Wednesday, November 21, 2018

Bodhi dutta.
ശ്രീമത് ത്രിപുരസുന്ദര്യൈ ലളിതാബികായൈ നമഃ
ഈ വിശ്വം മുഴുവൻ ശിവനും ശക്തിയുമാണ് . നിശ്ചലമായതെല്ലാം ശിവനെങ്കിൽ അതിലേക്കൊക്കെ പ്രാണൻ പകർന്നു ചലിപ്പിക്കുന്നത് ശക്തി തന്നെ . ശക്തിയില്ലെങ്കിൽ ചലനമില്ല . ഒന്നുമില്ല . ഭാരതീയ സംസ്‌കൃതി ശക്തിയെന്ന പീഠത്തിൽ ഉയർന്നതും നിലനിൽക്കുന്നതും ആണ് . ജാഗ്രത്ത് ,സ്വപ്നം , സുഷുപ്തി എന്നീ മൂന്നവസ്ഥകൾക്കും സാക്ഷ്യം വഹിക്കുന്ന ശുദ്ധവിദ്യോദയം എന്ന തുരീയാവസ്ഥയിൽ ആണ് ദേവി സ്ഥിതി ചെയ്യുന്നത് . പുരുഷാര്ഥങ്ങളിൽ കാമം അഥവാ അഭീഷ്ട സിദ്ധി ഉണ്ടാവുന്നത് തുരീയാവസ്ഥയിലുള്ള ദേവി ഹേതുവായാണത്രെ . പ്രാണോർജ്ജവും , പരബ്രഹ്മരൂപിണിയും , ശൃംഗാരരസാനുഭാവയുമായ ദേവി ഉപാസകർക്കു സര്വൈശ്വര്യവും ആഗ്രഹസിദ്ധിയും പ്രദാനം ചെയ്യന്നു .
വൃശ്ചികത്തിലെ കാർത്തികയും പൗര്ണമിയും ഒരുമിച്ചു വരുന്ന ദിനം ശക്തിയുടെ ജന്മദിനമായി , തൃക്കാർത്തികയായി ആഘോഷിക്കുന്നു .ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കും കേരളമൊട്ടാകെ ഹിന്ദുക്കൾ നാളെ തൃക്കാർത്തിക ആഘോഷിക്കും .
തൃക്കാർത്തിക വ്രതം മൂന്നു ദിവസത്തെ വ്രതാനുഷ്ടാനമാണ്‌ . ഭരണിനാളിൽ ഗൃഹശുദ്ധി വരുത്തുന്നു . പകലുറക്കം , എണ്ണ തേച്ചുള്ള കുളി ,മത്സ്യമാംസാദികൾ അടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കി വ്രതം അനുഷ്ഠിക്കുന്നു . പിറ്റേ ദിവസം തൃക്കാർത്തിക ഏറ്റവും വിശേഷ ദിവസമാണ് . ദേവി അന്ന് ഭൂമിയിൽ വസിക്കുന്നു എന്നാണ് വിശ്വാസം . വ്രതത്തിന്റെ ഭാഗമായി ലളിതമായ ഭക്ഷണമോ ,പകലൂണായി ഒരിക്കലോ ആണ് ആചരണം . തിരുവാതിരക്കു സമാനമായി എട്ടങ്ങാടി പുഴുക്കുണ്ടാക്കി ദേവിക്ക് നേദിക്കാറുണ്ട് . ലളിതാ സഹസ്രനാമം , മഹാലക്ഷ്മിസ്തവം എന്നിവ ജപിക്കുന്നു സന്ധ്യക്കാണ്‌ ‌ ദേവി ഗൃഹങ്ങൾ സന്ദർശിക്കുക എന്നാണ് വിശ്വാസം . സന്ധ്യക്ക്‌ വീടുകളിൽ ദേവിയെ സ്വീകരിക്കാൻ ചിരാതുകളും ദീപങ്ങളും ഒരുങ്ങും . അടുത്ത ദിവസം രോഹിണി നാളിലും വ്രതം അനുഷ്ടിച്ചാണ് തൃക്കാർത്തിക ആഘോഷം പൂര്ണമാവുക .
തൃക്കാര്ത്തികക്കു സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളും ഉണ്ട് . സുബ്രഹ്മണ്യനെ വളർത്തി പരിപാലിച്ച കൃതിക ദേവന്മാർ കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായാണ് കണക്കാക്കപ്പെടുന്നത് . തുളസി ദേവിയുടെ ജന്മദിനവും അന്നേ ദിവസമത്രെ . ദേവി ക്ഷേത്രങ്ങളിൽ അന്നേ ദിവസം വിശേഷ പൂജകൾ നടക്കുന്നു . നിറദീപം , നെയ്‌വിളക്ക് , നാരങ്ങാ വിളക്ക് എന്നിവയൊക്കെ ദേവീക്ഷേത്രങ്ങളിലെ വഴിപാടാണ് . ചക്കുളത്തു കാവ് ദേവീക്ഷേത്രത്തിൽ അന്നേ ദിവസം പൊങ്കാല മഹോത്സവം കൊണ്ടാടുന്നു . കുമാരനെല്ലൂർ ദേവിയുടെ പള്ളിവേട്ടയും കാർത്തികക്കാണ് . ആറാട്ടു കഴിഞ്ഞെത്തുന്ന ദേവിയെ ദർശിക്കാൻ അന്നേ ദിവസം വടക്കുംനാഥൻ ശ്രീകോവിലിൽ നിന്നിറങ്ങി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു കാത്തുനിൽക്കുമെന്നാണ് വിശ്വാസം . അതുകൊണ്ടു കാർത്തിക നാൾ ഭഗവാന് മധ്യപൂജ തെക്കുഭാഗത്താണ് നടക്കുക .
ആഘോഷങ്ങൾ ഒരു ദീപ ശിഖയാണ് . തലമുറകൾ കൈമാറുന്ന സംസ്കൃതികളുടെയും , ആചാരാനുഷ്ഠാനത്തിന്റെയും , ജ്ഞാനത്തിന്റെയും , അസ്തിത്വത്തിന്റെയും ദീപശിഖ . തലമുറകൾ കെടാതെ സൂക്ഷിക്കുന്ന വെളിച്ചം . അത് കൊണ്ട് തന്നെ ആഘോഷങ്ങൾ ആഹ്ലാദവും , സന്തോഷവും മാത്രമല്ല ഉത്തരവാദിത്വവുമാണ് . അടുത്ത തലമുറക്കു വേണ്ടി ചെയ്യുന്ന ധർമകർമങ്ങൾ . നിറദീപങ്ങളോടും വ്രതശുദ്ധിയോടും ജപ ശക്തിയോടും തൃക്കാർത്തിക ഗംഭീരമാവട്ടെ . ദേവി പരിപാലിച്ച് ,എല്ലാ അഭീഷ്ടങ്ങളും പ്രദാനം ചെയ്യട്ടെ .
യാ ദേവി സര്‍വ്വ ഭൂതേഷു
ത്രി മൂര്‍ത്തിരൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:

No comments:

Post a Comment