Tuesday, October 16, 2018

നാഡീശുദ്ധി പ്രാണായാമത്തിന്റെ ക്രമം

ഹഠയോഗ പ്രദീപിക
Wednesday 17 October 2018 2:46 am IST
പ്രാണം സൂര്യേണ ചാകൃഷ്യ
പുരയേദുദരം ശനൈഃ
വിധിവത് കുംഭകം കൃത്വാ
പുനശ്ചന്ദ്രേണ രേചയേത്  (2-8)
സൂര്യനിലൂടെ സാവധാനത്തില്‍ പ്രാണനെ വയറില്‍ നിറച്ച് വേണ്ട വിധം കുംഭകം ചെയ്ത് ചന്ദ്രനിലൂടെ പുറത്തു കളയണം.വലത് മൂക്കിലൂടെ, സൂര്യനിലൂടെ, പിംഗളയിലൂടെ പൂരകം ചെയ്ത്, കുംഭകം ചെയ്ത ശേഷം ചന്ദ്രനിലൂടെ, ഇഡയിലൂടെ രേചകം ചെയ്യണം. കഴിഞ്ഞ ശ്ലോകത്തിലെ പ്രവര്‍ത്തനവും ഈ ശ്ലോകത്തിലെ പ്രവര്‍ത്തനവും ചേര്‍ന്നാല്‍ നാഡീ ശുദ്ധി പ്രാണായാമത്തിന്റെ ഒരു വൃത്തം പൂര്‍ത്തിയാകും. ഇതു വായിക്കുമ്പോള്‍ സരളമാണ്. എന്നാല്‍ വളരെ ഫലപ്രദമായ ഒന്നാണ് ഇത്.
കഴിഞ്ഞ ശ്ലോകത്തില്‍ നിന്ന് ചെറിയ ഒരു വ്യത്യാസം, 'പൂരയേത് ഉദരം' (വയറു നിറക്കുക) എന്നു പറഞ്ഞതാണ്. പൂരക സമയത്ത് വയറു വീര്‍ക്കണം. നെഞ്ചല്ല വീര്‍ക്കേണ്ടത്. സാധാരണ ശ്വാസോച്ഛ്വാസത്തില്‍ നെഞ്ചു വീര്‍ത്തു വരും. അപ്പോള്‍ ശ്വാസകോശത്തിന്റെ വശങ്ങള്‍ക്കാണ് വികാസമുണ്ടാവുക. പക്ഷെ അവിടെ വികാസ സാധ്യത കുറവാണ്. എന്നാല്‍ ഉദരം വികസിക്കുമ്പോള്‍ ഡയഫ്രം താഴോട്ട് മാറുകയും ശ്വാസകോശത്തിന്റെ കീഴ്ഭാഗത്തിന്ന് വികാസം സംഭവിക്കുകയും ചെയ്യും. അവിടെയാണ് കൂടുതല്‍ വികാസ സാധ്യത. അതുകൊണ്ടുതന്നെ കൂടുതല്‍ വായു അകത്തു കയറുകയും ചെയ്യും.
യേന ത്യജേത് തേന പീത്വാ
ധാരയേദതിരോധതഃ
രേചയേച്ച തതോ ള ന്യേന
ശനൈരേവ ന വേഗതഃ  (2-9)
പുറത്തുവിട്ടതിലൂടെ തന്നെ അകത്തെടുക്കണം. പരമാവധി കുംഭകം ചെയ്ത ശേഷം മറുമൂക്കിലൂടെ സാവധാനത്തില്‍ രേചകം ചെയ്യണം. ശ്വാസം അകത്തേക്കെടുത്ത മൂക്കിലൂടെ പുറത്തു വിടരുത്. പുറത്തേക്കു വിട്ടതിലൂടെ എടുക്കണം. മുന്‍പറഞ്ഞതില്‍ നിന്നും വൈരുധ്യമൊന്നും ഇതിലില്ല. അതു തന്നെ മറ്റൊരു തരത്തില്‍ പറഞ്ഞു എന്നു മാത്രം. എന്നാല്‍ കുംഭകം 'അതി രോധതഃ' ആവണമെന്നു ചേര്‍ത്തിരിക്കുന്നു. രോധിക്കുക എന്നാല്‍ തടസ്സപ്പെടുത്തുക, പിടിച്ചു നിറുത്തുക എന്നൊക്കെയാണര്‍ഥം. കുംഭകം അതിയായ രോധത്തോടെ വേണമെന്നു പറഞ്ഞിട്ടുണ്ട്. ഇതിന്റെ വ്യാഖ്യാനത്തില്‍ ബ്രഹ്മാനന്ദന്‍ 'സ്വേദ കമ്പാദി ജനന പര്യന്തേന' എന്നാണ് പറഞ്ഞത്. ശ്വാസം ബലമായി പിടിച്ചു നിറുത്തുമ്പോള്‍ വിയര്‍പ്പ്, വിറയല്‍ മുതലായവ ഉണ്ടാകുമെന്ന് പിന്നീടു പറയുന്നുണ്ട്. അതാണ് ഇവിടെ സൂചിപ്പിച്ചത്. രേചകം 'ശനൈഃ' ആവണമെന്ന് പ്രത്യേകം ഓര്‍ക്കണം. അതായത് പൂരകത്തിലും സാവധാനത്തിലാവണം രേചകം. 'വേഗാത് രേചനേ ബലഹാനിഃ' എന്നാണ് ഫലം.
പ്രാണം ചേദിഡയാ പിബേന്നിയമിതം
ഭൂയോ ള ന്യയാ രേചയേത്
പീത്വാ പിങ്ഗളയാ സമീരണമഥോ
ബദ്ധ്വാ ത്യജേദ് വാമയാ
സൂര്യാ ചന്ദ്രമസോരനേന വിധിനാ
ഭ്യാസം തദാ തന്വതാം
ശുദ്ധാ നാഡിഗണാ ഭവന്തി യമിനാം
മാസത്രയാദൂര്‍ദ്ധ്വതഃ (2-10)
ഇഡയില്‍ കൂടി എടുക്കുന്ന പ്രാണനെ കുംഭകം ചെയ്ത് മറ്റേതിലൂടെ രേചനം ചെയ്യണം. പിംഗളയിലൂടെ എടുക്കുന്നത് കുംഭകത്തിനു ശേഷം ഇടത്തിലൂടെ പുറത്തുവിടണം. ഇങ്ങിനെ സൂര്യചന്ദ്രന്മാരിലൂടെ ഇത്തരത്തില്‍ മൂന്നു മാസത്തിലധികം നിത്യം അഭ്യാസം ചെയ്യുന്ന യമികളുടെ നാഡിവ്യൂഹം ശുദ്ധമായിത്തീരും.
കഴിഞ്ഞ നാലുശ്ലോകങ്ങളിലായി നാഡീശുദ്ധി പ്രാണായാമത്തിന്റെ ക്രമം പറഞ്ഞു. പൂരകത്തേക്കാള്‍ ദീര്‍ഘമാവണം രേചകം എന്നും പറഞ്ഞു. കുംഭകം ചെയ്യണമെന്നും പറഞ്ഞു. ഇവയ്ക്ക് സമയക്രമമുണ്ടോ? അതെങ്ങനെ അളക്കാം?. എന്നൊക്കെ ചോദ്യം വരും. മാത്ര എന്നാണ് സമയത്തിന്റെ ഏകകത്തിനു പറയുക. ഒരു മാത്ര കൊണ്ടു ശ്വാസം ഉള്ളിലേക്കെടുത്താല്‍ 4 മാത്ര കുംഭകം ചെയ്ത് 2 മാത്ര കൊണ്ട് രേചിക്കണം. അതായത് 1:4:2 എന്ന ക്രമം. 
കൈ, ഞൊടിച്ചു കൊണ്ട് കാല്‍മുട്ടിന് ഒരു തവണ ചുറ്റുന്ന സമയമാണ് മാത്ര. മാത്ര എന്നാല്‍ ഒരു സെക്കന്‍ഡ് സമയം എന്നെടുക്കന്നതാണെളുപ്പം. സാധാരണ ഒരു 'ഓം' ചൊല്ലുന്ന സമയമാണ് മാത്രയായെടുക്കുക. 4 ഓമിന് പൂരകം ചെയ്താല്‍ 16 ഓമിന് കുംഭകവും 8 ഓമിന് രേചകവും ചെയ്യണം. തുടക്കക്കാര്‍ ചെറുതില്‍ തുടങ്ങും. ക്രമത്തില്‍ വര്‍ധിപ്പിക്കും. 5:20:10; 6:24:12; എന്നിങ്ങനെ.
ഓമിനു പകരം മന്ത്രം ചേര്‍ക്കുന്ന രീതിയും ഉണ്ട്. ഇതിനെ സഗര്‍ഭ പ്രാണായാമമെന്നാണ് പറയുക.'വഹ്നി ബീജ ഷോഡശേന സൂര്യാനാഡ്യാ ച പൂരയേത്...' എന്ന് ഘേരണ്ഡ സംഹിതയിലുണ്ട്. അതായത് വഹ്നി ബീജം(രം) 16 തവണ ജപിച്ചു കൊണ്ട് വലതു മൂക്കിലൂടെ പൂരകം ചെയ്യണം എന്ന്. അപ്പോള്‍ അത് സഗര്‍ഭമാവും. മന്ത്രം  ചേര്‍ക്കാത്തത് നിഗര്‍ഭവും.
പ്രാണായാമം എപ്പോള്‍, എത്ര തവണ ചെയ്യണം?
പ്രാതര്‍ മധ്യംദിനേ സായം
അര്‍ധരാത്രൗ ച കുംഭകാന്‍
ശനൈരശീതി പര്യന്തം
ചതുര്‍വാരം സമഭ്യസേത്  (2-11)
രാവിലെ, ഉച്ചക്ക്, വൈകുന്നേരം, അര്‍ധരാത്രി എന്നിങ്ങനെ 4 സമയത്ത് ക്രമത്തില്‍ 80 തവണ വരെ ചെയ്യാം.
പ്രഭാതം എന്നാല്‍ അരുണോദയം മുതല്‍ മൂന്നു മണിക്കൂറിനുള്ളില്‍ എന്നെടുക്കാമെന്നാണ് ബ്രഹ്മാനന്ദന്റെ അഭിപ്രായം. മധ്യം ദിനം എന്നാല്‍ പകലിന്റെ മധ്യം. മൊത്തം പകലിനെ 5 ആയി ഭാഗിച്ചാല്‍ മൂന്നാമത്തെ ഭാഗം. സായംസന്ധ്യ എന്നാല്‍ അസ്തമയത്തിന്ന് മുമ്പ് ഒന്നര നാഴിക (36 മിനിറ്റ്)യും ശേഷം ഒന്നര നാഴികയും ചേര്‍ന്ന 3 നാഴിക (24 ഃ 3 = 72 മിനിറ്റ് ). അര്‍ധരാത്രി എന്നാല്‍ രാത്രിയുടെ മധ്യത്തിലെ 4 നാഴിക (24 ഃ 4 = 96 മിനിറ്റ് ).
ഒരു ഇരുത്തത്തില്‍ എത്ര തവണ? അശീതി= 80 തവണ. പക്ഷെ ഒറ്റയടിക്കല്ല. ക്രമത്തില്‍ വര്‍ധിപ്പിച്ചു കൊണ്ടുവരണം (ശനൈഃ). ശരിയായ സാധകന്റെ കാര്യമാണ് നിത്യം 320 പ്രാ
ണായാമം എന്നു പറഞ്ഞത്. പക്ഷെ ഗുരുവിന്റെ മേല്‍നോട്ടം വേണമെന്നു പറയേണ്ടതില്ല. സാധാരണക്കാര്‍ ഒരു തവണ ചെയ്താല്‍ മതിയാകും. അതിരാവിലെ (ബ്രാഹ്മമുഹൂര്‍ത്തം) എഴുന്നേറ്റ് നേതി മുതലായ ക്രിയകള്‍ ചെയ്ത ശേഷം യോഗാസനാഭ്യാസം ചെയ്ത ശേഷം യഥാവിധി ഭക്തിയോടെ ചെയ്യണം. ഘേരണ്ഡസംഹിതയില്‍ പ്രാണായാമം വിധിച്ച ഋതുക്കളുടെ ഗുണദോഷങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
വ്യാഖ്യാനം:  കൈതപ്രം വാസുദേവന്‍ നമ്പൂതിരി

No comments:

Post a Comment