Friday, October 19, 2018

ആത്മാവ്- ഋഗ്വേദത്തില്‍ ആത്മശബ്ദം പ്രപഞ്ചത്തിന്റെ അന്തസ്സത്ത, മനുഷ്യരിലെ പ്രാണന്‍ എന്നു രണ്ട് അര്‍ത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. ഉപനിഷത്തിലാകട്ടെ ആത്മാവിനെ മനുഷ്യന്റെ അന്തസ്സത്തയായും ബ്രഹ്മത്തെ പ്രപഞ്ചത്തിന്റെ അന്തസ്സത്തയായും കല്‍പ്പിച്ചിരിക്കുന്നു. 
 മനുഷ്യന്‍ എന്നത് അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ പഞ്ച (അഞ്ച്) കോശങ്ങള്‍ ചേര്‍ന്ന സത്തയാണ്. ഈ അഞ്ചാമത്തെ തലമാണ് യഥാര്‍ത്ഥ ആത്മസ്വരൂപം. ഇതുതന്നെ ബ്രഹ്മസ്വരൂപവും. ഈ സത്യം ഉള്‍ക്കൊള്ളുന്നവന് തന്നെക്കുറിച്ച് ഭയം എന്നത് ഒരിക്കലും ഉണ്ടാകില്ല.
 ബ്രഹ്മവും ലോകവും- ഈ ലോകം ബ്രഹ്മത്തില്‍ നിന്നുണ്ടായി, അതില്‍ നിലനില്‍ക്കുന്നു, അതില്‍തന്നെ തിരിച്ചു ചേരുകയും ചെയ്യുന്നു എന്നതാണ് ഉപനിഷത്തിന്റെ കാഴ്ചപ്പാട്. ഛാന്ദോഗ്യത്തില്‍ ഇപ്രകാരം പറയുന്നു- പ്രപഞ്ചഘടകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. ജീവനുള്ളവയ്‌ക്കെല്ലാം- സസ്യങ്ങള്‍ക്കും ജീവികള്‍ക്കും- ആത്മാവുണ്ട്. ബ്രഹ്മം പലതാകാന്‍ ആഗ്രഹിച്ചപ്പോള്‍ അഗ്നി, ജലം, ഭൂമി എന്നിവയെ സൃഷ്ടിച്ച് അവയില്‍ പ്രവേശിച്ചു. ഈ മൂന്നെണ്ണത്തിന്റെ പലതരത്തിലുള്ള കൂടിച്ചേരലുകളിലൂടെയാണ് പല വസ്തുക്കളും ശരീരങ്ങളും ഉണ്ടായത്. പ്രശ്‌നോപനിഷത്തില്‍ ഇവയുടെ സ്ഥൂല, സൂക്ഷ്മ തലങ്ങളെ പറയുന്നു- പൃഥ്വിയും പൃഥ്വീമാത്രയും. തൈത്തിരീയത്തില്‍ ആകാശം, അതില്‍ നിന്നു വായു, അതില്‍നിന്ന് അഗ്നി, അതില്‍നിന്ന് ജലം, അതില്‍ നിന്നും ഭൂമി എന്ന സൃഷ്ടിക്രമം പറയുന്നു.
ബ്രഹ്മവും ലോകവും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുന്ന ശങ്കരാചാര്യരുടെ വിവര്‍ത്തവാദം, രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതം, നിംബാര്‍ക്കന്റെ ദ്വൈതാദ്വൈതം, വല്ലഭാചാര്യരുടെ ശുദ്ധാദ്വൈതം, മാധ്വാചാര്യരുടെ ദ്വൈതസിദ്ധാന്തം എന്നിവയുടെ ബീജരൂപങ്ങള്‍ ഉപനിഷച്ചിന്തകളില്‍ നിഴലിക്കുന്നുണ്ട് എന്ന് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു.
 മനുഷ്യശരീരത്തിന് ആത്മാവ് ഉള്ളതുപോലെ ലോകത്തിന്റെ ആത്മാവ് എന്നൊരു സങ്കല്‍പ്പം ഋഗ്വേദത്തില്‍ (10.121 .1) പറയുന്നുണ്ട്. അതനുസരിച്ച് തുടക്കത്തിലുണ്ടായിരുന്ന ജലധിയില്‍ നിന്നുമാണ് ഈ ഹിരണ്യഗര്‍ഭന്‍ എന്ന ആദ്യസൃഷ്ടി ഉണ്ടായത്. ശ്വേതാശ്വതരത്തില്‍ രണ്ടു തവണ (3.4, 4.12) ഇതു പരാമര്‍ശിക്കപ്പെടുന്നു. ഡസ്സന്‍ എന്ന വിദേശപണ്ഡിതന്‍ തന്റെ ഫിലോസഫി ഓഫ് ദി ഉപനിഷദ്‌സ് എന്ന പുസ്തകത്തില്‍ ഈ ഹിരണ്യഗര്‍ഭ സിദ്ധാന്തത്തിനു പ്രാധാന്യം കൊടുത്ത് വിവരിക്കുന്നുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ ആദ്യകാല ഉപനിഷത്തുകളില്‍ ഈ ഹിരണ്യഗര്‍ഭന്‍ എന്ന ആദ്യസൃഷ്ടിയെ പറയുന്നില്ല എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഋഗ്വേദത്തില്‍ ഈ ഹിരണ്യഗര്‍ഭനു കൊടുത്തിരിക്കുന്ന പദവിയില്‍ നിന്നും താഴ്ത്തി ഈ ഉപനിഷത്തില്‍ സൃഷ്ടിയിലെ ആദ്യത്തെ അംഗം ആയി മാറ്റപ്പെട്ടു. ഋഗ്വേദത്തിന്റെ അവസാനഭാഗത്തുള്ള ഈ ഹിരണ്യഗര്‍ഭന്‍ എന്ന സങ്കല്‍പ്പമോ, വിശ്വകര്‍മ്മാവ്, പുരുഷന്‍ എന്നീ ഏകദൈവപരമായ ആശയങ്ങളോ ഉപനിഷദ് ചിന്തകളെ സ്വാധീനിച്ചിട്ടില്ല 

No comments:

Post a Comment