Monday, December 31, 2018

അഷ്ടാംഗയോഗത്തിലെ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം എന്നിവയെക്കുറിച്ച് പറയുന്നു.
ത്രിരുന്നതം സ്ഥാപ്യ സമം ശരീരം
ഹൃദീന്ദ്രിയാണി മനസാ സന്നിവേശ്യ
ബഹ്മോഡുപേന പ്രതരതേ വിദ്വാന്‍
സ്രോതാംസി സര്‍വ്വാണി ഭയാവഹാനി
ശരീരത്തിലെ മൂന്ന് അംഗങ്ങളായ തല, കഴുത്ത് മാറിടം എന്നിവ ഉയര്‍ത്തി നേരെ സമമായി നിര്‍ത്തി ഇന്ദ്രിയങ്ങളെ മനസ്സ് കൊണ്ട് ഹൃദയത്തില്‍ നിയന്ത്രിച്ച് യോഗജ്ഞനായ ആള്‍ ഓംകാരമാകുന്ന തോണിയാല്‍ സംസാരത്തിലെ ഭയങ്കരങ്ങളായ എല്ലാ അലകളേയും കുത്തൊഴുക്കിനെയും മറികടക്കണം.
 രാജയോഗത്തിലെ ധ്യാനരീതി വിവരിക്കുന്നതിന്റെ ഭാഗമായി ആദ്യം ആസന രീതിയെക്കുറിച്ച് പറയുന്നു. ശരീരം നിവര്‍ന്ന് ഇരിക്കലാണ് പ്രധാനം. തലയും കഴുത്തും നേര്‍രേഖയില്‍ വരുന്ന വിധം ഇളകാതെ ഇരിക്കണം. ശരീരം ബലം പിടിക്കാതെ സുഖാസനത്തില്‍ ഇരിക്കണം.
മന്ത്രത്തിലെ ആദ്യ പാദത്തില്‍ ആസനത്തേയും രണ്ടാംപാദത്തില്‍ പ്രത്യാഹാരത്തേയും പറയുന്നു.ശരീരത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മനസ്സിനേയും എളുപ്പത്തില്‍ നിയന്ത്രിക്കാം. ഇന്ദ്രിയങ്ങളും മനസ്സും ഒന്നിച്ച് ചേര്‍ന്നാലേ ധ്യാനം വേണ്ടവിധത്തിലാകൂ. ഇവയെ ഹൃദയത്തിലേക്ക് ചേര്‍ക്കുകയാണ് വേണ്ടത്. പിന്നെ പ്രണവ ഉപാസന ചെയ്യണം. ഓംകാരത്തെ തോണിയായി കണക്കാക്കണം. മനസ്സ് വിക്ഷേപങ്ങളടങ്ങി നിശ്ചലമാകണം. സംസാരസാഗരത്തിലെ കൂറ്റന്‍ തിരമാലകളെ മറികടക്കാന്‍ ഓംകാരമാകുന്ന വള്ളത്തെ പ്രയോജനപ്പെടുത്തണം. അവിദ്യാ-കാമ-കര്‍മങ്ങളാകുന്ന വലിയ കോളും അലമാലകളും തരണം ചെയ്ത് മറുകരയെത്താന്‍ ശക്തമായ വള്ളം തന്നെ വേണം. പ്രണവത്തോണിയുണ്ടെങ്കിലേ അടിയൊഴുക്കുകളെയൊക്കെ നേരിട്ട് ലക്ഷ്യത്തിനെത്താനാകൂ.
പ്രാണാന്‍ പ്രപീഡ്യേഹ 
സംയുക്തചേഷ്ടഃ
ക്ഷീണേ പ്രാണേ നാസികയോച്ഛ്വസീത
ദുഷ്ടാശ്വയുക്തമിവ വാഹമേനം
വിദ്വാന്‍ മനോ ധാരയേതാപ്രമത്തഃ
യോഗജ്ഞനായ സാധകന്‍ ശരീരത്തിന്റെ കര്‍മങ്ങളെല്ലാം നിയന്ത്രിച്ച് ഇന്ദ്രിയവ്യാപാരങ്ങളെ അടക്കി പ്രാണശക്തി ക്ഷയിക്കുമ്പോള്‍ വായ അടച്ച് പിടിച്ച് മൂക്കിലൂടെ പൂരക കുംഭക രേചക ക്രമത്തില്‍ ശ്വാസം നിയന്ത്രിക്കണം. മെരുക്കമില്ലാത്ത കുതിരകളെ പൂട്ടിയ തേരു പോലെ എല്ലായ്‌പ്പോഴും ജാഗ്രതയോടെ മനസ്സിനെ സംയമനം ചെയ്യണം.
'പ്രാണാന്‍ പ്രപീഡ്യ' എന്നാല്‍ അഷ്ടാംഗ യോഗത്തിലെ യമം എന്നതിനെയാണ് ഉദ്ദേശിക്കുന്നത്. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ് യമം.
'സംയുക്ത ചേഷ്ടഃ' എന്നാല്‍ നിയമം ആണ്. ശാരീരിക കര്‍മങ്ങളെ നിയന്ത്രിക്കലാണത്. ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമങ്ങള്‍.
'നാസികയോച്ഛ്വസീത' എന്നത് പ്രണായാമത്തെയാണ് കുറിക്കുന്നത്. ഉള്ളിലേക്ക് ശ്വാസം എടുക്കുന്നത് പൂരകം. ഉള്ളില്‍ പിടിച്ച് നിര്‍ത്തുന്നത് കുംഭകം. പുറത്ത് വിടുന്നത് രേചകം.യമ നിയമങ്ങളാല്‍ മനസ്സിനെ അടക്കിയതിന് ശേഷമാണ് പ്രാണായാമം ചെയ്യേണ്ടത്. പ്രാണയാമം ഗുരു ഉപദേശം വഴി വേണം പരിശീലിക്കാന്‍.
മെരുക്കമില്ലാത്ത കുതിരകളെയാണ് രഥത്തില്‍ കെട്ടിയിരിക്കുന്നതെങ്കില്‍ സാരഥി വളരെ ജാഗ്രതയോടെയിരിക്കണം. അത് പോലെ ശരീരമാകുന്ന രഥത്തില്‍ കെട്ടിയ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ ബുദ്ധിയാകുന്ന സാരഥി നല്ലപോലെ നിയന്ത്രിക്കണം.

No comments:

Post a Comment