Sunday, October 21, 2018

ഞാനാര് എന്ന അന്വേഷണം അഹന്ത ഇല്ലാതാക്കും

രമണ മഹര്‍ഷി പറഞ്ഞു
Monday 22 October 2018 1:01 am IST
സൃഷ്ടിരഹസ്യം ആരാഞ്ഞവരെല്ലാം ആത്മാവിന്റെ അഗാധതയില്‍ രമിച്ചിരുന്നവരാണ്. ഒരാളിന്റെ തറയില്‍ പതിച്ച നിഴല്‍ പോലെയാണ് അഹന്ത. അതിനെ മറയ്ക്കുവാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. അതിരുള്ളത് അഹന്തയും, അതിരില്ലാത്തത് ആത്മാവുമാണ്. 
കുമിളകള്‍ വെവ്വേറെയായിരിക്കും. അസംഖ്യവുമാണ്. എന്നാല്‍ കടലൊന്നാണ്. അതുപോലെ അഹങ്കാരന്മാര്‍ പലതും, ആത്മാവേകവുമാണ്.
അഹന്തയെ ഒഴിച്ചിട്ട് ആത്മാവിനെ ദര്‍ശിക്കുക. നിങ്ങള്‍ എന്തിനഹങ്കാരനോട് ചേര്‍ന്നു നില്‍ക്കണം? ഇത് മരുന്നു കഴിക്കുമ്പോള്‍ അങ്ങനെ ഓര്‍മിക്കരുതെന്നു പറയുമ്പോലെയാണ്. അത് സാധ്യമാണോ? സാധാരണ ജനങ്ങളെയും ഈ ദോഷം ബാധിക്കുന്നു. വിചാരം മാറിയാലുള്ളതാണ് ആത്മസ്വരൂപമെന്നു പറയുമ്പോള്‍ 'ശിവോഹം', 'അഹം ബ്രഹ്മാസ്മി' എന്നും മറ്റും എന്തിനു ഭാവിക്കുന്നു?
അഹന്തയറ്റതാണ് ആത്മനിലയെങ്കില്‍ അഹന്തയെന്താണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. അഹന്തയ്ക്ക് ആത്മാവിനെ വിട്ടു സ്വന്തം നിലയില്ലാത്തതിനാല്‍ അതിന്റെ സ്വരൂപമെന്താണെന്ന് അന്വേഷിച്ചാല്‍ തന്നെ അതൊഴിഞ്ഞു മാറും. ഇതാണ് ശരിയായ ഉപായം. അഹന്തയിലിരിക്കവെ തന്നെ ചെയ്യുന്നതാണ് മറ്റു മാര്‍ഗങ്ങള്‍. ഇതിനാല്‍ പല സംശയങ്ങള്‍ക്കുമിടയാകുന്നു. അന്വേഷണം പൂര്‍ത്തിയാകാതെ പോവുന്നു. നമ്മുടെ മാര്‍ഗത്തില്‍ അവസാനവിഘ്‌നത്തെ നാമാദ്യമേ ദൂരീകരിക്കുന്നു. അക്കാരണത്താല്‍ പിന്നീട് നാം സാധനകളൊന്നും അനുഷ്ഠിക്കേണ്ടി വരുന്നില്ല.
കാണപ്പെടേണ്ട വസ്തു താനായിട്ടിരിക്കവേ കാണേണ്ടതിനെ താന്‍ തന്നെ അന്വേഷിക്കുന്നതില്‍ കവിഞ്ഞ് വിചിത്രമായി മറ്റെന്തെങ്കിലുമുണ്ടോ? ഏതോ ഒന്നു നമ്മുടെ സാക്ഷാല്‍ക്കാരത്തെ മറച്ചുകൊണ്ടിരിക്കുന്നു എന്നും അതിനെ ഇല്ലാതാക്കണമെന്നും നാം വിശ്വസിക്കുകയാണ്. 
 യോഗവാസിഷ്ഠത്തില്‍ പറയുന്നുണ്ട്. നമ്മില്‍ സത്യം മറഞ്ഞിരിക്കുന്നു. മിഥ്യ സത്യമെന്നായി പ്രകാശിക്കുകയും ചെയ്യുന്നു. നാം
 ഇരിക്കുന്നത് നമ്മുടെ സത്യത്തില്‍ തന്നെയെന്നത് നമ്മള്‍  അറിയുന്നില്ല. ഇത് അത്ഭുതങ്ങളില്‍ അത്ഭുതമല്ലേ? 'ഞാനാര്' എന്ന അന്വേഷണം തന്നെയാണ്   അഹന്തയെ അറക്കാനുള്ള കോടാലി.

No comments:

Post a Comment