Monday, January 21, 2019

*ശ്രീമദ് ഭാഗവതം  38*

അർജുനൻ ദ്വാരകയിലേക്ക് ചെന്നു. കുറേ ദിവസായി തിരിച്ചു വന്നില്ല്യ. ചില അപശകുനം ഒക്കെ കണ്ടു തുടങ്ങിയപ്പോൾ ധർമ്മപുത്രർക്ക് മനസ്സിന് ഒരു വിഷമം. അങ്ങനെ ഇരിക്കുമ്പഴാണ് അർജുനൻ വരണത്. വന്നു വീണു നമസ്ക്കരിച്ചു. എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്ന് ധർമ്മപുത്രർക്ക് മനസ്സിലായി. ഒരു അദ്ധ്യായം മുഴുവൻ അർജുനനോട് ചോദിക്കുന്നു എന്തു പറ്റി? ദ്വാരകയിൽ എല്ലാവർക്കും സുഖല്ലേ? അർജുനൻ പൊട്ടിക്കരഞ്ഞു .

വഞ്ചിതോഽഹം മഹാരാജ ഹരിണാ ബന്ധുരൂപിണാ
യേന മേ അപഹൃതം തേജോ ദേവവിസ്മാപനം മഹത്.

നമ്മളൊക്കെ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഹരി എന്നെ വഞ്ചിച്ചു. എന്റെ തേജസ്സ് മുഴുവൻ പോയി. ഞാൻ ഇത്ര കാലം ഞാനാണ് എന്ന് വിചാരിച്ചിരുന്നു. ഒരദ്ധ്യായം മുഴുവൻ അർജുനൻ ഭഗവാൻ തന്നോട് ചെയ്ത കൃപയെ പറഞ്ഞു പറഞ്ഞു കരയാണ്. മഹാഭാരതത്തിൽ നടന്ന ഓരോ സംഭവങ്ങളും എടുത്ത് അന്നൊക്കെ ഇതൊക്കെ നടന്നപ്പോ ഞാനാണ് ചെയ്തത് എന്ന് വിചാരിച്ചു.

ദ്രൗപദിയെ വരിക്കാനായിട്ട് ആ ചുറ്റുന്ന ചക്രത്തിലുള്ള മത്സ്യത്തിനെ അസ്ത്രം എയ്തപ്പോ എന്റെ കഴിവ് കൊണ്ടാണെന്ന് വിചാരിച്ചു. ആ ഭഗവദ് കൃപ യാണെന്ന് ഇപ്പൊ മനസ്സിലായി. ഖാണ്ഡവപ്രസ്ഥത്തിനെ ഇന്ദ്രപ്രസ്ഥമാക്കി മാറ്റിയത് എന്റെ കഴിവ് കൊണ്ടാണെന്ന് വിചാരിച്ചു. ഇപ്പൊ മനസ്സിലായി കൃഷ്ണൻ കൂടെ ഉണ്ടായതു കൊണ്ടാണെന്ന്. എങ്ങനെ മനസ്സിലായി? ദ്വാരകയില് ചെന്നപ്പോ  ഭഗവാൻ പറഞ്ഞു അർജുനാ ഇവിടെ കുറച്ച് സ്ത്രീകൾ ണ്ട്. ദ്വാരക മുങ്ങാൻ പോവണു. ഞാൻ ഇവിടുന്നു പുറപ്പെടാണ്. അർജുനൻ സ്ത്രീകളേയും കൂട്ടി വരുന്ന വഴിയിൽ കുറേ കാട്ടാളന്മാര് ഗോപന്മാരൊക്കെകൂടെ എന്നോട് യുദ്ധം ചെയ്ത് ആ സ്ത്രീകളെ ഒക്കെ തട്ടി പറിച്ചു കൊണ്ട് പോയി. ആ യുദ്ധം ചെയ്ത അതേ രഥം അതേ ധനുർധാരി ആയ ഞാൻ അതേ ധനുസ്സ് . പക്ഷേ ആ സാരഥിയുടെ സീറ്റ് ഒഴിഞ്ഞു കിടക്കണു. എന്റെ ശക്തി ഒക്കെ പോയി.

ഭസ്മൻഹുതം കുഹകരാദ്ധമിവോപ്തമുഷ്യാം
നർമ്മാണി ഉദാര രുചിരസ്മിതശോഭിതാനി
ഹേ പാർത്ഥ ഹേ അർജുനാ ഹേ  സഖേ കുരുനന്ദനേതി
സംജല്പിതാനി നരദേവ ഹൃദിസ്പൃശാനി
സ്മത്തുർല്ലുഠന്തി ഹൃദയം മമ മാധവസ്യ

ഹേ കൃഷ്ണാ ഹേ സഖേ എന്റെ കൂടെ കിടന്നു എന്റെ കൂടെ നടന്നു.

ശയ്യാസനാടനവികത്ഥനഭോജനാദിഷു
ഐക്യാദ് വയസ്യ ഋതവാനിതി വിപ്രലബ്ധ:
സഖ്യു: സഖേവ പിതൃവത്തനയസ്യ സർവ്വം
സേഹേ മഹാൻ മഹിതയാ കുമതേരഘം മേ.

ഞാനൊരു ദുഷ്ടൻ. ഭഗവാനെ എനിക്ക് സമാനമായി കരുതി കൂടെ കിടത്തി നടത്തി. ഞാൻ എന്തൊക്കെ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കൃഷ്ണൻ എന്നെ

ഉദാര രുചിരസ്മിത ശോഭിതാനി.

എന്നെ പ്രിയത്തോടുകൂടെ നോക്കി മന്ദഹസിച്ചൂ കൊണ്ട് ഹേ അർജുനാ ഹേ പാർത്ഥാ ഹേ സഖേ ഹേ കുരുനന്ദനാ എന്ന് വിളിച്ചതൊക്കെ എന്റെ ഹൃദയത്തിൽ അസ്ത്രം പോലെ തറച്ചു കയറി.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad

No comments:

Post a Comment