Sunday, December 30, 2018

ആത്മീയ ചര്യ
ഒന്ന് - ജിജ്ഞാസ: ജീവിതത്തിൽ ശാശ്വതമായ സുഖമന്വേഷിച്ച് പല പല വസ്തുക്കളുമായി ഇടപഴകി, അവയിലൊക്കെ വ്യവഹരിച്ചുനോക്കി. സുഖമുണ്ടാവുമെന്നു കരുതി പല കർമ്മങ്ങൾ ചെയ്തുനോക്കി; ചിലതിൽനിന്നും അല്പകാലത്തേക്ക് ഒരു സുഖമൊക്കെ കിട്ടി, എന്നാൽ കാലക്രമേണ അതും ദുഖത്തിന് വഴിമാറി. അങ്ങനെ, അന്വേഷിച്ചുനടന്ന ശാശ്വതമായൊരു സുഖം ഈ ലോകത്തുനിന്നും ഉണ്ടാവില്ലെന്ന് വ്യക്തമായി ബോധ്യപ്പെട്ടു. ആ ഒരു തിരിച്ചറിവാകുന്ന വൈരാഗ്യമേർപ്പെട്ടു. അങ്ങനെയെങ്കിൽ സുഖം എന്ന അനുഭവം ഒരിക്കലും ഇല്ലേ എന്ന അന്വേഷണമായി; അങ്ങനെ ചിലരില്നിന്നൊക്കെ അറിയാൻ കഴിഞ്ഞു ശാശ്വതമായ സുഖം ഉണ്ട് എന്ന്, അങ്ങനെ അനുഭവിച്ചവർ ഇവിടെ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട് എന്ന്. അങ്ങനെ ശാശ്വതമായ ആ സുഖത്തിനുവേണ്ടി മറ്റെന്തും ത്യജിക്കാൻ തയ്യാറായി, അതിലേക്ക് ഒരു നിശ്ചയം ഏർപ്പെട്ടു. ഇതാണ് ജിജ്ഞാസ.
രണ്ട് - സാധന: നിലത്തിൽ കൃഷി ഇറക്കുന്നതിനു മുമ്പായി നിലത്തിലുള്ള കുറ്റിക്കാടുകളും കളകളും പറിച്ചുമാറ്റി, നിലം നല്ലപോലെ ഉഴുതുമറിച്ചിട്ടു. ശാശ്വതമായ വസ്തുസത്യം ബോധ്യപ്പെടണമെങ്കിൽ ആദ്യം ഉള്ളം ശുദ്ധമാകണം; ഇങ്ങനെ ഉള്ളം ശുദ്ധമാക്കുന്ന നാമപജാദി ജീവിതാനുഷ്ഠാന പദ്ധതികൾ ആണ് സാധന.
മൂന്ന് - ഗുരുലാഭം: ശാശ്വതവസ്തുലാഭത്തിനായി ഉള്ളം ശുദ്ധമാക്കിവച്ച ജീവന്റെയടുത്തേക്കു ആ പരമസത്യംതന്നെ ഏതെങ്കിലും ആചാര്യന്റെ രൂപത്തിൽ ഈ ജീവന്റെയടുത്തേക്കു വരും; എന്നിട്ട് ഒരുക്കിവച്ച ഹൃദയമാകുന്ന നിലത്തു ഒളിഞ്ഞുകിടക്കുന്ന ആത്മസ്വരൂപമാകുന്ന വിത്തിനെ കാണിച്ചുകൊടുക്കുന്നു. അത് കാണുന്ന നിമിഷം ജീവന് ഗുരുലാഭം ഉണ്ടായെന്നു പറയാം.
നാല് - ധ്യാനം: ആത്മീയാചര്യയിലെ ഏറ്റവും സുപ്രധാനമായ സംഗതി. ഗുരുപദേശം കൊണ്ട് കാണപ്പെട്ട വസ്തുവിത്തിനോട് അഗാധമായ പ്രണയവും ആദരവും ശരണാഗതിയും ഉണ്ടായി, അതിനോട് പരമഭക്തിയാകുന്ന വെള്ളമൊഴിച്ച്, ആ വസ്തുവിനോട് നിത്യനിരന്തരശ്രദ്ധയാകുന്ന വളമിട്ടുകൊടുത്ത്, പുറമെനിന്നും ഇനിയൊന്നും ഉള്ളിലേക്ക്‌കടക്കാത്തവിധം വൈരാഗ്യമാകുന്ന വേലി കെട്ടിത്തിരിച്ച് ആ വിത്തിനെ വളർത്തിവലുതാക്കുന്ന സുപ്രധാനമായ അനുഷ്ഠാനമാണ് ധ്യാനം. ശ്രദ്ധയും ഭക്തിയും വൈരാഗ്യവും ഒരുപോലെ കൂടിച്ചേർന്ന ധ്യാനത്തിലൂടെ ആ വിത്ത് പതിയെ പൊട്ടിമുളയ്ക്കുകയും, പിന്നെ ആദ്യം ഒരു കുഞ്ഞുചെടിയായും പിന്നെ ചെറിയൊരു മരമായും വളരുന്നു. ധ്യാനം പുരോഗമിക്കുംതോറും ആ മരം തഴച്ചു വളർന്നു വൻ വടവൃക്ഷമായിത്തീരുന്നു. അതോടെ ഈ ജീവബോധമാകുന്ന ശരീരത്തെപ്പോലും പിളർന്നുകൊണ്ട് ആ വൃക്ഷം പുറത്തേക്കും വ്യാപിക്കുന്നു. ഈ വടവൃക്ഷം പിന്നീട് ലോകർക്കാകമാനും താങ്ങും തണലും സംരക്ഷണവും നൽകുന്നു. ആ വൃക്ഷത്തിൽനിന്നും സച്ചിദാനന്ദബോധമയമായ തേനൂറുന്ന പഴം രുചിയോടെ ഭക്ഷിച്ച് അതിന്റെ നിത്യാനന്ദം എല്ലാവരും അനുഭവിക്കുന്നു.
ധ്യാനം എന്നാൽ ഒരു നിശ്ചിതസമയത്തെ നിലത്തു ചമ്രം പടിഞ്ഞിരുന്നു ചെയ്യുന്ന ഒരു പ്രത്യേക കർമ്മം മാത്രമല്ല; സ്വരൂപശ്രദ്ധയും അതിനോടുള്ള അടങ്ങാത്ത പ്രണയഭാവവും നിരന്തരം ഉണ്ടാവണം.അതിനാൽത്തന്നെ ധ്യാനം ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണെന്നു പറയപ്പെടുന്നു. ജ്ഞാനമെന്നാൽ ഉള്ളിലെ, ഈ നാനാപ്രപഞ്ചത്തിലെ സകലമാനവസ്തുക്കളുടെയും പൊരുളായിരിക്കുന്ന ഒരു വിത്തിനെ തന്നിൽ കണ്ടെത്തുന്നത് ആണെങ്കിൽ ധ്യാനം ആ വിത്തിനെ ശ്രദ്ധയോടെ പരിചരിച്ച് വളർത്തി വലുതാക്കി അതിന്റെ ഫലമാകുന്ന അമൃതാനന്ദത്തിനെ പാനം ചെയ്തു രസിക്കുന്ന അത്ഭുത പദ്ധതിയാണ്. അതിനാൽത്തന്നെ ധ്യാനം (സ്വരൂപശ്രദ്ധ) ഏറ്റവും പ്രധാനപ്പെട്ടതാകുന്നു.
sudha.bharat.

No comments:

Post a Comment