Monday, December 31, 2018

ശ്രീകൃഷ്‌ണാവതാരം ...
ഒരു പക്ഷേ ശ്രീകൃഷ്‌ണൻ അനുഭവിച്ചിട്ടുള്ളത്ര ദുരന്തങ്ങൾ മറ്റാരും അനുഭവിച്ചിട്ടില്ലെന്നു പറയാം. ശ്രീകൃഷ്‌ണൻ സ്വന്തം കഥ പറഞ്ഞാൽ എങ്ങനെയിരിക്കും ഒന്നാലോചിച്ചു നോക്കാം.
ഞാൻ ജനിക്കാൻ പോകുന്നു എന്ന കാരണം കൊണ്ടു മാത്രം എന്‍റെ മാതാപിതാക്കൾ തടവിലാക്കപ്പെടുക. തനിക്കു മുമ്പേ ജനിച്ച സഹോദരങ്ങൾ താൻ മൂലം അരും കൊല ചെയ്യപ്പെടുക. ജനിച്ച നിമിഷം തന്നെ അമ്മയിൽ നിന്നും മാറ്റിപാർപ്പിക്കുക. തന്‍റെ ജീവൻ രക്ഷിക്കാനായി മറ്റൊരു കുരുന്നിനെ (യശോദയുടെ കുഞ്ഞ്‌) കൊലയ്‌ക്ക്‌ കൊടുക്കുക. തന്നെ വേട്ടയാടാൻ ഒരുക്കിയ വലയിൽ നിരവധി കുഞ്ഞുങ്ങൾ കൊലചെയ്യപ്പെടുക. (പൂതന തുടങ്ങിയവരുടെ ആക്രമണങ്ങൾ)
ഒരു ഗ്രാമം മുഴുവനും താൻ കാരണം മറ്റൊരു സ്‌ഥലത്തേയ്‌ക്ക്‌ പറിച്ചു മാറ്റപ്പെടുക. (വൃന്ദാവനം) സ്വന്തം അമ്മാവനെ (കംസൻ) വധിക്കേണ്ട ഗതികേട്‌. അതിനുശേഷം രാജ്യം മുത്തശ്ശനെ ഏല്‌പിച്ച്‌ സ്വസ്‌ഥമായിരിക്കാൻ തുടങ്ങുമ്പോൾ അച്ഛൻ പെങ്ങളുടെ - കുന്തീ - കുടുംബത്തിൽ കലഹം (ഹസ്‌തിനാ പുരിയിൽ കൗരവപാണ്ഡവ സംഘർഷം) കുലവധുവിനെ സഭാമധ്യത്തിൽ വസ്‌ത്രം ഉരിയത്തക്കവിധം അധഃപതിച്ച ഭരണനേതൃത്വം. (പാഞ്ചാലീ വസ്‌ത്രാപഹരണം)
ധർമ്മിഷ്‌ഠനായ ഒരുവന്‌ എങ്ങനെ ഇതെല്ലാം സഹിക്കാനാകും? അങ്ങനെ കൃഷ്‌ണൻ രംഗത്തിറങ്ങുന്നു. ഒടുവിൽ ഒരു മഹായുദ്ധത്തിന്‌ കളമൊരുങ്ങി. യുദ്ധം തുടങ്ങി പതിനായിരക്കണക്കിന്‌ പേർ ചത്തൊടുങ്ങി. ഒടുവിൽ ധർമ്മം വിജയിച്ചു. ധർമ്മപുത്രരെ ഭഗവാൻ ഭരണത്തിലിരുത്തി.
അപ്പോഴേക്കും സ്വന്തം കുലത്തിൽ തന്നെ അധർമ്മം വിളയാടാൻ തുടങ്ങി. ശ്രീകൃഷ്‌ണന്‍റെ മകൻ സാംബൻ സ്‌ത്രീവേഷം കെട്ടി നിന്ന്‌ മഹാമുനികളെ പരിഹസിച്ചു. അതിന്‍റെ ഫലമായി “മുസലം കുലനാശനം” എന്ന ശാപം. താൻ പടുത്തുയർത്തി കൊണ്ടുവന്ന യദുകുലം തമ്മിൽ തല്ലി നശിക്കുന്നത്‌ കൃഷ്‌ണന്‌ കാണേണ്ടി വരിക! ഒടുവിൽ തന്‍റെ രാജ്യമായ ദ്വാരകയെ കടൽ വിഴുങ്ങുക. (പക്ഷേ ഇതിനിടയിൽ അനുസരണയുള്ള, ഭക്തനായ ഉദ്ധവരോടു മാത്രം രക്ഷപ്പെടാനുള്ള വഴിയും ഉപദേശിച്ചു).
കുരുക്ഷേത്രത്തിലെ മഹായുദ്ധത്തിൽ ഒരായുധം പോലും എടുക്കാതെ കുതിരയെ തെളിച്ചു മാത്രം യുദ്ധത്തിന്‍റെ ഭാവി കൈപ്പിടിയിലൊതുക്കിയ മഹാപ്രഭുവായ ശ്രീകൃഷ്‌ണ ഭഗവാന്‍റെ വ്യക്തിജീവിതമാണ്‌ ചുരുക്കി പറഞ്ഞത്‌. കൺകോൺ ചലനത്താൽ പ്രപഞ്ചത്തെ ഇളക്കിമറിയ്‌ക്കാൻ കഴിയുന്ന മഹാപ്രഭുവിന്‍റെ ചരിത്രമാണ്‌ പറഞ്ഞത്‌.
എന്തേ കൃഷ്‌ണൻ ഈ രംഗങ്ങളിലൊക്കെ തന്‍റെ ദിവ്യത പ്രകടിപ്പിച്ചില്ല. ??? ഇതിനും ഉത്തരം ഒന്നു തന്നെ. അവതാരപുരുഷൻ പ്രദർശനത്തിന്‌ വന്നവരല്ല. ധർമ്മസംസ്‌ഥാപനം മാത്രമാണ്‌ അവരുടെ ലക്ഷ്യം. ശ്രീകൃഷ്‌ണന്‍റെ കുടുംബചരിത്രം ഇങ്ങനെയായതുകൊണ്ട്‌ ശ്രീകൃഷ്‌ണമഹിമയ്‌ക്ക്‌ എന്തെങ്കിലും കുറവുണ്ടായോ? ആലോചിക്കൂ...
ശ്രീകൃഷ്‌ണമഹിമ നിറഞ്ഞു നില്‌ക്കുന്നത്‌ ഈ മഹാദുരിതങ്ങൾക്കിടയിലും പുഞ്ചിരി തൂകാനുള്ള മനസ്സ്‌ ഭഗവാന്‌ ഉണ്ടായിരുന്നതുകൊണ്ടുമാത്രമല്ലേ.
രാമ-കൃഷ്‌ണാവതാരങ്ങളുടെ കുടുംബജീവിതം പ്രശ്‌നരഹിതമായിരുന്നുവോ?
ഇനി ഈശ്വരമഹിമ എത്ര പ്രകടമാക്കിയാലും സുകൃതം ഇല്ലാത്തവന്‌ അത്‌ മനസിലാകുകയുമില്ല. ദൂതിനുപോയ ഭഗവാനെ ദുര്യോധനൻ ബന്ധിക്കാൻ ശ്രമിച്ചു. അപ്പോൾ ഭഗവാൻ വിശ്വരൂപം കാണിക്കുന്നുണ്ട്‌. പക്ഷേ പിന്നീട്‌ ദുര്യോധനൻ അതേക്കുറിച്ച്‌ പറഞ്ഞത്‌. “ഇടയന്‍റെ മായാജാലപ്രകടനം” എന്നാണ്‌. പക്ഷേ അതേ വിശ്വരൂപദർശനം കണ്ട്‌, ആനന്ദിച്ച, ഭഗവാനെ തിരിച്ചറിഞ്ഞ വിരലിലെണ്ണാവുന്ന ഭീഷ്‌മരെ പോലുള്ള സുകൃതികളും അവിടെ ഉണ്ടായിരുന്നു.
അവാതാരപുരുഷന്‍റെ മഹിമ മനസിലാക്കാനും അവിടുന്ന്‌ കൃപ ചൊരിയണം. ഭൗതികലോകത്തിലെ ഒരളവുകോലുകൊണ്ടും അവതാരപുരുഷനെ അളന്ന്‌ തിട്ടപ്പെടുത്താനാവില്ല. അതിന്‌ തുനിയുന്നത്‌ വങ്കത്തം തന്നെ. അതാണ്‌ കൃഷ്‌ണൻ പറഞ്ഞത്‌, “അല്‌പബുദ്ധികൾ മനുഷ്യശരീരം ധരിച്ച എന്‍റെ പരമമായ ഭാവത്തെ അറിയുന്നില്ല.” !!! ഹരേ കൃഷ്ണാ ...
(കടപ്പാട് )

No comments:

Post a Comment