Monday, December 31, 2018

ചിലപ്പോള്‍ സ്വപ്നങ്ങള്‍ നമ്മുടെ ഒളിഞ്ഞുകിടക്കുന്ന ആഗ്രഹങ്ങളേയും മാസിക സങ്കീര്‍ണ്ണതകളെയും കാണിക്കുന്നവയാണ്‌. പലതും പ്രതീകാത്മകങ്ങളാണ്‌. ആധുനിക കാലത്തെ ഏറ്റവും വലിയ രണ്ട്‌ മനോവൈജ്ഞാനികരായ ഫ്രോയ്ഡും, യുങ്ങും, രോഗിയുടെ മാനസികാവസ്ഥ വെളിവാക്കുന്നു എന്ന നിലയ്ക്ക്‌ സ്വപ്നങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കി. പക്ഷേ അവരുടെ വ്യാഖ്യാനങ്ങള്‍ പലതും ശരിയായിരുന്നില്ല. പ്രത്യേകിച്ച്‌ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികേച്ഛയുടെ പ്രകടനമാണ്‌ എന്ന ആശയം ഫ്രോയ്ഡിനെ ശക്തിയായി സ്വാധീനിച്ചിരുന്നു. ഇത്‌ തീരെ വാസ്തവമല്ല.നമ്മുടെ സ്വപ്നങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക്‌ നമ്മുടെ വ്യക്തിത്വത്തിന്റെ ഒരു പുതിയവശം കാണാന്‍ സാധിക്കും. നാം വിചാരിക്കുന്നത്ര നല്ലവരല്ല. പക്ഷേ പേടിക്കേണ്ടതില്ല. അവനവന്റെ സത്യാവസ്ഥ നിങ്ങളെ കൂടുതല്‍ സുശക്തരും, നിങ്ങളുടെ കുറവുകളെ ജയിക്കുന്നതിന്‌ സമര്‍ത്ഥരും ദൃഢചിത്തരും ആകണം. പലപ്പോഴും സ്വപ്നങ്ങള്‍ വരുന്നത്‌ ബോധമണ്ഡലത്തിന്റെ കൂടുതല്‍ ആഴത്തിലുള്ള ഒരു തലത്തില്‍നിന്നാണ്‌. ചില സ്വപ്നങ്ങള്‍ നമ്മുടെ അഗാധമായ ആദ്ധ്യാത്മാഭിലാഷങ്ങളെ കാണിക്കുന്നു. ഒരു രാത്രി സ്വപ്നത്തില്‍ ഞാന്‍ എന്റെ ഗുരുവായ ബ്രഹ്മാനന്ദസ്വാമികള്‍ക്കിങ്ങനെ എഴുതി : "ഞാനെല്ലാറ്റിലും ഈശ്വരനെ കാണാന്‍ ശ്രമിക്കുകയാണ്‌." എന്റെ സ്വപ്നത്തില്‍ തന്നെ അദ്ദേഹം മറുപടിയെഴുതി: "പൂര്‍ണ്ണത്തെ അംശങ്ങളിലെല്ലാം കാണാന്‍ ശ്രമിക്കുക. പരിമിതവസ്തുക്കളിലെല്ലാം കാണാന്‍ ശ്രമിക്കുക. പരിമിതവസ്തുക്കളിലെല്ലാം അനന്തത്തെ കാണാന്‍ ശ്രമിക്കുക." കുറേ ദിവസങ്ങളോളം ഇതായിരുന്നു എന്റെ ധ്യാനവിഷയം. പിന്നെ വലിയ ആദ്ധ്യാത്മസത്യങ്ങള്‍ വെളിവാക്കുന്ന സ്വപ്നങ്ങളുണ്ട്‌. സ്വപ്നത്തിലൊരു മന്ത്രം കിട്ടിയെന്നുവരാം. അല്ലെങ്കില്‍ അത്യാനന്ദകരമായൊരു ദര്‍ശനം. സ്വപ്നത്തില്‍ കിട്ടുന്ന മന്ത്രം പലപ്പോഴും ഗുരു തന്ന മന്ത്രം തന്നെയായിരിക്കും. മാതൃദേവിയുടെയും ശ്രീരാമകൃഷ്ണന്റെ പ്രഥമശിഷ്യന്മാരുടെയും ജീവനത്തില്‍ ഇത്തരം പല സന്ദര്‍ഭങ്ങളും നമുക്ക്‌ കാണാം. തന്റെ സാധനയില്‍ കഠിന പ്രയത്നം ചെയ്യുന്ന ഒരു സാധകന്‌ സ്വപ്നത്തില്‍ ഒരു ദിവ്യരൂപം കാണുന്നത്‌ വളരെ ഉത്സാഹപ്രദമായിരിക്കും. എന്നാല്‍ ഈ അനുഭൂതിയുടെ ആനന്ദം വളരെക്കാലം നില്‍ക്കുമെങ്കിലും ജാഗ്രദവസ്ഥയില്‍ ശരിയായി ധ്യാനിക്കാനും സദാചാരശുദ്ധി കൈവരുത്താനും അതുപകരിക്കുന്നില്ലെങ്കില്‍ സാധകനതുകൊണ്ട്‌ പ്രയോജനമൊന്നുമില്ല. ബോധാവസ്ഥയില്‍ ലഭിക്കുന്ന അനുഭൂതിക്കേ കാര്യമായ ആദ്ധ്യാത്മൂല്യമുണ്ടായിരിക്കൂ. സ്വപ്നം കാണുമ്പോള്‍ ആള്‍ ഏതൊരു പ്രകാശത്താല്‍ സ്വപ്നം കാണുന്നുവോ അതിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കണം. ആ ആന്തര പ്രകാശത്തെപ്പറ്റി ബൃഹദാരണ്യത്തില്‍ സൂചനയുണ്ട്‌. ആധുനിക മനുഷ്യന്‍ സുഷുപ്തിയെ വെറും വിശ്രമമായി മാത്രം കാണുന്നു. സുഷുപ്തിയില്‍ ജീവാത്മാവ്‌ അനന്തമായ പരമാത്മാവിനോടൊന്നായി ശുദ്ധമായ ആനന്ദം അനുഭവിക്കുന്നു. അപ്പോള്‍ ഒരു വലിയ ജലപ്പരപ്പുള്ളതുപോലെ ഒരഖണ്ഡബോധം മാത്രം നിലനില്‍ക്കുന്നു. ഈ അവസ്ഥയാണ്‌ മുക്താവസ്ഥയോട്‌ ഏറ്റവുമടുത്തുനില്‍ക്കുന്നത്‌. എന്നാലിവ രണ്ടിനും വ്യത്യാസമുണ്ട്‌. ജീവന്‍ ഗാഢനിദ്രയില്‍ കലര്‍പ്പില്ലാത്ത ആനന്ദമനുഭവിക്കുന്നു എന്നത്‌ ശരിതന്നെ. എന്നാലും അപ്പോഴും അത്‌ ബന്ധനത്തിലും അജ്ഞാനത്തിലും തന്നെയാണ്‌. -യതീശ്വരാനന്ദസ്വാമികള്‍

No comments:

Post a Comment