Sunday, January 06, 2019

*ശ്രീമദ് ഭാഗവതം 23*

ധർമ്മപുത്രർക്ക് വളരെ സന്തോഷമായി. എന്താച്ചാൽ സാധാരണ മനുഷ്യർക്ക് ദുഖം വരുമ്പോൾ ധർമ്മം മറക്കും. യുക്തി യുക്തമായ ചിന്ത മറന്നുകളയും. ഹൃദയത്തിൽ കാരുണ്യം വിട്ടു പോകും. കാപട്യം ഉള്ളിലുണ്ടാവും. എല്ലാറ്റിനും മേലേ സമനില തെറ്റി പ്പോകും.

ദ്രൗപദിക്കാകട്ടെ,
ധർമ്മ്യം ന്യായ്യം സകരുണം നിർവ്യളീകം സമം വച:

ധർമ്മത്തിൽ നിന്ന് വിട്ടു പോയില്ല്യ. യുക്തി യുക്തമായ ചിന്തയിൽ നിന്ന് വിട്ടു പോയില്ല്യ. ഹൃദയത്തിലുള്ള കരുണയെ ആ ശോകം ബാധിച്ചില്ല്യ. ഒരു വിധത്തിലുള്ള കാപട്യവും ഉള്ളിൽ സാധിച്ചില്ല്യ. സമനില തെറ്റിയില്ല്യ. ഇത്രയും കണ്ടപ്പോ ധർമ്മപുത്രര് വളരെ സന്തോഷിച്ചു.

ഭഗവാൻ പറഞ്ഞു. ഇവൻ കൊലയാളി ആണ്. അതുകൊണ്ട് ശിക്ഷിക്കണം. ബ്രാഹ്മണനാണ് ശിക്ഷിക്കരുത്. ബ്രഹ്മ ബന്ധു. ബ്രാഹ്മണന്റെ ലക്ഷണങ്ങളൊന്നുമില്ല്യ. പക്ഷേ പൂണൂലൊക്കെ ണ്ടാവും ശിഖ ണ്ടാവും. അങ്ങനെ ആയാൽ ബ്രഹ്മ ബന്ധു എന്ന് പേര്. .അതായത് ഇവൻ ബ്രഹ്മ ബന്ധുവാണ്. എന്നാലും ബ്രാഹ്മണ കുലത്തിൽ ജനിച്ചത് കൊണ്ട് വധം പാടില്ല്യ ന്നാണ്. എന്നാ ശിക്ഷിക്കാതെ വിടാനും പറ്റില്ല്യ. അപ്പോ എന്തുചെയ്യാം. ഇയാളുടെ ശിരസ്സില് ജന്മനാ കൊണ്ട് വന്ന ഒരു രത്നം ണ്ടത്രേ. ആ രത്നത്തോടുകൂടി ശിഖാവപനം. ബ്രാഹ്മണർക്ക് തലമുടി എടുക്കാൻ പാടില്ല്യ. പൂണൂലിട്ട് കഴിഞ്ഞാൽ യജ്ഞോപവീതത്തിന് ശേഷം. സശിഖാവപനം. തല മുഴുവൻ മുണ്ഡനം ചെയ്ത് ആ ശിരസ്സിലുള്ള രത്നം അടക്കം പറിച്ചെടുത്താൽ വേതാളം പോലെ പിന്നങ്ങട് നടക്കും. അങ്ങനെ അങ്ങട് ശിക്ഷിച്ചു.

പോണ പോക്കില് വെറുതെ വിട്ടുവല്ലോ ന്ന് തോന്നിയില്ല്യ അശ്വത്ഥാമാവിന്. പാണ്ഡവന്മാരുടെ ബീജം പോലും ഇല്ലാതെ പോകട്ടെ എന്ന് പറഞ്ഞ് ഒരു അസ്ത്രം അങ്ങട് അയച്ചു. ഭഗവാൻ പുറത്ത് നിന്ന് അതിനെ ആവാഹനം ചെയ്ത് വൈഷ്ണവതേജസ്സ് കൊണ്ട് അടക്കി. പക്ഷേ ആ അസ്ത്രം ഈ ബീജത്തിനെ അന്വേഷിച്ച് ചെന്ന് അഭിമന്യുവിന്റെ പത്നി ഉത്തരയുടെ ഗർഭത്തിനുള്ളിലേക്ക് കടന്നു. ഗർഭസ്ഥശിശുവിനെ വേദനിപ്പിക്കാൻ തുടങ്ങി. ഉത്തര ഓടിക്കൊണ്ട് വര്വാണ്. ഭഗവാനോ ദ്വാരകയ്ക്ക് പോകാൻ പുറപ്പെടാണ്. 

പാഹി പാഹി മഹായോഗിൻ ദേവ ദേവ ജഗത് പതേ
നാന്യം ത്വദഭയം പശ്യേ യത്ര മൃത്യു: പരസ്പരം.

ഭാഗവതത്തിലും ഭാരതത്തിലും ആയി   പ്രസിദ്ധമായ ശരണാഗതിയുടെ ഉപാഖ്യാനം ആണ് ഇത്.  വേറെ ഒന്ന് ഗജേന്ദ്രൻ. രണ്ട് ദ്രൗപദി. ഇത് രണ്ടുമാണ് ശരണാഗതിയ്ക്ക് പ്രസിദ്ധമായ ഉദാഹരണം ആയിട്ട് പറയണത്. ഭഗവാന് ശരണാഗതി ചെയ്ത രണ്ട് പേര്. വസ്ത്രാക്ഷേപസന്ദർഭത്തിൽ ദ്രൗപദി ഭഗവാന് ശരണാഗതി ചെയ്തു. ദ്രൗപദി  ആദ്യം ധൃതരാഷ്ട്രരെ വിളിച്ചു കരഞ്ഞു. പിന്നെ ഭീഷ്മരെ വിളിച്ചു കരഞ്ഞു. പിന്നെ ധർമ്മപുത്രർ ഭീമൻ അർജുനൻ നകുലൻ സഹദേവൻ സകല സദസ്യരേയും വിളിച്ചു കരഞ്ഞു. ഒരാളും മിണ്ടുന്നില്ല്യാന്ന് കണ്ടപ്പോ കൃഷ്ണനെ ചീത്ത വിളിച്ചു. ഞാനിവിടെ അപമാനിതയാവണു. നീ അവിടെ ദ്വാരകേല് പഞ്ചായത്തിന്റെ ഉള്ളില് ഇരിക്കാണല്ലേ.

ഹേ കൃഷ്ണാ, ദ്വാരകാവാസിൻ, കൃഷ്ണഗോപീജനപ്രിയാ. നീ ഗോപികളുടെ കൂടെ കളിച്ചോണ്ടിരിക്ക്യാ?. ഈ കൗരവന്മാര് ചുറ്റും നിന്ന് എന്നെ വിഷമിപ്പിക്കുന്നത് താൻ അറിഞ്ഞില്ല്യേ. എന്ന് ചോദിച്ചു ചീത്തവിളിച്ചു. അപ്പഴും അല്പം പിടിച്ചോണ്ടിരുന്നു അത്രേ വസ്ത്രം. 'താൻ' ഉള്ളടത്തോളം കാലം അവൻ വരില്ല്യ. അതും അങ്ങട് വിട്ടു കഴിഞ്ഞ്,

കൃഷ്ണ കൃഷ്ണ മഹായോഗിൻ വിശ്വാത്മൻ വിശ്വഭാവന പ്രപന്നാം പാഹി ഗോവിന്ദാ.

എന്ന് വിളിച്ചപ്പോഴാണ് ഭഗവാന്റെ കൃപാവസ്ത്രം ഒഴുകിയത്. കൃപയാണ് ആ വസ്ത്രം. ആ വസ്ത്രം ഇങ്ങനെ തുടരെ തുടരെ വന്നു കൊണ്ടിരുന്നു പറഞ്ഞാൽ നമുക്കും അങ്ങനെ ആണ്.   നമ്മളുടെ ഉള്ളിലുള്ള അഹങ്കാരത്തിന്റെ തടസ്സം പൂർണമായി ഇല്ലാതായാൽ കൃപ ഇങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കും. 

ഗജേന്ദ്ര മോക്ഷത്തിലും ഇതു തന്നെ കഥ. ആദ്യം തന്റെ ബലം. ചെറിയ ഒരു മുതല ല്ലേ തള്ളിക്കളയാം. സാധിച്ചില്ല്യ. തന്റെ കൂടെയുള്ള ആനകളെ ഒക്കെ വിശ്വസിച്ചു. ഓരോരുത്തരെ ആയി വിളിച്ചു. ഒരാളും പിടിച്ചിട്ട് രക്ഷ ഇല്ല്യ. തന്റെ ബലവും പ്രയോജനപ്പെട്ടില്ല്യ. താൻ വിശ്വസിച്ചിരിക്കുന്ന വരുടെ ബലം ഒന്നും പ്രയോജനപ്പെട്ടില്ല്യ എന്ന് കണ്ടപ്പഴാണ് 

യ: കശ്ചനേശോ ബലിനോഽന്തകോരഗാത്
ച്രചണ്ഡവേഗാദഭിധാവതോ ഭൃശം
എന്ന് പറഞ്ഞ്
ഭീതം പ്രപന്നം പരിപാതി യദ്ഭയാ-
ന്മൃത്യു: പ്രധാവത്യരണം തമീമഹി
ശരണാഗതി അപ്പഴാ വന്നത്.
ശ്രീനൊച്ചൂർജി
 *തുടരും...*

No comments:

Post a Comment