Wednesday, December 26, 2018

*ശ്രീമദ് ഭാഗവതം 12*

 *സത്യം എന്താ.*

ജന്മാദ്യസ്യ യത: അന്വയാദ്  ഇതരതശ്ചാർദ്ധ അർത്ഥേഷു അഭിജ്ഞസ്വരാട്

ജന്മ മുതലായ സൃഷ്ടി സ്ഥിതി സംസാരം ഒക്കെ അസ്യ യത:

 ഈ പ്രപഞ്ചമൊക്കെ കാണുന്നുണ്ട്. ഭഗവാനെ കാണാൻ വയ്യ. ഏത് ഉൺമയോ അത് കാണപ്പെടുന്നില്ല്യ. ചിലര് ചോദിക്കും, ബ്രഹ്മം സത്യമാണെങ്കിൽ അത് ഞങ്ങൾക്ക് കാണാൻ സാധിക്കണില്ല്യല്ലോ. ഋഷികൾ പറയുന്നത് നിങ്ങൾ കാണുന്നത് സത്യമല്ല. *കാണുന്നവനാണ്* *സത്യം, ഉൺമ.*

കാണപ്പെടുന്നതൊക്കെ ഒരു കാലത്ത് മറഞ്ഞു പോകും. സൃഷ്ടി സ്ഥിതി സംസാരം ഒന്നും ശാശ്വതമല്ല. മുമ്പില് ഈ ജഗത് കാണുന്നു. ജഗത് പരിണമിച്ചുകൊണ്ടിരിക്കുന്നു. അനുസ്യൂതം ചലിച്ചു കൊണ്ടേ ഇരിക്കുന്നു. എന്തെങ്കിലും ഒരു ക്ഷണനേരം നിക്കണ്ടോ നോക്കൂ.

ക്ഷണികവിജ്ഞാനവാദികൾ ബൗദ്ധന്മാര് പറയും ഒരേ നദിയെ രണ്ടാമത്തെ പ്രാവശ്യം തൊടാൻ പറ്റില്ല്യാന്ന് പറയും. നമ്മള് ഒരേ ഗംഗയാണ് തൊടണത്. പക്ഷേ അടുത്ത ക്ഷണം ആ വെള്ളം പോയിക്കഴിയും. അതേപോലെ അനുസ്യൂതം നമ്മുടെ ശരീരം പരിണമിച്ചുകൊണ്ടേ ഇരിക്കുന്നു. മനസ്സ് പരിണമിച്ചുകൊണ്ടേ ഇരിക്കുന്നു. അനുസ്യൂതം നമ്മള് കാണുന്ന വസ്തുക്കളൊക്കെ പരിണമിച്ചുകൊണ്ടേ ഇരിക്കുന്നു. എല്ലാം നാശോന്മുഖമാണ്.

നമ്മളുടെ ജീവിതം തന്നെ ആലോചിച്ചു നോക്കിയാൽ കാണാം. കുറച്ച് ദിവസം മുമ്പാണ് സ്കൂളിൽ പഠിച്ചത്. അപ്പഴേക്കും ദാ വയസ്സായിരിക്കണു. പേരക്കുട്ട്യോളും മക്കളുമൊക്കെയായി ഇരിക്കാൻ തുടങ്ങി. എപ്പഴാ സമയം പോയതെന്ന് ആലോചിച്ചു നോക്കിയാൽ ഒന്നും കാണാൻ വയ്യ.

ആയുർ നശ്യതി പശ്യതാം പ്രതിദിനം.
 വ്യാധി ക്ഷയം യൗവ്വനം.

ഇങ്ങനെ പോയിക്കൊണ്ടേ ഇരിക്കുന്നു. ഇങ്ങനെ പരിണമിക്കുന്നതിന്റെ പേരാണ് ജഗത്. സ്ഥൂലമായി ലോകം എന്ന് അർത്ഥം പറഞ്ഞാലും ജഗത് എന്നാൽ ചലിക്കുന്നത് എന്നർത്ഥം.

ജഗേന ഗച്ഛതി ഇതി ജഗത്.  ജായതേ ഗച്ഛതി .

 ഉള്ളത് പോലെ തോന്നുന്നത്.

 നമ്മള് അനുഭവിക്കുമ്പോൾ വളരെ വാസ്തവം. ഞാൻ കാണുന്നുവല്ലോ. അനുഭവിക്കുന്നുവല്ലോ. പക്ഷേ ഈ അനുഭവം നിത്യമായി നില്ക്കണ്ടോ. വളരെ പ്രബലമായ ഒരു അനുഭവം ഈ സത്സംഗം തന്നെ ഇവിടെ ഇരിക്കണു കേൾക്കണു . കുറേ ദിവസം കഴിഞ്ഞ് ഈ സത്സംഗത്തെ പറ്റി ഒന്ന് ആലോചിച്ചു നോക്കിയാൽ തലേ ദിവസം കണ്ട സ്വപ്നവും ഈ സത്സംഗവും ഓർമ്മിക്കുന്നത് ഒരു പോലെ തന്നെ ആവും. രണ്ടും ഓർമ്മയിൽ വരണു പോകണു. എനിക്ക് 35 വയസ്സായി എന്ന് പറഞ്ഞാൽ ഈ 35 വയസ്സ് ബുദ്ധിയിലേ ഉള്ളൂ. അനുഭവത്തിൽ ഇല്ല്യ. പക്ഷേ എപ്പോഴും ഉള്ള ഒരു വസ്തു .

ഏകാത്മപഞ്ചകത്തിൽ രമണഭഗവാൻ പാടണ്ട്

എപ്പോഴുദും ഉള്ളദ് ഏകാത്മവസ്തുവേ
അപ്പൊഴുദ് വസ്തുവൈ യാദി ഗുരു സെപ്പാദ്

എപ്പോഴും ഉള്ള പൊരുൾ,  ഈ ജഗത് പരിണമിച്ചുകൊണ്ടേ ഇരിക്കണ്ട്. ഈ ജഗത്തിനെ കാണുന്ന ആള് ഒരു മാറ്റവും കൂടാതെ എപ്പോഴും ഉള്ള പൊരുൾ ആണ്. ഈ ലോകം എവിടെ ഉണ്ടായി എവിടെ നിന്നു എവിടെ ലയിച്ചു വെച്ചാൽ കാണുന്നവനിൽ ഉണ്ടായി കാണുന്നവനിൽ നില്ക്കുന്നു. കാണുന്നവനിൽ തന്നെ ലയിക്കുകയും ചെയ്യുന്നു. ദിവസവും ഒരു പ്രളയമുണ്ട് നമുക്ക്. രാത്രി ഉറങ്ങാൻ പോവുമ്പോ ലോകമില്ല്യ ,ശരീരമില്ല്യ, മനസ്സില്ല്യ ഞാൻ എന്ന് പറയുന്ന വ്യക്തിത്വവും ഇല്ല്യ സുഖായി ഉറങ്ങി.  നേരം വെളിച്ചായപ്പോൾ മനസ്സ് വിരിഞ്ഞു. ഞാൻ എന്ന അഹങ്കാരം പൊന്തി. ലോകം പൊന്തി. ഈ ലോകം എവിടെ പൊന്തി. എന്നിൽ പൊന്തി. എവിടെ ലയിച്ചു. എന്നിൽ തന്നെ ലയിച്ചു. ഇതിന് കാരണമായി ആര് നില്ക്കണു. ഞാൻ തന്നെ നില്ക്കണു. ഈ ലോകം ഉണ്ട് എന്ന് ആര് പറയണു. ഞാൻ പറയണു. അപ്പോ സകല അനുഭവങ്ങളും എവിടെ നില്ക്കണു. എന്നിൽ നില്ക്കണു. ആര് അനുഭവിക്കണു. ഞാൻ തന്നെ.

 യാജ്ഞ്യവല്ക്യനോട് ഈ ഭൂമി എവിടുന്നണ്ടായി ന്ന് ചോദിച്ചു. യാജ്ഞ്യവല്ക്യൻ പറഞ്ഞു. ഗാർഗ്ഗീ, ഈ ഭൂമി വെള്ളത്തിൽ നിന്നാ ണ്ടായത്. വെള്ളം എവിടെ നിന്ന് ണ്ടായി. അഗ്നിയിൽ നിന്നാണ്. അഗ്നി എവിടെ നിന്ന് ണ്ടായി. വായുവിൽ നിന്ന് ണ്ടായി. വായു എവിടന്ന് ണ്ടായി. വായു എവിടെയാ നില്ക്കണത്. ആകാശത്ത്. ആകാശത്ത് ചലിക്കുന്നു .
ആകാശം എവിടെ ണ്ടായി ന്ന് ചോദിച്ചു. യാജ്ഞ്യവല്ക്കന് ആദ്യം ദേഷ്യം വന്നു. ഗാർഗ്ഗീ, അതിര് കടന്നു ചോദിക്കരുത് ന്ന് പറഞ്ഞു. അപ്പോ ഗാർഗ്ഗി പറഞ്ഞു തനിക്കറിയില്ല്യ അതുകൊണ്ടാ താൻ ദേഷ്യപ്പെടണത് ന്ന് യാജ്ഞ്യവല്ക്കനോട് പറഞ്ഞു. അപ്പോ അദ്ദേഹം ഗാർഗ്ഗിയോട് പറഞ്ഞു തനിക്ക് ഞാൻ പറഞ്ഞു തരാം. ആകാശം ഉണ്ട് എന്ന് ആര് അനുഭവിക്കുന്നുവോ ആ അനുഭവിക്കുന്നവനിൽ ആണ് ആകാശം ണ്ടായത്. നമ്മള് ഉറങ്ങുന്ന സമയത്ത് ആകാശം ഒന്നൂല്ല്യ ല്ലേ മനസ്സ് ലയിച്ചു കഴിയുമ്പോ ആകാശവും അറിയിണില്ല്യ ഒന്നും അറിയിണില്ല്യ. മനസ്സ് ഉണരുമ്പോ എല്ലാം പൊന്തുന്നു. അപ്പോ സകല അനുഭവങ്ങളുടേയും ഉറവിടം ആത്മാവാണ്. സുഷുപ്തിയിലും ഏതൊരു വസ്തു ണ്ടോ ആ ആത്മവസ്തുവിൽ ആണ് പ്രപഞ്ചം മുഴുവൻ നില്ക്കണത്. ആ ആത്മവസ്തുവിലാണ് സൃഷ്ടി ണ്ടാവണത് സ്ഥിതി ലയം എല്ലാം ണ്ടാവണത്.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi Prasad 

No comments:

Post a Comment