Wednesday, October 03, 2018

ചിന്താധാര
Thursday 4 October 2018 2:48 am IST
സ്‌നേഹം, ബഹുമാനം, ആദരവ്, കടമ, കടപ്പാട്, ദയ, സംതൃപ്തി, ചാരിതാര്‍ഥ്യം, ആത്മാഭിമാനം, ധര്‍മബോധം, സത്യസന്ധത, ശാസ്ത്രവീക്ഷണം തുടങ്ങിയ അനവധി നന്മകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതാണ് നന്മയിലേക്കുള്ള പ്രയാണം. 
 വാശി, പക, വിദ്വേഷം, അസൂയ, അഹങ്കാരം, ദേഷ്യം തുടങ്ങി നമ്മെ എളുപ്പത്തില്‍ കീഴടക്കുന്ന വികാരങ്ങളാണ് തിന്മയെന്നു പറയുന്നത്. ഇത് ജീവിതത്തില്‍ ഇല്ലാതാക്കാന
ാകില്ല. നാം സാധാരണ മനുഷ്യരാണെന്നതു തന്നെയാണ് അതിനു കാരണം. ഈ വികാരങ്ങള്‍ കുറയ്ക്കലാണ് തിന്മയില്‍ നിന്ന് നന്മയിലേക്കുള്ള പ്രയാണം എന്നുമോര്‍ക്കണം. നമ്മുടെ മനസ്സില്‍ നിറഞ്ഞിരിക്കുന്ന നന്മയുടേയോ, തിന്മയുടേയോ വികാരവിക്ഷോഭങ്ങളാണ് നാം ചെയ്യുന്ന പ്രവര്‍ത്തികളുടെ ആധാരം.
 നമുക്ക് ദേഷ്യപ്പെടാന്‍ സ്വാതന്ത്ര്യമുണ്ട്. ദേഷ്യപ്പെട്ടുകൊണ്ടേയിരിക്കാന്‍ സ്വാതന്ത്ര്യമില്ല. ഭയപ്പെടാം ഭയപ്പെട്ടുകൊണ്ടേയിരിക്കാന്‍ സ്വാതന്ത്ര്യമില്ല. അഹങ്കരിക്കാം അഹങ്കരിച്ചുകൊണ്ടേയിരിക്കാന്‍ സ്വാതന്ത്ര്യമില്ല. ഇതു നാം എന്നും ഓര്‍മിക്കണം.
 ഭാരതീയ പൈതൃകവും സനാതന ധര്‍മവും നിലനില്‍ക്കുന്നത് നാലുവാക്കുകളിലാണ്. മനസ്സ്, ചിന്ത, കര്‍മം, കര്‍മഫലം വേണമെങ്കില്‍ കര്‍മപ്രതിഫലം എന്ന അഞ്ചാമത്തെ ഘടകവും ചേര്‍ക്കാം. ഇവയഞ്ചുമാണ് ഒരു പതിനായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനം.
 ലോകത്തില്‍, മണ്‍മറഞ്ഞുപോയ സംസ്‌കാരങ്ങളെല്ലാം അവയുടെ വിജയവും ശ്രദ്ധയും കേന്ദ്രീകരിച്ചത് ബാഹ്യമായ മാറ്റം വരുത്തിയാല്‍ ജീവിതം ധന്യമായിത്തീരും എന്ന തെറ്റിദ്ധാരണയിലൂടെയാണ.് അതുകൊണ്ടുതന്നെയാണ് ആ സംസ്‌കാരങ്ങളെല്ലാം കാട്ടുതീ പോലെ കൊന്നും കൊലവിളിച്ചും കുറേക്കാലം ലോകമെമ്പാടും പടര്‍ന്നു പന്തലിക്കാന്‍ വെമ്പല്‍ കൊണ്ടുവെങ്കിലും കാലചക്രത്തിന്റെ തിരിച്ചിലില്‍  ഉന്മൂലനം ചെയ്യപ്പെട്ടത്.
 ഭാരതീയര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ആന്തരീകവും മാനസികവുമായ മാറ്റത്തിനാണ്. ആ മാറ്റം ബാഹ്യമായിട്ടുള്ളതായാല്‍പോലും സമഗ്രമായ മാറ്റത്തിന് കാരണമാകും. ഇപ്രകാരമുണ്ടാകുന്ന ആന്തരിക- ബാഹ്യമാറ്റങ്ങള്‍ അനേകകാലം വെളിച്ചം പകര്‍ന്ന് നിലനില്‍ക്കുകയും ചെയ്യും.
 കാലചക്രത്തോടൊപ്പം ധര്‍മചക്രവും തിരിയുന്നു. ധര്‍മചക്രം തിരിയുമ്പോള്‍ കാലചക്രത്തോടൊപ്പം തിരിയാത്തവരെ കാലചക്രം അടിച്ചുതെറിപ്പിക്കും. നിലനിര്‍ത്തേണ്ടതിനെ കാലം നിലനിര്‍ത്തും അല്ലാത്തതിനെ കാലപ്രവാഹത്തിന്റെ കുത്തിയൊഴുക്കില്‍ വന്‍മരങ്ങള്‍ കടപുഴകി വീഴും പോലെ നീക്കപ്പെടും.
 ത്രേയായുഗത്തിലെ രാമായണവും, ദ്വാപരയുഗത്തിലെ മഹാഭാരതവും കൃതയുഗത്തിലെ വേദങ്ങളും ഇന്നും നിലനില്‍ക്കുന്നു. ആദരപൂര്‍വം ജനത അത് ആലാപനം ചെയ്യുന്നു. നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉദയം ചെയ്ത ദാസ്‌കാപ്പിറ്റലും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും, വൈരുദ്ധ്യാധിഷ്ഠിത ഭൗതീകവാദവും, ആ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പോലും നേതാക്കന്മാരില്‍ എത്രപേര്‍ക്കറിയാം? എത്രപേര്‍ ആ വിദേശഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെന്നന്വേഷിക്കുക. നിലനിര്‍ത്തേണ്ടതിനെ കാലം നിലനിര്‍ത്തും അല്ലാത്തതെല്ലാം കാലം തന്നെ തട്ടിത്തെറിപ്പിക്കും എന്നതിനുദാഹരണമാണിത്.
 നമ്മുടെ മനസ്സിനെ ധന്യമാക്കിയാല്‍ ചിന്തകള്‍ ധന്യമാകും, ചിന്തകള്‍ ധന്യമായാല്‍ കര്‍മങ്ങള്‍ ധന്യമാകും. അതിലൂടെ കര്‍മത്തിന്റെ പ്രതിഫലവും ധന്യമായിത്തീരും. ആധുനിക ശാസ്ത്രജ്ഞര്‍ പറയുന്നു  ചെയ്തു കൂട്ടുന്ന ഓരോ പ്രവര്‍ത്തിക്കും അതിന്റേതായ ഫലങ്ങളുണ്ട്. അത് അനുഭവിച്ചുതീര്‍ക്കേണ്ടതായിട്ടുമുണ്ട്.
 മേല്‍ വിവരിച്ച സന്ദേശം അതിഗഹനമായി പ്രയോഗിക തലത്തില്‍ പറഞ്ഞവരാണ് ഭാരതീയ ഋഷി പരമ്പരയില്‍പ്പെട്ടവര്‍. ഈ തത്ത്വം ഭാരതത്തിലെ കാട്ടാളവംശത്തില്‍ പിറന്ന ഋഷി വര്യര്‍ക്കും, പ്രാകൃതരെന്നു നാം അറിയാതെ വിളിക്കുന്ന കാട്ടുജാതിക്കാര്‍ക്കും അറിയാവുന്നതാണ്, ഇതാണ് ഒരു കാട്ടാളനെ വാല്മീകിയാക്കിയത്. ആ പുണ്യമന്ത്രമാണ് ഭാരതത്തെ അന്നുമിന്നും ഭാരതമാക്കിയ '' താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ'' സര്‍ ഐസക് ന്യൂട്ടണ്‍ കര്‍മഫലം ഉണ്ടെന്നേ പറഞ്ഞുള്ളൂ. ത്രേതായുഗത്തിലെ കാട്ടാളന്റെ ഭാര്യ രണ്ടുപടികൂടി മുന്നോട്ടുകയറി അത് ആ കര്‍മം ചെയ്യുന്നവന്‍ അനുഭവിച്ചേ തീരു എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അതും സ്വന്തം ഭര്‍ത്താവിനോടു തന്നെ!
 ഈ സന്ദേശങ്ങളാണ് ഒരു പതിനായിരം വര്‍ഷത്തെ പാരമ്പര്യമുള്ള ഭാരതത്തെ ഭാരതമാക്കി മാറ്റിയത്. ആ ആന്തരിക മാറ്റത്തിനായുള്ള സന്ദേശങ്ങളാണ് ഇന്നും ഇനിയും ജീവിക്കുന്നത്. അതുകൊണ്ട് ശാശ്വതവും സ്ഥിരവുമായ നന്മയാണ് ജീവിതത്തെ ധന്യമാക്കുന്നത്. അതായിരിക്കണം ശാശ്വതവും സ്ഥിരവുമായ മാറ്റത്തിന്നാധാരം. അതാണ് തിന്മയില്‍ നിന്ന് നന്മയിലേക്കും, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്കുമുള്ള മാറ്റത്തിന്റെ മാര്‍ഗം. 
 മാറ്റത്തിലേക്കു നയിക്കുമ്പോള്‍ കൂടെ എത്രപേരുണ്ടെന്നതല്ല ചിന്താവിഷയം, എത്രപേര്‍ മാറ്റത്തിനു വിധേയമായി, വിധേയമായിക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രധാനം.
 സമൂഹം അറിഞ്ഞോ, അറിയാതെയോ ആദിയിലേക്കൊഴുകാതിരിക്കില്ല. അതു തിരിച്ചറിയാന്‍ സാധിച്ചാലും ഇല്ലെങ്കിലും ആദിയിലേക്കുള്ള ഒഴുക്കാണ്; കടല്‍ വെള്ളം ആവിയായി മേഘമായി, മഴത്തുള്ളികളായി, ചാലുകളായി, തോടുകളായി, നദികളായി ആരംഭിച്ച അതേ കടലിലേക്ക് തന്നെയാണ് വീണ്ടും അത് എത്തിച്ചേരുന്നത്.
 ഭാരതീയ പൈതൃക പ്രകാരം മനുഷ്യന്‍ അമരത്വത്തിന്റെ പുത്രനാണ്. മനുഷ്യനെ 'പാപികളെ' എന്നല്ല നമ്മുടെ പൂര്‍വപിതാക്കന്മാര്‍ അഭിസംബോധന ചെയ്തത്. നാം പുണ്യാത്മാക്കളാണ്, പുണ്യപുരുഷന്മാരാണ്. അതിനുകാരണം നമ്മുടെ മനസ്സില്‍ നിരന്തരം നാം നിറക്കുന്നതു നന്മകള്‍ മാത്രമാണ്.
 ശരീരത്തിനു ഭക്ഷണം നിരന്തരം ആവശ്യമായതുപോലെയും നമ്മുടെ പൂര്‍വികര്‍ മനസ്സിനും നിരന്തരം ഭക്ഷണം കൊടുത്തിരുന്നു. ശരീരത്തിനെ നിരന്തരം വൃത്തിയാക്കുന്നതുപോലെ അവര്‍ മനസ്സിനേയും വൃത്തിയാക്കിയിരുന്നു.
 നമ്മുടെ പൂര്‍വികരുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ കണ്ടതും അനുഭവിച്ചാസ്വദിച്ചതും നമ്മോടു ജീവിതത്തില്‍ പകര്‍ത്താന്‍ ആഹ്വാനം ചെയ്തു. സ്വീകരിക്കാനോ സ്വീകരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യവും അവര്‍ നമുക്ക് നല്‍കി. അതാണ് ഭാരതം മരിക്കാതെ, തളരാതെ, തകരാതെ, വരളാതെ ഇന്നും നിലനില്‍ക്കുന്നത്, ഇനിയും നിലനില്‍ക്കുന്നത്.
ഡോ.എന്‍.ഗോപാലകൃഷ്ണന്‍

No comments:

Post a Comment