Sunday, October 28, 2018

എല്ലാം ബ്രഹ്മത്തില്‍ നിന്ന്

സ്വാമി അഭയാവനന്ദ
Monday 29 October 2018 2:25 am IST
ബ്രഹ്മ തം പരാദാത് യോളന്യത്രാത്മനോ ബ്രഹ്മവേദ.............
ബ്രാഹ്മണനെ ആത്മാവില്‍ നിന്ന് അന്യനായി അറിയുന്നവനെ ബ്രാഹ്മണന്‍ പു
രുഷാര്‍ഥത്തില്‍ നിന്ന് അകറ്റുന്നു. അതുപോലെ ആത്മാവില്‍ നിന്ന് അന്യമായി ക്ഷത്രിയ നെയോ ലോകങ്ങളേയോദേവന്‍മാരേയോ വേദങ്ങളേയോ ഭൂതങ്ങളേയോ അറിയുന്നവരെ അതാത് വിഭാഗങ്ങള്‍ പുരുഷാര്‍ഥത്തില്‍ നിന്ന് അകറ്റും. എല്ലാറ്റിനേയും ആത്മാവില്‍ നിന്ന് അന്യമായി അറിയുന്നയാളെ എല്ലാം തന്നെ പുരുഷാര്‍ഥത്തില്‍ നിന്ന് അകറ്റും. ഈ ബ്രാഹ്മണനും ക്ഷത്രിയനും ലോകങ്ങളും ദേവന്‍മാരും വേദങ്ങളും ഭൂതങ്ങളും ഇതെല്ലാം തന്നെ ഈ ആത്മാവ് മാത്രമാണ്.
സ യഥാ ദുന്ദുഭേര്‍ഹന്യമാനസ്യ ന ബാഹ്യാന്‍ശബ്ദാന്‍.......
അത് ഏത് പോലെയെന്നാല്‍ പെരുമ്പറ അടിക്കുമ്പോള്‍ ഒരു പെരുമ്പറയുടെ ശബ്ദത്തെ വിശേഷമായി ഗ്രഹിക്കുവാന്‍ കഴിയില്ല. പെരുമ്പറയുടേയോ പെരുമ്പറ അടിക്കുന്നതിന്റെയോ ശബ്ദത്തെ സാമാന്യമായി ഗ്രഹിക്കുന്നതിനാല്‍ അതിന്റെ വിശേഷ ശബ്ദവും ഗ്രഹിക്കപ്പെട്ടതാകുന്നു.
സ യഥാ ശങ്ഖസ്യ ധ്മാ യമാനസ്യ ന ബാഹ്യാന്‍ ശബ്ദാന്‍........
അത് ഏതുപോലെയെന്നാല്‍ ശംഖം ഊതുമ്പോള്‍ ഒരു ശംഖിന്റെ ശബ്ദ വിശേഷത്തെ പ്രത്യേകമായി അറിയാനാകില്ല. ശംഖുകളുടേയോ ശംഖം ഊതുന്നതിന്റെയോ ശബ്ദ സാമാന്യത്തെ ഗ്രഹിക്കുന്നതിനാല്‍ പ്രത്യേക ശംഖിന്റെ ശബ്ദവും അറിയുന്നു.
 സ യഥാ വീണായൈ വാദ്യമാനായ ന ബാഹ്യാന്‍ ശബ്ദാന്‍..........
അത് ഏതു പോലെയെന്നാല്‍ വീണ വായിക്കുമ്പോള്‍ ഒരു പ്രത്യേക വീണയുടെ ശബ്ദ വിശേഷത്തെ ഗ്രഹിക്കുവാന്‍ സാധിക്കുകയില്ല. വീണകളുടേയോവീണ വായിക്കുന്നതിന്റെയോ ശബ്ദം കേള്‍ക്കുമ്പോള്‍  ഓരോ പ്രത്യേക വീണയുടെയും ശബ്ദത്തെ അറിയണം.
സ യഥാര്‍ദ്രൈധാഗ്‌നേരഭ്യാഹിതസ്യ പൃഥഗ്ധൂമാ വിനിശ്ചരന്തി.............
നനഞ്ഞ വിറക് കൊണ്ട് കത്തിക്കുന്ന അഗ്‌നിയില്‍ നിന്ന് പലവിധത്തിലുള്ള പുക, തീപ്പൊരി മുതലായവ ഉണ്ടാകുന്നതുപോലെ ഇതെല്ലാം ഈ മഹത്തായ ഭൂതത്തിന്റെ നിശ്വസിതമാണ്. ഋഗ്‌വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം, ഇതിഹാസം, പുരാണം, വിദ്യകള്‍, ഉപനിഷത്തുകള്‍, മന്ത്രങ്ങള്‍, സൂത്രങ്ങള്‍, മന്ത്ര വിവരണങ്ങള്‍, വ്യാഖ്യാനങ്ങള്‍, യജ്ഞം, ഹോമിച്ചത്, ഭക്ഷിച്ചത്, കുടിച്ചത് എന്നു വേണ്ട ഈ ലോകവും പരലോകവും എല്ലാ ജീവജാലങ്ങളും എല്ലാം തന്നെ ബ്രഹ്മത്തിന്റെ നിശ്വസിതങ്ങളാണ്.
ശ്വാസ നിശ്വാസങ്ങളെ പോലെ അനായാസേന എല്ലാം ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയെന്ന് അറിയണം.
 സ യഥാ സര്‍വാസാമപാം സമുദ്ര ഏകായനം...
എല്ലാ ജലങ്ങള്‍ക്കും സമുദ്രം ഏകാശ്രയമായിരിക്കുന്നതു പോലെ എല്ലാ സ്പര്‍ശങ്ങള്‍ക്കും ത്വക്ക് എകാശ്രയമായിരിക്കുന്നു. ഗന്ധങ്ങള്‍ക്ക് നാസികയും രസങ്ങള്‍ക്ക് നാവും രൂപങ്ങള്‍ക്ക് കണ്ണും ശബ്ദങ്ങള്‍ക്ക് കാതും സങ്കല്പങ്ങള്‍ക്ക് മനസ്സും വിദ്യകള്‍ക്ക് ബുദ്ധിയും കര്‍മ്മങ്ങള്‍ക്ക് കൈകളും ആനന്ദങ്ങള്‍ക്ക് ജനനേന്ദ്രിയവും വിസര്‍ജ്യങ്ങള്‍ക്ക് പായുവും സഞ്ചാരങ്ങള്‍ക്ക് പാദവും  ഏകാശ്രയമായിരിക്കുന്നു. ഇതുപോലെ എല്ലാ വേദങ്ങള്‍ക്കും വാക്ക് ഏക ആശ്രയമാണ്.
സ യഥാ സൈന്ധവഘനോളനന്തരോ ളബാഹ്യ:..........
ഉപ്പു കട്ട അകവും പുറവും ഭേദമില്ലാതെ എല്ലായിടത്തും ഉപ്പു രസത്തിന്റെ കട്ടയായിരിക്കുന്നതു പോലെ ആത്മാവ് അകവും പുറവുമില്ലാത്ത മുഴുവനായ പ്രജ്ഞാന ഘനം തന്നെയാണ്.
ഈ ഭൂതങ്ങള്‍ നിമിത്തമായി പ്രത്യേക പേരുകളോടുകൂടി ഉണ്ടാവുകയും ഇവയൊക്കെ നശിക്കുമ്പോള്‍ നശിക്കുകയും ചെയ്യുന്നു. അങ്ങനെ നശിച്ചതിന് ശേഷം അതിന് പ്രത്യേക പേരൊന്നുമില്ലെന്ന് അറിയണമെന്ന് യാജ്ഞവല്‍ക്യന്‍ മൈത്രേയിയോട് പറഞ്ഞു.
janmabhumi

No comments:

Post a Comment