Saturday, October 06, 2018

ശൈവസമ്പ്രദായങ്ങള്‍- ഈ പ്രത്യഭിജ്ഞാദര്‍ശനവും ശങ്കരാചാര്യരുടെ വിവര്‍ത്തവാദവും തമ്മില്‍ ചില സാജാത്യങ്ങളും വൈജാത്യങ്ങളും ഉണ്ട്. ജയദേവസിങ്ങ് ചൂണ്ടിക്കാണിക്കുന്ന അവ എന്തെല്ലാമെന്നു നോക്കാം. പ്രത്യഭിജ്ഞാവാദത്തെ ത്രികം എന്നതു കൂടാതെ ഈശ്വരാദ്വയവാദം എന്നും പറഞ്ഞുവരുന്നു. വിവര്‍ത്തവാദത്തിനെ ശാന്തബ്രഹ്മവാദം എന്നും മായാവാദം എന്നും പറയാറുണ്ട്. ശങ്കരാചാര്യര്‍ ബ്രഹ്മത്തെ നിഷ്‌ക്രിയമായി കരുതുന്നതിനാലാണ് കാശ്മീരശൈവദാര്‍ശനികര്‍ വിവര്‍ത്തവാദത്തെ ശാന്തബ്രഹ്മവാദം എന്നു വിളിക്കുന്നത്.
ശാന്തബ്രഹ്മവാദം അനുസരിച്ച് ബ്രഹ്മം കേവലം പ്രകാശം ആണ് അഥവാ ജ്ഞാനം മാത്രമാണ്. ഈശ്വരാദ്വയവാദപ്രകാരം അത് പ്രകാശവും വിമര്‍ശവും ആണ്. അതായത് കാശ്മീരശൈവത്തിലെ ബ്രഹ്മം എന്ന മൗലികസത്തയില്‍ ജ്ഞാതൃത്വവും കര്‍തൃത്വവും ഉള്‍ക്കൊള്ളുന്നു. ഇതാണ് ഈ രണ്ടു സിദ്ധാന്തങ്ങളും തമ്മിലുള്ള ആദ്യത്തെ വ്യത്യാസം. ശങ്കരാചാര്യര്‍ ജീവനില്‍ മാത്രമാണ് കര്‍തൃത്വത്തെ കല്‍പ്പിക്കുന്നത്.
ക്രിയയ്ക്ക് ഇവിടെ സങ്കുചിതമായ അര്‍ഥമേ നല്‍കുന്നുള്ളൂ. എന്നാല്‍ കാശ്മീരശൈവത്തില്‍ വിശാലാര്‍ഥത്തില്‍ ജ്ഞാനം (അറിവ്) പോലും ക്രിയ ആണെന്നു കരുതുന്നു. കര്‍തൃത്വം ഇല്ലെങ്കില്‍ ചിത്ത് കേവലം ജഡം ആകുകയും ഒന്നും ചെയ്യാന്‍ കഴിവില്ലാത്തതാകുകയും ചെയ്യും. പരമശിവന്‍ സ്വതന്ത്രനാണ്. തന്മൂലം കര്‍ത്താവുമാണ്. സ്വതന്ത്രഃ കര്‍ത്താ എന്നു പാണിനി പറയുന്നു. സൂക്ഷ്മവിശകലനത്തില്‍ ഈ സ്വാതന്ത്ര്യവും കര്‍തൃത്വവും ഒന്നു തന്നെ ആണുതാനും.
ശാന്തബ്രഹ്മവാദത്തില്‍ ബ്രഹ്മം പൂര്‍ണമായും നിഷ്‌ക്രിയനാണ്. അവിദ്യയുമായി ചേരുമ്പോള്‍ ഇത് ഈശ്വരന്‍ ആകുകയും എന്തെങ്കിലും ചെയ്യാനുള്ള ശേഷി അതിന് കൈവരികയും ചെയ്യുന്നു. ക്രിയ സത്യത്തില്‍ അവിടെ അവിദ്യയുടേതാണ് (ബ്ര. സൂ. 2-1-14).  ഈശ്വരാദ്വയവാദത്തില്‍ കര്‍തൃത്വം പരമശിവന്റെ ഒരു വിശേഷണമല്ല  മറിച്ച് ജ്ഞാതൃത്വം പോലെ കൂടപ്പിറപ്പാണ്, സ്വഭാവമാണ്. ഈ ക്രിയ അഞ്ചു ഘട്ടങ്ങളായിട്ടാണ്- സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം അഥവാ വിലയം, അനുഗ്രഹം .
 മായാവേദാന്തത്തിലെ നിഷ്‌ക്രിയബ്രഹ്മം മിഥ്യാബ്രഹ്മമാണ് എന്നാണ് മഹേശ്വരാനന്ദനാഥന്‍ തന്റെ മഹാര്‍ഥമഞ്ജരിയില്‍ പറയുന്നത്.
ഈശ്വരവാദം അവിദ്യയേയും മായയേയും സ്വീകരിക്കുന്നുണ്ട്. പക്ഷേ ഈശ്വരനെ ബാധിക്കുന്ന ഒന്നായിട്ടല്ല; മറിച്ച് സ്വയം തന്റെ ശക്തിയാല്‍ വരിക്കുന്ന പരിമിതി ആയിട്ടാണ് അവയെ കരുതുന്നത്. ശങ്കരാചാര്യര്‍ കര്‍തൃത്വത്തെ മായയില്‍ ആരോപിക്കുമ്പോള്‍ ത്രികസിദ്ധാന്തം അനുസരിച്ച് കര്‍തൃത്വം ഈശ്വരനില്‍ നിന്നും മായാശക്തിക്കു ലഭിക്കുകയാണ്. ശാന്തബ്രഹ്മവാദപ്രകാരം മായ അനിര്‍വചനീയമാണ്. ഈശ്വരാദ്വയവാദത്തിലാകട്ടെ വൈവിധ്യവും ഭേദബുദ്ധിയും ഉണ്ടാക്കുന്ന മായാശക്തി ഈശ്വരശക്തി ആയതിനാല്‍ സത്യം ആണ്, യഥാര്‍ഥം ആണ്.
ശാന്തബ്രഹ്മവാദം അനുസരിച്ച് ജഗത്ത് മിഥ്യ ആണ്. ഈശ്വരാദ്വയവാദമനുസരിച്ച് പ്രപഞ്ചം തികച്ചും യഥാര്‍ഥം ആണ്. അത് ഈശ്വരശക്തിയുടെ വിലാസമാണ്. ശക്തി സത്യമായതിനാല്‍ അതു സൃഷ്ടിച്ച ജഗത്തും സത്യമായേ തീരൂ. ശങ്കരാചാര്യര്‍ മായയെ സത്യവുമല്ല മിഥ്യയും അല്ല അതിനാല്‍ അനിര്‍വചനീയ മാണ് എന്നു കരുതുന്നതിനാല്‍ ആ അദ്വയവാദം അതിനെ ഉള്‍ക്കൊള്ളുന്നില്ല.
ദ്വൈതത്തിന്റെ ഒരു നിഴല്‍ അതിന്മേലുണ്ട്. ത്രികമാകട്ടെ മായയെ ശിവമയി ആയിക്കണ്ട് അതിനെയും ഉള്‍ക്കൊള്ളുന്നതിനാല്‍ അത് പൂര്‍ണമായും അദ്വൈതപരമാണ് എന്ന് ജയദേവസിങ്ങ് ചൂണ്ടിക്കാണിക്കുന്നു. സുരേന്ദ്രനാഥ് ദാസ്ഗുപ്തയും ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.
പ്രത്യഭിജ്ഞാദര്‍ശനമനുസരിച്ച് ജീവാത്മാവിന്റെ തലത്തിലും മേല്‍പ്പറഞ്ഞ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങള്‍ തുടരുന്നുണ്ട്. സങ്കോചമാര്‍ന്ന ശിവനാണല്ലോ ജീവന്‍. ശാന്തബ്രഹ്മവാദത്തില്‍ ജീവനും നിഷ്‌ക്രിയന്‍ തന്നെ. ക്രിയ ബുദ്ധിയുടേതാണ്- ജയ്‌ദേവ്‌സിങ്ങ് തുടരുന്നു.
വിവര്‍ത്തവാദം അനുസരിച്ച് സൃഷ്ടിക്കപ്പെട്ടതെന്തും കേവലം നാമരൂപങ്ങള്‍ മാത്രമാണ്. സത്യം എന്ന പദത്തിന്റെ ശരിയായ അര്‍ഥത്തില്‍ അവ ഒന്നും സത്യങ്ങളല്ല. ഈശ്വരാദ്വയവാദപ്രകാരമാകട്ടെ എല്ലാ ആഭാസങ്ങളും പരമശിവന്റെ പലപല ഭാവങ്ങള്‍ ആയതിനാല്‍ യഥാര്‍ഥങ്ങളാണ്. സങ്കുചിതജീവജാലങ്ങള്‍ക്ക് അനുഭവപ്പെടുന്ന പോലെ അല്ലെങ്കിലും ജഗത്ത് പരമശിവന്റെ ഉള്ളില്‍ അനുഭൂതിയായി നിലകൊള്ളുന്നു.
ശാങ്കരപക്ഷം അനുസരിച്ച് ശ്രവണ, മനന, നിദിധ്യാസനങ്ങളാല്‍ അവിദ്യ നീങ്ങി വിദ്യ തെളിയുമ്പോള്‍ മോക്ഷം കൈവരുന്നു. അദ്വൈതശൈവം അനുസരിച്ച് അജ്ഞാനങ്ങള്‍ രണ്ടു തരമുണ്ട്- പൗരുഷഅജ്ഞാനവും ബൗദ്ധഅജ്ഞാനവും. ഇവയില്‍ ആദ്യത്തേത് ആത്മാവിന്റെ അണുത്വം കൊണ്ട് സഹജമായുള്ളതാണ്. രണ്ടാമത്തേത് ബുദ്ധിപരമാണ്. വിദ്യ വഴി ഈ ബൗദ്ധഅജ്ഞാനമാണ് നീങ്ങിക്കിട്ടുന്നത്. പൗരുഷാജ്ഞാനം അപ്പോഴും തുടരുന്നു. ഇതു മാറിയാലേ ശിവത്വം കൈവരൂ. ഇതിന് ആത്മസാക്ഷാത്കാരം നേടിയ ഗുരുവില്‍ നിന്നും ദീക്ഷ വഴിക്കോ, നേരിട്ട് ഉള്ള ശിവാനുഗ്രഹം വഴിക്കോ ശക്തിപാതം ഉണ്ടായേ തീരൂ.
 മുക്തി ലഭിക്കുമ്പോള്‍ ശങ്കരാചാര്യരുടെ പക്ഷപ്രകാരം ജഗത്ത് ഇല്ലാതെ ആകുന്നു. ഈ ശൈവസിദ്ധാന്തത്തിലാകട്ടെ അത് കേവലശിവബോധമായി, ആത്മാനുഭവത്തിന്റെ, സ്വവിമര്‍ശത്തിന്റെ അവാച്യമായ ആനന്ദാനുഭൂതി ആയി നിലനില്‍ക്കുന്നു. 
ഇനി നമുക്ക് ഈ ത്രികദര്‍ശനത്തില്‍ വിവരിക്കുന്ന വ്യക്തി, പാശം അഥവാ ബന്ധനം, ജീവന്മുക്തി, ശക്തിപാതം, അനുഗ്രഹം, ഉപായങ്ങള്‍ എന്നിവയെ മനസ്സിലാക്കാം.
ഒരു വ്യക്തിക്ക് പഞ്ചഭൂതങ്ങള്‍ ചേര്‍ന്ന സ്ഥൂലശരീരത്തോടൊപ്പം ബുദ്ധി, അഹങ്കാരം, മനസ്സ് എന്നിവ അടങ്ങുന്ന അന്തഃകരണവും ഉണ്ട്. ഈ ബുദ്ധി, അഹങ്കാരം, മനസ്സ് എന്നിവയും പഞ്ചതന്മാത്രകളും കൂടിയ എട്ടെണ്ണം ചേര്‍ന്ന സംഘാതത്തെ പുര്യഷ്ടകം എന്നു പറയുന്നു. ഇത് വ്യക്തിയുടെ സൂക്ഷ്മശരീരം ആണ്. മരിച്ചുകഴിഞ്ഞാല്‍ ജീവാത്മാവ് സ്ഥൂലദേഹം വെടിഞ്ഞ് ഈ പുര്യഷ്ടകമെന്ന സൂക്ഷ്മശരീരത്തിലാണ് കുടികൊള്ളുന്നത്.
പ്രപഞ്ചത്തിലെന്ന പോലെ വ്യക്തിയിലും പ്രാണശക്തി കുടികൊള്ളുന്നു. ഈ ദിവ്യശക്തി ആണ് എല്ലാത്തിനേയും നിലനിര്‍ത്തുന്നത്. ഇതിനെ കൂടാതെ കുണ്ഡലിനീ എന്ന ഒരു ശക്തിവിശേഷവും മനുഷ്യനില്‍ സുപ്താവസ്ഥയില്‍ ഉണ്ട്. ആത്മാവ്, ജീവന്‍ എന്നെല്ലാം പറയുന്ന ബോധകേന്ദ്രം ഈ ദര്‍ശനത്തില്‍ സങ്കോചാവസ്ഥയിലുള്ള പരമശിവന്‍ തന്നെ ആണ് എന്നു നാം കണ്ടു.

No comments:

Post a Comment