Monday, December 31, 2018

ദേവഹൂതിയുടെ ഉദരത്തില്‍ വളരുന്ന കപിലാവതാരത്തെ സങ്കല്‍പിച്ച് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി.ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവഹൂതിക്ക് ആശ്വാസജനകമായ വിധം ചിലവാര്‍ത്തകള്‍ അറിയിച്ചു. കര്‍ദമ മഹര്‍ഷിക്ക് ജനിച്ച കന്യകമാരെ ആര്‍ക്കു വിവാഹം കഴിച്ചു നല്‍കണമെന്നതിന് ചില നിര്‍ദേശങ്ങളും മഹര്‍ഷിക്കു നല്‍കി. പുത്രിമാരെ മരീച്യാദി മഹര്‍ഷിമാര്‍ക്ക് കന്യാദാനം ചെയ്യണം.
ജ്ഞാനവിജ്ഞാന യോഗേന കര്‍മണാമുദ്ധരഞ്ജടാഃ
ഹിരണ്യകേശഃ പത്മാക്ഷഃ പത്മമുദ്രാപദാംബുജഃ
ഏഷ മാനവി തേ ഗര്‍ഭം പ്രവിഷ്ടകൈടഭാര്‍ദനഃ
അവിദ്യാ സംശയ ഗ്രന്ഥിം ചിത്വാഗാം വിചരിഷ്യതി
ഹേ ദേവഹൂതി, തൃപ്പാദങ്ങളില്‍ താമരയടയാളമുള്ള താമരക്കണ്ണന്‍ ശ്രീപത്മനാഭന്‍ നിന്റെ ഗര്‍ഭത്തില്‍ അവതാരം കൊണ്ട് വളരുന്നതായി ഞാന്‍ അറിയുന്നു. മധുകൈടഭന്മാരെ വധിച്ച് എന്റെ ഭയത്തെ നശിപ്പിച്ച ആ ജനാര്‍ദനന്‍ നിന്റെ ഉള്ളിലെ സംശയഗ്രന്ഥികളാകുന്ന അവിദ്യയെ നശിപ്പിച്ച് നിന്നില്‍ ജ്ഞാനവിജ്ഞാനാദികളെ പ്രകാശിപ്പിക്കും. യോഗ ശാസ്ത്രത്തെ സംബന്ധിച്ച് നിന്നില്‍ ഉണര്‍ന്നിട്ടുള്ള സംശയങ്ങളേയും ആ ഭഗവദ് ചൈതന്യം നശിപ്പിക്കും. അതിന്റെ വിശദമായ പടവുകള്‍ കടന്നുചെല്ലാന്‍ നിന്നെ സഹായിക്കും. ആ ഭഗവാന്‍ കപിലാചാര്യന്‍ എന്നും സാംഖ്യാചാര്യന്‍ എന്നും അറിയപ്പെടും. യോഗികളുടേയും സിദ്ധഗണങ്ങളുടേയും എല്ലാം നല്ല ഒരു ആചാര്യനായി അദ്ദേഹം ലോകത്ത് ജ്ഞാനപ്രകാശം പരത്തും.
ദേവഹൂതിയേയും കര്‍ദമനെയും അനുഗ്രഹിച്ചുകൊണ്ട് ബ്രഹ്മദേവന്‍ അപ്രത്യക്ഷനായി. ബ്രഹ്മനിര്‍ദേശമനുസരിച്ച് തന്റെ ഒന്‍പതു പുത്രിമാരെയും കര്‍ദമന്‍ മരീച്യാദികള്‍ക്ക് കന്യാദാനമായി നല്‍കി.
മരീചിക്ക് കലയേയും അത്രിക്ക് അനസൂയയേയും അംഗിരസിന് ശ്രദ്ധയേയും പുലസ്ത്യന് ഹവിര്‍ഭുവിനേയും നല്‍കി. പുലഹനായിക്കൊണ്ട് ഗതിയേയും ക്രുതുവിനായി ക്രിയയെയും നല്‍കി. ഖ്യാതിയെ ഭൃഗുവിനു ലഭിച്ചു. വസിഷ്ഠന് അരുന്ധതിയെയാണ് ലഭിച്ചത്. അഥര്‍വാവിന് നല്‍കിയത് ശാന്തിയെയാണ്.
കലയില്‍ വാസനയുള്ളവനാണ് മരീചി. ആരോടും അസൂയയില്ലാത്ത അനസൂയയെ ഭാര്യയായി ലഭിച്ചതില്‍ ബ്രഹ്മാവിന്റെ കണ്ണില്‍നിന്ന് ജനിച്ച അത്രിമഹര്‍ഷിയും സന്തുഷ്ടനാണ്. നേര്‍ക്കാഴ്ച കാണുന്നവനാണ് അത്രിമഹര്‍ഷി. വ്യക്തികളെ പല ദൃഷ്ടിയില്‍ നോക്കുന്ന പ്രകൃതം അത്രിമഹര്‍ഷിക്കില്ല. എല്ലാവരേയും ഒരേപോലെ, ഒരേ ദൈവത്തിന്റെ ചൈതന്യമായിക്കാണാനാണ് ആ മഹര്‍ഷിക്കിഷ്ടം. ഒരു നോട്ടത്തില്‍പോലും കരിങ്കണ്ണിന്റെ പ്രകൃതം മഹര്‍ഷിക്കില്ല.
ചതുര്‍വേദങ്ങളും നന്നായി അഭ്യസിച്ച് ജപിക്കുകയും പ്രയോഗിക്കുകയും ചെയ്തു വന്ന ഒരു ആചാര്യനായിരുന്നു അംഗിരസ്. ബ്രഹ്മാവിന്റെ മുഖത്തുനിന്നുല്‍ഭവിച്ച ഈ മഹര്‍ഷിക്ക് കര്‍മങ്ങളില്‍ നല്ല ശ്രദ്ധ ആവശ്യമായിരുന്നു.
ബ്രഹ്മാവിന്റെ ചെവിയില്‍നിന്നുല്‍ഭവിച്ച പുലസ്ത്യന്‍ യജ്ഞകര്‍മങ്ങള്‍ ഏറെ ചെയ്തുവന്നു. അതിനാല്‍ അഗ്നിസ്വരൂപയായ ഹവിര്‍ഭുവിനെ ഭാര്യയായി ലഭിച്ചു. ബ്രഹ്മനാഭിയില്‍നിന്നുണ്ടായ പുലഹന്‍ കര്‍മഗതിയെത്തന്നെയാണ് ഭാര്യയായി സ്വീകരിച്ചത്.  യാഗകര്‍മങ്ങള്‍ ചെയ്യുന്ന ക്രതുവിന് യാഗകര്‍മമാകുന്ന ക്രിയയെത്തന്നെ ലഭിച്ചു. ബ്രഹ്മാവിന്റെ ത്വക്കില്‍നിന്നു ജനിച്ച ഭൃഗുമഹര്‍ഷിക്ക് ആകാശത്തോളം പരപ്പുള്ള ഖ്യാതിയെ ഭാര്യയായി കിട്ടി.
വസിഷ്ഠന്‍ ശ്രേഷ്ഠനാണ്. ദേവപ്രീതികളുളവാക്കാന്‍ പാകത്തിന് ശ്രേഷ്ഠകര്‍മങ്ങള്‍ ചെയ്യുന്നവന്‍. പ്രകാശത്തെ നല്‍കുന്നവളാണ് അരുന്ധതി. ശ്രേഷ്ഠകര്‍മങ്ങള്‍ക്കുള്ള ഫലമായ ജ്ഞാന പ്രകാശത്തോടുകൂടിയവളാണ് അരുന്ധതി.
മംഗളം നല്‍കുന്നവനാണ് അഥര്‍വാവ്. മംഗളകര്‍മത്തിന് ചേരുന്നത് ശാന്തിയാണ്. അതിനാല്‍ അഥര്‍വാവിന് ശാന്തിയെ ലഭിച്ചു...ap jayasnkar

No comments:

Post a Comment