Saturday, January 12, 2019

*ശ്രീമദ് ഭാഗവതം 29*

തത്ര ബ്രഹ്മർഷയസ്സവേ ദേവർഷയശ്ച സത്തമ
രാജയർഷശ്ച തത്രാസൻ ദ്രഷ്ടും ഭരതപുംഗവം.

ഭരത വംശത്തിൽ ജനിച്ച ആ ശ്രേഷ്ഠനെ കാണാനായിട്ട് ബ്രഹ്മ ഋഷികളും ദേവ ഋഷികളും രാജഋഷികളും ഒക്കെ അവിടെ വന്നു കൂടിയിരിക്കുന്നു. ഭീഷ്മർ ദൂരത്ത് നിന്നും ഭഗവാൻ വരുന്നത് കണ്ടു. ഇപ്പൊ എഴുന്നേറ്റ് ഭഗവാനെ ആരാധിക്കാൻ വയ്യ.

കൃഷ്ണം ച തത്പ്രഭാവജ്ഞ ആസീനം ജഗദീശ്വരം
ഹൃദിസ്ഥം പൂജയാമാസ മായയാ ഉപാത്ത വിഗ്രഹം.

ഹൃദിസ്ഥം കൃഷ്ണം പൂജയാം
ഹൃദയത്തിലുള്ള കൃഷ്ണനെ പൂജിക്കാം.

പുറമേക്ക് ചെയ്യുന്ന പൂജയെല്ലാം ഹൃദയത്തിലുള്ള ഭഗവാനെ ദർശിക്കാനാണ്. പുറമേക്ക് ചെയ്യുന്ന പൂജ ഒന്നും ശാശ്വതമല്ല. ഇപ്പൊ ഭീഷ്മരെ പോലെ കിടപ്പായാൽ എങ്ങനെ പൂജ ചെയ്യും. അതുകൊണ്ട് എല്ലാ ദിവസവും പുറമേയ്ക് പൂജ ചെയ്യുന്നതിനോടൊപ്പം അല്പം മാനസപൂജ ചെയ്യാ. എന്താച്ചാൽ ഈ ബാഹ്യപൂജ വിട്ടു പോയാലും ഈ മാനസപൂജ ണ്ടാവും.

ഇപ്പൊ ഭഗവാൻ ഭീഷ്മരുടെ മുമ്പില് വന്നു നില്ക്കണു. ബാഹ്യമായ പൂജ ഒന്നും ചെയ്യാൻ വയ്യ. കൈയ്യ് അനക്കാൻ വയ്യ. കാല് അനക്കാൻ വയ്യ.ഹൃദയത്തിലേക്ക് ഭഗവാനെ ആവാഹനം ചെയ്ത് പൂജിച്ചു അത്രേ. എന്നിട്ട് പറഞ്ഞു. എന്തൊരു കഷ്ടം. കാമത്തിന്റെ കൂത്ത്. ധർമ്മപുത്രർ രാജാവ്. സഹായിക്കാൻ ഗാണ്ഡീവധാരിയായ അർജുനൻ. ബലിഷ്ഠനായ ഭീമസേനൻ. ഉപദേശിക്കാൻ നകുലനും സഹദേവനും. പോരാ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ കൂട്ട്. എന്നിട്ടും ഇവർക്ക് ശോകം ഒഴിഞ്ഞൊരു കാലം ഇല്ല്യ.

ധർമ്മപുത്രരെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു. ഹേ യുധിഷ്ഠരാ, ആരെയാണോ നിങ്ങള് അമ്മാവന്റെ പുത്രനായി കരുതി ഇരിക്കുന്നത് നിങ്ങളുടെ പ്രിയസുഹൃത്തായി കരുതി ഇരിക്കുന്നത് ആരെ നിങ്ങൾ പ്രിയം കൊണ്ട് സചിവനായി മന്ത്രി ആയി അപ്പപ്പോ ഉപയോഗിക്കുന്നുവോ ആരെ കൗരവസഭയിലേക്ക് ദൂതനായി പറഞ്ഞയച്ചുവോ ആരയാണോ സാരഥി ആക്കി തേരോട്ടി ആക്കിയത്

ഏഷ വൈ ഭഗവാൻ സാക്ഷാദ് ആദ്യോ നാരായണ: പുമാൻ
മോഹയൻ മായയാ ലോകം ഗൂഢശ്ചരതി വൃഷ്ണിഷു.

വൃഷ്ണിവംശത്തിൽ ഗൂഢമായി വേഷം കെട്ടി നടക്കണു. സാക്ഷാൽ പരമപുരുഷൻ തന്നെ ഈ രൂപത്തിൽ നടക്കണു. സർവ്വാത്മാവായ ഭഗവാൻ നിങ്ങൾ എന്തെന്ത് ജോലി കൊടുത്തുവോ അതൊക്കെ ചെയ്തിട്ടുണ്ട്. ദൂതനായിട്ട് നിന്നു. സാരഥി ആയിട്ട് നിന്നു. പ്രിയ സുഹൃത്തായിട്ട് നിന്നു. എല്ലാറ്റിനും മേലേ ഭഗവാന്റെ ആ അനുകമ്പ, ആ അനുകമ്പയ്ക്ക് കാത്തു കൊണ്ട് കിടക്കണം .അതാണത്രേ ഭക്തന്റെ ലക്ഷണം. ഭഗവാന്റെ അനുകമ്പയെ പ്രാർത്ഥിച്ച് കൊണ്ട് എനിക്ക് പ്രാരബ്ധം അനുസരിച്ച് വീണുകിട്ടിയിരുക്കുന്നതിനെ അനുഭവിച്ച് കൊണ്ട് ഞാനങ്ങട് കിടക്കാം.ഭീഷ്മർ പറയാണ് ആ അനുകമ്പ മരണസമയത്ത് ദാ മുമ്പില് വന്നു നില്ക്കണുവല്ലോ.

തഥാ പി ഏകാന്ത ഭക്തേഷു പശ്യ ഭൂപാ അനുകമ്പിതം.

ഏകാന്ത ഭക്തനായ എന്റെ മുന്നില് ഭഗവാൻ ഇതാ അനുകമ്പ ആയി മുമ്പില് വന്നു നില്ക്കണു.

യന്മേ അസുംസ്ത്യജത: സാക്ഷാത് കൃഷ്ണോ ദർശനമാഗത:

ഞാൻ എന്റെ ശരീരം ഉപേക്ഷിക്കുന്നതിന് മുമ്പ് സാക്ഷാത് കൃഷ്ണോദർശനം ആഗതാ:

ഭക്തിയുടെ പരമകാഷ്ഠ. അന്തേ നാരായണ സ്മൃതി:. രാമകൃഷ്ണദേവൻ കരഞ്ഞു പ്രാർത്ഥിച്ച തന്റെ  ഭക്തനോട് പറഞ്ഞു. പേടിക്കണ്ടാ. നിന്റെ മരണസമയത്ത് ഞാൻ നിന്റെ മുമ്പില് വന്നു നില്ക്കും.  നിനക്ക് സമാധി ണ്ടാവും. സമാധിയിൽ നീ നിന്റെ ശരീരം ഉപേക്ഷിക്കും എന്ന് ചില ഭക്തന്മാർക്കൊക്കെ അനുഗ്രഹം കൊടുത്തു. ആ ഒരു ആശീർവാദം ഭീഷ്മരും ഭഗവാനോട് വാങ്ങിയിരുന്നു. ഇതാ പ്രാണൻ ഉപേക്ഷിക്കണ സമയത്ത് ഭഗവാൻ മുമ്പില് വന്നു നില്ക്കാണ്
ശ്രീനൊച്ചൂർജി
Lakshmi Prasad 
 *_തുടരും. ._*

No comments:

Post a Comment