Wednesday, January 09, 2019

*ശ്രീമദ് ഭാഗവതം 26*

ഭഗവദ് സ്മൃതി സദാ ഏർപ്പെടണമെങ്കിൽ ഈ ശരീരം ഞാനല്ല എന്ന് അറിയണം. അത് അറിയണമെങ്കിൽ ഇതെല്ലാം നമുക്ക് ദുഖം ഉണ്ടാക്കിത്തരുമ്പഴേ അറിയുള്ളൂ. ഒന്നിനേയും ആശ്രയിക്കാത്ത സ്ഥിതി വരണം. ആരോഗ്യത്തിനെ പോലും ആശ്രയിക്കാൻ പാടില്ല്യ. സകലപരീക്ഷണങ്ങളും ഒടുവിൽ പരാജയപ്പെടും. ഒരു സൂത്രപ്പണിയും ഇല്ല്യ. ഇത്  പ്രാരബ്ധ സൂത്ര ഗ്രഥിതമായ സ്ഥൂലമായ ഒരു സ്വപ്നം ആണ്. അത് എന്തൊക്കെ കൊണ്ട് വന്നണ്ടോ അനുഭവിച്ചേ പറ്റുള്ളൂ. അതൊരു പാഠം നമ്മളെ പഠിപ്പിക്കും. എനിക്കും  നിനക്കും(ദേഹമനോബുദ്ധ്യാദിയായ ഉപാധികൾ  ) തമ്മിൽ ഒരു ബന്ധവും ഇല്ല്യ.  അവസാനമെങ്കിലും നമ്മള് ആ പാഠം പഠിച്ചിട്ടില്ലെങ്കിലോ ചുമട് എടുക്കേണ്ടി വരും.

അപ്പോ കുറച്ചൊക്കെ വിഷമം വരുമ്പോ ഇതിൽ നിന്ന് വിട്ടു മാറി ഭഗവദ് സ്വരൂപത്തിൽ നില്ക്കാൻ പഠിച്ചുകഴിഞ്ഞാൽ കുറേ വിഷമം വന്നു കഴിയുമ്പോൾ പതുക്കെ പതുക്കെ ഇതിനോടുള്ള ഏർപ്പാടൊക്കെ മതി ആക്കീട്ട് സ്വരൂപത്തിൽ നില്ക്കും. അപ്പോ നമ്മള് മനസ്സിലാക്കും ഈ വിപത്തുകളൊക്കെ നമുക്ക് അനുഗ്രഹം ചെയ്തു എന്ന്. 

ശരീരവും മനസ്സും ഒന്നും പൂർണ്ണംല്ല. നിത്യവസ്തു ഭഗവാൻ മാത്രേ ഉള്ളൂ. വിഷമങ്ങൾ തീർന്നിട്ട് ഭഗവദ് ഭജനം സാധിക്കേ ഇല്ല്യ. വിഷമം വരുമ്പോ തന്നെ ഭഗവാന്റെ അടുത്തേയ്ക് പോണം.

അതുകൊണ്ട് കുന്തി പറയണു. വിഷമം വരട്ടെ ഭഗവാനേ. എത്ര ദുഖം വേണമെങ്കിലും വരട്ടെ ശരീരത്തിനു വരട്ടെ മനസ്സിന് വരട്ടെ കുടുംബത്തിന് വരട്ടെ. എന്തൊക്കെ വരട്ടെ.
വിപദ: സന്തുന:
ആരും ഇത്ര ധൈര്യമായിട്ട് ഇങ്ങനെ പ്രാർത്ഥിക്കില്ല്യ. ഇവിടെ കുന്തി ഒരു വിചിത്ര പ്രാർത്ഥന ചെയ്തു ഭഗവാനോട്. ഭഗവാനേ എന്റെ സകലതും അവിടുന്ന് പറിച്ചെടുത്തോളൂ.  നീ എന്റെ സർവ്വതും പറിച്ചെടുത്താൽ  നിന്നെഎനിക്ക്  കിട്ടും എന്ന രഹസ്യം എനിക്കറിയാം.

നമോ അകിഞ്ചന വിത്തായ നിവൃത്തഗുണവൃത്തയേ
ആത്മാരാമായ ശാന്തായ കൈവല്യപതയേ നമ:

അവിടുന്ന് അകിഞ്ചനന്മാരുടെ വിത്തമാണ്. യാതൊന്നും ഇല്ലാത്ത സന്യാസികളുടെ ധനം എന്താ .ഭഗവാനാണ് അവരുടെ വിത്തം. യാതൊന്നും ആർക്കില്ലയോ, അവർക്ക് ഭഗവാനുണ്ട്. അല്പസ്വല്പം കൈയിൽ ഉണ്ടെങ്കിൽ ഭഗവാനെ കിട്ടില്ല്യാന്നാണ്. അപ്പോ പണം ഒക്കെ കൊടുത്താല് ഭഗവാനെ കിട്ട്വോ. അങ്ങനെ അല്ല ശരീരം പോലും ണ്ടാവാൻ പാടില്ല്യ ന്നാണ്. ശരീരം പോലും എന്റെ സ്വന്തമല്ല എന്ന ഭാവം ണ്ടാവണം. ഭഗവാന് അത്ര കണ്ട് ശരണാഗതി ചെയ്താൽ അവിടുന്ന് നമുക്ക് സ്വന്തം. എന്നെ അങ്ങട് കൊടുത്ത് അദ്ദേഹത്തിനെ ഇങ്ങട് വാങ്ങിക്കാ. കുപ്പി ച്ചില്ല് കൊടുത്ത് ചിന്താമണി വാങ്ങിക്കണ പോലെ.

ഭഗവാന് ബിസിനസ്സ് വല്യ പരിചയം പോരാ. പരിപൂർണ്ണമായി ശരണാഗതി ചെയ്യുന്നവർക്ക് ഭഗവാൻ അവരുടെ സമ്പത്ത്. ഇത്രയും പറഞ്ഞ് കുന്തി പറഞ്ഞു. ഹേ പ്രഭോ എനിക്ക് ഈ ലോകത്തിലുള്ള ആസക്തി ഒക്കെ പോകണം.

പാണ്ഡുഷു വൃഷ്ണിഷു

വയസ്സാവുമ്പേഴെങ്കിലും നമ്മൾ ഈ പ്രാർത്ഥന ചെയ്യണം. അല്ലെങ്കിലോ  നമ്മള് മരിക്കാൻ കിടക്കുമ്പോ ഇതൊക്കെ ഓർമ്മ വരുമേ. നമ്മള് ആരോടൊക്കെ ആസക്തി വെച്ച് കൊണ്ടിരിക്കുന്നുവോ അവരെ ഒക്കെ ഓർമ വരും അത്രേ. അതാണ് ശങ്കരാചാര്യ സ്വാമികൾ പറയണേ. ഭഗവാനേ അങ്ങയെ ഒഴിച്ച് ബാക്കി എല്ലാം ഞാനോർക്കും. അതുകൊണ്ട് ഇപ്പഴേ പ്രാർത്ഥിച്ച് വെക്കാണ്.
അപ്പോ എന്റെ മുമ്പില് വന്നു നില്ക്കണം. അതുകൊണ്ട്

അതിഭീഷണ കടുഭാഷണ യമകിങ്കര പടലീ
കൃത താഡന പരിപീഡന മരണാഗമ സമയേ
ഉമയാ സഹ മമ ചേതസി യമശാസന നിവസന്
ഹര ശങ്കര ശിവ ശങ്കര ഹര മേ ഹര ദുരിതം

ഭാര്യ കുട്ടികൾ സമ്പത്ത് ഒക്കെ മുമ്പില് വന്നു നില്ക്കാണ്. നമുക്ക് ആരോഗ്യം ഉള്ളപ്പോൾ തന്നെ ഭഗവാനോട് പ്രാർത്ഥിക്കാ. ഇത്ര കാലം കുടുംബം ഒക്കെ നോക്കി. കുട്ട്യോളെ ഒക്കെ നോക്കി. എല്ലാത്തിനും ഒരു അഴക് ഉണ്ട് . അതിന്റേതായ ഒരു അഴക്. അതിന്റേതായ ഒരു ശോഭ. പക്ഷേ പതുക്കെ ഒരു വയസ്സ് കഴിഞ്ഞു തോന്നുമ്പോ മെല്ലെ മനസ്സിനെ തിരിച്ചു  കൊള്ളണം.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi Prasad 

No comments:

Post a Comment