Monday, November 26, 2018

മഹാമന്ത്രമായ ഗായത്രി
~~~~~~~~~~~~~~~~~~~~~
'ഓം' 'ഭുഃ' 'ഭുവഃ "സ്വഃ" 'തത്' 'സവിതു' 'വരേണ്യം' 'ഭർഗോ' 'ദേവസ്യ' 'ധീമഹി' 'ധിയോ' 'യോനഃ' "പ്രചോദയാത്"
മഹാമന്ത്രമായ ഗായത്രിയുടെ വിപുലമായ അർത്ഥം ഹൃസ്വമായി
'ഓം - ന്യായനിരതം, സച്ചിദാനന്ദം, സർവ്വേശ്വരം, സമദർശി, നിയാമകം, പ്രഭു, നിരാകാരം, എന്നെല്ലാം വേദങ്ങൾ വിളിക്കുന്ന ആ മഹനീയതേജസ് എല്ലാ നാമങ്ങളിലും വെച്ച്ശ്രേഷ്ഠവും പാപമില്ലാത്തതും പവിത്രവും ധ്യാനയോഗ്യവുമായ 'ഓം' അല്ലാതെ മറ്റൊന്നുമല്ല.
'ഭുഃ' - വേദാന്തസ്നേഹികൾ പ്രാണനെ 'ഭുഃ' എന്നാണ് വിളിക്കുന്നത്. ഈ പ്രാണനാണ് സമസ്തജീവജാലങ്ങളിലും കുടികൊള്ളുന്നത്. ഈ ലോകത്ത് എല്ലവരും തുല്യരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. അക്കാരണം കൊണ്ട് തന്നെ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കരുതണം
'ഭുവഃ - ലോകത്തിലെ മുഴുവൻ പേരിലും നിറഞ്ഞിരിക്കുന്നതാണ് 'ഭുവഃ' കർമമെന്നത് കർത്തവ്യം എന്നു കരുതിക്കൊണ്ടുചെയ്യുന്നതാണ് ആശയില്ലാതെ കർമത്തിൽ മുഴുകാനായാൽ എപ്പോഴും സന്തോഷം നിറഞ്ഞിരിക്കും.
'സ്വഃ' - മനസ്സിന്റെ ശക്തിക്കുവേണ്ടിയാണ് 'സ്വഃ' നിർദ്ദേശിക്കുന്നത്. ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഏകാഗ്രതയിലുറപ്പിക്കണം. മാത്രമല്ല എല്ലായ്പ്പോഴും സത്യത്തെ മുറുകെപ്പിടിക്കുകയും വേണം
‘തത്' - ജീവിത മരണങ്ങളുടെ നിഗൂഡരഹസ്യങ്ങൾ അറിയുന്നയാളാണ് ബുദ്ധിമാനും പണ്ഡിതനുമെന്നാണ് ' തത്' വെളിപ്പെടുത്തുന്നത്. അങ്ങനെയുള്ളവർ ഭയാസക്തിയില്ലാതെ അനന്തമായ ലോകത്തിൽ തന്റെ ഗതിവിഗതികളിലൂടെ യാത്ര ചെയ്യുന്നു
'സവിതു' - ഓരോരുത്തരും ആദിത്യനെപ്പോലെ ശക്തരായിരിക്കണമെന്നാണ് 'സവിതു ' എന്ന പദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. എല്ലാവിഷയാനുഭൂതികളും സ്വപ്രാണനോടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവും ഇതിലൂടെ ലഭിക്കുന്നു
'വരേണ്യം' - നിത്യസത്യത്തിലേയ്ക്ക് ശ്രദ്ധിക്കാനാണ് ഏവരും ശ്രമിക്കുന്നതെന്ന് 'വരേണ്യം' എന്ന പദത്തിലൂടെ മനസ്സിലാക്കാം. ഉള്ളിൽ ശ്രേഷ്ഠത നിറച്ച് നല്ല മനസ്സോടെ ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്ത് ശ്രേഷ്ഠതയെ പ്രാപിക്കേണ്ടതുമാണ്
'ഭർഗോ' - പാപങ്ങളെ ഇല്ലാതക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ് 'ഭർഗോ' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ദുഷ്ടചിന്തയുടെയും പ്രവർത്തിയുടെയും നാശത്തിനായി എല്ലായിപ്പോഴും പ്രവർത്തിക്കണം.
'ദേവസ്യ' - മരണവിധേയരായ മനുഷ്യർക്കുപോലും ദേവത്വം പ്രാപിക്കാമെന്നാണ് 'ദേവസ്യ' എന്ന പദം കൊണ്ടർഥമാക്കുന്നത്. സഹജീവികളോട് കരുണകാണിക്കുകയും ദീനരെ സാഹായിക്കുകയും ചെയ്താൽ ദേവലോകം ലഭ്യമാക്കും
‘ധീമഹി' - പവിത്രവും പരിശുദ്ധവുമായ ഊർജ്ജത്തെ ഏവരും അകമേ സ്വീകരിക്കണമെന്നാണ് 'ധീമഹി' എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ സുഖമോ ശാന്തിയോ ഉണ്ടാകില്ലെന്ന വേദങ്ങൾ ഓർമ്മിപ്പിക്കുന്നു
'ധിയോ' - ബുദ്ധിതികഞ്ഞവർ വേദശാസ്ത്രങ്ങളിലൂടെയും ആഗമനങ്ങളിലൂടെയും സഞ്ചരിച്ച് ജീവിതവഴി കണ്ടെത്തണമെന്നാണ് 'ധിയോ' എന്ന വാക്ക് ഓർമിപ്പിക്കുന്നത്. ശുദ്ധിനിറഞ്ഞ ബുദ്ധികൊണ്ടുമാത്രമേ സത്യത്തെ തിരിച്ചറിയാനാകൂ
‘യോനഃ' - ഈശ്വരൻ ലഭ്യമാക്കിത്തന്നിട്ടുള്ളതിന്റെ ചെറിയൊരുഭാഗമെങ്കിലും മറ്റുള്ളവർക്കായി നീക്കിവെക്കണമെന്നാണ് ;'യോനഃ' എന്ന പദം ഓർമ്മിപ്പിക്കുന്നത്.
"പ്രചോദയാത്" - ഏതിനെയാണോ വിദ്വാന്മാർ ധർമമെന്നു വിളിക്കുന്നത് ആ സത്യത്തിന്റെ വഴിയിലൂടെയാണ് ഒരുവൻ സഞ്ചരിക്കേണ്ടതെന്നാണ് "പ്രചോദയാത്" എന്ന വാക്കിലൂടെ മനസ്സിലാക്കേണ്ടത്. മാത്രമല്ല, മറ്റുള്ളവരെ ആ മാർഗത്തിലൂടെ യത്രചെയ്യാൻ പ്രേരിപ്പിക്കുകയും വേണം ...rajeev kunnekkat

No comments:

Post a Comment