Thursday, December 27, 2018

*ശ്രീമദ് ഭാഗവതം 13*

സ്ഥിത്യുത്ഭവ പ്രളയ ഹേതുരഹേതുരസ്യ
യത് സ്വപ്നജാഗ്രസുഷുപ്തിഷു സദ്ബഹിശ്ച
ദേഹേന്ദ്രിയാസുഹൃദയാനി ചരന്തി യേന
സഞ്ജീവിതാനി തദവേഹി പരം നരേന്ദ്ര:

സൃഷ്ടി ഉത്ഭവം പ്രളയം ഇതിനൊക്കെ ഹേതു ആയിട്ട് ജാഗ്രത് സ്വപ്നം സുഷുപ്തി നമുക്ക് മൂന്നവസ്ഥകൾ ണ്ട്. രാത്രി നന്നായി ഉറങ്ങിയിട്ടില്ലെങ്കിൽ ഇപ്പഴും ഉറക്കം ണ്ടാവും. നമ്മുടെ ജാഗ്രദവസ്ഥയിൽ നിദ്ര വന്നു കലരുമ്പോൾ സ്വപ്നവും ണ്ടാവും ലയവും ണ്ടാവും. ജാഗ്രദ് അവസ്ഥ സാക്ഷാത്ക്കാരമാണ് ഒരു വിധത്തിൽ പറഞ്ഞാൽ. പക്ഷേ ജാഗ്രദവസ്ഥയിൽ ചിത്തവിക്ഷേപം, സങ്കല്പവികല്പാത്മകമായ സ്വപ്നം. അത് നിദ്രയുടെ  contribution ആണ്.   നിദ്രയും സ്വപ്നവും ചേർന്നിട്ടാണ് ജാഗ്രദവസ്ഥയിലെ നമ്മുടെ സാക്ഷാത്ക്കാരത്തിനെ ഇല്ലാതാക്കുന്നത്.

മൂന്ന് അവസ്ഥകൾ ജാഗ്രത്, സ്വപ്നം സുഷുപ്തി. ജാഗ്രത്തിൽ ശരീരം ണ്ട് മനസ്സ് ണ്ട് ഞാൻ ണ്ട്. സ്വപ്നത്തിൽ ശരീരം ല്ല്യ. മനസ്സ് പ്രവർത്തിക്കണു. ഞാൻ ണ്ട്. സുഷുപ്തി അവസ്ഥയിൽ ശരീരവും പ്രവർത്തിക്കണില്ല്യ മനസ്സും പ്രവർത്തിക്കണില്ല്യ. ഈ വ്യക്തിരൂപത്തിലുള്ള ഞാനും ല്ല. എന്നാലും ഞാൻ ണ്ട് ജീവനുണ്ട്. അപ്പോ ശരീരവും മനസ്സും ഉള്ളപ്പഴും ഞാൻ ണ്ട്. ശരീരവും മനസ്സും ഒന്നും ഇല്ലാത്തപ്പഴും ഞാൻ ണ്ട്. ഇതാണ്

അന്വയാദ് ഇതരതശ്ചാർദ്ധ അർത്ഥേഷു അഭിജ്ഞ:

ശരീരം മനസ്സ് ബുദ്ധി ഒക്കെ ഉള്ളപ്പഴും അതൊന്നും ഇല്ലാത്തപ്പോഴും
 അഭിജ്ഞ:
ക്ഷേത്രജ്ഞ: സ്വയം ജ്യോതി: അവബോധസ്വരൂപ:

എല്ലാത്തിനേയും പ്രകാശിപ്പിച്ചു കൊണ്ട് ഉണ്ട് ഉണ്ട് ഉണ്ട് എന്നുള്ള കേവല അനുഭവസ്വരൂപമായി അറിവേ സ്വരൂപമായി സാന്ദ്ര ആനന്ദ അവബോധസ്വരൂപമായിട്ട് ഏതൊരു ഗുരുവായൂരപ്പൻ വിളങ്ങുന്നുവോ ഈ ശരീരമേ ഗുരുവായൂരാണപ്പോ ഗുരുവും ഇതിനകത്തുണ്ട്  പവനനും(വായു) ഇതിനകത്തുണ്ട്. നവദ്വാരപുരവുമാണ് ഈ ശരീരം.ആ ഹൃദയത്തിൽ ഉറക്കത്തിൽ ഇതൊക്കെ ചെന്ന് ലയിക്കുമ്പോഴും ഏതൊരാൾ ഉണർന്നിരിക്കുന്നുവോ ആ വസ്തുവിനാണ്

അഭിജ്ഞ: സ്വരാട്.

സ്വരാട് എന്നാ സ്വയം പ്രകാശം . ഇപ്പൊ ഇവിടെ മുഴുവൻ ഇരുട്ടാക്കിയാൽ അടുത്ത ആള് ഉണ്ടോ ഇല്ലയോ ന്ന് നമുക്കറിയില്ല്യ. പക്ഷേ ഞാൻ ഉണ്ടെന്ന് സംശയമില്ലാതെ അറിയാം. അഹം അസ്മി എന്ന അനുഭവം. അതിന് പേരാണ് സ്വരാട്. സ്വയം പ്രകാശം. ആരും പറഞ്ഞു തരാതെ ബോധിപ്പിക്കാതെ ഞാൻ ഉണ്ട് എന്ന അനുഭവം ആണ് ബോധാനുഭവം. അത് സ്വയം പ്രകാശമായ വസ്തു ആണ്. സ്വരാട്.

തേനേ ബ്രഹ്മ ഹൃദാ യ ആദി കവയേ മുഹ്യന്തി യൽ സൂരയ:

സ്വയം പ്രകാശമാണ് ശരീരമല്ല മനസ്സല്ല ജാഗ്രത് സ്വപ്ന സുഷുപ്തി കൾക്കൊക്കെ സാക്ഷി ആണ്. യുക്തി കൊണ്ട് പിടികിട്ടി. അത് ഞാൻ ഞാൻ എന്ന അനുഭവരൂപത്തിൽ ഹൃദയത്തില് പ്രകാശിക്കണ്ട്.

ഒക്കെ ശരി. ആ നിത്യനിരന്തരമായ അനുഭവത്തിൽ രമണം എങ്ങനെ ണ്ടാവും. ആ വസ്തുവാണ് ഞാൻ എന്ന രീതിയിലുള്ള പ്രതിഷ്ഠ.complete abidance in truth. സത്യത്തിൽ അടങ്ങി താൻ അതായി ഇരിക്കും. അതെങ്ങനെ ണ്ടാവും. ഉപദേശ ഉണ്ടിയാറില് ഒരു പാട്ട് ണ്ട്.

തന്നൈ ഉപാധി വിട്ട് ഓർവദുതാൻ ഈശൻ തന്നൈ ഉണർവ്വദാം തന്നൈ ഒളിർവദാൽ

ശരീരമോ മനസ്സോ അല്ലാതെ സ്വയം ബോധസ്വരൂപനായ ശ്രീശുകമഹർഷിയെ പോലെ ഒരു ആചാര്യൻ പക്വിയായ ഒരു ശിഷ്യന് തത്വമസി അത് നീയാണ് എന്ന് ഉപദേശിക്കുകയോ അല്ലെങ്കിൽ ആ സ്ഥിതിയിൽ ഇരുന്നു കൊണ്ട് ഒന്ന് നോക്കിയാൽ മതീന്നാണ്. വലിയ പ്രഭാഷണം ന്നും വേണ്ട. ആ സ്ഥിതിയിൽ ഇരുന്നു കൊണ്ട് ഒരു നോട്ടമോ ഒരു വാക്കോ ഉപദേശമോ എന്തെങ്കിലുമൊക്കെ ണ്ടായാൽ

 തേനേ ബ്രഹ്മ ഹൃദാ യ ആദി കവയേ.

ആദി കവി ബ്രഹ്മാവാണ്. ഭഗവാൻ ബ്രഹ്മാവിന് ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് ബ്രഹ്മവിദ്യ കൊടുത്തപോലെ തന്നെ, ഈ സത്യത്തിന്റെ അനുഭവം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പകർത്തപ്പെടും. ബുദ്ധിയിൽ നിന്ന് ബുദ്ധിയിലേക്കല്ല. ചിത്തവൃത്തികൾ ഒന്നുമില്ലാതെ ശ്രവണം ചെയ്യുമ്പോ മനസ്സും ബുദ്ധിയും ഒന്നും പ്രവർത്തിക്കണില്ല്യ. നേരേ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്. നമ്മുടെ ഉള്ളിലിരുന്ന് ഭഗവാൻ ഇത് പിടിച്ചെടുക്കും. ഭഗവാൻ ഇവിടെ ഇരുന്ന് പറയണം. ഭഗവാൻ അവിടെ ഇരുന്നു കേൾക്കണം. ഞാൻ പറയാൻ പാടില്ല്യ. നിങ്ങൾ കേൾക്കാൻ പാടില്ല്യ. ഭഗവാൻ പറയണം. ഭഗവാൻ കേൾക്കണം. അപ്പോ നമ്മളെല്ലാം ഭഗവദ് സ്വരൂപാവും.
ശ്രീനൊച്ചൂർജി
 *തുടരും. .*

No comments:

Post a Comment