കാരി വൃത്തിയായി അലക്കാന്‍ പഠിച്ചെന്നു തോന്നുന്നു. ഇന്ന് അവര്‍ അയയിലിട്ടിരിക്കുന്ന വസ്ത്രമെല്ലാം വളരെ വൃത്തിയായിരിക്കുന്നു. ആരായിരിക്കും അവരെ ഇതു പഠിപ്പിച്ചത്?' ഭര്‍ത്താവ് പറഞ്ഞു, ''ഞാന്‍ ഇന്നുരാവിലെ തന്നെ എഴുന്നേറ്റ് നമ്മുടെ ജനാലച്ചില്ലുകളൊക്കെ നന്നായി കഴുകിവൃത്തിയാക്കി. ചില്ല് അഴുക്കുപി
ടിച്ചിരുന്നതുകൊണ്ടാണ് വസ്ര്തങ്ങള്‍ അഴുക്കുനിറഞ്ഞതായി നിനക്കു തോന്നിയത്.''
ഇതുപോലെയാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്. മറ്റുള്ളവരുടെ നന്മകള്‍ ദര്‍ശിക്കുവാന്‍ നമുക്കു സാധിക്കണമെങ്കില്‍, മനസ്സ് നിര്‍മലമാകണം. നമ്മുടെയുള്ളിലെ അഹങ്കാരവും, അസൂയയും, കുശുമ്പും, വെറുപ്പുമെല്ലാം നമ്മുടെ വീക്ഷണത്തെ വികലമാക്കും. നമ്മുടെ വീക്ഷണത്തിലുള്ള വൈകല്യം കാരണം, മറ്റുള്ളവരില്‍, ഇല്ലാത്ത ദോഷങ്ങള്‍ ഉള്ളതായി നമുക്കു തോന്നും. അതുമൂലം അവരെ ശരിയായി ഉള്‍ക്കൊള്ളുവാനോ സ്‌നേഹിക്കുവാനോ നമുക്കു കഴിയാതെപോകും. 
ജീവിതത്തിന്റെ ഏതു മണ്ഡലത്തിലായാലും നമ്മളുമായി അടുത്ത് ഇടപഴകുന്നവരോട് സ്‌നേഹഭാവം വളര്‍ത്തുന്നതിലൂടെ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാനും സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരന്തരീക്ഷം ചുറ്റും സൃഷ്ടിക്കുവാനും നമുക്കു കഴിയും. അതിനു മക്കള്‍ക്കു കഴിയട്ടെ.
മാതാ അമൃതാനന്ദമയി

No comments:

Post a Comment