Sunday, October 14, 2018

സ്വപ്‌നത്തിലേയും ജാഗ്രത്തിലേയും ദ്വൈതാനുഭവത്തെ വിവരിക്കുന്നു

സ്വാമി അഭയാനന്ദ
Monday 15 October 2018 3:09 am IST
സുഷുപ്തിയില്‍ ആത്മാവ് വെള്ളം പോലെ പരിശുദ്ധനും ഏകനും ദ്രഷ്ടാവും രണ്ടെന്ന ഭാവമില്ലാത്തവനുമാണ്. ഇതാണ് ബ്രഹ്മലോകം. ഇതാണ് പുരുഷന്റെ പരമമായ ലക്ഷ്യം. ഇതാണ് ഒരാളുടെ പരമമായ സമ്പത്ത്, ഇതാണ് ഉത്കൃഷ്ടമായ ലോകം. ഇതാണ് പരമമായ ആനന്ദം
സ്വപ്‌നത്തിലേയും ജാഗ്രത്തിലേയും ദ്വൈതാനുഭവത്തെ വിവരിച്ചതിനു ശേഷം ആനന്ദത്തെ പറയുന്നു.യത്രവാന്യദിവ സ്യാത്, തത്രാന്യോളന്യത് പശ്യേത്...
തന്നില്‍ നിന്ന് വേറെയായി മറ്റൊരു വസ്തു ഉണ്ടെന്ന് എവിടെ തോന്നുന്നുവോ അവിടെ ഒരുവന്‍ മറ്റൊന്നിനെ കാണും. മറ്റൊന്നിനെ മണക്കും, മറ്റൊന്നിനെ രുചിക്കും, ഒരാള്‍ മറ്റൊരാളോട് സംസാരിക്കും. മറ്റൊന്നിനെ കേള്‍ക്കും മറ്റൊന്നിനെപ്പറ്റി ചിന്തിക്കും. മറ്റൊന്നിനെ സ്പര്‍ശിക്കും. മറ്റൊന്നിനെ അറിയും. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നത്തിലും ഇതുപോലെ രണ്ടെന്ന തോന്നല്‍ ഉണ്ടാവുകയും ഓരോ ഇന്ദ്രിയ പ്രവര്‍ത്തനത്തെ അറിയുകയും ചെയ്യുന്നു. എന്നാല്‍, സുഷുപ്തിയില്‍ വേറെ എന്ന തോന്നലേ ഉണ്ടാകില്ല.
 സലില ഏകോ ദ്രഷ്ടാളദ്വൈതോ ഭവതി, ഏഷ ബ്രഹ്മലോകഃ...
സുഷുപ്തിയില്‍ ആത്മാവ് വെള്ളം പോലെ പരിശുദ്ധവും ഏകനും ദ്രഷ്ടാവും രണ്ടെന്ന ഭാവമില്ലാത്തവനുമാണ്. ഇതാണ് ബ്രഹ്മലോകമെന്ന് യാജ്ഞവല്‍ക്യന്‍ ജനകനെ ഉപദേശിച്ചു. ഇതാണ് പുരുഷന്റെ പരമമായ ലക്ഷ്യം. ഇതാണ് ഒരാളുടെ പരമമായ സമ്പത്ത്, ഇതാണ് ഉത്കൃഷ്ടമായ ലോകം. ഇതാണ് പരമമായ ആനന്ദം. മറ്റു ജീവികളെല്ലാം ഈ ആനന്ദത്തിന്റെ ഒരംശത്തെയാണ് അനുഭവിക്കുന്നത്. എല്ലാ ഉപാധികളില്‍ നിന്നും വേറിട്ടതും അവിദ്യ പ്രകടമാകാത്തതിനാല്‍ ശുദ്ധവും ഏകവും രണ്ടല്ലാത്തതുമായ അവസ്ഥയാണ് ബ്രഹ്മഭാവം. ഇതിനെയാണ് പരമലക്ഷ്യമായി കാണേണ്ടത്. ഇത് സ്വാഭാവികമായതിനാല്‍ മഹത്തരമാണ്.
മറ്റ് ലോകങ്ങള്‍ കര്‍മത്തിലൂടെ നേടുന്നതിനാല്‍ എന്നും നിലനില്‍ക്കുന്നതല്ല. ബ്രഹ്മപദം നിത്യലോകമാണ് അവിടെ കര്‍മഫലങ്ങള്‍ ഒന്നുമില്ല. ഇവിടെ ആനന്ദം പരമമായതാണ്. മറ്റ് ആനന്ദങ്ങള്‍ ക്ഷണികവും  കൃത്രിമവുമാണ്. വിഷയങ്ങളിലൂടെ നേടുന്ന ആനന്ദങ്ങളെല്ലാം ചെറുകണികകള്‍ മാത്രമാണ്.
സ യഃ മനുഷ്യാണാം രാദ്ധഃ സമൃദ്ധോ ഭവതി...
മനുഷ്യരില്‍ പൂര്‍ണ ആരോഗ്യമുള്ളവനും സമ്പദ്‌സമൃദ്ധിയുള്ളവനും മറ്റുള്ളവരുടെ അധിപതിയും എല്ലാ സുഖഭോഗങ്ങളാലും സമ്പന്നനുമാണ് മനുഷ്യപരമാനന്ദമുള്ളയാള്‍.
മനുഷ്യ ആനന്ദത്തിന്റെ നൂറ് ഇരട്ടിയാണ് ഈ ലോകത്തെ ജയിച്ചവരായ പിതൃക്കളുടെ ഒരു ആനന്ദം. പിതൃക്കളുടെ ആനന്ദത്തിന്റെ 100 ഇരട്ടിയാണ് ഗന്ധര്‍വ ലോകത്തിലെ ആനന്ദം.
ഗന്ധര്‍വ ആനന്ദത്തിന്റെ 100 ഇരട്ടിയാണ് കര്‍മദേവന്മാരുടെ ആനന്ദം. അതിന്റെ നൂറ് ഇരട്ടിയാണ് ജന്മനാ ദേവന്മാരായവരുടെ ആനന്ദം. അത് തന്നെയാണ് കാമമില്ലാത്തവനും പാപമില്ലാത്തവനുമായ ശ്രോത്രിയന്റെ ആനന്ദം. ജന്മദേവന്മാരുടെ ആനന്ദത്തിന്റെ 100  ഇരട്ടിയാണ് പ്രജാപതിയുടെ ആനന്ദം. അത് തന്നെ പാപവും കാമവുമില്ലാത്ത ശ്രോത്രിയന്റെ ആനന്ദം. പ്രജാപതിയുടെ ആനന്ദത്തിന്റെ 100 ഇരട്ടിയാണ് ബ്രഹ്മലോക ആനന്ദം. അത് തന്നെ ശ്രോത്രിയന്റെ ആനന്ദം. ഇത് തന്നെയാണ് പരമമായ ആനന്ദം.
ഇത് തന്നെയാണ് ബ്രഹ്മലോകമെന്ന് യാജ്ഞവക്യന്‍ പറഞ്ഞു. ഇത് കേട്ട ജനകന്‍  അങ്ങേക്ക് ഞാന്‍ ആയിരം പശുക്കളെ തരും. ഇനി ഇതിനുമേല്‍ വിമോക്ഷത്തിനുള്ള ഉപായം ഉപദേശിക്കണേ എന്ന് ആവശ്യപ്പെട്ടു. ബുദ്ധിമാനായ ഈ രാജാവ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കിട്ടുന്നതു വരെ നിര്‍ബന്ധിക്കുമല്ലോ എന്നു ഭയപ്പെട്ടു. തന്റെ വിജ്ഞാനം മുഴുവന്‍ ഇങ്ങനെ ചോദിച്ച് രാജാവ് കവര്‍ന്നെടുക്കുകയാണോ എന്നൊരു മട്ടായിരുന്നു യാജ്ഞവല്‍ക്യന്.

No comments:

Post a Comment