Tuesday, October 30, 2018

'''ഇന്ന് മാനവസമുദായത്തില്‍ എവിടെയും ഒരു അസ്വസ്ഥത പരന്നുപിടിച്ചതായി അനുഭവപ്പെടുന്നുണ്ട്. യോജിച്ചിരിക്കേണ്ടവരെല്ലാം ഈ അസ്വസ്ഥത നിമിത്തം പരസ്പരം സ്നേഹവും വിശ്വാസവും ഇല്ലാതെ പിണങ്ങി കഴിയുന്നു. രാജ്യത്തെ നിയന്ത്രിക്കുന്ന സര്‍ക്കാരിന്‍റെ ആഫീസുകളില്‍പോലും ഉദ്യോഗസ്ഥന്മാര്‍ അവരുടെ ജോലികള്‍ ചെയ്യാതെ സമരകാഹളം മുഴക്കുന്നു. മതാനുഷ്ഠാനങ്ങളാണ് ഈ അസ്വസ്ഥതയ്ക്കെല്ലാം മുഖ്യകാരണമെന്നു പുരോഗമനവാദികള്‍ പ്രഖ്യാപിക്കുന്നു. പഴയ മതാനുഷ്ഠാനങ്ങളും ധര്‍മ്മനിയമങ്ങളും മാറ്റി പുതിയ വ്യവസ്ഥകളും ഭൗതികോത്കര്‍ഷത്തിനുതകുന്ന ആചാരവിചാരങ്ങളും നടപ്പില്‍വരുത്തണമെന്ന് അവര്‍ വ്യാഖ്യാനിക്കുന്നു. അതിനു സമരമല്ലാതെ മറ്റു ഒരു മാര്‍ഗ്ഗവുമില്ലെന്നും ആണ് നവീന സിദ്ധാന്തം.
പക്ഷേ നിലവിലുള്ള നിയമങ്ങളോ മതാനുഷ്ഠാനങ്ങളോ സാമ്പത്തികസ്ഥിതിയോ മാറിയതുകൊണ്ടു മാത്രം സുഖപൂര്‍ണ്ണമായ ഒരു ഭാവി വരുമെന്ന് മഹാത്മാക്കളാരും കരുതിയിട്ടില്ല. ധര്‍മ്മത്താല്‍ നിയന്ത്രിതമല്ലാത്ത അര്‍ത്ഥവും കാമവുംകൊണ്ട് ശാശ്വതസമാധാനം ലഭിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നില്ല. അസ്വസ്ഥതയ്ക്ക് പ്രധാന കാരണം അധാര്‍മ്മികവും അനിയന്ത്രിതവുമായ ഭോഗാസക്തിയാണെന്ന് എല്ലാ മഹാപുരുഷന്മാരും ലോകത്തോടുപദേശിച്ചിട്ടുണ്ട്. അമേരിക്ക മുതലായ രാജ്യങ്ങളിലെ കോടീശ്വരന്മാരും അഭ്യസ്തവിദ്യരുമായ ആളുകള്‍ അവിടെയുള്ള മാദകങ്ങളായ ലൗകികഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് ഭാരതത്തിലെ ക്ഷേത്രങ്ങളിലും മറ്റു പുണ്യസ്ഥലങ്ങളിലും നിത്യസുഖം തേടി നടക്കില്ലായിരുന്നല്ലോ! അതിനര്‍ത്ഥം ആധുനികവിദ്യാഭ്യാസവും ആവശ്യത്തില്‍ അധികം പണവും സുഖസൗകര്യങ്ങളുമൊന്നും അല്ല മനുഷ്യന് ശരിയായ ശാന്തി നല്‍കുന്നത് എന്നാണ്.
അസ്വസ്ഥതയ്ക്ക് കാരണം അടക്കുവാന്‍ ആകാത്ത വിഷയാസക്തിയും അധാര്‍മ്മികമായ ജീവിതചര്യയുമാണെന്നറിഞ്ഞ് അത് പരിഹരിക്കാതെ ആധുനിക മനുഷ്യരിലധികംപേരും മദ്യം, മാംസം, മൈഥുനം മുതലായ വിഷയങ്ങളില്‍ മാത്രം അത്യാസക്തിയോടെ വര്‍ത്തിക്കുന്നു. അതിനു വേണ്ടി അധികധനം വേണ്ടിവരുന്നതിനാല്‍ പണത്തിനായി അശാന്തരായി ആസുരീയമായ മാര്‍ഗ്ഗങ്ങളും സമരങ്ങളും അവര്‍ സ്വീകരിക്കും. ദൈവികമായ ശക്തികൊണ്ടുവേണം ഈ ആസുരീയതയില്‍ നിന്നും മാറി ലോകത്തിനു ശാന്തി ലഭിക്കാനുള്ളത്.
ക്ഷേത്രത്തിന് സമുന്നതമായ സ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തില്‍ ശാസ്ത്രീയമായി പ്രതിഷ്ഠിച്ചു പൂജിച്ചുവരുന്ന ബിംബത്തില്‍ ഈശ്വരന്‍ അര്‍ച്ചാവതാരമെടുത്ത് ഭക്തരെ അനുഗ്രഹിക്കുമെന്നാണ് തന്ത്രശാസ്ത്രം ഉപദേശിക്കുന്നത്.
ഐശ്വര്യം, വീര്യം, യശസ്സ്, ശ്രീ, ജ്ഞാനം, വൈരാഗ്യം, കാരുണ്യം, മാധുര്യം തുടങ്ങിയ ഉത്തമഗുണങ്ങളോടുകൂടിയതാണ് സഗുണപരമേശ്വരന്‍. പരം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി എന്നീ അഞ്ചു രൂപത്തില്‍ ഈശ്വരന്‍ പ്രകാശിക്കുന്നുണ്ടെന്ന് തന്ത്രശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ അനന്തശായിയാണ് പരാരൂപം. സംഘര്‍ഷണനും പ്രദ്യുമ്നനും അനിരുദ്ധനും വ്യൂഹരൂപവും മത്സ്യകൂര്‍മ്മാദ്യവതാരങ്ങള്‍ വിഭവരൂപവും ആണ്. വിവിധ പ്രതിമകളില്‍ക്കൂടി പ്രകാശിക്കുന്ന ദിവ്യചൈതന്യം അര്‍ച്ചാരൂപവും ഉള്ളില്‍ ഇരുന്ന് ജീവികളെ നിയന്ത്രിക്കുന്നത് അന്തര്യാമിരൂപവുമാണ്. ഇതുപോലെ തന്ത്രശാസ്ത്രം അനുസരിച്ചുള്ള എല്ലാ ദേവന്മാര്‍ക്കും അഞ്ച് രൂപങ്ങള്‍ ഉണ്ട്.
ഇവയില്‍ അര്‍ച്ചാരൂപം ഒഴിച്ചുള്ള മറ്റു നാല് ഈശ്വരഭാവങ്ങള്‍ എല്ലാപേര്‍ക്കും ഒരുപോലെ സാക്ഷാല്‍ക്കരിക്കാനാകില്ല. എന്നാല്‍ അര്‍ച്ചാരൂപം എപ്പോഴും എല്ലാപേര്‍ക്കും സമാരാദ്ധ്യമായി വിജയിച്ചരുളുന്നു. ഇതുകൊണ്ട് ക്ഷേത്രങ്ങളിലെ അര്‍ച്ചാവതാരത്തിന്‍റെ പ്രാധാന്യം ശാസ്ത്രവും മഹാന്മാരും അംഗീകരിച്ചിട്ടുണ്ടെന്നു കാണാം.
തന്ത്രശാസ്ത്രം അനുസരിച്ച് നിര്‍മ്മിച്ചിട്ടുള്ള ദേവവിഗ്രഹമാണ് അര്‍ച്ച. മന്ത്രസിദ്ധനായ തന്ത്രി ഉത്തമമായ ആ ദേവതാവിഗ്രഹത്തില്‍ വിധിപൂര്‍വ്വം ഈശ്വരചൈതന്യത്തെ ആവാഹിക്കുമ്പോള്‍ അതില്‍ ഈശ്വരന്‍ ദേവതാരൂപത്തില്‍ ആവിര്‍ഭവിക്കുന്നു. അതാണ് അര്‍ച്ചാവതാരം.
മൂര്‍ത്തി, വിഗ്രഹം, പ്രതിരൂപം, ശില്പം, ലിംഗം തുടങ്ങി പല പേരുകളും അര്‍ച്ചയ്ക്കുണ്ട്.
സാത്വികം, രാജസം, താമസം എന്ന് ദേവപ്രതിമകള്‍ മൂന്നു വിധത്തിലുണ്ട്. യോഗമുദ്രയും വരദാഭയമുദ്രയും ധരിച്ച് നീണ്ടു നിവര്‍ന്നു കാണപ്പെടുന്ന വിഗ്രഹം സാത്വികം. നാനാതരത്തിലുള്ള ആഭരണങ്ങള്‍ അണിഞ്ഞ് വരദാഭയമുദ്രകളോടെ വാഹനങ്ങളില്‍ ഇരിക്കുന്നതായ വിഗ്രഹം രാജസം. ആയുധംകൊണ്ട് ദുഷ്ടന്മാരെ നിഗ്രഹിക്കുന്ന വിഗ്രഹം താമസവും ആകുന്നു.
ഈശ്വരപ്രസാദം കൊണ്ട് അന്തഃകരണശുദ്ധി ഉണ്ടാകുന്നു എന്നതിനാല്‍ കൂടുതലായി ക്ഷേത്രാരാധനയുടെ ആവശ്യവും പ്രാധാന്യവും മനസ്സിലാക്കേണ്ട കാലമാണിത്. നമ്മുടെ സര്‍വ്വ ശ്രേയസിനും നിദാനമായി നിലകൊള്ളുന്നത് പുണ്യക്ഷേത്രങ്ങളാണ്. അവ പുഷ്ടിപ്പെടണം, ഹിന്ദുധര്‍മ്മത്തെ പ്രകാശിപ്പിക്കുന്ന വിദ്യാലയങ്ങളാകണം. അതു നിലനിര്‍ത്തുന്നതിനു വേണ്ടി ധര്‍മ്മസംസ്ഥാപകനായ ഭഗവാന്‍ എല്ലാ ജനങ്ങളെയും പ്രേരിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'''''
(ശ്രീവിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളുടെ വാക്കുകള്‍, തീര്‍ത്ഥവാണി, ഭാഗം മൂന്ന്).
krishnakumar kp

No comments:

Post a Comment